മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനും രാജ്യത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന ബി.ജെ.പിക്കും എതിരെ കോണ്‍ഗ്രസും പോക്ഷക സംഘടനകളും സമരം നടത്തുമ്പോള്‍ കേരളത്തിലെ സി.പി.എം എന്തിനാണ് അസ്വസ്ഥരാകുന്നതെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് ഇന്നലെ തിരുവനന്തപുരത്ത് അക്രമ സംഭവങ്ങളുണ്ടായതെന്നും കരുതിക്കൂട്ടിയുള്ള നീക്കമാണ് സി.പി.എം നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതാനും ദിവസങ്ങളായി യുവമോര്‍ച്ചയും ബി.ജെ.പിയും നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. അതിന്റെ തുടര്‍ച്ചയാണ് ഇന്നലെ രാത്രി തിരുവനന്തപുത്ത് എസ്.എഫ്.ഐയും സി.പി.എമ്മും കാട്ടിയത്. സി.പി.എമ്മും ബി.ജെ.പിയും ഒരേ തൂവല്‍ പക്ഷികളാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണെന്നും നാട്ടില്‍ കലാപ അന്തരീക്ഷം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്ന് വന്ന കല്ലേറോടെയാണ് സംഘര്‍ഷം തുടങ്ങിയതെന്ന് ഷാഫി പറമ്പില്‍ എംപി. ഗ്യാനേഷ് കുമാര്‍ എസ്എഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗമല്ല. സിപിഎമ്മിന്റെ നേതാവുമല്ല. എന്തിനാണ് പ്രകോപനം സൃഷ്ടിച്ചതെന്ന് എസ്എഫ്‌ഐ തന്നെ ആലോചിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഗ്യാനേഷ് കുമാറിനെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രകടനത്തിന് നേരെ എസ്എഫ്‌ഐ കല്ലെറിയുന്നത് എന്തിനാണെന്ന് മന്ത്രി പി.സി വിഷ്ണു നാഥ്. അവര്‍ക്ക് നേരെ നടന്ന പ്രതിഷേധമല്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു.
സംഘര്‍ഷമുണ്ടായ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ സിപിഐ നേതാക്കള്‍ സന്ദര്‍ശനം നടത്തി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കെ. രാജന്‍ തുടങ്ങിയ നേതാക്കളാണ് ഹോസ്റ്റലിലെത്തിയത്. കോണ്‍ഗ്രസ്-ബിജെപി ബന്ധത്തിന്റെ നാണംകെട്ട അധ്യായങ്ങള്‍ മറച്ചുവെക്കാനാണ് ആക്രമണം നടത്തിയതെന്ന് ബിനോയ് വിശ്വം ആരോപിച്ചു. ഈ പ്രശ്‌നത്തില്‍ എസ്എഫ്‌ഐ ഒറ്റക്കല്ലെന്ന് സിപിഐ നേതാവ് കെ. രാജനും പ്രതികരിച്ചു.
ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി എസ്എഫ്ഐ. സംസ്ഥാന വ്യാപക പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തതു കൂടാതെ ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലേക്ക് എസ്എഫ്ഐ മാര്‍ച്ച് നടത്തും
തിരുവനന്തപുരം നഗരത്തില്‍ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് മ്യൂസിയം പൊലീസ്.
പൊലീസിനെയും യൂത്ത് കോണ്‍ഗ്രസിനെയും തെരുവില്‍ നേരിടുമെന്ന വെല്ലുവിളിയുമായി ഡിവൈഎഫ്‌ഐ. ഇന്നലത്തെ അക്രമത്തിന് നേതൃത്വം നല്‍കിയത് ഒ.ജെ. ജനിഷും ഷാഫിയുമെന്ന് എം. വിജിന്‍ പറഞ്ഞു. എസ് എഫ് ഐയെ ആക്രമിച്ചാല്‍ കാവലാളായി ഡി വൈ എഫ് ഐ ഉണ്ടാകുമെന്നും വിജിന്‍ പറഞ്ഞു.
മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം. വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് കുപ്പത്ത് വെച്ചാണ് അക്രമം. കണ്ണൂരും കാസര്‍ഗോഡും മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം ഉണ്ടായി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
തലസ്ഥാനത്ത് തദ്ദേശ മന്ത്രി കെ എം ഷാജിയുടെ വാഹനം തടഞ്ഞ സംഭവത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ കന്റോണ്‍മെന്റ് പൊലീസ് ജാമ്യമില്ല വകുപ്പുപ്രകാരം കേസെടുത്തു. കേസ് വേണ്ടെന്ന മന്ത്രിയുടെ നിര്‍ദേശം പൊലീസ് തള്ളുകയായിരുന്നു.
തിരുവനന്തപുരം ജില്ലയുടെ പുതിയ ജില്ലാ കളക്ടറായി അഞ്ജു കെ.എസ് ചുമതലയേറ്റു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. വിഴിഞ്ഞം പോര്‍ട്ട് പ്രൊജക്ട് പുനരധിവാസ ചുമതലകൂടി പുതിയ കളക്ടര്‍ വഹിക്കും.
മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ വിചാരണ സ്റ്റേ ചെയ്ത് ഹൈക്കോടതി. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചുവെന്ന് നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ നിയമിക്കേണ്ടതില്ലെന്ന് പിന്നീട് തീരുമാനിച്ചു. ഇതിനെതിരായ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.
കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മ പങ്കു വെച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സഖാവിന്റെ വിയോഗം വ്യക്തിപരമായും പ്രസ്ഥാനത്തിനും സൃഷ്ടിച്ച വിടവ് നികത്താനാവാത്തതാണ്. എങ്കിലും ഒരു വഴിവിളക്കുപോലെ അദ്ദേഹത്തിന്റെ സ്മരണകള്‍ നമുക്ക് മുന്നില്‍ ഇന്നും ജ്വലിച്ചു നില്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മ്മക്കുറിപ്പില്‍ സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് ബിനീഷ് കോടിയേരി. മക്കള്‍ക്കെതിരെ കേസ് വന്നപ്പോള്‍ കോടിയേരി പാര്‍ട്ടിയെ കവചമാക്കിയില്ലെന്നും കേസ് എന്തായാലും സ്വയം നേരിടണമെന്ന് ശഠിച്ചയാളാണ് അദ്ദേഹമെന്നും ബിനീഷ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കിട്ട ഓര്‍മ്മക്കുറിപ്പില്‍ പറഞ്ഞു.
തെരുവുനായ പ്രശ്‌നം രണ്ടുകൊല്ലം കൊണ്ട് പരിഹരിക്കാനാകുമെന്ന് മന്ത്രി കെ എം ഷാജി. ഇതിനായുള്ള സമഗ്രനടപടികള്‍ ഒരാഴ്ചയ്ക്കുള്ളില്‍ അറിയിക്കുമെന്നും നിര്‍മലം എന്ന പേരില്‍ അഞ്ചുവര്‍ഷം നീളുന്ന ശുചിത്വ യജ്ഞം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
പയ്യന്നൂരില്‍ പൊലീസ് ഉദ്യോഗസ്ഥരെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച കേസിലെ ശിക്ഷ മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് വി കെ നിഷാദ് സുപ്രീംകോടതിയില്‍. ഹൈക്കോടതി അപ്പീല്‍ പരിഗണിക്കുന്ന സാഹചര്യത്തില്‍ ശിക്ഷ മരവിപ്പിച്ച് ജാമ്യം നല്‍കണമെന്നാണ് നിഷാദിന്റെ ആവശ്യം.
എറണാകുളം ജില്ലയിലെ 24 ഹൈസ്‌കൂളുകള്‍ കൂടുതല്‍ സ്മാര്‍ട്ടാക്കാന്‍ 1.24 കോടി രൂപയുടെ ധനസഹായവുമായി കൊച്ചിന്‍ ഷിപ്യാര്‍ഡ്. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സ്‌കൂളുകള്‍ക്കാണ് ഫണ്ട്. ഗ്രാമീണ മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് ആധുനിക ഡിജിറ്റല്‍ സൗകര്യങ്ങളൊരുക്കി പഠന നിലവാരം ഉയര്‍ത്തുകയാണ് ലക്ഷ്യം
ദേശീയ പതാകയെയോ ഭരണഘടനയെയോ അവഹേളിക്കണമെന്ന ബോധപൂര്‍വമായ ഉദ്ദേശ്യമില്ലാതെ അബദ്ധത്തിലോ അവിചാരിതമായോ ദേശീയ പതാക തലകീഴായി പിടിക്കുന്നത് കുറ്റകരമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ലക്ഷദ്വീപ് സ്വദേശി എച്ച്‌കെ മുഹമ്മദ് കാസിം നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എ ബദറുദ്ദീന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ദൃശ്യമാധ്യമത്തിലൂടെ മുഖ്യമന്ത്രി വി ഡി സതീശനെ അപമാനിച്ച സംഭവത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. കോട്ടയം പായിപ്പാട് സ്വദേശി ലത രഘുവിനെതിരെയാണ് കേസെടുത്തത്.
