കാളികാവ് അടക്കാക്കുണ്ടിൽ ഇന്ന് പുലർച്ചെ ടാപ്പിംഗ് തൊഴിലാളി ഗഫൂറിനെ വന്യജീവി കടിച്ചു കൊന്ന സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. ഗഫൂറിനെ പുലി കഴുത്തിൽ പിടിച്ചു കൊണ്ടുപോയെന്ന് കണ്ടുവെന്ന് മറ്റൊരു തൊഴിലാളി പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ പൊലീസും വനംവകുപ്പും സ്ഥലത്തെത്തി അന്വേഷിക്കുകയായിരുന്നു. പരിശോധനയിലാണ് അഞ്ചു കിലോമീറ്റർ ദൂരത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്. വനാതിർത്ഥിയിലേക്ക് യാത്ര സൌകര്യമില്ലാത്തതിനാൽ കാൽനടയായാണ് പൊലീസും സംഘവും പോയത്. മൃതദേഹം വാഹനത്തിൽ പുറത്തെത്തിച്ചു ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഏറെ ദിവസങ്ങൾക്ക് മുമ്പ് തന്നെ പ്രദേശത്ത് കടുവയുടേയും പുലിയുടേയും സാന്നിധ്യമുണ്ടെന്നും നാട്ടുകാർ പറയുന്നു. കർഷകർക്കെതിരെ ഉൾപ്പെടെ വന്യജീവികളുടെ ആക്രമണമുണ്ടാവുന്നത് സർവ്വസാധാരണമാണെന്നും സ്ഥലത്ത് പ്രതിഷേധിച്ചു കൊണ്ട് നാട്ടുകാർ പറഞ്ഞു. യുവാവിനെ കൊന്നത് പുലിയല്ല, കടുവയാണ് എന്ന നിഗമനത്തിലാണ് വനംവകുപ്പ്. മുറിവുകളും മറ്റും പരിശോധിച്ചതിന് ശേഷമാണ് വനംവകുപ്പിൻ്റെ പ്രതികരണം.
ടാപ്പിംഗ് തൊഴിലാളിയെ വന്യജീവി കടിച്ചു കൊന്ന സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ
