yt cover 43

മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ജില്ലാ രൂപീകരണത്തെക്കുറിച്ച് പഠിക്കാന്‍ ഡീ ലിമിറ്റേഷന്‍ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിക്കുമെന്ന് മൂവാറ്റുപുഴയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കേരളത്തില്‍ മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകള്‍ വിഭജിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ഈ പ്രഖ്യാപനം.

മെസ്സിയെ കേരളത്തില്‍ എത്തിക്കാമെന്നതിന്റെ പേരില്‍ നടന്ന തട്ടിപ്പില്‍ സ്പോണ്‍സര്‍ 206 കോടിയിലേറെ രൂപ സമാഹരിച്ചെന്ന് ജിഎസ്ടി വകുപ്പ് കണ്ടെത്തി. കൈമാറിയ പണം സ്പോണ്‍സറുടേതല്ല. പുറത്തെ രണ്ടു സ്ഥാപനങ്ങളില്‍ നിന്ന് പണം സ്പോണ്‍സറുടെ അക്കൗണ്ടിലേക്ക് എത്തിയതു വായ്പയായിട്ടാണെന്നു രേഖകളില്ല. അവ്യക്തമായ പണം കൈമാറ്റത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്നും ജിഎസ്ടി വകുപ്പ് ആവശ്യപ്പെട്ടു.

ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യന്‍ സേന തകര്‍ത്ത ജയ്ഷെ മുഹമ്മദ് ഭീകര പ്രസ്ഥാനത്തിന്റെ പാക്കിസ്ഥാനിലെ ബഹാവല്‍പൂരിലെ ആസ്ഥാനം പുനര്‍നിര്‍മ്മിച്ചു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ‘മര്‍കസ് സുബാന്‍ അല്ലാ’ പുനര്‍നിര്‍മ്മിക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ 25 കോടി രൂപ നല്‍കിയെന്നാണു റിപ്പോര്‍ട്ട്.

എന്‍ഡിഎ അധികാരത്തിലുള്ള 22 സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് 2029 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്താന്‍ ആലോചന. ‘ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ്’ പദ്ധതി നടപ്പാക്കാനുള്ള ബില്ലുകള്‍ പരിഗണിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട് ഇനിയും വൈകും. ഇതിനിടെയാണു കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം.

നാളെ ഉത്രാടം. ഉത്രാടം എത്തുംമുമ്പേ, ജനങ്ങള്‍ ഓണാഘോഷത്തിനുള്ള ഉത്രാടപ്പാച്ചില്‍ ആരംഭിച്ചു. ഇന്നലെ സംസ്ഥാനത്തെ മിക്ക നഗരങ്ങളിലും വാഹന ബാഹുല്യം മുലം ഗതാഗതക്കുരുക്കുണ്ടായി. മാളുകളിലും ടെക്സ്‌റ്റൈല്‍സ് ഷോറൂമുകളിലും ഗൃഹോപകരണ ശാലകളിലും റസ്റ്ററന്റുകളിലുമെല്ലാം തിരക്കായിരുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും തിരക്കായിരുന്നു.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികള്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പോലീസുകാര്‍ ധരിച്ച നീല വസ്ത്രങ്ങള്‍ക്കു സമാനമായവ അണിഞ്ഞ് ഓണാഘോഷം നടത്തിയതില്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പൊലീസുകാര്‍ പ്രതികള്‍ക്ക് ഒത്താശ ചെയ്തോയെന്നു കണ്ടത്താന്‍ വിശദ അന്വേഷണം വേണമെന്ന് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പ്രതികള്‍ ഓണം ആഘോഷിച്ചത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസുകാരെ മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥന്റെ ഒത്താശയോടെയാണെന്ന് മന്ത്രി കെ. മുരളീധരന്‍. അയാളാണ് പ്രതികള്‍ക്ക് വസ്ത്രങ്ങള്‍ വാങ്ങി നല്‍കിയത്. ഭരണം മാറിയത് അറിയാത്ത ചില പൊലീസുകാരുണ്ട്. അന്വേഷണവും നടപടിയും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ബംഗാള്‍ ഉള്‍കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം. കേരളത്തില്‍ നാളെ വരെ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത.

പ്രളയ രക്ഷപ്രവര്‍ത്തനത്തിന് എത്തിയ ഥാര്‍ ജീപ്പിനു ചുമത്തിയ പിഴ പോരെന്ന് ഹൈക്കോടതി. ഒന്നിലേറെ മോഡിഫിക്കേഷന്‍ നിയമലംഘനങ്ങള്‍ ഉണ്ടെങ്കില്‍ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കണം. ജീപ്പിന് ആറ് അധിക ലൈറ്റുകളുണ്ടായിരുന്നു. ലൈറ്റുകള്‍ക്ക് 5000 രൂപയും പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് 2000 രൂപയും അടക്കം ഏഴായിരം രൂപയാണു പിഴ ചുമത്തിയത്. ഓരോ ലൈറ്റിനും അയ്യായിരം രൂപ വീതം ചുമത്തേണ്ടതാണെന്നാണു കോടതിയുടെ നിലപാട്. പിഴ ചുമത്തിയ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സ്ഥലം മാറ്റിയിരുന്നു.

പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്താന്‍ പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന ‘പഠനമുറി’ പദ്ധതിയുടെ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ ഉദാരമാക്കി. പദ്ധതിയുടെ ആനുകൂല്യം ലഭിക്കാനുള്ള വീടിന്റെ വിസ്തീര്‍ണ്ണ പരിധി 800 ചതുരശ്ര അടിയില്‍നിന്ന് 1000 ചതുരശ്ര അടിയായി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിറക്കി.