അസിസ്റ്റഡ് റിപ്രൊഡക്ടിവ് ടെക്‌നോളജി നിയമ പ്രകാരം നിശ്ചയിച്ച പ്രായപരിധി കഴിഞ്ഞെങ്കിലും കൃത്രിമ ഗര്‍ഭധാരണ ചികിത്സ തുടരാന്‍ തൃശൂര്‍ സ്വദേശികളായ ദമ്പതികള്‍ക്ക് ഹൈക്കോടതി അനുമതി നല്‍കി. ചികിത്സയുമായി ബന്ധപ്പെട്ട് ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കണമെന്ന വ്യവസ്ഥയിലാണ് അനുമതി.
കൊച്ചിയില്‍ വീണ്ടും സ്വകാര്യ ബസ്സിന്റെ പരാക്രമം. ഇടപ്പള്ളിയില്‍ ഹോണ്‍ മുഴക്കി കടന്നു പോകാന്‍ ശ്രമിച്ച ബസ്, ഇരുചക്ര വാഹന യാത്രക്കാരെ ഇടിച്ചിട്ടു. ചോദ്യം ചെയ്ത യുവാവിന്റെ വണ്ടിയില്‍ വീണ്ടും മൂന്ന് തവണ ഇടിപ്പിച്ചെന്നാണ് പരാതി. തുടര്‍ന്ന് ബസ് ഡ്രൈവര്‍ മുഹമ്മദ് റിയാസിനെതിരെ കേസ് എടുത്തു. ഡ്രൈവറുടെ പരാതിയില്‍ ബൈക്ക് യാത്രക്കാര്‍ക്കെതിരെയും കേസെടുത്തു.
ബെംഗളൂരുവില്‍ വിദ്യാര്‍ത്ഥിയെ കോളേജില്‍ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു. നാഗര്‍ഭാവി മഹേഷ് പി യു കോളേജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയായ 19കാരന്‍ യോഗേഷ് ആണ് കൊല്ലപ്പെട്ടത്. 5 പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചതെന്ന് ഡിസിപി വ്യക്തമാക്കി.
പാക്കിസ്ഥാന്‍ പൗരത്വമുള്ള ഭാര്യയ്ക്ക് ഇന്ത്യയിലെത്തുന്നതിനായി വിസയ്ക്ക് അപേക്ഷിക്കാനുള്ള അവസരം അനുവദിക്കണമെന്നാവശ്യപ്പെട്ട് ദമ്പതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വയനാട് സ്വദേശി ഉനൈസ് കടുമ്പോട്ടിലും പാക്കിസ്ഥാന്‍ പൗരയായ ഭാര്യ ഖദീജയും ചേര്‍ന്നാണ് ഹര്‍ജി നല്‍കിയത്.
വാണിജ്യ എല്‍പിജി സിലിണ്ടറിന് വില കൂട്ടി. 19 കിലോ ഗ്രാം സിലിണ്ടറിന് 62 രൂപ അന്‍പത് പൈസയാണ് കൂടിയത്. ഇന്ന് മുതല്‍ വില വര്‍ധന നിലവില്‍ വന്നു. കൊച്ചിയില്‍ വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില 2,852 രൂപയായി.
ക്രൈംബ്രാഞ്ചിലും സ്‌പെഷ്യല്‍ ബ്രാഞ്ചിലും നിയമനത്തിനുള്ള പൊലീസിലെ അഭിരുചി പരീക്ഷ അട്ടിമറിക്കാന്‍ നീക്കം. പരീക്ഷ നടത്താതെ ക്രൈംബ്രാഞ്ച് മേധാവി സ്ഥലമാറ്റ ഉത്തരവിറക്കി. ഭരണാനൂലികളായ പൊലിസുകാരെ തിരുകി കയറ്റാനെന്നാണ് ആക്ഷേപം.
ഗാന്ധിജയന്തിയും വാരാന്ത്യ അവധിയും പരിഗണിച്ച് റെയില്‍വേ സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. എസ്എംവിടി ബെംഗളൂരു- തിരുവനന്തപുരം നോര്‍ത്ത്, എറണാകുളം ജങ്ഷന്‍-ചെന്നൈ എഗ്മോര്‍-എറണാകുളം ജങ്ഷന്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസുകളാണ് പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി വരും ഡിസംബറില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി അമേരിക്കയിലേക്ക് പോകും എന്നാണ് സൂചന.
സുപ്രീം കോടതി ജഡ്ജിക്കെതിരെ മോശമായ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ഇട്ടതിനെ തുടര്‍ന്ന് മലപ്പുറം സ്വദേശി ഇ പി ജയപ്രകാശിനെതിരെ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കുമെന്ന് സുപ്രീംകോടതി. വിവാഹമോചനക്കേസില്‍ ഭാര്യയ്ക്ക് ജീവനാംശം നല്‍കണമോ എന്ന തര്‍ക്കം സുപ്രീംകോടതിയില്‍ എത്തിയപ്പോളാണ് ഇതുമായി ബന്ധപ്പെട്ട് ജഡ്ജിക്കെതിരെ ഇയാള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ഇട്ടത്.
തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തില്‍ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിനെതിരെ ഇന്ത്യ സഖ്യം കോടതിയെ സമീപിച്ചേക്കും. നിലവില്‍ സുപ്രീം കോടതിയില്‍ ഉള്ള പൊതുതാല്പര്യ ഹര്‍ജി അഞ്ചംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരുന്നു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാക്കുന്നതിനിടെ ഓണ്‍ലൈന്‍ ഫോം 6 ലെ നിയമവിരുദ്ധമായ മാറ്റങ്ങള്‍ക്ക് ടാറ്റാ കണ്‍സള്‍ട്ടന്‍സിയെ ചുമതലപ്പെടുത്തിയത് ആരാണെന്ന ചോദ്യവുമായി രാഹുല്‍ ഗാന്ധി.
പഞ്ചാബ് ലൗലി സര്‍വകലാശാലയിലെ സംഘര്‍ഷത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് സര്‍വകലാശാല ചാന്‍സലറും ബിജെപി എംപിയുമായ അശോക് മിത്തല്‍. പഞ്ചാബിലെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റഷ്യന്‍ സൈന്യത്തില്‍ ചേരാനായി പോകുന്ന ഇന്ത്യക്കാര്‍ക്ക് കടുത്ത താക്കീത് നല്‍കി വിദേശകാര്യ മന്ത്രാലയം. റഷ്യന്‍ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികളില്‍ നിന്ന് മാറി നില്‍ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ഫ്‌ളൈ ദുബായ് വിമാനത്തില്‍ സഹപൈലറ്റിന്റെ ആക്രമണത്തിനിരയായ ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിന്റെ ആരോഗ്യനില തൃപ്തികരമെന്ന് വിവരം. ആരോഗ്യ നിലയേക്കുറിച്ച് വിവരം പുറത്ത് വിട്ടത് സൗദി ഇന്ത്യന്‍ എംബസിയാണ്.
ഇസ്രയേലിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ച് ഫ്‌ലൈ ദുബായ്. കഴിഞ്ഞ ദിവസം ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പുറപ്പെട്ട ഫ്‌ലൈദുബായ് വിമാനത്തില്‍ ഉണ്ടായ അപ്രതീക്ഷിത സംഭവത്തെ തുടര്‍ന്നാണ് എയര്‍ലൈന്റ തീരുമാനം.
ഇറാഖില്‍ നിന്നുള്ള യുഎസ് സൈനികരുടെ പിന്‍വാങ്ങല്‍ പൂര്‍ത്തിയായതായി പെന്റഗണ്‍. ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള അമേരിക്കന്‍ ദൗത്യം ആരംഭിച്ച് 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പെന്റഗണിന്റെ ഔദ്യോഗിക പ്രഖ്യാപനമെത്തുന്നത്.
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍. സെമിയില്‍ ലങ്കയെ തകര്‍ത്തെറിഞ്ഞാണ് ഇന്ത്യ ഫൈനല്‍ ടിക്കറ്റെടുത്തത്. 124 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ലങ്ക 45 റണ്‍സിന് പുറത്തായി. ഫൈനലില്‍ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളികള്‍.
പരിശീലകന്‍ ജോര്‍ജ്ജ് ജീസസുമായുള്ള കടുത്ത ഭിന്നതയെ തുടര്‍ന്ന് പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെ പരിശീലന ക്യാമ്പ് വിട്ട് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഡെന്മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍ പരിശീലനം നടക്കവേയാണ് പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് പെഡ്രോ പ്രോന്‍സയുമായി സംസാരിച്ച ശേഷം ക്യാമ്പ് വിടാന്‍ തീരുമാനിച്ചതെന്ന് റൊണാള്‍ഡോ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.
സൗഹൃദമത്സരത്തില്‍ ബൊളീവിയയെ എതിരില്ലാത്ത നാലുഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്റീന. ഇതിഹാസതാരം ലയണല്‍ മെസ്സി വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷമുള്ള അര്‍ജന്റീനയുടെ ആദ്യമത്സരത്തിലാണീ ഗംഭീര വിജയം. മത്സരത്തില്‍ ലൗട്ടാരോ മാര്‍ട്ടിനസും നിക്കോ പാസും ആദ്യ പകുതിയില്‍ ഗോളുകള്‍ നേടിയപ്പോള്‍ രണ്ടാം പകുതിയില്‍ ക്രിസ്റ്റ്യന്‍ റൊമേറോയും മാനുവല്‍ ലോപസും വലകുലുക്കി.
ഫോബ്‌സ് പുറത്തുവിട്ട 2026-ലെ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 100 വ്യക്തികളുടെ പട്ടികയില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ആസ്തിയില്‍ 20.7 ബില്യണ്‍ ഡോളറിന്റെ വര്‍ദ്ധനവുണ്ടായതോടെ ഗൗതം അദാനിയുടെയും കുടുംബത്തിന്റെയും ആസ്തി 112.7 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അദാനി സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. അടിസ്ഥാന സൗകര്യ വികസന മേഖലയിലെ വ്യാപ്തിയും നിര്‍മ്മിത ബുദ്ധി മേഖലയില്‍ നടപ്പിലാക്കുന്ന 100 ബില്യണ്‍ ഡോളര്‍ നിക്ഷേപ പദ്ധതികളുമാണ് അദാനിയുടെ സമ്പത്ത് വര്‍ദ്ധിക്കാന്‍ പ്രധാന കാരണമായത്. അംബാനിയുടെ ആസ്തിയില്‍ 18.7 ബില്യണ്‍ ഡോളറിന്റെ കുറവുണ്ടാവുകയും നിലവിലെ സമ്പാദ്യം 86.3 ബില്യണ്‍ ഡോളറായി താഴുകയും ചെയ്തു. ഒ.പി. ജിന്‍ഡാള്‍ ഗ്രൂപ്പിന്റെ സാവിത്രി ജിന്‍ഡാള്‍ 39.8 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ മൂന്നാം സ്ഥാനം നിലനിര്‍ത്തി.
ജെമിനി 4 ആര്‍ഗോണ്‍ എന്ന നെക്സ്റ്റ് ജനറേഷന്‍ ഫ്രണ്ടിയര്‍ എഐ മോഡല്‍ പുറത്തിറക്കി ഗൂഗിള്‍. കോഡിങ്, പ്രൊഫഷണല്‍ വര്‍ക്കുകള്‍, സൈബര്‍ സുരക്ഷ എന്നീ മേഖലകളില്‍ മുന്‍ എഐ മോഡലുകളെക്കാള്‍ വളരെ മികച്ചതാണ് ആര്‍ഗോണെന്ന് ഗൂഗിള്‍ പറയുന്നു. ചില ജോലികളില്‍ ജിപിടി-6 അസ്ട്രാ, ക്ലോഡ് ഫേബിള്‍ 5.1 തുടങ്ങിയ എഐ മോഡലുകള്‍ക്ക് ഒപ്പം നില്‍ക്കാനോ മറികടക്കാനോ ആര്‍ഗോണിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. കമ്പനി പുറത്തുവിട്ട ബെഞ്ച്മാര്‍ക്ക് സ്‌കോറുകളില്‍, ജെമിനി 4 ആര്‍ഗോണ്‍ ഒന്നിലധികം പരീക്ഷണങ്ങളില്‍ ഉയര്‍ന്ന സ്‌കോര്‍ നേടിയിട്ടുണ്ട്. നോളജ് വര്‍ക്ക് ബെഞ്ച്മാര്‍ക്കായ വാല്‍സില്‍ ഗൂഗിള്‍ മോഡല്‍ 68.9 ശതമാനം സ്‌കോര്‍ നേടിയപ്പോള്‍, ജിപിടി-6 അസ്ട്രാ 63.1 ശതമാനവും ഫേബിള്‍ 5.1 – 65.8 ശതമാനവുമാണ് നേടിയത്. കോഡിങ്ങിലും ജെമിനി 4 ആര്‍ഗോണ് എതിരാളികളെ മറികടക്കാന്‍ കഴിയുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ചില സന്ദര്‍ഭങ്ങളില്‍ ടെര്‍മിനല്‍-ബെഞ്ച് 4.0 പോലുള്ള മറ്റ് മോഡലുകള്‍ക്ക് പിന്നിലാണ് ആര്‍ഗോണ്‍ എത്തിയത് എന്നതും ശ്രദ്ധേയമാണ്.
അനൂപ് മേനോനും ഐശ്വര്യ മിഥുന്‍ കോറോത്തും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം ‘ചിരം’ ഒക്ടോബര്‍ 9ന് റിലീസിനെത്തും. ചന്താരേ…. എന്നു തുടങ്ങുന്ന ചിത്രത്തിലെ അതിമനോഹരമായ ഒരു പ്രണയഗാനം പുറത്തിറങ്ങി. നിര്‍മാണം – സത്യജിത് നായര്‍. സംവിധാനം – സിന്ധു പരടയില്‍, എന്‍ സുധീര്‍. കഥ – സിന്ധു പരടയില്‍. തിരക്കഥ – കെ. രാജഗോപാല്‍, സിന്ധു പരടയില്‍. സംഗീതം – എം. ജയചന്ദ്രന്‍, ഗിരീഷ് നാരായണ്‍. രചന – ബി. കെ ഹരിനാരായണന്‍. ക്യാമറ – ആനന്ദ് ബാലകൃഷ്ണന്‍. എഡിറ്റര്‍ – സി. വി സജയന്‍. 90′ കളിലെ അതിമനോഹരമായ ഒരു പ്രണയവും പ്രണയത്തിന്റെ ഭാഗമാകുന്ന വിരഹവും, അത് നല്‍കുന്ന വേദനയും എല്ലാം ഇഴ ചേര്‍ന്ന് നില്‍ക്കുന്ന ഒരു പ്രണയ കാവ്യമാണ് ‘ചിരം’. ബാവുള്‍ ജീവിതവും ഗോത്ര ജീവിതവും തമ്മിലുള്ള സമാനതകളും ചിത്രത്തിന്റെ പ്രധാന ഭാഗമാണ്. ശ്രീകാന്ത് മുരളി, ഷെല്ലി കിഷോര്‍, ഗീതി സംഗീത, അമ്പിളി, തേജസ്വിനി ഭക്ത് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
പ്രിയദര്‍ശന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘തേന്മാവിന്‍ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലര്‍ പുറത്ത്. 1994ല്‍ പുറത്തിറങ്ങിയ ഒക്ടോബര്‍ 8ന് ആഗോളതലത്തില്‍ വീണ്ടും തിയറ്ററുകളിലെത്തും. മോഹന്‍ലാല്‍, ശോഭന, നെടുമുടി വേണു എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം 4കെ ദൃശ്യ മികവിലാണ് എത്തുന്നത്. ദൃശ്യ മികവിനൊപ്പം ഡോള്‍ബി അറ്റ്‌മോസ് ശബ്ദ സാങ്കേതികവിദ്യയും പുതിയ പതിപ്പിന്റെ പ്രധാന ആകര്‍ഷണമാണ്. ഇതിലെ ബേണി-ഇഗ്നേഷ്യസിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങളും ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടവയാണ്. ശ്രീനിവാസന്‍, കവിയൂര്‍ പൊന്നമ്മ, കെ.പി.എ.സി ലളിത, സുകുമാരി, കുതിരവട്ടം പപ്പു, ശങ്കരാടി, ഗീത വിജയന്‍, സോണിയ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ ഛായാഗ്രഹണത്തിന് കെ.വി. ആനന്ദിനും പ്രൊഡക്ഷന്‍ ഡിസൈനിന് സാബു സിറിലിനും അംഗീകാരം ലഭിച്ച ചിത്രം അഞ്ച് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും സ്വന്തമാക്കിയിരുന്നു.
പുതിയ തലമുറ 3 സീരീസ് അവതരിപ്പിച്ച് ബിഎംഡബ്ല്യു. പെട്രോള്‍ പതിപ്പിന് പിന്നാലെ ഇലക്ട്രിക് മോഡലും എത്തിയതോടെ വിവിധ പവര്‍ട്രെയിന്‍ ഓപ്ഷനുകളാണ് പുതിയ 3 സീരീസില്‍ കമ്പനി ഒരുക്കിയിരിക്കുന്നത്. പുതിയ ഡിസൈന്‍, പരിഷ്‌കരിച്ച ഇന്റീരിയര്‍, നൂതന ഡ്രൈവിങ് സഹായ സംവിധാനങ്ങള്‍ എന്നിവയാണ് പ്രധാന പ്രത്യേകതകള്‍. ഇലക്ട്രിക് ശ്രേണിയില്‍ ഐ3 40 എക്സ്ഡ്രൈവ്, ഐ3 50 എക്സ്ഡ്രൈവ് എന്നീ മോഡലുകളാണ് ആദ്യഘട്ടത്തില്‍ എത്തുന്നത്. ഇതില്‍ ഐ3 50 എക്സ്ഡ്രൈവിന് 108.7 കിലോവാട്ട് മണിക്കൂര്‍ ബാറ്ററിയും 345 കിലോവാട്ട്, അതായത് 469 എച്ച്പി കരുത്തുമുണ്ട്. ഒറ്റ ചാര്‍ജില്‍ 912 കിലോമീറ്റര്‍ വരെ ഡബ്ല്യുഎല്‍ടിപി റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. 400 കിലോവാട്ട് വരെ ഡിസി ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയ്ക്കുന്ന വാഹനത്തിന് ഉയര്‍ന്ന പവര്‍ ചാര്‍ജിങ് സംവിധാനത്തിലൂടെ 10 മിനിറ്റില്‍ 423 കിലോമീറ്റര്‍ വരെ റേഞ്ച് കൂട്ടിച്ചേര്‍ക്കാനാകും.
‘ഇന്ന് രാത്രി നിങ്ങള്‍ കൊല്ലപ്പെടും. മരിക്കുമെന്ന് മുന്നറിയിപ്പ് കിട്ടുന്ന ചുരുക്കം ചില ഭാഗ്യവാന്മാരിലൊരാളാണ് നിങ്ങള്‍.’ മുന്നറിയിപ്പ് കിട്ടിയിട്ടും മാധവന്‍ നായര്‍ എന്ന വ്യവസായപ്രമുഖന്‍ രാത്രി സ്വന്തം ബാംഗ്ലാവില്‍വെച്ച് പോലീസ് കാവലില്‍, വീട്ടുകാരുടെ കണ്‍മുന്നില്‍ കൊല്ലപ്പെടുന്നു. തുടര്‍ന്നുണ്ടാകുന്ന തിരോധാനങ്ങളും മറ്റു കൊലപാതകങ്ങളും കുറ്റാന്വേഷകരെ കേരളത്തിന്റെ പല ഭാഗങ്ങളിലേക്കും എത്തിക്കുന്നു. കുറ്റവാളിയെ തേടിയുള്ള യാത്രയില്‍ അവരെ കാത്തിരുന്ന തെളിവുകളും സംശയങ്ങളും കൊലപാതകത്തിന്റെ ചുരുളഴിക്കുന്നു. അപ്രതീക്ഷിത വഴികളിലൂടെയും സങ്കീര്‍ണ്ണമായ അന്വേഷണങ്ങളിലൂടെയും സഞ്ചരിക്കുന്ന കുറ്റാന്വേഷണനോവല്‍. ‘മരണവാതില്‍’. വേളൂര്‍ പി.കെ രാമചന്ദ്രന്‍. മാതൃഭൂമി. 204 രൂപ.
ചില ഭക്ഷണങ്ങള്‍ മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കുന്ന പോലെ തന്നെ ചില ഭക്ഷണങ്ങള്‍ മുടിയുടെ ആരോഗ്യം നശിപ്പിക്കാനും കാരണമാകും. ശുദ്ധീകരിച്ച പഞ്ചസാര, ധാന്യങ്ങള്‍ പോലുള്ള സിംപിള്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ ഉയര്‍ന്ന അളവില്‍ കഴിക്കുന്നത് മുടി കൊഴിച്ചില്‍ കൂട്ടും. കാര്‍ബോഹൈഡ്രേറ്റുകള്‍ അധികം അടങ്ങിയ ഭക്ഷണക്രമം, തലമുടിയില്‍ സെബം ഉല്‍പാദനം വര്‍ധിപ്പിക്കാം. ഇത് ഹെയര്‍ ഫോളിക്കുകളില്‍ വീക്കം ഉണ്ടാക്കാനും അത് അവയുടെ ആരോഗ്യം മോശമാക്കാനും കാരണമാകുന്നു. മാത്രമല്ല, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ രക്തത്തിലെ ഇന്‍സുലിന്‍ ഉയരാനും സ്‌കാല്‍പ്പിലേക്കുള്ള രക്തക്കുഴലുകളെ ബാധിക്കുകയും മുടിയുടെ വളര്‍ച്ച തടയുകയും ചെയ്യുന്നു. ടൂണ പോലുള്ള ചില മത്സ്യങ്ങളില്‍ മെര്‍ക്കുറി അടങ്ങിയിട്ടുണ്ട്. മെര്‍ക്കുറി അടങ്ങിയ മീന്‍ കഴിക്കുന്നത് മുടി കൊഴിച്ചിലിന് കാരണമാകും. ശരീരഭാരം കുറയ്ക്കുന്നതിനായി പലപ്പോഴും നമ്മള്‍ കലോറി കുറഞ്ഞ ഭക്ഷണക്രമം തിരഞ്ഞെടുക്കാറുണ്ട്. എന്നാല്‍ ഇത് ആരോഗ്യകരമായ മുടി വളരുന്നതിന് ആവശ്യമായ പ്രോട്ടീന്‍, ഫാറ്റി ആസിഡുകള്‍, സിങ്ക് പോലുള്ള പോഷകങ്ങളുടെ അഭാവത്തിലേക്ക് നയിക്കുന്നു. മാത്രമല്ല, ശരീരഭാരം കുറയുന്നതു മൂലം ശരീരകോശങ്ങളുടെ അളവു കുറയുന്നതും മുടി കൊഴിച്ചിലിന് കാരണമാകാം. വിറ്റാമിന്‍ ഡി, ബി12, ബോട്ടിന്‍, ഫോലേറ്റ് അല്ലെങ്കില്‍ റിബോഫ്ലവിന്‍ പോലുള്ളവയുടെ അഭാവം മുടിയുടെ കട്ടി കുറയ്ക്കാനും മുടി കൊഴിച്ചിലിനും കാരണമാകുന്നുണ്ട്.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 96.23, പൗണ്ട് – 127.28, യൂറോ – 108.72, സ്വിസ് ഫ്രാങ്ക് – 115.32, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 66.77, ബഹറിന്‍ ദിനാര്‍ – 254.64, കുവൈത്ത് ദിനാര്‍ -311.57, ഒമാനി റിയാല്‍ – 250.28, സൗദി റിയാല്‍ – 25.45, യു.എ.ഇ ദിര്‍ഹം – 26.13, ഖത്തര്‍ റിയാല്‍ – 26.40, കനേഡിയന്‍ ഡോളര്‍ – 67.56.
