പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം അടുത്ത മാസം മൂന്നാം വാരം നടത്താന്‍ നീക്കം. വനിത സംവരണം, മണ്ഡല പുനര്‍നിര്‍ണയം എന്നിവ അജണ്ടയാക്കി നിയമം പാസാക്കാനാണ് ആലോചന. പാര്‍ലമെന്റ് വര്‍ഷക്കാല സമ്മേളനം ഇതുവരെ പിരിച്ചുവിട്ടില്ല. പാര്‍ലമെന്റ് ഇതുവരെ പിരിച്ചുവിടാത്തത് പ്രത്യേക സിറ്റിംഗ് നടത്താനാണെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ച് ആലോചിച്ച ശേഷമേ പ്രത്യേക സിറ്റിംഗ് തീരുമാനിക്കാവൂവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രിക്ക് കത്തു നല്‍കി.
മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയില്‍ തടഞ്ഞ് അപമര്യാദയായി സംസാരിച്ചതിന് അറസ്റ്റിലായ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ചേന്തി അനിലിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കി. കെപിസിസിയുടെ നിര്‍ദേശാനുസരണം ഡിസിസി പ്രസിഡന്റ് എന്‍ ശക്തനാണ് നടപടിയെടുത്തത്.
മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയില്‍ തടഞ്ഞ ഡിസിസി അംഗം ചേന്തി അനിലിനെതിരേ കേസെടുത്ത് അറസ്റ്റു ചെയ്തത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തല്‍, അന്യായമായി തടഞ്ഞു വയ്ക്കല്‍, അപമാര്യാദയായി പെരുമാറല്‍, ഗതാഗതം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ്. അനില്‍ റൗഡി ലിസ്റ്റിലുള്ളയാളാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതിക്കെതിരെ ശ്രീകാര്യം, തുമ്പ, മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
വഴിയില്‍ തടഞ്ഞുനിര്‍ത്തി ചീത്ത വിളിക്കുന്നത് ഒരു സംസ്‌കാരത്തിനും യോജിച്ചതല്ലെന്ന് മന്ത്രി കെ. മുരളീധരന്‍. മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞതില്‍ നടപടി വേണമെന്നും ഒരു മുഖ്യമന്ത്രിയെയും ഇങ്ങനെ തടയാന്‍ പാടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ ചാനല്‍ പ്രചരണത്തിനു പിറകില്‍ താനല്ലെന്ന് റിട്ടയേഡ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ അലി അക്ബര്‍. ചാനലുകളില്‍ പ്രചരിപ്പിച്ച ഫോട്ടോ നല്‍കിയത് താനല്ലെന്നും ചില ചാനലുകളാണ് തനിക്ക് ഫോട്ടോ അയച്ചുതന്നതെന്നും അദ്ദേഹം പറഞ്ഞു. ദുരൂഹത നീങ്ങിയ സാഹചര്യത്തില്‍ സുകുമാരക്കുറുപ്പിനെ കണ്ടെത്താന്‍ അന്തര്‍ദേശീയ ഏജന്‍സിയായ ഇന്റര്‍പോളിന്റെ സഹായം തേടേണ്ടതില്ലെന്നു ക്രൈം ബ്രാഞ്ച് തീരുമാനിച്ചു.
പുലിപ്പടയെ കാണാന്‍ തൃശൂര്‍ നഗരത്തില്‍ ജനസാഗരം. വൈകുന്നേരം നാലരയോടെ പുലിക്കളി സംഘങ്ങള്‍ സ്വരാജ് റൗണ്ടിലെത്തും. ഓരോ പുലിക്കളി സംഘത്തിലും അമ്പതോളം പുലികളുണ്ട്. തുള്ളിക്കളിച്ച് പുലിസംഘത്തിലെ പെണ്‍പുലികളും കുട്ടിപ്പുലികളും. മനോഹരമായ ഫ്ളോട്ടുകളും പുലിക്കളിക്ക് അഴകാകും. തൃശൂര്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷാ പരിശോധന സമിതി സെപ്റ്റംബര്‍ ഒന്നിന് മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കും. സുപ്രീംകോടതി നിര്‍ദേശിച്ചതുപോലെ സമ്പൂര്‍ണ സുരക്ഷാ പരിശോധന നടത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. കേസ് നടത്തിപ്പിനായി പുതിയ അഭിഭാഷകസംഘത്തെയും കേരളം നിയോഗിച്ചു.
പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം സംബന്ധിച്ച തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി വി.സോമണ്ണ. ഡിവിഷന്‍ വിഭജനം ആലോചിച്ചെടുത്ത തീരുമാനമാണെന്നും സഫലമാക്കിയത് ദീര്‍ഘനാളത്തെ കാത്തിരിപ്പാണെന്നും വി സോമണ്ണ പറഞ്ഞു.
റെയില്‍വേ ഡിവിഷന്‍ വിഭജിച്ചതിനെ ന്യായീകരിച്ച ബിജെപി സംസ്ഥാന പ്രസിഡന്റും എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖര്‍ കേരളത്തിലെ ജനപ്രതിനിധിയാണെന്നു മറക്കരുതെന്ന് പാലക്കാട് എംപി വി.കെ. ശ്രീകണ്ഠന്‍. കേരളത്തിന്റെ റെയില്‍വേ വികസനത്തെ തകര്‍ക്കാനുള്ള ബിജെപിയുടെ ഗൂഢനീക്കമാണ് പാലക്കാട് ഡിവിഷന്‍ വിഭജനമെന്നും ശ്രീകണ്ഠന്‍ ആരോപിച്ചു.
എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയില്‍ കോടതി സെപ്റ്റംബര്‍ 15 ന് വാദം കേള്‍ക്കും. പ്രതിഭാഗത്തിന് അപേക്ഷയുടെ പകര്‍പ്പ് നല്‍കി. പൊലീസും അന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. സിപിഎം പാളയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും കേസിലെ 16 -ാം പ്രതിയുമായ ഐ പി ബിനു, ഒന്നാം പ്രതി നിഥിന്‍ രാജ് എന്നിവരുടെ ജാമ്യം റദ്ദാക്കാനാണ് ആവശ്യപ്പെട്ടത്.
എല്‍ഡിഎഫിലെ പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ടു ചന്ദ്രിക പത്രത്തില്‍ തന്റേതായി പ്രസിദ്ധീകരിച്ച ലേഖനം സിപിഐയെ യുഡിഎഫിലേക്കു ക്ഷണിക്കുന്നതല്ലെന്ന് മുസ്ലിം ലീഗ് ദേശീയ ഉപാധ്യക്ഷന്‍ കെ പി എ മജീദ്. ‘വലതുപക്ഷ സി പി എമ്മും സി പി ഐയുടെ നിലനില്‍പ്പും’ എന്ന ലേഖനം സിപിഐക്കെതിരെ നിരന്തരമായ ആക്ഷേപവും അവഗണനയും കണ്ടപ്പോള്‍ എഴുതിയതാണെന്ന് അദ്ദേഹം പറഞ്ഞു.
മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ. ഷാക്കിറിനെ എല്ലാ പദവിയില്‍ നിന്നും നീക്കി. ഓട്ടോറിക്ഷക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഷൗക്കത്തിനെ വ്യക്തിഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി.
മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിനു തൊടുപുഴ വിട്ടുനല്‍കില്ലെന്ന് മന്ത്രി മോന്‍സ് ജോസഫ് വ്യക്തമാക്കി. തൊടുപുഴ ഇടുക്കിയുടെ ഹൃദയവും ആത്മാവുമാണെന്നും അത് പറിച്ചെടുക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വ്യാജ മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിച്ച് പഞ്ചായത്തില്‍ താല്‍ക്കാലിക ജോലി സമ്പാദിച്ച മുന്‍ ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്. പാലക്കാട് പുതുക്കോട് പഞ്ചായത്തില്‍ അഞ്ചു വര്‍ഷം ജോലി ചെയ്ത കെ.വി. ഗണപതിക്കെതിരെയാണ് കേസ്. തൊഴിലുറപ്പ് അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് ആയാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. ബിരുദം പാസാകാത്ത ഗണപതി, കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നുള്ള ബി. കോം ബിരുദത്തിന്റെ വ്യാജ മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിച്ചാണ് ജോലി നേടിയത്.
ആലപ്പുഴയില്‍ ബി.ജെ.പി ഭരിക്കുന്ന ചേന്നം പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റിനെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ സിപിഎം പിന്തുണച്ചതോടെ ബിജെപിക്കു ഭരണം നഷ്ടമായി. 19 അംഗ പഞ്ചായത്ത് ഭരണസമതിയില്‍ ബി.ജെ.പി.യ്ക്കും കോണ്‍ഗ്രസിനും ഏഴ് വീതം അംഗങ്ങളാണുള്ളത്. സി.പി.എമ്മിന് അഞ്ച് സീറ്റുമുണ്ട്. നറുക്കെടുപ്പിലൂടെയാണ് ബിജെപി അധികാരത്തിലെത്തിയിരുന്നത്.
മുഖ്യമന്ത്രി വി ഡി സതീശനെ വഴി തടഞ്ഞ സംഭവത്തില്‍ ഡിസിസി അംഗം ചേന്തി അനിലിനെ അറസ്റ്റ് ചെയ്തതിനെതിരെ ഡിസിസി അംഗം സുഹൈല്‍ ഷാജഹാന്‍ രംഗത്ത്. യുഡിഎഫ് ഭരിക്കുമ്പോള്‍ ജനാധിപത്യപരമായി അഭിപ്രായം പറഞ്ഞതിന് പാര്‍ട്ടി നേതാവായ ചേന്തി അനിലിനെ പോലൊരാളെ അറസ്റ്റ് ചെയ്തത് പ്രതിഷേധാര്‍ഹമാണെന്ന് സുഹൈല്‍ ഷാജഹാന്‍ പറഞ്ഞു.
കുറ്റ്യാടിയില്‍ മരുതോങ്കര പഞ്ചായത്തിലെ മുണ്ടക്കുറ്റിയില്‍ ജലസേചന വകുപ്പിന്റെ സ്ഥലത്തെ 15 തേക്ക് മരങ്ങള്‍ അജ്ഞാതര്‍ മുറിച്ചു കടത്തി. 20 വര്‍ഷത്തിലേറെ പഴക്കമുള്ള മരങ്ങളാണ് മുറിച്ചുകടത്തിയത്. തൊട്ടില്‍പാലം പൊലീസ് കേസെടുത്തു.
കായംകുളത്ത് മാവേലി വേഷം കെട്ടിയ ആളുടെ മുഖത്ത് തിളച്ച എണ്ണയൊഴിച്ചതായി പരാതി. മാവേലി വേഷം കെട്ടിയ കരുനാഗപ്പള്ളി സ്വദേശിയായ ചന്ദ്രബാബുവിനോടാണ് ഈ ക്രൂരത. തട്ടുകടക്കാരനാണ് മാവേലിയെ ആക്രമിച്ചത്.
പത്തിലേറെ വളര്‍ത്തുനായകകള്‍ക്കിടയില്‍ അവശനിലയില്‍ കണ്ടയാളെ ഫയര്‍ ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. ബാലരാമപുരത്തെ മദ്യാശലയ്ക്കു സമീപം കല്ലുവിളാകത്ത് വീട്ടില്‍ കൃഷ്ണകുമാറി (57) നെയാണ് രക്ഷപ്പെടുത്തിയത്.
ആലപ്പുഴ നഗരത്തില്‍ നിര്‍മ്മാണം നടക്കുന്ന കാനയില്‍ വീണ് വയോധികന്‍ മരിച്ചു. കാഞ്ഞിരംചിറ സ്വദേശി മഹേഷ് മാനുവല്‍ (66) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മഹേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കാസര്‍കോട് ചീമേനിയില്‍ ഓണാഘോഷ പരിപാടിക്കിടെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ 15 വയസ്സുകാരന്‍ മരിച്ചു. പുല്ലാഞ്ഞിപ്പാറ സ്വദേശിയായ സനൂപ് ആണ് മരിച്ചത്.
ഡല്‍ഹി- എന്‍സിആര്‍ മേഖലയില്‍ സിഎന്‍ജി വില കിലോഗ്രാമിന് 3.89 രൂപ വര്‍ധിപ്പിച്ചു. പ്രധാന സിഎന്‍ജി വിതരണ കമ്പനിയായ ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡാണ് വില വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ സിഎന്‍ജിയ്ക്ക് കിലോഗ്രാമിന് 86.98 രൂപയായി.
ഭീകരവാദവും വിഘടനവാദവും സമാധാനത്തിന് വെല്ലുവിളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിലെ സ്ഥിരതയെയും ശാന്തിയെയും ഇത് ബാധിക്കുന്നുവെന്നും ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ ഇക്കാര്യവും ചര്‍ച്ചയാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സോണിയ ഗാന്ധിയുടെ ഓര്‍മ്മക്കുറിപ്പുകളില്‍ നിന്ന് ആര്‍എസ്എസിനെയും മോദിയെയും കുറിച്ചുള്ള ഭാഗങ്ങള്‍ മാറ്റാനാണ് നിര്‍ദേശം നല്‍കിയതെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ഗെലോട്ട് ആരോപിച്ചു. ചൈനീസ് കടന്നുകയറ്റത്തെ കുറിച്ചുള്ള ഭാഗം നീക്കാനും നിര്‍ദേശിച്ചുവെന്ന് ഗെലോട്ട് വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാലു ദിവസത്തെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് തുടക്കമായി. ഉസ്ബെക്കിസ്ഥാനും കിര്‍ഗിസ് റിപ്പബ്ലിക്കുമാണ് മോദി സന്ദര്‍ശിക്കുന്നത്. ഉസ്ബെക്കിസ്ഥാനില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുന്ന മോദി കിര്‍ഗിസ്ഥാനില്‍ ഷാങ്ഹായ് സഹകരണ സംഘടനയായ എസ്സിഒയുടെ ഉച്ചകോടിയിലും പങ്കെടുക്കും.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്നത് ജാതീയ അധിക്ഷേപമാണെന്നും കുറ്റവാളികള്‍ക്കെതിരേ കേസെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഓഗസ്റ്റ് 8 ന് നടന്ന സംഭവത്തില്‍ ഇതുവരെ കേസെടുത്തില്ലെന്നും ഖര്‍ഗെയ്ക്ക് നീതി ലഭിക്കണമെന്നും രാഹുല്‍.
ജയിലില്‍ മിന്നല്‍ പരിശോധനയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്. ഇന്ത്യയിലെ ഏറ്റവും വലിയ ജയില്‍ സമുച്ചയങ്ങളിലൊന്നായ പുഴല്‍ സെന്‍ട്രല്‍ ജയിലിലാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. തടവുകാരുമായും അദ്ദേഹം സംസാരിച്ചു.
മുംബൈയില്‍ പാല്‍ വില ലിറ്ററിന് 9 രൂപ വര്‍ധിപ്പിക്കാന്‍ പാല്‍ ഉല്‍പാദകര്‍ തീരുമാനിച്ചു. സെപ്റ്റംബര്‍ 1 ന് പുതിയ നിരക്കുകള്‍ പ്രാബല്യത്തിലാകും. ഒരു ലിറ്റര്‍ പാലിന്റെ വില 93 രൂപയില്‍നിന്ന് 102 രൂപയായി ഉയരും.
ഹരിയാനയിലെ ഗുരുഗ്രാമിലെ ഐഎംടി മാനസറിലെ ഒരു ക്രിക്കറ്റ് പരിശീലന കേന്ദ്രത്തില്‍ പിച്ച് റോളര്‍ ശരീരത്തിലൂടെ കയറിയിറങ്ങി എട്ടു വയസ്സുകാരന്‍ മരിച്ചു. ബിഹാര്‍ സ്വദേശിയായ ആകാശ് കുമാര്‍ ആണ് മരിച്ചത്. കളിക്കുന്നതിനിടെ കുട്ടികള്‍ അബദ്ധത്തില്‍ പിച്ച് റോളറിന്റെ സ്വിച്ച് ഓണ്‍ ചെയ്യുകയായിരുന്നു.
മഹാരാഷ്ട്രയിലെ ഛത്രപതി സംബാജി നഗറില്‍ കാലാവധി കഴിഞ്ഞ ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ വില്‍പനയ്ക്കുവച്ച കടക്കാരനില്‍നിന്ന് കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ ഉദ്യോഗസ്ഥനെ വളഞ്ഞു. ഉദ്യോഗസ്ഥന്റെ വായില്‍ കാലാവധി കഴിഞ്ഞ ബിസ്‌ക്കറ്റ് തിരുകിക്കയറ്റുന്ന ദൃശ്യങ്ങള്‍ വൈറലായി.