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോര്‍ഡ് വഴിയുള്ള പെന്‍ഷന്‍ വിതരണത്തിനായി ധനവകുപ്പ് 32 കോടി രൂപ അനുവദിച്ചു. ഓണത്തിന് പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പെന്‍ഷന്‍ തുകയെത്തും.

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിന്റെ ഡിജെ പാര്‍ട്ടിക്കിടയില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ ഏറ്റുമുട്ടി. ജയില്‍ സബോഡിനേറ്റ് ഓഫീസേഴ്സ് അസോസിയേഷനാണ് പരിപാടി സംഘടിപ്പിച്ചത്. സ്ഥലമാറ്റവുമായി ബന്ധപ്പെട്ട തര്‍ക്കം കൈയാങ്കളിയില്‍ കലാശിക്കുകയായിരുന്നു. കണ്ണിന് പരിക്കേറ്റ ശ്രീജിത്ത് എന്ന ഉദ്യോഗസ്ഥന്‍ ആശുപത്രിയില്‍ ചികില്‍സ തേടി.

സപ്ലൈകോ വില്‍പനശാലകളിലെ ഓണം വില്‍പ്പന 304 കോടി രൂപ കടന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മികച്ച ജനപങ്കാളിത്തവും റെക്കോര്‍ഡ് വിറ്റുവരവുമാണ് ഇത്തവണ വിവിധ ജില്ലകളിലെ സപ്ലൈകോ ഓണം ഫെയറുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലുമുള്ളത്. സബ്‌സിഡി ഇനത്തില്‍ 109.31 കോടിയുടേയും നോണ്‍ സബ്‌സിഡി ഇനത്തില്‍ 195.34 കോടിയുടേയും വില്‍പ്പനയാണ് നടന്നത്.

മാന്‍കൊമ്പ്, കുറുക്കന്റെ രോമം, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ നെയ്യാറ്റിന്‍കരയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ജിംഷിന്‍ (32), എറണാകുളം ചിലവന്നൂര്‍ സ്വദേശി ജയന്‍ (57), വടുതല ബ്രിഡ്ജ് റോഡില്‍ മനോജ് (50), കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി പി.ബി. ചെറിയാന്‍ (51), മാരായമുട്ടം കൈക്കോട്ടുകുഴി സ്വദേശി ഷിജുലാല്‍ (42) എന്നിവരാണ് അറസ്റ്റിലായത്. അറക്കുന്നിലെ ഒരു ജ്യൂസ് കടയില്‍ ഇവ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ആഭിചാരക്രിയകള്‍ക്ക് ഉപയോഗിക്കുന്നതാണ് കുറുക്കന്റെ രോമമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അല്‍ഫാം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ ചികില്‍സിക്കേണ്ടിവന്ന സംഭവത്തില്‍ 96,500 രൂപ നഷ്ടപരിഹാരം വിധിച്ച് പത്തനംതിട്ട ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍. റാന്നി ചെത്തോങ്കരയിലെ ‘കിങ്സ് ബിരിയാണി കുഫേ’ എന്ന സ്ഥാപനമുടമകളില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാനാണ് വിധി. റാന്നി വെച്ചൂച്ചിറ സ്വദേശിനി റീന തോമസാണ് പരാതി നല്‍കിയത്.

താമരശേരി ചുരത്തില്‍ ശനിയാഴ്ച രാത്രി മുതല്‍ ഗതാഗതക്കുരുക്ക്. ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വയനാട്ടിലേക്കും തിരികേയുമുള്ള വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതു മൂലമാണു ഗതാഗത കുരുക്ക്.

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പൂജാരിക്ക് അഞ്ചു വര്‍ഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ച് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി. മന്ദരത്തൂര്‍ സ്വദേശി രാമദാസനെ (51) യാണ് ശിക്ഷിച്ചത്.

ബിജെപി വിട്ട നടന്‍ ദേവന്‍ ടിവികെയിലേക്ക്. വിജയ്യുമായി സെപ്റ്റംബര്‍ പത്തിനു കൂടിക്കാഴ്ച നടത്തുമെന്ന് ദേവന്‍ അറിയിച്ചു. ടിവികെയുടെ കേരള അധ്യക്ഷനാകണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് ദേവന്‍ പറഞ്ഞു. ബിജെപിക്കു പണമുണ്ടാക്കണമെന്ന മോഹം മാത്രമേയുള്ളൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി പിണറായി വിജയനെയും മരുമകന്‍ മുഹമ്മദ് റിയാസിനെയുമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ബിജെപിയുടെ രാഷ്ട്രീയ ഉപകരണമായി ഇഡി മാറിയെന്നും 95 ശതമാനം കേസുകളും പ്രതിപക്ഷത്തിനെതിരെയാണെന്നും അദ്ദേഹം ആരോപിച്ചു.

പിണറായി വിജയന്‍ എന്തിനേയോ ഭയക്കുന്നുണ്ടെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ആരോപണങ്ങള്‍ വഴിതിരിച്ച് വിടാന്‍ പിണറായി ശ്രമിക്കുന്നു. നടപടി എടുക്കുന്ന ഇഡിക്കോ മോദിക്കോ എതിരെ പിണറായി പറയില്ല. വാര്‍ത്ത കൊടുക്കുന്ന മാധ്യമങ്ങളെയാണു വിമര്‍ശിക്കുന്നതെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു.

മാസപ്പടി കേസിലെ കോഴിക്കോട്ടെ ഇഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎം നേതാവും സോളോസ് പരസ്യ കമ്പനി ഉടമയുമായ പി നിഖില്‍. നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും നിഖില്‍ പറഞ്ഞു.

യുഡിഎഫ് സര്‍ക്കാരിനെതിരേ സിപിഎം നടത്തിയ പരിപാടിയില്‍ സമസ്ത പ്രതിനിധി ഉമര്‍ഫൈസി മുക്കം. സമസ്ത മുശാവറ അംഗവും വഖഫ് ബോര്‍ഡ് അംഗവുമാണ് അദ്ദേഹം. വഖഫ് നിയമവും യുഡിഎഫിന്റെ കീഴടങ്ങലും എന്ന പേരില്‍ മലപ്പുറത്തു സംഘടിപ്പിച്ച സെമിനാറിലാണ് ഉമര്‍ഫൈസി പങ്കെടുത്തത്.

ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച ഇന്നലെ ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ നടന്നത് 416 വിവാഹങ്ങള്‍. പുലര്‍ച്ചെ 4.10ന് ഒന്നാം നമ്പര്‍ മണ്ഡപത്തില്‍ ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് ഭദ്രദീപം തെളിയിച്ചതോടെ വിവാഹങ്ങള്‍ തുടങ്ങി. തുടര്‍ന്ന് മറ്റ് 5 മണ്ഡപങ്ങളിലും വിവാഹങ്ങള്‍ തുടങ്ങി.

മില്‍മ തിരുവനന്തപുരം യൂണിയന്‍ നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി. പനീര്‍ പോപ്സ്-ചെട്ടിനാട്, പനീര്‍ പോപ്സ്-പെരി പെരി, സ്വീറ്റന്‍ഡ് യോഗര്‍ട്ട്, ബ്ലൂബറി യോഗര്‍ട്ട് എന്നിവയാണ് പുതിയ ഉല്‍പന്നങ്ങള്‍. തിരുവനന്തപുരം ലുലു മാളില്‍ നടന്ന ചടങ്ങില്‍ തൊഴില്‍ വനിതാ ശിശുക്ഷേമ മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ബിന്ദു കൃഷ്ണയും നടിയും അവതാരകയുമായ മീനാക്ഷി അനൂപും ചേര്‍ന്നാണ് ഉല്‍പന്നങ്ങള്‍ പുറത്തിറക്കിയത്.

തൃശൂര്‍ ദേശമംഗലം തലശ്ശേരിയിലെ കോഴി ഫാമിനു ചുറ്റും സ്ഥാപിച്ചിരുന്ന വൈദ്യുത വേലിയില്‍നിന്നു ഷോക്കേറ്റ് ആസാം സ്വദേശികളായ ദമ്പതികള്‍ മരിച്ചു. ഫാമിലെ തൊഴിലാളികളായ ഷെഫീഖുലും ഭാര്യ റുക്സാനയുമാണ് മരിച്ചത്.

കൊല്ലം ശാസ്താംകോട്ടയില്‍ പൊലീസ് മര്‍ദിച്ച് 23 കാരന്റെ ജനനേന്ദ്രിയം തകര്‍ത്തെന്ന് പരാതി. യുവാവിന് ഗുരുതര ആരോഗ്യപ്രശ്നമുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. കൊല്ലം ശാസ്താംകോട്ട പൊലീസിനെതിരെയാണ് അടൂര്‍ സ്വദേശിയുടെ പരാതി.

പോലീസിനെ കബളിപ്പിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകള്‍ക്കകം പഴയന്നൂര്‍ പോലീസ് പിടികൂടി. കുമ്പളക്കോട് സ്വദേശി അനില്‍കുമാര്‍(28) ആണ് വീണ്ടും പോലീസിന്റെ പിടിയിലായത്. ചേലക്കരയില്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ വിലങ്ങ് അഴിച്ചപ്പോഴാണ് പ്രതി മുങ്ങിയത്.

ഒമാനിലെ സൂര്‍ ഖല്‍ഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കണ്ണൂര്‍ ജില്ലയിലെ മൊറാഴ കുമ്മനാട് മംഗാടന്‍തകത്ത് ഹൗസില്‍ റിഷാദ് മംഗാടന്‍തകത്ത് (39) ആണ് മരിച്ചത്.

കാസര്‍കോട് മഞ്ചേശ്വരം വെടിവയ്പു കേസില്‍ ഒരാള്‍ അറസ്റ്റില്‍. ചിഗുരുപദെ സ്വദേശി മുഹമ്മദ് സഫ്വാന്‍ (28) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച മഞ്ചേശ്വരം മിയാപ്പദവില്‍ എ എസ് ജനറല്‍ സ്റ്റോര്‍സ് ഉടമയായ ശുഹൈബ് മൊയിന്‍ ഷേഖിന്റെ കടയില്‍ കയറി ഭീഷണിപ്പെടുത്തിയ സംഘം ആകാശത്തേയ്ക്ക് വെടിവച്ചിരുന്നു.

