p1 yt cover

◾ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യുന്നതിനു നിയമനിര്‍മാണം നടത്തണമെന്നു കേരള നിയമസഭ പ്രമേയത്തിലൂടെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ അവതരിപ്പിച്ച പ്രമേയം ഐകകണ്‌ഠേനെയാണു പാസാക്കിയത്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

◾ഡല്‍ഹി അതിര്‍ത്തിയിലേക്കു കൂടുതല്‍ കര്‍ഷകര്‍. ശംഭു അതിര്‍ത്തിയില്‍ കിലോമീറ്ററുകളോളം നീളത്തില്‍ ട്രാക്ടറുകള്‍ നിരന്നു. പോലീസും പ്രതിരോധം ശക്തമാക്കിയതോടെ യുദ്ധസമാനമായ സ്ഥിതി. എന്തു തടസമുണ്ടായാലും സമരവുമായി മുന്നോട്ടുപോകുമെന്നു കര്‍ഷകര്‍. കര്‍ഷകരെ നേരിടാന്‍ ദേശീയ പാത അടച്ചു. ചിലയിടങ്ങളില്‍ പോലീസ് റോഡുകള്‍ ജെസിബികൊണ്ട് കുഴിച്ച് കിടങ്ങുകളുണ്ടാക്കി ഗതാഗതം തടഞ്ഞു. ഒരു വര്‍ഷത്തിലേറെ നീണ്ട സമരം അവസാനിപ്പിച്ച രണ്ടു വര്‍ഷം മുമ്പുണ്ടാക്കിയ ഒത്തുതീര്‍പ്പിലെ മുഖ്യവ്യവസ്ഥയായ താങ്ങുവില വര്‍ധിപ്പിക്കണമെന്നാണ് കര്‍ഷകരുടെ പ്രധാന ആവശ്യം. ഇതേസമയം കര്‍ഷക സമരത്തിന് പിന്തുണയുമായി രാജവ്യാപക പ്രതിഷേധം ആരംഭിച്ചു. കോണ്‍ഗ്രസ് പിസിസികളുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച പ്രതിഷേധ പരിപാടികള്‍ നടത്തും.

◾കേരളീയം പരിപാടിയുടെ കണക്കുകള്‍ നിയമസഭയിലും രഹസ്യമാക്കി സര്‍ക്കാര്‍. വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നായിരുന്നു എംഎല്‍എമാരുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി. നവകേരള കേരള സദസില്‍ മന്ത്രിമാരുടെ വാഹനങ്ങള്‍ ഓടിയതിന്റെ ചെലവ് സംബന്ധിച്ചും കൃത്യമായ കണക്കുകളില്ല. എല്ലാം സ്പോണ്‍സര്‍ഷിപ്പാണെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ട പരിപാടിയായിരുന്നു കേരളീയം.

*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*

കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

◾ഇടതു മുന്നണിയില്‍ ഒരു തര്‍ക്കവുമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ആര്‍ജെഡിക്ക് പ്രത്യേക പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്യും. സിപിഎമ്മിന്റെ 16 സീറ്റില്‍ ഒരു സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിനു വിട്ടുകൊടുത്തു. 15 സീറ്റുകളില്‍ സിപിഎം മത്സരിക്കും. സിപിഐ നാലിടത്തു മല്‍സരിക്കും. ഏകകണ്ഠമായാണ് തീരുമാനിച്ചതെന്നും ഇപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

◾തൃപ്പൂണിത്തുറയില്‍ വെടിക്കോപ്പ് പൊട്ടിത്തെറിച്ച് തകര്‍ന്ന 15 വീടുകളുടെ ഉടമകള്‍ നഷ്ടപരിഹാരം തേടി ഹൈക്കോടതിയിലേക്ക്. 150 ലേറെ വീടുകള്‍ ഭാഗീകമായി തകര്‍ന്നെന്നാണ് കണക്കുകള്‍. കോടതിയെ സമീപിച്ചില്ലെങ്കില്‍ നീതി ലഭിക്കില്ലെന്നു നിയമോപദേശം ലഭിച്ചതോടെയാണ് നഷ്ടം സംഭവിച്ചവര്‍ കോടതിയില്‍ ഹര്‍ജി നല്‍കുന്നത്.

◾കണ്ണൂര്‍ കൊട്ടിയൂരില്‍നിന്ന് മയക്കുവെടി വച്ച് പിടികൂടിയ കടുവ ചത്തു. മൃഗശാലയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കടുവ ചത്തത്. കൊട്ടിയൂര്‍ പന്നിയാംമലയില്‍ കമ്പി വേലിയില്‍ കുടുങ്ങിയ നിലയിലായിരുന്നു കടുവയെ കണ്ടെത്തിയത്.

◾നാദാപുരം വളയത്ത് നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് മരണം. മൂന്നു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ മൂന്നു പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും*

മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

◾മാനന്തവാടിയിലെ കൊലയാളി മോഴയാനയായ ബേലൂര്‍ മഖ്നയ്ക്കൊപ്പം മറ്റൊരു മോഴയാനയും. കാണാന്‍ ഒരുപോലുള്ള ആനകളാണ്. കൊലയാളി ആനയുടെ കഴുത്തില്‍ റേഡിയോ കോളറുണ്ട്. ആനയെ തിരിച്ചറിയാന്‍ പ്രയാസമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍.

◾വയനാട് ലോക്സഭാ മണ്ഡലത്തില്‍ രാഹുല്‍ഗാന്ധി മല്‍സരിക്കുകയാണെങ്കില്‍ സീറ്റ് എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസില്‍നിന്ന് ബിജെപി തിരിച്ചുവാങ്ങുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ബിജെപി ശക്തനായ സ്ഥാനാര്‍ത്ഥിയെ മല്‍സരിപ്പിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

◾കേരള ഹൈക്കോടതിയിലെ ജസ്റ്റീസ് അനു ശിവരാമനെ കര്‍ണാടക ഹൈക്കോടതിയിലേക്കു മാറ്റി. ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി കൊളീജിയമാണ് തീരുമാനമെടുത്തത്. ജസ്റ്റീസ് അനു ശിവരാമന്റെ അപേക്ഷ പരിഗണിച്ചാണ് സ്ഥലംമാറ്റം.

◾പാലയൂര്‍ സെന്റ് തോമസ് തീര്‍ത്ഥ കേന്ദ്രം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ശിവക്ഷേത്രമായിരുന്നെന്ന ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിയായ ആര്‍.വി. ബാബുവിന്റെ വിവാദ പ്രസ്താവനയെക്കുറിച്ച് സുരേഷ് ഗോപി നിലപാട് വ്യക്തമാക്കണമെന്ന് എല്‍ഡിഎഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

◾കെപിസിസിയുടെ പ്രവര്‍ത്തന ഫണ്ട് പിരിവില്‍ വീഴ്ചവരുത്തിയ കാസര്‍ഗോഡ് ജില്ലയിലെ മണ്ഡലം പ്രസിഡന്റുമാരെ നീക്കം ചെയ്തു. മണ്ഡലം പ്രസിഡന്റുമാരായ കെ പി ബാലകൃഷ്ണന്‍(കാഞ്ഞങ്ങാട്), രവി പൂജാരി(കുമ്പള), ബാബു ബന്ദിയോട്(മംഗല്‍പാടി), മോഹന്‍ റൈ(പൈവെളിഗെ), എ.മൊയ്ദീന്‍ കുഞ്ഞ്(മടിക്കൈ) എന്നിവര്‍ക്കെതിരെയാണ് അച്ചടക്ക നടപടി

◾തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്‌കാന്‍ ചെയ്യാന്‍ എത്തി അക്രമാസക്തനായ യുവാവിനെ ആശുപത്രി ജീവനക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. ആക്രമണത്തില്‍ ഒരു ജീവനക്കാരിക്ക് മര്‍ദനമേറ്റു. യന്ത്രസാമഗ്രികള്‍ തകര്‍ത്തിട്ടുമുണ്ട്.

◾കോഴിക്കോട് കുറ്റ്യാടിയ്ക്കടുത്ത് നെടുമണ്ണൂര്‍ എല്‍പി സ്‌കൂളില്‍ ഗണപതി ഹോമം. സ്‌കൂള്‍ മാനേജര്‍ അരുണയുടെ മകന്‍ രുധീഷിന്റെ നേതൃത്വത്തിലുള്ള ബിജെപി പ്രവര്‍ത്തകരുടെ സംഘമാണ് സ്‌കൂളില്‍ പൂജ നടത്തിയത്. സംഭവത്തിനെതിരെ സിപിഎം പ്രവര്‍ത്തകരും നാട്ടുകാരും സ്‌കൂളിലെത്തി പ്രതിഷേധിച്ചു. തൊട്ടില്‍പാലം പൊലീസ് സ്ഥലത്തെത്തി. പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ ഇന്നും സ്‌കൂളിലേക്ക് മാര്‍ച്ചു നടത്തി. പൂജ നടത്തിയതു തന്റെ അറിവോടെയല്ലെന്നും രാത്രി നാട്ടുകാര്‍ അറിയിച്ചപ്പോള്‍ പൂജ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടെന്നും സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ടി.കെ. സജിത. സ്‌കൂളില്‍ അതിക്രമിച്ചുകയറിയവര്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു.

◾കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദനദാസിനെ കൊലപ്പെടുത്തിയ കേസില്‍ കൃത്യമായ അന്വേഷണം നടത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന് സര്‍ക്കാര്‍. സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. മോന്‍സ് ജോസഫിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

◾കോണ്‍ഗ്രസിന്റെ സമരാഗ്നി പ്രചരണ വീഡിയോക്കു ബിജെപി നേതാവായ കര്‍ഷകന്റെ ദൃശ്യങ്ങള്‍ ഉപയോഗിച്ചതിന് കെപിസിസി പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ എന്നിവര്‍ക്കെതിരേ പത്തനംതിട്ട പുല്ലാട് സ്വദേശി അജയകുമാര്‍ പോലീസില്‍ പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ വീഡിയോയിലാണ് മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയായ അജയകുമാറിന്റെ ദൃശ്യം ഉപയോഗിച്ചത്.

◾പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയി ആഴകടലില്‍ കുടുങ്ങിയ ആറ് മത്സ്യത്തൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ സീ റെസ്‌ക്യൂ ടീം രക്ഷപ്പെടുത്തി. പൊന്നാനി സ്വദേശി അബ്ദുള്ളക്കുട്ടിയുടെ ഭാരത് എന്ന ബോട്ടിലെ മത്സ്യ തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്.

◾ആലുവയില്‍ കുട്ടിയെ ഇടിച്ച് തെറിപ്പിച്ചശേഷം നിര്‍ത്താതെ പോയ കാര്‍ ഓടിച്ചത് വാഹനത്തിന്റെ ഉടമയുടെ സുഹൃത്താണെന്ന് പൊലീസ്. സംഭവത്തില്‍ നെടുമ്പാശ്ശേരി സ്വദേശി ഷാന്‍ അറസ്റ്റിലായി. കാറിന്റെ ഉടമയായ രജനിയുടെ ബന്ധുവാണ് ഇയാളെന്ന് ആലുവ പോലീസ് പറഞ്ഞു.

◾ഷാന്‍ വധക്കേസ് പ്രതി ഉള്‍പ്പെടെ പത്തോളം പേരടങ്ങുന്ന ഗുണ്ടാ സംഘം കായംകുളത്ത് പിടിയില്‍. ഷാന്‍ വധക്കേസിലെ പ്രതി ജാമ്യത്തില്‍ കഴിയുന്ന മണ്ണഞ്ചേരി അതുല്‍ അടക്കമുള്ളവരാണു പിടിയിലായത്. നീതിഷ് കുമാര്‍, വിജീഷ്, അനന്തു, അലന്‍ ബെന്നി, പ്രശാല്‍, ഹബീസ്, വിഷ്ണു, സെയ്ഫുദ്ദീന്‍, രാജേഷ് എന്നിവരും പിടിയിലായി. ഗുണ്ടാനേതാവിന്റെ പിറന്നാളാഘോഷത്തിന് ഒത്തുകൂടിയപ്പോഴാണ് പോലീസ് ഇവരെ പിടികൂടിയത്.

◾കോഴിക്കോട് കൊടുവള്ളിയില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അഞ്ചു പോലീസുകാര്‍ ഉള്‍പെടെ 22 പേര്‍ക്ക് പരിക്കേറ്റു. പടനിലത്ത് രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്.

◾കൊല്ലം ചടയമംഗലത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്തു. പാങ്ങോട് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബിനു (41)ആണ് മരിച്ചത്.

◾നെയ്യാറ്റിന്‍കര ആയുര്‍വേദ ആശുപത്രിയില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍. ഉദിയന്‍കുളങ്ങര അഴകിക്കോണം സ്വദേശി അജികുമാര്‍ (45) ആണ് മരിച്ചത്.

◾വണ്ടിപ്പെരിയാറില്‍ ഛര്‍ദിയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച അഞ്ചുവയസുകാരി മരിച്ചു. വണ്ടിപ്പെരിയാര്‍ സ്വദേശി ഷിജോയുടെ മകള്‍ ആര്യയാണ് മരിച്ചത്.

◾മോദിയുടെ യുഎഇ സന്ദര്‍ശനത്തിനിടെ ഇന്ത്യയും യുഎഇയും തമ്മില്‍ എട്ട് ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു. നിക്ഷേപ ഉടമ്പടി, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകള്‍, ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ഓണ്‍ലൈന്‍ പേയ്മെന്റ് പ്ലാറ്റ്ഫോമുകള്‍ എന്നിവയുടെ ഇന്റര്‍ലിങ്കിങ് എന്നിങ്ങനെയുള്ള ധാരണാപത്രങ്ങളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്.

◾1961 നു ശേഷം മണിപ്പൂരില്‍ കുടിയേറി സ്ഥിരതാമസമാക്കിയവരെ നാടുകടത്തുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍സിംഗ്. ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് കര്‍ശനമായി നടപ്പാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

◾ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവ് ഉമല്‍ ഖാലിദ് സുപ്രീംകോടതിയിലെ ജാമ്യാപേക്ഷ പിന്‍വലിച്ചു. ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ അറിയിച്ചു. ഉമര്‍ഖാലിദിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി നിരവധി തവണ മാറ്റിവച്ചിരുന്നു.

◾ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് നല്‍കാമെന്ന് ആം ആദ്മി പാര്‍ട്ടി. ഡല്‍ഹിയിലെ ഏഴ് ലോക്‌സഭാ സീറ്റുകളില്‍ ആറെണ്ണത്തില്‍ എഎപി മത്സരിക്കുമെന്നും അറിയിച്ചു. സീറ്റു വിഭജന ചര്‍ച്ചയിലാണ് ആം ആദ്മി പാര്‍ട്ടി ഈ നിലപാടു സ്വീകരിച്ചത്.

◾കല്യാണ ദിവസം കുതിരപ്പുറത്തു കയറിയത്തിന് ദളിത് യുവാവിന് മര്‍ദനം. ഗുജറാത്തിലെ ഗാന്ധിനഗര്‍ ജില്ലയിലാണ് സംഭവം. താക്കൂര്‍ സമുദായത്തില്‍ പെട്ടവരാണ് യുവാവിനെ മര്‍ദിച്ചത്. താക്കൂര്‍ സമുദായത്തില്‍പെട്ടവര്‍ക്കു മാത്രമേ കുതിരപ്പുറത്തു കയറാവൂവെന്നാണ് ഗുജറാത്തിലെ ജാതിവിവേചനം. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

◾വ്യാജ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് നാല് പേരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഹലാല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്ന പേരില്‍ മുംബൈയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന്റെ ഭാരവാഹികളാണ് അറസ്റ്റിലായത്.