മിന്നല്‍ പ്രളയം നാശം വിതച്ച നേപ്പാളില്‍ വീണ്ടും ഹിമതടാകം രൂപപ്പെടുന്നതായും അവ തകര്‍ന്ന് വീണ്ടും പ്രളയമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ചൈന. പ്രദേശത്ത് കനത്ത മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിട്ടുണ്ട്. അതേസമയം, ദുരന്തത്തില്‍ ഇതുവരെ 626 മരണം സ്ഥിരീകരിച്ചു.
വെനസ്വേലയുമായി ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറുമായി അമേരിക്ക. വെനസ്വേലയുടെ 6500 കോടി ബാരലിലധികം ക്രൂഡ് ഓയില്‍ ശേഖരത്തില്‍ അമേരിക്കയ്ക്ക് ഭൂരിപക്ഷ നിയന്ത്രണം ലഭിക്കുന്നതാണ് കരാര്‍. പ്രസിഡന്റായിരുന്ന മഡൂറോയെ പിടികൂടിയ യുഎസ് ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസുമായി നടത്തിയ ചര്‍ച്ചകളിലാണ് ഈ ധാരണയായത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഹോര്‍മുസ് തുറക്കാന്‍ തയാറെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. ഒമാനുമായി ഇക്കാര്യത്തില്‍ ധാരണയില്‍ എത്തി. അമേരിക്ക വാക്കു പാലിച്ചാല്‍ ഹോര്‍മുസ് കടലിടുക്ക് കപ്പലുകള്‍ക്കായി തുറന്നുകൊടുക്കുമെന്നും ഇറാന്‍ പ്രസിഡന്റ് വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്കില്‍ പൂര്‍ണ്ണ നിയന്ത്രണമുണ്ടെന്നും അനുവാദം ഇല്ലാതെ ഒരു കപ്പലിനും കടക്കാന്‍ ആവില്ലെന്നും ഇറാന്‍.
ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള കമ്മ്യൂണിറ്റി സെന്ററായ ഇന്ത്യാഹോമില്‍ രക്ഷാബന്ധന്‍ ആഘോഷത്തില്‍ പങ്കെടുത്തു. ഇന്ത്യക്കാരിയായ സ്ത്രീ സൊഹ്റാന്‍ മംദാനിക്ക് രാഖി കെട്ടിക്കൊടുക്കുന്നതിന്റെ ചിത്രവും അദ്ദേഹം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചു.
ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റിനായുള്ള സൗകര്യങ്ങളിലും ക്രമീകരണങ്ങളിലും കടുത്ത അതൃപ്തി രേഖപ്പെടുത്തി ബിസിസിഐയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലും. താരങ്ങള്‍ക്കായി ഒരുക്കിയ സൗകര്യങ്ങള്‍ തൃപ്തികരമല്ലെങ്കില്‍ പ്രധാന താരങ്ങള്‍ക്ക് പകരം രണ്ടാം നിര ടീമിനെ അയക്കുന്ന കാര്യം പരിഗണിച്ചേക്കും .
പ്രമുഖ ലക്ഷ്വറി ഫാഷന്‍ പ്ലാറ്റ്ഫോമായ പെര്‍ണിയാസ് പോപ്പ്-അപ്പ് ഷോപ്പിന്റെ മാതൃകമ്പനി പര്‍പ്പിള്‍ സ്‌റ്റൈല്‍ ലാബ്സ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് ഒരുങ്ങുന്നു. ഓഗസ്റ്റ് 31ന് ആരംഭിക്കുന്ന ഐപിഒ സെപ്റ്റംബര്‍ രണ്ടിന് അവസാനിക്കും. ഓഹരിയൊന്നിന് 546 മുതല്‍ 575 വരെയാണ് പ്രൈസ് ബാന്‍ഡ്. ഓഹരി വില്പനയിലൂടെ 680 കോടി സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ഏകദേശം 1.18 കോടി പുതിയ ഇക്വിറ്റി ഓഹരികളാണ് ഐപിഒയിലൂടെ പുറത്തിറക്കുന്നത്. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, മാധുരി ദീക്ഷിത്, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍, സല്‍മാന്‍ ഖാനും കുടുംബവും, തെലുങ്ക് താരം മഹേഷ് ബാബുവും കമ്പനിയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. 2020 സാമ്പത്തിക വര്‍ഷത്തില്‍ 45 കോടിയായിരുന്ന വരുമാനം 2024 സാമ്പത്തിക വര്‍ഷത്തില്‍ 508 കോടിയായി ഉയര്‍ന്നു. നിലവില്‍ 1,300ഓളം ഡിസൈനര്‍മാരുടെ രണ്ടുലക്ഷത്തിലധികം ഉല്‍പന്നങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെയും 14 എക്‌സ്പീരിയന്‍സ് സെന്ററുകളിലൂടെയും കമ്പനി വില്‍ക്കുന്നുണ്ട്.
വില്‍പ്പന മന്ദഗതിയിലായതിനെത്തുടര്‍ന്ന് മൊബൈല്‍ ഫോണുകളുടെ ജി.എസ്.ടി. കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍. താങ്ങാവുന്ന വിലയില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 25,000 രൂപയ്ക്ക് താഴെയുള്ള ഫോണുകള്‍ക്കായിരിക്കും നികുതിയിളവ് അനുവദിക്കുക. നിലവില്‍ 18 ശതമാനമാണ് മൊബൈല്‍ ഫോണുകളുടെ ജി.എസ്.ടി. മുന്‍പ് വരുത്തിയ നികുതി ഇളവുകളുടെ ആനുകൂല്യം കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുന്നുണ്ടോ എന്നും കൗണ്‍സില്‍ പരിശോധിക്കും. നികുതി കുറച്ചിട്ടും ചില ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിച്ചു എന്ന പരാതിയെത്തുടര്‍ന്നാണിത്. ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളിലൊന്നായി ഇന്ത്യ മാറിയിട്ടുണ്ട്. നികുതി കുറയുന്നതോടെ ആഭ്യന്തര ഉത്പാദനം കൂടുതല്‍ കാര്യക്ഷമമാകും. വിയറ്റ്‌നാം, തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണുകളുടെ പരോക്ഷനികുതി കൂടുതലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത
സൂര്യ-മമിത ബൈജു ചിത്രം ‘വിശ്വനാഥ് ആന്‍ഡ് സണ്‍സി’ലെ വീഡിയോ ഗാനം റിലീസ് ചെയ്തു. ‘പട്ടാമ്പൂച്ചി..’ എന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ജിവി പ്രകാശ് കുമാറാണ്. സുബ്ലാഷിണി ആലപിച്ച ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് അരുണ്‍രാജ കാമരാജ് ആണ്. മമിതയുടെ ഡാന്‍സ് ആണ് ഗാനരംഗത്തെ പ്രധാന ഹൈലൈറ്റ്. ലക്കി ഭാസ്‌കര്‍ അടക്കമുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ വെങ്കി അറ്റ്ലൂരിക്കൊപ്പം സൂര്യ ഒരുമിക്കുന്ന ചിത്രം എന്നതായിരുന്നു വിശ്വനാഥ് ആന്‍ഡ് സണ്‍സ് എന്ന ചിത്രത്തിന്റെ പ്രധാന യുഎസ്പി. ഈ മാസം 14 ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത് 188 കോടിയാണ്. ഇന്ത്യയില്‍ നിന്ന് നേടിയ ഗ്രോസ് 126 കോടിയും വിദേശത്തുനിന്ന് 61 കോടിയും. രവീണ ടണ്ഠന്‍, നാസര്‍, അനാര്‍ക്കലി മരക്കാര്‍, രാജീവ് മേനോന്‍, കാളി വെങ്കട്ട്, ഭവാനി ശ്രീ, സുനില്‍ റെഡ്ഡി എന്നിവരും ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നു.
കൗതുകമുണര്‍ത്തുന്ന മലയാളം ടൈം ട്രാവല്‍ ത്രില്ലര്‍ ‘ഒറിജിനല്‍’ലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘മാളേ മല്ലിക്കൊത്തേ’ എന്ന പേരില്‍ പുറത്തിറങ്ങിയ ഗാനം സംഗീത സംവിധായകന്‍ ഇലക്ട്രോണിക് കിളിയുടെ വേറിട്ട സംഗീത ശൈലിയും അട്ടപ്പാടിയില്‍ നിന്നുള്ള ഗായിക കവിത കാളിയപ്പന്റെ തനതായ നാടന്‍ ശബ്ദവും ഒരുമിക്കുന്നതാണ്. മുത്തുവാണ് വരികള്‍ എഴുതിയിരിക്കുന്നത്. റമീസ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസിയാണ് നായകന്‍. അഭിരാം രാധാകൃഷ്ണന്‍, രാജേഷ് മാധവന്‍, സാഫ് ബോയ്, ബിനു പപ്പു, ഫെമിന ജോര്‍ജ്, ശ്രീകാന്ത് വെട്ടിയാര്‍, ഗോകുലന്‍, അനീഷ് ജി, സലീം ഹസന്‍, ദിനേശ് പ്രഭാകര്‍, രാജേഷ് പറവൂര്‍, ഷമീര്‍ (ചൂരല്‍), സുബിന്‍ ടാര്‍സന്‍, അരുണ്‍ പ്രദീപ്, ലാല മലപ്പുറം, സ്റ്റിനി ഫ്രാന്‍സിസ്, ഹാരിസ് സലീം, വിരു വിവേക് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ വന്‍ മുന്നേറ്റം ലക്ഷ്യമിട്ട് പുത്തന്‍ എസ്1സെഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് ഓല ഇലക്ട്രിക്. 79,999 രൂപയാണ് മോഡലിന്റെ പ്രാരംഭ വില. ഓല സ്വന്തമായി വികസിപ്പിച്ചെടുത്ത അത്യാധുനിക ‘ഭാരത് സെല്‍’ എല്‍എഫ്പി ബാറ്ററിയാണ് പുതിയ സ്‌കൂട്ടറിന്റെ പ്രധാന സവിശേഷത. 3.1 കിലോവാട്ട്അവര്‍ ബാറ്ററി ശേഷിയുള്ള അടിസ്ഥാന മോഡലിന് 79,999 രൂപയും, വലിയ 5.1 കിലോവാട്ട്അവര്‍ ബാറ്ററിയുള്ള ഉയര്‍ന്ന വേരിയന്റിന് 99,999 രൂപയുമാണ് എക്സ്-ഷോറൂം വില. സിംഗിള്‍ ചാര്‍ജില്‍ 3.1 കിലോവാട്ട്അവര്‍ പതിപ്പ് 179 കിലോമീറ്ററും, 5.1 കിലോവാട്ട്അവര്‍ പതിപ്പ് 301 കിലോമീറ്ററും ഉയര്‍ന്ന ഐ.ഡി.സി റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 3.1 കിലോവാട്ട്അവര്‍ ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ 5 മണിക്കൂര്‍ 42 മിനിറ്റും, 5.1 കിലോവാട്ട്അവര്‍ ബാറ്ററിക്ക് 6 മണിക്കൂര്‍ 16 മിനിറ്റും സമയം വേണം. രണ്ട് വേരിയന്റുകളിലും 4 കിലോവാട്ട് ഇലക്ട്രിക് മോട്ടോറാണ് കരുത്ത് പകരുന്നത്.
മനുഷ്യജീവിതം ഒറ്റപ്പെട്ട കഥകളുടെ കൂട്ടമല്ല; പരസ്പരം കോര്‍ത്തിണങ്ങിയ അനേകം ഇഴകളുടെ നെയ്ത്താണ്. ഒരു വീട്ടമ്മയുടെ പ്രഭാതത്തില്‍നിന്ന് ഒരു തൊഴിലാളിയുടെ സ്വപ്നങ്ങളിലേക്കും, ഒരു മകളുടെ കരുതലില്‍നിന്ന് ഒരു കുടുംബത്തിന്റെ നിശ്ശബ്ദ സ്നേഹത്തിലേക്കും ഈ നോവല്‍ സഞ്ചരിക്കുന്നു. വലിയ സംഭവങ്ങളേക്കാള്‍ ചെറു നിമിഷങ്ങള്‍ക്കാണ് ജീവിതത്തെ മാറ്റി മറിക്കാനുള്ള ശക്തിയെന്ന് ഓര്‍മ്മിപ്പിക്കുന്ന ഹൃദയസ്പര്‍ശിയായ ആഖ്യാനമാണ് ഈ നോവല്‍. സ്നേഹം, കടമ, പ്രതീക്ഷ, ത്യാഗം, പറയാതെ പോകുന്ന വികാരങ്ങള്‍, ജീവിതത്തെ മുന്നോട്ട് നയിക്കുന്ന ചെറു സ്വപ്നങ്ങള്‍… ഇവയെല്ലാം ഈ നോവലില്‍ അതിസ്വാഭാവികമായി നെയ്തു ചേര്‍ക്കപ്പെടുന്നു. ‘ഇഴകള്‍’. രാധാകൃഷ്ണന്‍ നാരായണന്‍. ഇന്‍സൈറ്റ് പബ്ളിക്ക്. വില 237 രൂപ.
നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് അത്ര ശുഭമല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പണ്ടുള്ളവര്‍ ഇരുന്നുകൊണ്ട് വെള്ളം കുടിക്കണമെന്ന് പറയുന്നതില്‍ ചില ജൈവശാസ്ത്രപരമായ കാരണങ്ങളുണ്ടെന്ന് ഡയറ്റീഷനായ ജൂഹി അറോറ പറയുന്നു. വെള്ളം കുടിക്കുമ്പോള്‍ അത് നേരെ ഒഴുകി ദഹനനാളിയിലൂടെ ആമാശയത്തിലെത്തുന്നു. നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് കാല്‍മുട്ടുകളെ നേരിട്ടു ബാധിക്കുമെന്നതില്‍ ശാസ്ത്രിയ തെളിവുകളില്ലെങ്കിലും വെള്ളം വേഗത്തില്‍ വയറ്റിലേക്ക് ആഗിരണം ചെയ്യാന്‍ ഇത് കാരണമാകുന്നു. ഇത് വയറ്റില്‍ അസ്വസ്ഥതയോ ദഹനക്കേടോ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് ജൂഹി പറയുന്നു. നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോള്‍, വെള്ളം ഭക്ഷണനാളിയിലേക്കും പിന്നീട് വയറ്റിലേക്കും വേഗത്തില്‍ ഒഴുകി ദഹനപ്രക്രിയയെ തടസപ്പെടുത്തുന്നു. നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോള്‍, ഞരമ്പുകള്‍ പിരിമുറുക്കത്തിലാവുകയും ദ്രാവകങ്ങളുടെ സന്തുലിതാവസ്ഥയെ തടസപ്പെടുത്തുകയും ചെയ്യുന്നു. ഇത് കാലക്രമേണ സന്ധികളില്‍ ദ്രാവകം അടിഞ്ഞുകൂടാന്‍ ഇടയാക്കും. ഇത് സന്ധിവാതത്തിലേക്ക് നയിക്കും. നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോള്‍ ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും കരളിലേക്കും ദഹനനാളത്തിലേക്കും എത്തുന്നില്ലെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. നിന്നു കൊണ്ട് വെള്ളം കുടിക്കുമ്പോള്‍, ദ്രാവകം ഉയര്‍ന്ന മര്‍ദ്ദത്തില്‍ ഒരാളുടെ വയറിന്റെ അടിഭാഗത്തേക്ക് ഒരുതരത്തിലുള്ള ഫില്‍ട്ടറേഷനും കൂടാതെ കടന്നുപോകുന്നു. ഇത് ജല മാലിന്യങ്ങള്‍ മൂത്രസഞ്ചിയില്‍ അടിഞ്ഞുകൂടുന്നതിനും വൃക്കകളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്നതിനും കാരണമാകുന്നു.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 95.43, പൗണ്ട് – 128.81, യൂറോ – 110.48, സ്വിസ് ഫ്രാങ്ക് – 116.91, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 68.32, ബഹറിന്‍ ദിനാര്‍ – 253.51, കുവൈത്ത് ദിനാര്‍ -309.41, ഒമാനി റിയാല്‍ – 248.60, സൗദി റിയാല്‍ – 25.46, യു.എ.ഇ ദിര്‍ഹം – 26.02, ഖത്തര്‍ റിയാല്‍ – 26.22, കനേഡിയന്‍ ഡോളര്‍ – 68.60.