ഛത്തീസ്ഗഢില്‍ കാര്‍ഷിക സര്‍വകലാശാലയായ ‘ഇന്ദിരാഗാന്ധി കൃഷി വിശ്വവിദ്യാലയ’ത്തിലെ ബി.എസ്.സി രണ്ടാം വര്‍ഷ എന്‍ഡമോളജിപരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയ സംഭവത്തില്‍ കോളേജ് പ്രൊഫസറെയുംഅഞ്ച് വിദ്യാര്‍ഥികളെയും റായ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ദുര്‍ഗിലെ ഭാരതി അഗ്രികള്‍ച്ചര്‍ കോളേജിലെ പ്രൊഫസറായ യോഗേഷ് സോങ്കേസരിയ ആണ് തട്ടിപ്പിന്റെ സൂത്രധാരനെന്ന് പോലീസ്. സീല്‍ ചെയ്ത ചോദ്യപേപ്പര്‍ കവറില്‍ സൂചികൊണ്ടു ചെറിയ ദ്വാരമുണ്ടാക്കി എന്‍ഡോസ്‌കോപ്പി ക്യാമറ ഉപയോഗിച്ച് ചോദ്യങ്ങള്‍ പകര്‍ത്തിയെന്നും 11,000 രൂപയ്ക്ക് വിറ്റെന്നും പൊലീസ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ഒരുങ്ങാന്‍ നിര്‍ദ്ദേശം നല്‍കി. വന്ദേമാതരം ചര്‍ച്ചാ വിഷയമാക്കുന്നതിനൊപ്പം ജെന്‍സികളുമായുള്ള ആശയവിനിമയം കൂട്ടാന്‍ ബിജെപി തീരുമാനിച്ചു.

പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനം അനിശ്ചിതകാലത്തേക്കു പിരിഞ്ഞിട്ടും ഔദ്യോഗികമായി പിരിച്ചുവിടാത്തത് എന്തുകൊണ്ടാണെന്നു കോണ്‍ഗ്രസ്. മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ബില്‍ പ്രത്യേക സമ്മേളനത്തില്‍ പാസാക്കാന്‍ ഇപ്പോഴും മൂന്നില്‍ രണ്ട് ഭൂരിപക്ഷം കണ്ടെത്താനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൗശലമാണോയെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്.

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള പ്രത്യേക പ്രതിനിധികളുടെ ചര്‍ച്ചയ്ക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനയിലേക്ക്. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായാണ് അദ്ദേഹം ചൊവ്വാഴ്ച ചര്‍ച്ച നടത്തുക.

കേസുകള്‍ പിന്‍വലിക്കാമെന്നതടക്കമുള്ള വാഗ്ദാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പാലിച്ചില്ലെന്ന് ആരോപിച്ചും യുവാക്കളുടെ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയും കോക്രോച്ച് ജനത പാര്‍ട്ടി വീണ്ടും സമരത്തിനൊരുങ്ങുന്നു. സമരനടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് അടിയന്തര വര്‍ക്കിംഗ് കമ്മിറ്റി യോഗം ചേരും.

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്ന രാഹുല്‍ ഗാന്ധിക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ വനിതാ സംവരണ ബില്ലിനെ പിന്തുണയ്ക്കണമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി സ്മൃതി ഇറാനി. രാഹുലിന്റെ ‘ഛാത്രോം കീ ഗൂഞ്ചി’ന് പരിഹസിച്ചുകൊണ്ടാണ് സ്മൃതിയുടെ പ്രതികരണം

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ ഭാര്യ ഗുര്‍പ്രീത് കൗര്‍ പീഡനക്കേസ് ഒതുക്കിതീര്‍ക്കാന്‍ അഞ്ചുകോടി രൂപ ആവശ്യപ്പെട്ടെന്ന പരാതിയില്‍ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. ബിജെപിയും കോണ്‍ഗ്രസും ശിരോമണി അകാലിദളും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളാണ് മുഖ്യമന്ത്രിക്കും ആംആദ്മി സര്‍ക്കാരിനുമെതിരേ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.

കേന്ദ്രമന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി 2025-26 വര്‍ഷം 92.35 കോടി രൂപ ചെലവഴിച്ചതായി റിപ്പോര്‍ട്ട്.

ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ പതിനേഴുകാരിയായ ദളിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവും കൂട്ടാളിയായ ഡോക്ടറും അറസ്റ്റിലായി. മൂന്ന് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് നഗര കോട്വാലി പോലീസ് പ്രതികളെ പിടികൂടിയത്. കേസില്‍ നാസിം, ഡോ. മുഹമ്മദ് ആദില്‍ എന്നിവരാണ് പിടിയിലായത്.

മധ്യപ്രദേശിലെ ഛിന്ദ്വാര ജില്ലാ ആശുപത്രിയില്‍ നവജാതശിശുക്കള്‍ക്കുള്ള ഐസിയുവിലെ ബേബി വാമറിന് തീപിടിച്ച് ഒരു നവജാതശിശു മരിക്കുകയും രണ്ടു കുട്ടികള്‍ക്കു പൊള്ളലേല്‍ക്കുകയും ചെയ്തു.

മുംബൈയില്‍ ഗണേശോത്സവ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഗണപതി വിഗ്രഹം വീണ് രണ്ടു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു.