◾ഐ.പി.എല്‍. ലേലത്തില്‍ ഉള്‍പ്പെടാന്‍ ഇനിമുതല്‍ കുറഞ്ഞത് മൂന്നോ നാലോ രഞ്ജി ട്രോഫി മത്സരങ്ങളെങ്കിലും കളിച്ചിരിക്കണമെന്ന പുതിയ മാനദണ്ഡം കൊണ്ടുവരാന്‍ ദേശീയ ക്രിക്കറ്റ് സംഘടനയായ ബി.സി.സി.ഐ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ചില ഇന്ത്യന്‍ സീനിയര്‍ കളിക്കാര്‍ രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ താല്‍പര്യം പ്കടിപ്പിക്കാത്ത സാഹചര്യത്തിലാണ് ബി.സി.സി.ഐ.യുടെ നിര്‍ണായക തീരുമാനം.

◾യുപിഐ സേവനം ലഭിക്കുന്ന വിദേശരാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍. യുഎഇ അടക്കം ഏഴു രാജ്യങ്ങളില്‍ യുപിഐ സേവനം ലഭിക്കുമെന്നാണ് പട്ടികയില്‍ പറയുന്നത്. പ്രവാസികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് നടപടി. ശ്രീലങ്കയിലും മൗറീഷ്യസിലും യുപിഐ സേവനം ആരംഭിച്ചതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ പട്ടിക പുറത്തിറക്കിയത്. ശ്രീലങ്കയ്ക്കും മൗറീഷ്യസിനും പുറമേ ഫ്രാന്‍സ്, യുഎഇ, ശ്രീലങ്ക, സിംഗപ്പൂര്‍, ഭൂട്ടാന്‍, നേപ്പാള്‍ എന്നി രാജ്യങ്ങളിലാണ് ഇന്ത്യക്കാര്‍ക്ക് യുപിഐ സേവനം ഉപയോഗിക്കാന്‍ സാധിക്കുക. ഇന്ത്യയുടെ ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് ശ്രീലങ്കയിലും മൗറീഷ്യസിലും ആരംഭിച്ചതോടെ അന്താരാഷ്ട്ര തലത്തിലേക്ക് യുപിഐ ഉയര്‍ന്നു. ഒറ്റത്തവണ പേയ്മെന്റ് ഇന്റര്‍ഫേസ് ‘മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ്’ എന്ന ആശയത്തെയാണ് പ്രതിഫലിപ്പിക്കുന്നത്’- കേന്ദ്രസര്‍ക്കാര്‍ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനത്തിനിടെയാണ് പ്രവാസികള്‍ക്ക് യുപിഐ സേവനം ലഭിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചത്. മൂന്ന് മാസത്തിനകം യുഎഇയിലുള്ള ഇന്ത്യക്കാര്‍ക്ക് യുപിഐ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

◾മാസങ്ങള്‍ക്കുള്ളില്‍ തന്നെ മൊബൈല്‍ നമ്പര്‍ ഒഴിവാക്കുമെന്ന പ്രഖ്യാപനവുമായി ഇലോണ്‍ മസ്‌ക് രംഗത്ത്. മൊബൈല്‍ നമ്പറിന് പകരം, ഓഡിയോ/വീഡിയോ കോളുകള്‍, ടെക്സ്റ്റ് മെസേജുകള്‍ എന്നിവയ്ക്കായി എക്സ് പ്ലാറ്റ്ഫോമിനെ പൂര്‍ണ്ണമായും ആശ്രയിക്കാനാണ് മസ്‌കിന്റെ തീരുമാനം. ഇത് സംബന്ധിച്ച വിവരങ്ങള്‍ എക്സ് പോസ്റ്റ് വഴി മസ്‌ക് പങ്കുവെച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയ്ക്ക് സമാനമായ രീതിയില്‍ ഫോണ്‍ നമ്പര്‍ ഇല്ലാതെയാണ് എക്സ് വഴി ആശയവിനിമയം നടത്താന്‍ സാധിക്കുക. ഐഒസിലും, ആന്‍ഡ്രോയിഡിലും, പേഴ്സണല്‍ കമ്പ്യൂട്ടറുകളിലും ഈ ഫീച്ചര്‍ ലഭ്യമാണ്. പേര് മാറ്റത്തിന് പിന്നാലെ നിരവധി തരത്തിലുള്ള മാറ്റങ്ങളാണ് എക്സില്‍ അവതരിപ്പിച്ചിട്ടുള്ളത്. എക്സിന്റെ ഓഡിയോ/വീഡിയോ കോളിംഗ് ഫീച്ചറുകള്‍ക്ക് പ്രചാരം നല്‍കുന്നതിന്റെ ഭാഗമായാണ് മസ്‌കിന്റെ പുതിയ നീക്കം. കഴിഞ്ഞ ഒക്ടോബറില്‍ തന്നെ ഈ ഫീച്ചര്‍ എക്സില്‍ അവതരിപ്പിച്ചിരുന്നു. എക്സിനെ ഒരു ‘എവരിതിംഗ് ആപ്പ്’ ആക്കി മാറ്റുക എന്നതാണ് മസ്‌കിന്റെ ലക്ഷ്യം.

◾രഞ്ജിത്തിന്റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ‘ജയ് ഗണേഷ്’ ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ബൈക്ക് അപകടത്തില്‍ കാലിന് സ്വാധീനം നഷ്ടമാകുന്ന യുവാവ് ആയാണ് ഉണ്ണി ചിത്രത്തില്‍ വേഷമിടുന്നത്. നടി മഹിമ നമ്പ്യാര്‍ ജയ ഗണേഷ് എന്ന കഥ വായിക്കുന്നതായാണ് ടീസര്‍ ആരംഭിക്കുന്നത്. ഡ്രീംസ് ആന്‍ഡ് ബിയോണ്ട്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ രഞ്ജിത്ത് ശങ്കറും ഉണ്ണി മുകുന്ദനും ചേര്‍ന്നാണ് ജയ് ഗണേഷ് നിര്‍മ്മിക്കുന്നത്. ഏപ്രില്‍ 11ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ഒരിടവേളയ്ക്ക് ശേഷം നടി ജോമോള്‍ ജയ് ഗണേഷിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണ്. അശോകന്‍, രവീന്ദ്ര വിജയ്, ഹരീഷ് പേരടി, നന്ദു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചന്ദ്രു സെല്‍വരാജാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീത് പ്രതാപാണ് എഡിറ്റര്‍. ലിജു പ്രഭാകറാണ് ഡിഐ കളറിസ്റ്റ്. ശങ്കര്‍ ശര്‍മ്മയാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.

◾കൈതി, വിക്രം തുടങ്ങിയ ലോകേഷ് കനകരാജ് സിനിമകളിലൂടെ ശ്രദ്ധേയനായ അര്‍ജുന്‍ ദാസ് ആദ്യമായി മലയാള സിനിമയില്‍ നായകനായി എത്തുന്നു. പ്രേക്ഷക പ്രശംസ നേടിയ ജൂണ്‍, മധുരംഎന്നീ ചിത്രങ്ങള്‍ക്കും ‘കേരള ക്രൈം ഫയല്‍സ്’ എന്ന വെബ് സീരീസിനും ശേഷം അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അര്‍ജുന്‍ ദാസ് നായകനായി എത്തുന്നത്. ഹിഷാം അബ്ദുല്‍ വഹാബാണ് ചിത്രത്തിന്റെ സംഗീതസംവിധാനം. ചിത്രത്തിലെ മറ്റ് താരങ്ങളെയോ അണിയറ പ്രവര്‍ത്തകരെയോ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും പുറത്ത് വിട്ടിട്ടില്ല. പ്രണയ പശ്ചാതലത്തില്‍ ഒരുങ്ങുന്ന ഒരു എന്റര്‍ടെയ്നറാകും സിനിമ എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കൂടാതെ മലയാള സിനിമയിലെ ഒട്ടേറെ മുന്‍നിര താരങ്ങളും, അണിയറ പ്രവര്‍ത്തകരും ചിത്രത്തിന്റെ ഭാഗമായി എത്തുന്നുണ്ട്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്ത് വിടുമെന്നും, സിനിമ ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കുമെന്നും സംവിധായകന്‍ അറിയിച്ചു.

◾നെക്സോണ്‍, ടിയാഗോ ഇലക്ട്രിക് മോഡലുകളുടെ വില കുറച്ച് ടാറ്റ മോട്ടോഴ്സ്. നെക്സോണ്‍ ഇവി ലോങ് റേഞ്ചിന്റെ വില 1.2 ലക്ഷം രൂപ വരെയാണ് കുറച്ചത്. ഇതോടെ എല്‍ആറിന്റെ ബേസ് വേരിയന്റിന്റെ വില 16.99 ലക്ഷം രൂപയായി കുറഞ്ഞു. നെക്സോണ്‍.ഇവി എന്ന റേഞ്ച് കുറഞ്ഞ മോഡലിന്റെ വില ആരംഭിക്കുന്നത് 14.49 ലക്ഷം രൂപയിലാണ്. നെക്സോണിനെ കൂടാതെ ചെറു ഇലക്ട്രിക് കാറായ ടിയാഗോയുടേയും വില 70000 രൂപ വരെ ടാറ്റ കുറച്ചിട്ടുണ്ട്. ഇതോടെ ടിയാഗോ ഇവിയുടെ അടിസ്ഥാന മോഡലിന്റെ വില 7.99 ലക്ഷം രൂപയായി. ബാറ്ററിയില്‍ വന്ന വിലക്കുറവാണ് വാഹനങ്ങളുടെ വില കുറയ്ക്കാന്‍ പ്രേരിപ്പിച്ചത് എന്നാണ് ടാറ്റ പറയുന്നത്. അടുത്തിടെ വിപണിയിലെത്തിയ പഞ്ച് ഇവിയില്‍ ഈ ഇളവുകള്‍ തുടക്കത്തില്‍ തന്നെ പ്രാവര്‍ത്തികമായിരുന്നുവെന്നും ടാറ്റ അറിയിച്ചു. ടാറ്റ മോട്ടേഴ്‌സിന് പിന്നാലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോറും ഇലക്ട്രിക് വാഹനത്തിന്റെ വില കുറച്ചു. എംജി കോമെറ്റ് മിനിയുടെ വിലയില്‍ ഒരു ലക്ഷം രൂപയുടെ കുറവാണ് കമ്പനി വരുത്തിയത്. നിലവില്‍ ഏഴു ലക്ഷം രൂപയാണ് എംജി കോമെറ്റ് മിനി ഇലക്ട്രിക്കിന്റെ എക്‌സ് ഷോറൂം വില. തുടക്കത്തില്‍ ഇസഡ്എസ് ഗ്രീന്‍ എസ്യുവിയുടെ വില 22 ലക്ഷമായിരുന്നു. നിലവില്‍ എന്‍ട്രി വേരിയന്റിന് 19 ലക്ഷമാക്കി വില കുറച്ചിട്ടുണ്ട്.

◾തപിച്ചുനിറയാനും മറിയാനും കലങ്ങാനും ഉള്ളതാണ് ഏത് അനുരാഗവും. ഉന്മാദത്തിന്റെ ആ പീഠഭൂമിയില്‍ നിന്നുകൊണ്ട് സമഗ്രമായ തിരിച്ചറിവിന്റെ അനുഭവമൊഴിഞ്ഞ ഉടലും മനസ്സുമായി പ്രണയിതാക്കള്‍ ആത്മാവിഷ്‌കാരം നേടുന്നതിന്റെ കാവ്യമുദ്രകള്‍. മലയാളത്തിന്റെ അനശ്വരപ്രണയ കവിതകളുടെ സമ്മേളനം. പി. കുഞ്ഞിരാമന്‍ നായര്‍, വൈലോപ്പിള്ളി, എന്‍.വി. കൃഷ്ണവാര്യര്‍, ഒ.എന്‍.വി., സുഗതകുമാരി, വി. മധുസൂദനന്‍ നായര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഡി. വിനയചന്ദ്രന്‍, കുരീപ്പുഴ ശ്രീകുമാര്‍… ഏതു തലമുറയെയും മോഹിപ്പിക്കുന്ന പ്രണയകവിതകളുടെ അപൂര്‍വ്വ സമാഹാരം. മലയാളത്തിന്റെ പ്രണയ കവിതകള്‍’. രണ്ടാം പതിപ്പ്. എഡിറ്റര്‍ – വി ആര്‍ സുധീഷ്. ഡിസി ബുക്സ്. വില 284 രൂപ.

◾പ്രഭാതത്തിലെ ചില തെറ്റുകള്‍ ശരീരഭാരം വര്‍ധിപ്പിക്കും. രാവിലെ വ്യായാമം ചെയ്യുന്നത് കൂടുതല്‍ കലോറി കത്തിക്കാന്‍ സഹായിക്കുമെന്നും ശരീരഭാരം തടയുന്നുവെന്നും പഠനങ്ങള്‍ പറയുന്നു. അതിരാവിലെ എഴുന്നേല്‍ക്കുന്നതും വ്യായാമത്തിനായി സമയം ചെലവഴിക്കുന്നതും നിങ്ങള്‍ക്ക് തികച്ചും വ്യത്യസ്തവും ഉന്മേഷപ്രദവുമായ ഒരു ചിന്ത നല്‍കുന്നു. ജിമ്മില്‍ പോയി കഠിനമായി വ്യായാമം ചെയ്യണമെന്നില്ല. വേഗതയേറിയ നടത്തം, ജോഗിംഗ്, സൈക്ലിംഗ്, ഓട്ടം, നീന്തല്‍ മുതലായവ നിങ്ങള്‍ക്ക് പരിശീലിക്കാം. അരമണിക്കൂര്‍ വ്യായാമം പോലും നല്ല ഫലങ്ങള്‍ നല്‍കും. ആവശ്യത്തിന് വെള്ളം കഴിക്കുന്നതിലൂടെ ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനാവുകയും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം നല്‍കുകയും ചെയ്യുന്നു. രാവിലെ ഒന്നോ രണ്ടോ ഗ്ലാസ് ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും. ഇത് നിങ്ങളുടെ ശരീരം ശുദ്ധീകരിക്കുന്നതിന് സഹായിക്കും. വെള്ളം കുടിക്കുന്നത് വിശപ്പും കലോറിയും കുറയ്ക്കുകയും ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. സൂര്യപ്രകാശം ശരീരത്തിലടിക്കുന്നതും നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. പുലര്‍കാല സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികള്‍ നിങ്ങളുടെ ശരീരത്തിന് ആരോഗ്യകരമാണെന്ന് പഠനങ്ങള്‍ പറയുന്നു. അവ നിങ്ങളെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുകയും നിങ്ങളുടെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. രാവിലെ സൂര്യപ്രകാശം ഏല്‍ക്കുന്നത് നിങ്ങളുടെ ബി.എം.ഐ കുറയ്ക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. രാവിലെ തിരക്കിലായതിനാല്‍ പ്രഭാതഭക്ഷണം പലരും എളുപ്പത്തിനായി സംസ്‌കരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നു. എന്നാല്‍, ഇത്തരം ഭക്ഷണങ്ങളിലെ പ്രിസര്‍വേറ്റീവുകളും അവയില്‍ ചേര്‍ത്ത വസ്തുക്കളും നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. പ്രഭാതഭക്ഷണം ആരോഗ്യകരമായി വേണം കഴിക്കാന്‍. കൂടാതെ പഴങ്ങള്‍, നട്‌സ്, ഓട്‌സ്, ജ്യൂസ് മുതലായ പ്രകൃതിദത്ത ഭക്ഷണങ്ങളും ഉള്‍പ്പെടുത്തണം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.08, പൗണ്ട് – 104.20, യൂറോ – 88.87, സ്വിസ് ഫ്രാങ്ക് – 93.55, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.76, ബഹറിന്‍ ദിനാര്‍ – 220.42, കുവൈത്ത് ദിനാര്‍ -269.48, ഒമാനി റിയാല്‍ – 215.82, സൗദി റിയാല്‍ – 22.15, യു.എ.ഇ ദിര്‍ഹം – 22.62, ഖത്തര്‍ റിയാല്‍ – 22.82, കനേഡിയന്‍ ഡോളര്‍ – 61.27.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *