കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി പൗരത്വം നേടുന്നതിന് മുന്‍പ് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ത്തെന്ന പരാതി തള്ളിയ വിചാരണക്കോടതി ഉത്തരവ് ഡല്‍ഹിയിലെ ദ്വാരക ജില്ലാ കോടതി റദ്ദാക്കി. വിചാരണക്കോടതി ഉത്തരവ് നിയമവിരുദ്ധമാണെന്നും വിഷയം വീണ്ടും പരിശോധിക്കണമെന്നും ജുഡിഷ്യല്‍ മജിസ്ട്രേറ്റിന് നിര്‍ദ്ദേശം നല്‍കി. കേസ് 29ന് പരിഗണിക്കും.
മാധ്യമങ്ങളോടു യുദ്ധം പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്. ‘വ്യാജവാര്‍ത്ത’ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് സി.എന്‍.എന്‍., എം.എസ്. നൗ, പൊളിറ്റിക്കോ എന്നിവയ്ക്ക് ട്രംപ വൈറ്റ് ഹൗസില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഇതില്‍ പ്രതിഷേധിച്ച് ട്രംപിനെ ബഹിഷ്‌കരിക്കാന്‍ പ്രമുഖ യു.എസ്. ടിവി നെറ്റ് വര്‍ക്കുകള്‍ തീരുമാനിച്ചു. സി.എന്‍.എന്‍., എ.ബി.സി. ന്യൂസ്, സി.ബി.എസ്. ന്യൂസ്, എന്‍.ബി.സി. ന്യൂസ്, ഫോക്സ് ന്യൂസ് എന്നീ അഞ്ച് മുന്‍നിര നെറ്റ് വര്‍ക്കുകള്‍ ചേര്‍ന്നുള്ള ‘വൈറ്റ് ഹൗസ് പൂള്‍’ സംപ്രേഷണമാണ് നിര്‍ത്തിവച്ചത്.
നിലമ്പൂരില്‍ ചോക്കാട് ടി കെ നഗറില്‍ മലവെള്ളപ്പാച്ചിലില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ഒരാളെ കാണാതാകുകയും ചെയ്തു. കാണാതായയാളെ കണ്ടെത്താനുള്ള ശ്രമം തുടരുമെന്നു സ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി വി.ഡി. സതീശന്‍. വളരെ അപ്രതീക്ഷിതമായാണ് മലവെള്ളപ്പാച്ചിലുണ്ടായത്. നാട്ടുകാര്‍ രംഗത്തിറങ്ങിയതുകൊണ്ടാണ് അപകടത്തില്‍പ്പെട്ട മുപ്പതിലേറെപേരെ രക്ഷിക്കാനായത്. ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ക്കുള്ള സഹായം ബുധനാഴ്ച മന്ത്രിസഭ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാണാതായ സജിതയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി ആശ്വസിപ്പിച്ചു.
പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജിച്ച് മംഗളൂരു സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനെ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലേക്കു മാറ്റാനുള്ള തീരുമാനം പ്രവര്‍ത്തനം മെച്ചപ്പെടുത്താനാണെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്. പാലക്കാട് ഡിവിഷന്‍ വിഭജിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിയെ കണ്ട കേരളത്തില്‍നിന്നുള്ള എംപിമാരുമായി സംസാരിച്ച ശേഷം എക്സില്‍ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
പശ്ചിമേഷ്യയിലെ പ്രധാന കേന്ദ്രങ്ങളിലേക്ക് കപ്പല്‍ സേവനവുമായി വല്ലാര്‍പാടം ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനല്‍. എം.വി. മാര്‍സ വിര്‍ഗോ എന്ന ചരക്കുകപ്പല്‍ കൊച്ചിയില്‍ എത്തിയതോടെയാണ് എം.ജി.ആര്‍. ഐ.എഫ്.ആര്‍. എന്ന പുതിയ ഷിപ്പിങ് സേവനത്തിന് തുടക്കമായത്.
കേരളത്തില്‍ ലേബര്‍ കോഡ് നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ആരെ തൃപ്തിപ്പെടുത്താനാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. തൊഴിലാളികളുടെയും ട്രേഡ് യൂണിയനുകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയമനിര്‍മ്മാണം നടത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്നും എന്നാല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ നിയമനിര്‍മാണം നടത്താന്‍ സാധിച്ചില്ലെന്നും പിണറായി വിജയന്‍ ഫേസ് ബുക്കില്‍ കുറിച്ചു.
മദ്യക്കേസില്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി എം.ഡി. ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും. വാഴവറ്റയില്‍ മദ്യംപിടികൂടിയ വീട് തന്റെ പേരിലല്ലെന്നുള്ള ആന്റോയുടെ വാദം മറികടക്കാനുള്ള രേഖകളായിരിക്കും എക്‌സൈസ് കോടതിയില്‍ നല്‍കുക.
മുട്ടില്‍ മരംമുറി വഞ്ചനക്കേസിലെ വിചാരണ നടപടികള്‍ തടയണമെന്നാവശ്യപ്പെട്ട് പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്നു പരിഗണിക്കും. ചോറ്റാനിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ വിചാരണ നടപടികള്‍ നിറുത്തിവയ്ക്കണമെന്നാണ് പ്രതികളുടെ പ്രധാന ആവശ്യം.
കേരള തീരത്ത് അറബികടലില്‍ എം എസ് സി എല്‍സ 3 കപ്പല്‍ മുങ്ങിയ സംഭവത്തില്‍ നഷ്ടപരിഹാരംതേടി കശുവണ്ടി ഇറക്കുമതിക്കാര്‍ ഫയല്‍ ചെയ്ത കേസില്‍ നവംബര്‍ 13 വരെ തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി ഉത്തരവ്. കേസിലെ എതിര്‍ കക്ഷികളായ കപ്പല്‍ കമ്പനിക്ക് സുപ്രീം കോടതി നോട്ടീസയച്ചു. കപ്പലിലുണ്ടായിരുന്ന കശുവണ്ടിയുടെ ഉടമകളായ മംഗളത്ത് കാഷ്യൂസ് ഉടമ ആര്‍ സജി സുരേന്ദ്രനും, സാന്‍സ് കാഷ്യു പ്രൈവറ്റ് ലിമിറ്റഡും നല്‍കിയ ഹര്‍ജികളിലാണ് സുപ്രീംകോടതി തല്‍സ്ഥിതി ഉത്തരവ് കോടതി പുറത്തിറക്കിയത്.
ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ നീലേശ്വരം സ്വദേശിയായ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി രൂപ തട്ടിയെടുത്ത കേസില്‍ വിദേശത്ത് ജോലി ചെയ്തിരുന്ന പ്രതി ഹൈദരാബാദ് വിമാനത്താവളത്തില്‍ പിടിയില്‍. മലപ്പുറം സ്വദേശി ഷംഷാദ് ചുരകുത്ത് ആണ് പിടിയിലായത്. 2025 നവംബര്‍ 24 മുതല്‍ ഡിസംബര്‍ 17 വരെയാണ് മുംബൈ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്.
ഏറെക്കാലത്തെ ഭിന്നതകള്‍ക്കുശേഷം മുഖ്യമന്ത്രി വി ഡി സതീശനും ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരനും തിരുവനന്തപുരത്ത് നടന്ന ഐ എന്‍ ടി യു സി സംസ്ഥാന നേതൃയോഗത്തില്‍ വേദി പങ്കിട്ടു. ചടങ്ങില്‍ എത്തിയ മുഖ്യമന്ത്രിയെ ആര്‍ ചന്ദ്രശേഖരന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. കേരളത്തിന് വേണ്ടി രാപ്പകല്‍ അധ്വാനിക്കുന്ന മുഖ്യമന്ത്രിയാണ് സതീശനെന്ന് പുകഴ്ത്തിയ ചന്ദ്രശേഖരന്‍, അദ്ദേഹത്തിന് ബിഗ് സല്യൂട്ട് നല്‍കുന്നുവെന്നും പറഞ്ഞു.
കണ്ണൂരില്‍ സിപിഎം നേതൃത്വത്തിലുള്ള ഹലാല്‍ ഫായിദാ സഹകരണ ബാങ്ക് വീണ്ടും പ്രവര്‍ത്തനം സജീവമാക്കാന്‍ ഒരുങ്ങുന്നു. പ്രവര്‍ത്തനം നിലച്ചിരുന്ന ബാങ്ക് മാംസ കയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിച്ചു വ്യവസായങ്ങള്‍ തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനുള്ള ഡി പി ആര്‍ തയ്യാറാക്കാനുള്ള നടപടി തുടങ്ങി. കഴിഞ്ഞ ദിവസം ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
മുഖ്യമന്ത്രി വി.ഡി. സതീശന്‍ തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്കു ചാര്‍ട്ടേഡ് വിമാനത്തില്‍ പോയതു വിവാദമാക്കാന്‍ സിപിഎം. മുഖ്യമന്ത്രി മറ്റാരുടേയോ ചെലവില്‍ വിമാന യാത്ര നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ്.
സൂപ്പര്‍ ലീഗ് കേരള ക്ലബ് കാലിക്കട്ട് എഫ്സി താരം റിജോണ്‍ ജോസ് (29) ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കോഴിക്കോട് മരിച്ചു.
പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിയുടെ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ സാരി വിതരണം നടത്തുമെന്നു നുണ പ്രചാരണം. പ്രചാരണം അടിസ്ഥാനരഹിതമെന്ന് കെഎസ്ആര്‍ടിസി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. പി.എസ് പ്രമോജ് ശങ്കര്‍ അറിയിച്ചു. ആഘോഷത്തിന്റെ ഭാഗമായി ഇന്നു രാവിലെ പത്തിന് ഗതാഗത മന്ത്രി സി.പി ജോണ്‍ തമ്പാനൂര്‍ ഡിപ്പോ സന്ദര്‍ശിക്കും.
ജോലി തിരക്കിനിടയില്‍ വനിത ടിടിഇയുടെ മൊബൈല്‍ ഫോണ്‍ തന്ത്രപൂര്‍വം മോഷ്ടിച്ച് കടന്ന് കളഞ്ഞ കുപ്രസിദ്ധ മോഷ്ടാവ് മാറാട് റഷീദ് റെയില്‍വെ പൊലീസിന്റെ പിടിയിലായി. കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് റഷീദ്.
ഗുരുവായൂരില്‍ ഇനി അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പോലീസ് പിടികൂടും. ടെമ്പിള്‍ പോലീസ് സ്ട്രെയിഞ്ചര്‍ പെട്രോള്‍ ടീം രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരത്തോളം പേര്‍ ഇവിടെ തെരുവില്‍ കഴിയുന്നതായാണ് പോലീസിന്റെ കണക്ക്. ഗുരുവായൂരിലെ ചില പ്രധാന കുറ്റകൃത്യങ്ങള്‍ക്കു പിറകില്‍ ഇവരില്‍ ചിരലരാണെന്നു കണ്ടെത്തിയതോടെയാണ് പരിശോധന കര്‍ശനമാക്കിയത്.
ഈഴവര്‍ പൂണൂല്‍ ധരിക്കുന്നത് ബ്രാഹ്‌മണ മഹിമ ഹൃദയത്തില്‍ സൂക്ഷിക്കുന്നതിനാലാണെന്ന് മുന്‍മന്ത്രി ജി സുധാകരന്‍ എംഎല്‍എ. ബ്രാഹ്‌മണ സംസ്‌കാരം ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന ബ്രാഹ്‌മണരല്ലാത്തവര്‍ കേരളത്തിലുണ്ട്. ഈഴവര്‍ നടത്തുന്ന അമ്പലങ്ങളില്‍ പൂണൂല്‍ ധരിച്ചു പൂജകള്‍ നടത്തുന്നത് അതുകൊണ്ടാണ്. ആലപ്പുഴയില്‍ ബ്രാഹ്‌മണസഭ സംസ്ഥാന കലോത്സവത്തില്‍ സംസാരിക്കവേ ജി സുധാകരന്‍ പറഞ്ഞു.
മുഹമ്മദ് ഷിയാസ് എംഎല്‍എ തോപ്പുംപടി സുറിയാനി പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് സമൂഹമാധ്യമത്തില്‍ നല്‍കിയ പോസ്റ്റിനു താഴെ അപകീര്‍ത്തിപരമായ കമന്റിട്ടയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പെരിനാട് ചന്ദനത്തോപ്പ് സ്വദേശി കെട്ടിടത്തില്‍ വീട്ടില്‍ എസ് മുഹമ്മദ് റഫീഖ് (51) ആണ് പിടിയിലായത്.
മോഷ്ടാവില്‍നിന്നു കണ്ടെടുത്ത കുന്നംകുളം മക്കാലിക്കാവ് ദേവീക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹത്തിന് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ പുതിയ വിഗ്രഹം പ്രതിഷ്ഠിക്കാന്‍ ക്ഷേത്ര ഭരണസമിതി ഭാരവാഹികള്‍. കഴിഞ്ഞ ദിവസമാണ് മോഷണം പോയ പഞ്ചലോഹ വിഗ്രഹവും പോലീസ് കണ്ടെടുത്തത്. വിഗ്രഹം കോടതി കസ്റ്റഡിയിലാണ്. കോടതി നടപടികള്‍ക്കുശേഷം വിഗ്രഹം ക്ഷേത്രത്തിന് കൈമാറും.
പാലക്കാട് കൊടുവായൂരില്‍ ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്ന ഭര്‍ത്താവ് പിടിയില്‍. കൊടുവായൂര്‍ പിട്ട്പീടിക ആയില്യം കോംപ്ലക്സില്‍ വാടകയ്ക്ക് താമസിക്കുന്ന കെ മണികണ്ഠന്റെ ഭാര്യ അനുപ്രിയ (31) ആണ് കൊല്ലപ്പെട്ടത്. മണികണ്ഠനെ കസ്റ്റഡിയിലെടുത്തു.
അയോധ്യയിലെ രാമക്ഷേത്രത്തില്‍ കാണിക്ക മോഷണം നടന്നതിന്റെ ദൃശ്യങ്ങള്‍ 105 തവണ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയാണ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ സുപ്രീം കോടതിയെ അറിയിച്ചത്.
സ്വകാര്യ സര്‍വകലാശാലകള്‍ ലാഭമുണ്ടാക്കുന്ന സ്ഥാപനങ്ങളായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് സുപ്രീം കോടതി. സ്വകാര്യ സര്‍വകലാശാലകള്‍ ഉത്തരവാദിത്തത്തോടെ ധനകാര്യം കൈകാര്യം ചെയ്യണമെന്നും സ്ഥാപനത്തിന്റെ സുഗമമായ പ്രവര്‍ത്തനവും ജീവനക്കാരുടെ അര്‍ഹമായ വേതനവും ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.
ഉത്തര്‍പ്രദേശിനെ നാല് സംസ്ഥാനങ്ങളായി വിഭജിക്കുമെന്ന എന്‍.ഡി.എ സഖ്യകക്ഷിയും മന്ത്രിയുമായ ഓം പ്രകാശ് രാജ്ഭറുടെ പ്രസ്താവന വിവാദമായി. പൂര്‍വാഞ്ചല്‍, മധ്യഞ്ചല്‍, ബുന്ദേല്‍ഖണ്ഡ്, ഹരിത് പ്രദേശ് എന്നിങ്ങനെ നാല് സംസ്ഥാനങ്ങളായി വിഭജിക്കുമെന്നാണ് സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ ഓം പ്രകാശ് രാജ്ഭറിന്റെ പ്രഖ്യാപനം. എന്നാല്‍ ഇതു സംബന്ധിച്ച ഒന്നും നിയമസഭയുടെ പോലും മുന്നില്‍ വന്നിട്ടില്ല.
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സിലെ ക്യാബിന്‍ ക്രൂ അംഗം വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. നോയിഡയിലാണ് കൈനൂര്‍ മിസ്രിയെന്ന 32-കാരിയായ ഫ്ലൈറ്റ് അറ്റന്റ് കൊല്ലപ്പെട്ടത്.
മഹാരാഷ്ട്രയിലെ വാഷിമില്‍ ഗണേശ വിഗ്രഹത്തിന് സമീപം അശ്ലീല വീഡിയോ ലിങ്കുകളിലേക്ക് നയിക്കുന്ന ക്യൂആര്‍ കോഡ് സ്ഥാപിച്ച സംഭവത്തില്‍ മൂന്ന് യുവാക്കള്‍ പോലീസ് കസ്റ്റഡിയിലായി. തന്മയ് മുധാല്‍, യുഗന്ധര്‍ അഫുനെ, സുബോധ് എന്നിവരാണ് പിടിയിലായത്.
ഇറ്റലിയിലെ സ്‌കൂളുകളില്‍ മുഖം മറയ്ക്കുന്ന ബുര്‍ഖയും നിഖാബും നിരോധിക്കുന്നു. ക്ലാസുകളില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കാനും ഇറ്റാലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയാണ് ഭരണകക്ഷിയായ ‘ബ്രദേഴ്‌സ് ഓഫ് ഇറ്റലി’യുടെ യുവജന വിഭാഗം സംഘടിപ്പിച്ച പരിപാടിയില്‍ ഈ പ്രഖ്യാപനം നടത്തിയത്.
ജര്‍മ്മനിയിലെ ബെര്‍ളിനില്‍ വീണ്ടും ചെങ്കൊടി പാറി. പ്രാദേശിക തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ സി.ഡി.യുവിന് കനത്ത തിരിച്ചടി. ബെര്‍ളിനില്‍ തീവ്രഇടതുപക്ഷമായ ഡി ലിങ്കെയും മെക്ലെന്‍ബര്‍ഗില്‍ തീവ്രവലതുപക്ഷമായ എ.എഫ്.ഡിയും വിജയിച്ചു. ഇതോടെ ചാന്‍സലര്‍ ഫ്രീഡ്രിഷ് മെര്‍സിന്റെ രാജിക്കായുള്ള സമ്മര്‍ദ്ദം ശക്തമായിരിക്കുകയാണ്.
ഓള്‍റൗണ്ട് പ്രകടനവുമായി തിളങ്ങിയ യഷ് വര്‍ദ്ധന്‍ ചൗഹാന്റെ മികവില്‍ ഓസ്‌ട്രേലിയ അണ്ടര്‍-19 ടീമിനെതിരായ യൂത്ത് ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ അണ്ടര്‍-19 ടീം. രാജ്കോട്ടില്‍ നടന്ന രണ്ടാം യൂത്ത് ഏകദിനത്തില്‍ 103 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഒരു മത്സരം ശേഷിക്കെ ഇന്ത്യ 2-0 ന് സ്വന്തമാക്കി. സ്‌കോര്‍ ഇന്ത്യ അണ്ടര്‍-19: 341/7, ഓസ്‌ട്രേലിയ അണ്ടര്‍-19 41.1 ഓവറില്‍ 238ന് ഓള്‍ ഔട്ട്.
ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെയും ഷൂട്ടിംഗ് റേഞ്ചില്‍ ഇന്ത്യന്‍ മെഡല്‍ മുഴക്കം. പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീമിനത്തില്‍ ഹിമാംശു ധില്ലന്‍, രുദ്രാന്‍ക്ഷ് പാട്ടീല്‍, പാര്‍ത്ഥ് മാനേ എന്നിവര്‍ ചേര്‍ന്ന് വെള്ളി നേടിയപ്പോള്‍ വ്യക്തിഗത ഇനത്തില്‍ ഹിമാംശു വെള്ളിയും രുദ്രാന്‍ക്ഷ് വെങ്കലവും സ്വന്തമാക്കി. ഷൂട്ടിംഗില്‍ ഇന്ത്യയുടെ അഞ്ചാം മെഡലാണിത്. മികസ്ഡ് മാര്‍ഷ്യല്‍ ആര്‍ട്സില്‍ സുചിക തര്യാല്‍ വെങ്കലം നേടി. നാലു വെള്ളിയും രണ്ടു വെങ്കലവും ഉള്‍പെടെ ആറു മെഡലുമായി മെഡല്‍പട്ടികയില്‍ പത്താം സ്ഥാനത്താണ് ഇന്ത്യ.
സൂപ്പര്‍ ലീഗ് കേരളയുടെ മൂന്നാം സീസണ്‍ സെപ്റ്റംബര്‍ 25 മുതല്‍. നിലവിലെ ചാമ്പ്യന്മാരായ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്.സി യും തൃശൂര്‍ മാജിക് എഫ്.സിയും തമ്മില്‍ കണ്ണൂര്‍ ജവഹര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം.
ചരിത്രത്തിലാദ്യമായി നടക്കുന്ന ഇന്ത്യ-ജപ്പാന്‍ ടി20 മത്സരത്തിന് ഭീഷണിയായി ‘ഡുജുവാന്‍’ സൂപ്പര്‍ ടൈഫൂണ്‍. കനത്ത മഴയും കൊടുങ്കാറ്റും കാരണം ജപ്പാനിലെ കിഴക്കന്‍ മേഖല നിലവില്‍ പൂര്‍ണമായി സ്തംഭിച്ച അവസ്ഥയിലാണ്. ഇന്ന് സാനോ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കേണ്ട ഇന്ത്യ-ജപ്പാന്‍ മത്സരം മഴ കാരണം തടസപ്പെട്ടേക്കും.
ഒക്ടോബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുന്ന യുപിഐ നിരക്കുകളെക്കുറിച്ച് ഡിസ്‌കൗണ്ട് ബ്രോക്കര്‍മാര്‍ ഉന്നയിച്ച ആശങ്കകള്‍ സെബി പരിശോധിക്കുന്നു. വലിയ തുകകളുടെ കൈമാറ്റത്തിന് ഏര്‍പ്പെടുത്തുന്ന മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്, ബ്രോക്കര്‍മാരുടെ പ്രവര്‍ത്തനച്ചെലവ് കാര്യമായി കൂട്ടുമെന്നാണ് വിലയിരുത്തല്‍. നിക്ഷേപകര്‍ പണം ട്രാന്‍സ്ഫര്‍ ചെയ്താലും ട്രേഡിങ് നടക്കുമെന്ന് ഉറപ്പില്ലാത്തതിനാല്‍ അധിക ബാധ്യത വഹിക്കേണ്ടിവരുമെന്ന് ബ്രോക്കര്‍മാര്‍ ഭയപ്പെടുന്നു. സ്റ്റോക്ക് ബ്രോക്കര്‍മാര്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍മാര്‍, ഡീലര്‍മാര്‍ എന്നിവര്‍ക്കുള്ള പേയ്‌മെന്റുകള്‍ക്ക് 0.02 ശതമാനം എംഡിആര്‍ ബാധകമാകും. ഒരു ഇടപാടിന് പരമാവധി 300 രൂപ വരെയാണ് ഈടാക്കുക. മൂലധന വിപണിയിലെ ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള വലിയ തുകകളുടെ കൈമാറ്റങ്ങള്‍ക്കാണ് ഈ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
സാംസങ് ഗാലറി ഇപ്പോള്‍ ഗൂഗിള്‍ ഫോട്ടോസിലേക്ക് ബന്ധിപ്പിക്കാം. ഇതുവഴി സാംസങ് ഉപകരണങ്ങളിലെ ഫോട്ടോകളും വീഡിയോകളും ഗൂഗിള്‍ ഫോട്ടോസിലേക്ക് ബാക്കപ്പ് ചെയ്യാനാവും. മൈക്രോസോഫ്റ്റിന്റെ വണ്‍ഡ്രൈവിനെ മാറ്റിയാണ് സാംസങ്ങിന്റെ ഗാലറി ആപ്പിനെ കമ്പനി ഗൂഗിള്‍ ഫോട്ടോസുമായി ബന്ധിപ്പിച്ചത്. സാംസങ് ഗാലറിയുടെ 15.9.01.07 പതിപ്പിലാണ് പുതിയ ഗൂഗിള്‍ ഫോട്ടോസ് സിങ്ക് ഓപ്ഷന്‍ എത്തിയിരിക്കുന്നത്. ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ Menu > Settings > Sync photos and videos തിരഞ്ഞെടുത്താല്‍ മതി. നിലവില്‍ ഈ ഫീച്ചര്‍ ഫോണുകളില്‍ ഘട്ടംഘട്ടമായി എത്തിച്ചുകൊണ്ടിരിക്കുന്നതിനാല്‍ എല്ലാവരുടെയും ഫോണുകളില്‍ ഈ ഫീച്ചര്‍ കണ്ടെന്നുവരില്ല. ഫോട്ടോ സിങ്ക് ഓണ്‍ ആക്കിയാല്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഗൂഗിള്‍ അക്കൗണ്ടുമായി ഗാലറിയെ ബന്ധിപ്പിക്കാം. ആന്‍ഡ്രോയിഡ് 13 അല്ലെങ്കില്‍ അതിനുശേഷമുള്ള പതിപ്പുകള്‍ പ്രവര്‍ത്തിക്കുന്ന സാംസങ് ഫോണുകളിലും വ്യക്തിഗത ഗൂഗിള്‍ അക്കൗണ്ടുകളിലും മാത്രമേ ഈ ഫീച്ചര്‍ ലഭ്യമാകൂ.
തമിഴ് നടന്‍ അജിത്ത് കുമാറിന്റെ മോട്ടോര്‍സ്പോര്‍ട്സ് രംഗത്തെ അസാധാരണ യാത്ര പ്രമേയമാക്കുന്ന ഡോക്യുമെന്ററി ‘ഗ്ലാഡിയേറ്റേഴ്സ് ഇന്‍ പേഴ്സ്യൂട്ട് ഓഫ് ചാലഞ്ചസ്’ന്റെ ആവേശകരമായ ട്രെയിലര്‍ പുറത്തിറങ്ങി. അജിത്ത് കുമാര്‍ എന്ന നടന് പുറമേ, അദ്ദേഹത്തിന്റെ പാഷനായ റേസിംഗിന്റെ ലോകത്തേക്കാണ് ഡോക്യുമെന്ററി സഞ്ചരിക്കുന്നത്. വിജയ് സംവിധാനം ചെയ്യുന്ന ‘ഗ്ലാഡിയേറ്റേഴ്സ് ഇന്‍ പേഴ്സ്യൂട്ട് ഓഫ് ചാലഞ്ചസ്’, റേസിംഗ് ട്രാക്കിന്റെ ഗ്ലാമറിനപ്പുറത്തേക്ക് സഞ്ചരിക്കുന്ന ഡോക്യുമെന്ററിയാണ്. മോട്ടോര്‍സ്പോര്‍ട്സിനോടുള്ള അജിത്ത് കുമാറിന്റെ ആഴത്തിലുള്ള അഭിനിവേശം, അദ്ദേഹം ഏറ്റെടുത്ത വെല്ലുവിളികള്‍, നേരിട്ട അപകടസാധ്യതകള്‍, സ്വന്തം പരിധികളെ നിരന്തരം മറികടക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്ന അച്ചടക്കം എന്നിവയെല്ലാം ട്രെയിലറില്‍ കാണാം.
സിദ്ധാര്‍ഥ് മല്‍ഹോത്രയും തമന്ന ഭാട്ടിയയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ദി വാന്‍- ഫോഴ്‌സ് ഓഫ് ദി ഫോറസ്റ്റ്’ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ഗായകനും സംഗീതസംവിധായകനുമായ സര്‍ഗം വൈശ്. തന്റെ അനുമതിയില്ലാതെയാണ് ‘അയി ഗിരിനന്ദിനി’ എന്ന ഗാനം സിനിമയുടെ ട്രെയ്‌ലറില്‍ ഉപയോഗിച്ചതെന്ന് സര്‍ഗം വൈശ് ഇന്‍സ്റ്റാഗ്രാമിലൂടെ ആരോപിച്ചു. പാട്ട് ട്രെയ്‌ലറില്‍നിന്ന് പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും സര്‍ഗം വൈശ് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ തന്റെ അധ്വാനത്തിന്റെ ഫലമായ ‘അയി ഗിരിനന്ദിനി’ എന്ന ഗാനം ട്രെയ്‌ലറിന്റെ 1.08 മുതല്‍ 1.30 സെക്കന്‍ഡ് വരെയുള്ള ഭാഗത്താണ് അനുമതിയില്ലാതെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അരുണാഭ് കുമാറിന്റെ രചനയില്‍ ദീപക് മിശ്ര സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ 25-നാണ് തിയേറ്ററുകളില്‍ എത്തുന്നത്.
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് അവരുടെ ജനപ്രിയ മോഡലായ സിയറയുടെ ഡാര്‍ക്ക് എഡിഷന്‍ അവതരിപ്പിച്ചു. സിയറ ലെജന്‍ഡ് സീരീസ് പുറത്തിറക്കിയതിന് പിന്നാലെയാണ് പുതിയ എഡിഷന്‍ ടാറ്റ അവതരിപ്പിച്ചത്. 13.99 ലക്ഷം രൂപയാണ് പ്രാരംഭവില. പ്രധാനമായി കാഴ്ചയിലാണ് മാറ്റങ്ങള്‍ ഉള്ളത്. സിയറ ഡാര്‍ക്ക് എഡിഷന് പ്രത്യേകമായ ഫ്രീസിയന്‍ ബ്ലാക്ക് പെയിന്റ് ഫിനിഷാണ് നല്‍കിയിരിക്കുന്നത്. സാധാരണ മോഡലിലെ മിക്ക ക്രോം ട്രിമ്മുകളും ഈ പതിപ്പില്‍ കറുപ്പിലാണ് തിളങ്ങുന്നത്. ഫ്രണ്ട് ഫെന്‍ഡറുകളില്‍ ഡാര്‍ക്ക് ബാഡ്ജിങ്ങും നല്‍കിയിട്ടുണ്ട്. അകത്തളത്തില്‍ ഓള്‍ ബ്ലാക്ക് വയലറ്റ് എക്ലിപ്‌സ് ഇന്റീരിയര്‍ തീം ലഭിക്കുന്നു. എസി വെന്റ് ബെസലുകള്‍, ഡോര്‍ ഹാന്‍ഡിലുകള്‍, ഫ്രണ്ട് ആംറെസ്റ്റ്, സീറ്റ് ബാക്കുകള്‍ എന്നിവയില്‍ പര്‍പ്പിള്‍ ക്രോം ഡീറ്റെയിലിങ് നല്‍കിയിട്ടുണ്ട്. സാങ്കേതികമായി സാധാരണ സിയറയില്‍ നിന്ന് വ്യത്യസ്തമായി ഡാര്‍ക്ക് എഡിഷനില്‍ മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല.
ഹൈറേഞ്ചിന്റെ പച്ചപ്പില്‍നിന്ന് വെളിച്ചങ്ങളുടെ നഗരമായ പാരീസിലേക്ക് പറിച്ചുനടപ്പെട്ട ഒരു ചെറുപ്പക്കാരന്റെ സ്വപ്നങ്ങളും, പ്രവാസത്തിന്റെ കൊടുംശൈത്യത്തില്‍ അവന്‍ നേരിട്ട കനല്‍വഴികളും മറയില്ലാതെ കോറിയിടുന്നു ഇതില്‍. ചതിയുടെയും ഏകാന്തതയുടെയും ഇരുണ്ട തുരങ്കങ്ങളില്‍ തളര്‍ന്നുപോയപ്പോള്‍ അവന് വഴികാട്ടിയായത് അമ്മ നന്ദികുന്നേല്‍ മേരിയുടെ വാക്കുകളായിരുന്നു. അമ്മയും കമ്പിളികണ്ടം എന്ന നാടും പകര്‍ന്നുനല്‍കിയ ജീവിതപാഠങ്ങളിലൂടെ, തകര്‍ച്ചകളില്‍നിന്ന് പുതിയൊരു ജീവിതത്തിലേക്കു നടന്നുകയറിയ ഒരു മനുഷ്യന്റെ അതിജീവനത്തിന്റെ ആഖ്യാനമാണ് സ്ത്രീയേ, ഇതാ നിന്റെ മകന്‍. ‘സ്ത്രീയേ, ഇതാ നിന്റെ മകന്‍’. ബാബു അബ്രഹാം. മാതൃഭൂമി. വില 399 രൂപ.
കാലാവസ്ഥാ വ്യതിയാന പശ്ചാത്തലത്തില്‍ 2040-ഓടെ കേരളത്തില്‍ ഡെങ്കിപ്പനി ബാധ 16-20 ശതമാനംവരെ ഉയരാമെന്ന് പഠനം. മഴ, താപനില, അന്തരീക്ഷ ആര്‍ദ്രത, എല്‍നിനോ-ലാനിന പ്രതിഭാസങ്ങള്‍ എന്നിവ ഡെങ്കിപ്പനി വ്യാപനത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണെന്നും പഠനം വ്യക്തമാക്കുന്നു കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മീറ്റിയോറോളജിയുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം. അന്താരാഷ്ട്ര ശാസ്ത്ര മാസികയായ ‘ജിയോ ഹെല്‍ത്ത്’ ഇതുസംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിച്ചു. താപനില, മഴ, ഈര്‍പ്പം എന്നിവ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകിന്റെ പ്രജനനം, അതിജീവനം, കടിക്കുന്ന നിരക്ക്, കൊതുകിനുള്ളിലെ വൈറസ് വളര്‍ച്ച എന്നിവയെ സ്വാധീനിക്കുന്നതാണ് വര്‍ധനയ്ക്ക് പ്രധാന കാരണം. ഇടവപ്പാതിക്കാലത്താണ് മൊത്തം കേസുകളുടെ 60 ശതമാനവും. മഴക്കാലത്തിനുമുമ്പുള്ള മാസങ്ങളില്‍ 30.5 മുതല്‍ 32.5 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയും 66 മുതല്‍ 79 ശതമാനം വരെയുള്ള ആര്‍ദ്രതയും, മണ്‍സൂണ്‍ കാലത്ത് പ്രതിമാസം 180 മുതല്‍ 450 മില്ലിമീറ്റര്‍ വരെയുള്ള മഴയും വ്യാപനത്തിന് അനുകൂലമാണ്. കൃത്യമായ കാലാവസ്ഥാവിവരങ്ങളും എ.ഐ. അധിഷ്ഠിത മെഷീന്‍ ലേണിങ് മാതൃകകളും ഉപയോഗിച്ച് അഞ്ചുമാസം മുന്‍പുവരെ രോഗസാധ്യത പ്രവചിക്കാന്‍ കഴിയുന്ന സംവിധാനം ഉപയോഗപ്പെടുത്താമെന്ന് പഠനം ശുപാര്‍ശ ചെയ്യുന്നു.
ശുഭദിനം
കവിത കണ്ണന്‍
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയാണ് അയാള്‍. കൂലി കിട്ടിയ നെല്ലും ഒരുകെട്ട് വിറകും പശുവിനുളള പുല്ലും തലച്ചുമടായുണ്ട്. കടത്തുവഞ്ചിയാലാണ് അയാള്‍ അക്കരേക്ക് പോകുന്നത്. എല്ലാവരും ഇരിക്കാന്‍ കടത്തുകാരന്‍ ആവശ്യപ്പെട്ടപ്പോള്‍ അയാളും ഇരുന്നു. അപ്പോഴും ഭാരമേറിയ ചുമട് തലയില്‍ തന്നെയുണ്ട്. ചുമട് താഴെവെക്കാന്‍ വള്ളത്തിലുളള ഒരാള്‍ ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ പറയുകയാണ്, താന്‍ തലയില്‍ ചുമട് താങ്ങുകയാണെങ്കില്‍ വള്ളത്തിലെ ഭാരം അത്രയും കുറയുമല്ലോ എന്ന്… അതും പറഞ്ഞ് അയാള്‍ അക്കരയെത്തുന്നത് വരെ തലചുമടുമായി ഇരുന്നു. എല്ലാവര്‍ക്കും അവരവരുടേതായ ചുമടുകളുണ്ട്. ചുമടുകള്‍ ഒഴിവാക്കാനാകില്ല. ഏത് പ്രായത്തിലുളളവരും അതനുഭവിക്കണം.. പഠിക്കുന്നവര്‍ക്ക് അവരുടെ ഭാരം, തൊഴിലില്ലാത്തവര്‍ക്കും തൊഴിലുളളവര്‍ക്കും വെവ്വേറെ പ്രശ്നങ്ങള്‍, കല്യാണം കഴിക്കാത്തവര്‍ക്കും, കുടുംബമുളളവര്‍ക്കും അവരുടെ പ്രയാസങ്ങള്‍, വാര്‍ദ്ധക്യത്തിലെത്തിയവര്‍ക്കും രോഗബാധിതര്‍ക്കും തങ്ങള്‍ക്കു മാത്രം മനസ്സിലാകുന്ന ഞെരുക്കങ്ങള്‍. ഇവയെല്ലാം ചുമന്നു നടക്കുന്നു എന്നതിന്റെ പേരില്‍ ഒന്നിനും പരിഹാരമുണ്ടാകണമെന്നില്ല. എല്ലാം കൂടി ഒരുമിച്ചുചുമക്കാനുളള തീരുമാനമാണ് ആദ്യം പുനപരിശോധിക്കേണ്ടത്. പ്രാധാന്യവും മുന്‍ഗണനയും നോക്കി വേണം ഭാരമേറ്റെടുക്കാന്‍. പല ചുമടുകളും നാം സ്വയം സൃഷ്ടിച്ചെടുത്തവയായിരിക്കും.. ഇടയ്ക്ക് ഈ ചുമടൊന്ന് നിലത്തിറക്കണം. ആവശ്യമില്ലാത്തവ എടുത്തുകളയണം., സാധിക്കുന്നവ പങ്ക് വെക്കണം, ആവശ്യമുളളവയെ മാത്രം കൂടെകൂട്ടി ഈ യാത്ര തുടരാന്‍ സാധിക്കണം – ശുഭദിനം.