മധ്യപ്രദേശിലെ ഛത്തര്‍പുരില്‍ സഹോദരിമാരായ മൂന്നു കുട്ടികള്‍ മണിക്കൂറുകളുടെ ഇടവേളയില്‍ മരിച്ചു. രാത്രി കഴിച്ച ഭക്ഷണത്തില്‍നിന്ന് വിഷബാധയേറ്റണു മരണമെന്നും സംശയമുണ്ട്. പിപോറ ഗ്രാമത്തിലെ ബാലാമുകുന്ദ് കുശ്വയുടെ മൂന്ന് മക്കളാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്ത്യന്‍ യുവാവ് യുഎസില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. പഞ്ചാബിലെ കപുര്‍ത്തല സ്വദേശിയും പിസ ഡെലിവറി ഏജന്റുമായ ഗുര്‍ദീപ് സിങ്(28) ആണ് ന്യൂയോര്‍ക്കില്‍വെച്ച് അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

ആഗ്ര റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ സ്ത്രീയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ചെന്നൈയിലേക്ക്. സ്ത്രീയെ കൊലപ്പെടുത്തിയത് ചെന്നൈയിലെ ഒരു വാടകവീട്ടിലാണെന്നും ഒരു യുവതിയും യുവാവുമാണ് മൃതദേഹാവശിഷ്ടങ്ങളുമായി ചെന്നൈയില്‍നിന്ന് ട്രെയിനില്‍ കയറിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ചെന്നൈയിലെ വാടകവീട്ടില്‍നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ശരീരത്തിന്റെ ഒരുഭാഗം കെട്ടിത്തൂക്കിയ നിലയിലും ബാക്കിയുള്ളത് ബിരിയാണി ചെമ്പിലുമായിരുന്നു.

സാമ്പത്തിക യുദ്ധം തുടങ്ങിയാല്‍ പശ്ചിമേഷ്യയിലെ അമേരിക്കയുടെ ക്യാമ്പുകള്‍ തകര്‍ക്കുമെന്ന് ഇറാന്‍. സാമ്പത്തിക യുദ്ധത്തില്‍ പങ്കാളികളാകരുതെന്ന് മേഖലയിലെ രാജ്യങ്ങള്‍ക്ക് ഇറാന്റെ മുന്നറിയിപ്പ്. ഒരു തുള്ളി എണ്ണ പോലും പേര്‍ഷ്യന്‍ ഗള്‍ഫ് മേഖല വഴി പുറത്തേക്കു പോകില്ലെന്നും ഭീഷണി.

ഇറാനില്‍ 10,500 കോടി ഡോളറിന്റെ മൂല്യം വരുന്ന പ്രകൃതി വാതക ശേഖരം കണ്ടെത്തി. ഏറ്റവും ഉയര്‍ന്ന ഗുണനിവാരത്തിലുള്ള പ്രകൃതിവാതക ശേഖരമാണിതെന്ന് ഇറാന്‍ പെട്രോളിയം മന്ത്രി മൊഹ്സെന്‍ പക്നെജാദ് അറിയിച്ചു. ഏഴര ലക്ഷം കോടി ക്യുബിക് അടിയാണ് മൊത്തം ശേഖരമുള്ളത്.

ഹോര്‍മുസ് കടലിടുക്കില്‍ ഫീസ് ഈടാക്കുമെന്ന് ഇറാന്‍. പാര്‍ലമെന്റിന്റെ തീരുമാനത്തിന് ഇറാന്‍ ദേശീയ സുരക്ഷ കമ്മീഷന്‍ അംഗീകാരം നല്‍കി.

യുഎസ് – ഇറാന്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ പാക്കിസ്ഥാന്‍ സൈനിക മേധാവി അസിം മുനീര്‍ ഇന്ന് ഇറാനിലെത്തും.

സൗദി അറേബ്യ, തുര്‍ക്കി, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ രൂപം നല്‍കിയ സൈനിക അച്ചുതണ്ടില്‍ ചേരാന്‍ ഇറാനും ക്ഷണം ലഭിച്ചെന്ന് ഇറാനിയന്‍ പാര്‍ലമെന്റ് ് വാര്‍ത്താ ഏജന്‍സി തലവന്‍ മെഹ്ദി റാഹിമി പറഞ്ഞു.

ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി എഥല്‍ കേറ്റര്‍ഹാം 117ാം ജന്മദിനം ആഘോഷിച്ചു. യുകെയിലെ സറെയിലുള്ള ലൈറ്റ്വാട്ടറിലെ ഹാള്‍മാര്‍ക്ക് ലേക്ക്വ്യൂ കെയര്‍ ഹോമില്‍ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പമായിരുന്നു ജന്മദിനാഘോഷം.

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സെടുത്തിട്ടുണ്ട്. പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി നേടിയ ദേവ്ദത്ത് പടിക്കലാണ് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 50 റണ്‍സ് നേടി.

കേരള ക്രിക്കറ്റ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ നാല് വിക്കറ്റിനു തോല്‍പ്പിച്ച് തൃശൂര്‍ ടൈറ്റന്‍സ്. തോല്‍വിയുടെ വക്കില്‍നിന്ന് ഉജ്ജ്വലമായി തിരിച്ചുവന്നാണ് തൃശൂരിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറില്‍ ആറ് വിക്കറ്റിന് 172 റണ്‍സെടുത്തു. മഴയെ തുടര്‍ന്ന് ഒന്‍പത് ഓവറില്‍ 83 റണ്‍സായി പുതുക്കി നിശ്ചയിച്ച വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂര്‍, നാല് പന്തുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യത്തിലെത്തി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് അട്ടിമറികളോടെ തുടക്കം. കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ടോട്ടന്‍ഹാമിനും ആദ്യ മത്സരത്തില്‍ തന്നെ ഞെട്ടിക്കുന്ന തോല്‍വി. ഹള്‍ സിറ്റിയോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അടിയറവ് പറഞ്ഞത്. ടോട്ടന്‍ഹാം ഹോട്സ്പറിനെ ബ്രെന്റ്ഫോര്‍ഡ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു. ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് എവര്‍ട്ടണ്‍ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി.

ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ നാലെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍ ഇടിവ്. കഴിഞ്ഞയാഴ്ച ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 87,960 കോടിയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. സെന്‍സെക്‌സ് 468 പോയിന്റ് ആണ് താഴ്ന്നത്. ഭാരതി എയര്‍ടെലിന് മാത്രം കഴിഞ്ഞയാഴ്ച 28,052 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. 12,14,963 കോടിയായാണ് എയര്‍ടെലിന്റെ വിപണി മൂല്യം താഴ്ന്നത്. ടിസിഎസ് 22,070 കോടി, എസ്ബിഐ 20,861 കോടി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 16,975 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ ഇടിവ്. അതേസമയം എല്‍ഐസിയുടെ വിപണി മൂല്യത്തില്‍ 12,650 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 5,35,980 കോടിയായാണ് എല്‍ഐസിയുടെ വിപണി മൂല്യം ഉയര്‍ന്നത്. റിലയന്‍സ്, എല്‍ആന്റ്ടി, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയാണ് നേട്ടം ഉണ്ടാക്കിയ മറ്റു കമ്പനികള്‍. വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നിട്ടുനില്‍ക്കുന്നത്.

ബഹിരാകാശ വിക്ഷേപണത്തിന് ഉപയോഗിച്ച റോക്കറ്റ് വിജയകരമായി ഭൂമിയില്‍ തിരിച്ചിറക്കി ചൈനീസ് സ്വകാര്യ ബഹിരാകാശ കമ്പനിയായ ലാന്‍ഡ്‌സ്‌പേസ്. ഴുക്-3 എന്ന റോക്കറ്റിന്റെ ഫസ്റ്റ് സ്റ്റേജാണ് തിരിച്ചിറക്കിയത്. ഇതോടെ റോക്കറ്റ് പുനരുപയോഗ സാങ്കേതികവിദ്യയില്‍ സ്വകാര്യ കമ്പനികളായ സ്പേസ് എക്സിനും ബ്ലൂ ഒറിജിനിനുമൊപ്പം ലാന്‍ഡ്‌സ്‌പേസും ഇടം നേടി. വടക്കുപടിഞ്ഞാറന്‍ ചൈനയില്‍ നിന്ന് വിക്ഷേപിച്ച ഴുക്-3യുടെ ഫസ്റ്റ് സ്റ്റേജ് ഏകദേശം 390 കിലോമീറ്റര്‍ അകലെയുള്ള ഗാന്‍സു പ്രവിശ്യയിലാണ് തിരിച്ചിറങ്ങിയത്. 66.1 മീറ്റര്‍ ഉയരമുള്ള ഴുക്-3 റോക്കറ്റില്‍ മീഥേനും ദ്രവ ഓക്സിജനുമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. താഴ്ന്ന ഭ്രമണപഥത്തിലേക്ക് 14.2 മെട്രിക് ടണ്‍ വരെ ചരക്ക് എത്തിക്കാന്‍ റോക്കറ്റിന് ശേഷിയുണ്ട്. തിരിച്ചിറക്കിയ റോക്കറ്റ് ആറുമാസത്തിനുള്ളില്‍ വീണ്ടും ഉപയോഗിക്കാനാണ് ലാന്‍ഡ്‌സ്‌പേസിന്റെ പദ്ധതി.

തൃക്കുറ്റിശ്ശേരി ഗവണ്‍മെന്റ് യുപി സ്‌കൂളിലെ വിദ്യാര്‍ഥികളെ കേന്ദ്ര കഥാപാത്രങ്ങളായി നിഖില്‍ ശ്രീകുമാര്‍ സംവിധാനം ചെയ്ത ‘പെന്‍ ഫൈറ്റ് ക്ലബ്’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. വിദ്യാര്‍ഥികള്‍ക്കിടയിലെ പെന്‍ ഫൈറ്റ് എന്ന കളിയും ആവേശവും ആസ്പദമാക്കിയാണ് ചിത്രം പുരോഗമിക്കുന്നത്. പുതുതായി സ്‌കൂളില്‍ എത്തിയ വിദ്യാര്‍ഥിയുടെ കാഴ്ചയിലൂടെയാണ് പെന്‍ ഫൈറ്റ് ക്ലബ് പ്രേക്ഷകരിലേക്ക് എത്തുന്നത്. സംവിധായകന്‍ നിഖില്‍ ലിനു ശ്രീകുമാര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ, എഡിറ്റിംഗ്, വി എഫ് എക്‌സ്, നിര്‍മ്മാണം. നടനും അഭിനയ പരിശീലകനുമായ ശ്രീജിത്ത് കാഞ്ഞിലശ്ശേരിയുടെ നേതൃത്വത്തില്‍ നടന്ന അഭിനയ കളരിയില്‍ നിന്നാണ് ചിത്രത്തിലേക്കുള്ള അഭിനേതാക്കളെ തിരഞ്ഞെടുത്തത്. അവാന്‍ പൂക്കോട്ട്, ആര്‍ദ്ര സതീഷ്, ശ്രീഹരി ടി, ധാര്‍മിക് കൃഷ്ണ, ഉപമ എസ് ദേവ്, അല എസ് പ്രജൂന്‍, ദേവപ്രയാഗ്, ദേവദത്ത് ആര്‍ കെ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ശ്രീ മൂകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈ വര്‍ഷത്തെ ഓണം ഫെസ്റ്റിവല്‍ വീഡിയോ ആല്‍ബം ‘നന്മയോണം’ റിലീസ് ആയി. മൂകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം എത്തിയത്. ഗിരീഷ് കെ നാരായണന്‍ സംവിധാനം ചെയ്യുന്ന ഈ ആല്‍ബത്തില്‍ കൃഷ്ണന്‍ നടുവലത്ത് ഗാനരചനയും ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. ആലാപനം ദേവനന്ദ ഗിരീഷ്. പ്രൊഫ. ഇ കുഞ്ഞിരാമന്‍, ഉഷ പയ്യന്നൂര്‍, ദിയ സുനില്‍കുമാര്‍, മീനാക്ഷി പത്മരാജ്, അനുശ്രീ, ശ്രീവിദ്യ, ശ്രീദേവി ബാബു, ആരാദ്യ രമേശ്, കൃതിക എസ് നികേഷ്, പ്രേമന്‍ നമ്പ്യാര്‍, തളിയന്‍, ഒ മോഹന്‍, ബിജ്ന കെ, സവിത ഇ, സുമ എ, സൗമ്യ വി, പ്രിയ പി, സുജാത കെ, പ്രീന പി, ധനജ പി വി, ജലജ ഇ വി, സുമതി കടമ്പേരി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍.

ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് തങ്ങളുടെ ജനപ്രിയ യെസ്ഡി റോഡ്സ്റ്റര്‍ റെഡ് വുള്‍ഫ് ആമസോണിലും ഫ്ലിപ്കാര്‍ട്ടിലും ലഭ്യമാക്കി. ഓണ്‍ലൈന്‍ വഴി ബൈക്ക് ബുക്ക് ചെയ്യാനും തുടര്‍ന്ന് പ്രാദേശിക ഡീലര്‍ഷിപ്പിലൂടെ രജിസ്ട്രേഷനും ഡെലിവറിയും പൂര്‍ത്തിയാക്കാനും സാധിക്കും. യെസ്ഡി റോഡ്സ്റ്റര്‍ റെഡ് വുള്‍ഫിന്റെ എക്‌സ്- ഷോറൂം വില 2,09,950 രൂപയാണ്. 1970കളിലെ യെസ്ഡി മോട്ടോര്‍സൈക്കിളുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് റോഡ്സ്റ്റര്‍ റെഡ് വുള്‍ഫിന്റെ രൂപകല്‍പ്പന. കടുംചുവപ്പ് നിറത്തിലുള്ള ഫിനിഷ്, ക്രോം ഡീറ്റെയിലിങ്, റോഡ്സ്റ്റര്‍ ശൈലിയിലുള്ള ഡിസൈന്‍ എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. 350 സിസി ആല്‍ഫ2 ലിക്വിഡ്- കൂള്‍ഡ് എന്‍ജിനാണ് ബൈക്കിന് കരുത്തേകുന്നത്. 6- സ്പീഡ് ഗിയര്‍ബോക്സിനൊപ്പം അസിസ്റ്റ്, സ്ലിപ്പര്‍ ക്ലച്ചും ലഭിക്കും.

പരീക്ഷകള്‍ക്ക് ശേഷം, സൗഹൃദം ആഘോഷിക്കാന്‍ വയനാടന്‍ കാടുകളിലേക്ക് യാത്ര തിരിക്കുന്ന അഞ്ചു കൂട്ടുകാര്‍. മൊബൈല്‍ സിഗ്‌നലുകളില്ലാത്ത, വന്യമൃഗങ്ങള്‍ നിറഞ്ഞ ആ നിബിഡവനത്തില്‍ അവര്‍ അപ്രതീക്ഷിതമായി ഒറ്റപ്പെട്ടുപോകുന്നു. എന്നാല്‍ ആ വന്യതയില്‍ അവരെ കാത്തിരുന്നത് കാട്ടുമൃഗങ്ങളായിരുന്നില്ല; കാടിന്റെ ഇരുളില്‍ ഒളിച്ചിരുന്ന, ചോരമണക്കുന്ന അസാധാരണനായ ഒരു വേട്ടക്കാരനായിരുന്നു! അപ്രതീക്ഷിതമായി രൂപപ്പെടുന്ന ആ വേട്ടനിലത്തില്‍ അവരെ കാത്തിരിക്കുന്നത് എന്തായിരിക്കാം? ചതിക്കുഴികള്‍ നിറഞ്ഞ ആ വന്യതയിലെ ക്രൂരമായ വേട്ടയില്‍നിന്ന് അവര്‍ക്ക് രക്ഷപ്പെടാനാകുമോ?. ‘വേട്ടനിലം’. നിജോ ജോണ്‍സണ്‍. പ്രവ്ധ ബുക്സ്. വില 161 രൂപ.

ശാരീരിക അധ്വാനമില്ലാതെ ദീര്‍ഘനേരം ഒരേയിരിപ്പ് ഇരിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിനെ ഫലപ്രദമായി ഉപയോഗിക്കാനുള്ള ശരീരത്തിന്റെ ശേഷി കുറയ്ക്കുന്നു. കാലക്രമേണ ഇത് ഇന്‍സുലിന്‍ പ്രതിരോധത്തിലേക്ക് നയിച്ചേക്കാം. മതിയായ വ്യായാമം ലഭിക്കാത്തപ്പോള്‍ ഊര്‍ജ്ജത്തിനായി ഗ്ലൂക്കോസ് ഉപയോഗിക്കാന്‍ പേശികള്‍ക്ക് അവസരം ലഭിക്കാതെ വരുന്നു. കൃത്യമായ വ്യായാമം ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി വര്‍ദ്ധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിര്‍ത്താനും സഹായിക്കും. അമിത വണ്ണവും, പ്രത്യേകിച്ച് വയറിന് ചുറ്റും കൊഴുപ്പ് അടിയുന്നതും ഇന്‍സുലിന്‍ പ്രതിരോധവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ക്രമേണ ശരീരഭാരം കൂടുന്നത് പ്രീഡയബറ്റിസ് വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങള്‍, മധുരപാനീയങ്ങള്‍, റിഫൈന്‍ഡ് കാര്‍ബോഹൈഡ്രേറ്റ് എന്നിവ ഉയര്‍ന്ന അളവില്‍ അടങ്ങിയ ആഹാരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയര്‍ത്താന്‍ കാരണമാകുന്നു. കൃത്യമായ ഉറക്കം ലഭിക്കാതിരിക്കുന്നതും അമിതമായ മാനസിക സമ്മര്‍ദ്ദവും ശരീരത്തിലെ ഹോര്‍മോണ്‍ സന്തുലിതാവസ്ഥയെ തെറ്റിക്കുകയും, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നതിന് കാരണമാവുകയും ചെയ്യുന്നു.

ശുഭദിനം
കവിത കണ്ണന്‍
ഒരു ദിവസം രാവിലെ കുറുക്കന്‍ ഉറക്കമുണര്‍ന്ന് നോക്കിയപ്പോള്‍ തന്റെ വലിയൊരു നിഴല്‍ കണ്ടു. ”ഞാന്‍ ഇത്രയും വലുതായിരുന്നോ? എങ്കില്‍ ഇന്ന് ഒരു ഒട്ടകത്തെ തന്നെ തിന്നണം!” അങ്ങനെ ഒട്ടകത്തെ തേടി കുറുക്കന്‍ അലഞ്ഞുനടന്നു. പക്ഷേ, ഉച്ചയായിട്ടും ഒട്ടകത്തെ കണ്ടെത്താനായില്ല. ഉച്ചയ്ക്ക് വീണ്ടും തന്റെ നിഴലിലേക്ക് നോക്കിയപ്പോള്‍ കുറുക്കന്‍ ഞെട്ടി. നിഴല്‍ തീരെ ചെറുതായിരിക്കുന്നു! ”ഞാന്‍ ഇത്രയും പെട്ടെന്ന് ചെറുതായിപ്പോയോ?” ഒടുവില്‍ കുറുക്കന്‍ ചിന്തിച്ചു: ”എന്തായാലും ഇത്ര ചെറുതായെങ്കില്‍… ഒരു എലിയെയെങ്കിലും കിട്ടിയാല്‍ മതിയായിരുന്നു!” അങ്ങനെ എലിയെ കാത്തിരുന്ന് കുറുക്കന്‍ അവിടെയിരുന്നു. മായ പലപ്പോഴും നമ്മളെ കാണിക്കുന്നത് യാഥാര്‍ഥ്യമല്ല; നമുക്ക് കാണണമെന്ന് തോന്നുന്നതാണ്. ഉള്ളതിനെക്കാള്‍ വലുതായി തോന്നിപ്പിച്ചും, ഇല്ലാത്തതിനെ ഉണ്ടെന്ന് വിശ്വസിപ്പിച്ചും മായ നമ്മെ മോഹിപ്പിക്കും. ജീവിതത്തിന്റെ അവസാനം തിരിഞ്ഞുനോക്കുമ്പോള്‍ പലര്‍ക്കും പറയാനുള്ളത് ഒരു കഥയായിരിക്കും – വേണ്ടാത്തതിന്റെ പിന്നാലെ ഓടിയതിന്റെയും, വേണ്ടിയിരുന്നതിനെ തിരിച്ചറിയാതെ പോയതിന്റെയും കഥ. ഇല്ലാത്തതിനെ സ്വന്തമാണെന്ന് കരുതി സന്തോഷിക്കുകയും, നഷ്ടപ്പെടുമെന്ന ഭയത്തില്‍ വിഷമിക്കുകയും ചെയ്യുന്നത് പലപ്പോഴും മനസ്സിന്റെ തന്നെ സൃഷ്ടിയാണ്. മരീചികയെ വെള്ളമെന്ന് കരുതി അതിന്റെ പിന്നാലെ ഓടിയാല്‍, ദാഹം മാറില്ല. മാത്രമല്ല, കൈയിലുണ്ടായിരുന്ന വെള്ളം പോലും നഷ്ടപ്പെട്ടേക്കാം. ഇല്ലാത്തതിന്റെ പിന്നാലെ ഓടുമ്പോഴുള്ള ഏറ്റവും വലിയ നഷ്ടം, ഉള്ളതിന്റെ വില മറന്നുപോകുന്നതാണ്. അതുകൊണ്ട് മായക്കാഴ്ചകളില്‍ വീഴാതെ, നമുക്കുള്ളതിനെ തിരിച്ചറിയാനും വിലമതിക്കാനും പഠിക്കാം. – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *