മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് തള്ളി. നിലവിലുള്ള ഡാമിലെ ജലസംഭരണ നിരപ്പ് 152 അടിയായി ഉയര്‍ത്തണമെന്ന് തമിഴ്നാട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ചെന്നൈയില്‍ ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് തര്‍ക്കമുണ്ടായത്. നിലവിലുള്ള ഡാമിലെ ജലനിരപ്പ് ഉയര്‍ത്തുന്നതിനു സുരക്ഷയില്‍ ആശങ്ക വേണ്ടെന്ന് വിദഗ്ധ സമിതിയും കോടതിയും വ്യക്തമാക്കിയിട്ടുണ്ടെന്ന് തമിഴ്നാട്ടിലെ ഊര്‍ജമന്ത്രി സി.ടി.ആര്‍. നിര്‍മല്‍കുമാര്‍ പറഞ്ഞു. മുല്ലപ്പെരിയാറില്‍ പുതുതായി നിര്‍മിക്കുന്ന അണക്കെട്ടില്‍ നിന്നുള്ള മുഴുവന്‍ വെള്ളവും തമിഴ്‌നാടിന് നല്‍കാമെന്നും അണക്കെട്ടിന്റെ നിര്‍മാണച്ചെലവ് കേരളം വഹിക്കാമെന്നും അണക്കെട്ടിന്റെ മാതൃക, നിര്‍മാണം, സ്ഥാനം എന്നിവ
തമിഴ്നാടിന് തീരുമാനിക്കാമെന്നും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സോണല്‍ കൗണ്‍സില്‍ യോഗത്തില്‍ മുഖ്യമന്ത്രി വി.ഡി.സതീശന്‍ പറഞ്ഞിരുന്നു.
പഞ്ചസാര വില വര്‍ധന നിയന്ത്രിക്കാന്‍ 10 ലക്ഷം ടണ്‍ അസംസ്‌കൃത പഞ്ചസാര ഇറക്കുമതി ചെയ്യുന്നു. തീരുവ രഹിത ഇറക്കുമതിക്കാണ് അനുമതി. രണ്ടു മാസത്തിനിടെ രാജ്യത്ത് പഞ്ചസാര വില കുതിച്ചുയര്‍ന്നിരുന്നു. ഓണക്കാലത്ത് കേരളത്തില്‍ പഞ്ചസാരയുടെ വില കിലോക്ക് 59 രൂപ വരെയാണ് ഉയര്‍ന്നത്.
നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്തറിലും മറ്റും നടന്ന വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്കെതിരെ പോലീസും സുരക്ഷാസേനയും നടത്തിയ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ അഞ്ചംഗ ഉന്നതാധികാര സമിതിക്ക് സുപ്രീം കോടതി രൂപംനല്‍കി. സുപ്രീം കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് സുഭാഷ് റെഡ്ഡി സമിതിക്ക് നേതൃത്വം നല്‍കും. പഞ്ചാബ് ഹരിയാണ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് രവിശങ്കര്‍ ഝാ, ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജിയായ ജസ്റ്റിസ് ഷാലീന്ദര്‍ കൗര്‍, മുന്‍ സിബിഐ ഡയറക്ടര്‍ ഋഷി കുമാര്‍ ശുക്ല, മേഘാലയയിലെ റിട്ട. ഡിജിപി എല്‍. ആര്‍. ബിഷ്ണോയി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
ആറ് ഇന്ത്യക്കാരുള്ള കപ്പല്‍ കടല്‍കൊള്ളക്കാര്‍ റാഞ്ചി. തുര്‍ക്കി സൈന്യത്തിനായുള്ള ആയുധങ്ങളുമായി പോയ കാമറൂണ്‍ പതാകയുള്ള’എം.വി ലുതുഫ്’എന്ന ചരക്കുകപ്പലാണു സോമാലിയന്‍ തീരത്ത് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയത്. കപ്പലിലെ പത്തംഗ ജീവനക്കാരില്‍ ആറ് പേര്‍ ഇന്ത്യക്കാരാണ്.
ദേശീയപാതയുടെ മധ്യഭാഗത്തുനിന്ന് 40 മീറ്ററിനുള്ളില്‍ വീടുകള്‍ക്കും 75 മീറ്ററിനുള്ളില്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്കും അനുമതി നല്‍കരുതെന്ന സുപ്രീം കോടതി വിധിക്കെതിരെ കേരളം അപ്പീല്‍ നല്‍കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീര്‍. ഉത്തരേന്ത്യയില്‍ ഉണ്ടായ വിവിധ വാഹനാപകടങ്ങളുടെ പശ്ചാത്തലത്തിലുള്ള വിധി ജനസാന്ദ്രത കൂടുതലുള്ള കേരളത്തെ ഒഴിവാക്കണമെന്ന്ാണ് ആവശ്യം.
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ ഉന്നമനത്തിനായി സംസ്ഥാനത്തെ 50 ബഡ്സ് സ്‌കൂളുകളെ ‘മോഡല്‍ ബഡ്സ് സ്‌കൂളുകളായി ഉയര്‍ത്തുമെന്ന് മന്ത്രി കെ എം ഷാജി. ഈ സ്‌കൂളുകളില്‍ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുമെന്നും ഇതിനായുള്ള പട്ടിക തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
തുടര്‍ഭരണത്തോടെ ഡിവൈഎഫ്ഐയുടെ പ്രവര്‍ത്തനം ശിഥിലീകരിക്കപ്പെട്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളന സംഘടനാ റിപ്പോര്‍ട്ട്. സംഘടനാ പ്രവര്‍ത്തനവും മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനവും മോശമായി. കീഴ്ട ഘടകങ്ങള്‍ ക്യാമ്പയിന്‍ ഏറ്റെടുക്കുന്നില്ല. യുവജനങ്ങളുടെ വിഷയങ്ങള്‍ ഏറ്റെടുത്ത് ഡിവൈഎഫ്ഐയെ സജീവമാക്കണമെന്നാണ് നിര്‍ദ്ദേശം.
കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവന്‍ സമയ നേതാവ് വേണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ ഉന്നത നേതാക്കളെ കണ്ടു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി സോണിയാ ഗാന്ധിയുടെ വസതിയിലാണു കൂടിക്കാഴ്ച നടത്തിയത്.
തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ അവധി അപേക്ഷയില്‍ വീഴ്ച വരുത്തിയ തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ. ചിത്രയുടെ സസ്പെന്‍ഷന്‍ സ്റ്റേ ചെയ്യാന്‍ ട്രൈബ്യൂണല്‍ വിസമ്മതിച്ചു. വിശദമായ മറുപടി സമര്‍പ്പിക്കുവാന്‍ സര്‍ക്കാരിന് സാവകാശം അനുവദിച്ചു.
കേരള സര്‍വകലാശാലയില്‍ ലോ കോളേജുകളിലെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയത്തിലെ അപാകതകള്‍ പരിശോധിക്കാന്‍ നടപടികളുമായി വൈസ് ചാന്‍സലര്‍. സമീപ കാലത്ത് നടന്ന പുനര്‍ മൂല്യനിര്‍ണ്ണയതിന്റയും ഉത്തരക്കടലാസുകളുടെയും വിവരങ്ങള്‍ പരീക്ഷ കണ്‍ട്രോളറോട് വിസി റിപ്പോര്‍ട്ട് തേടി. പുനര്‍ മൂല്യ നിര്‍ണ്ണയത്തില്‍ വാരിക്കോരി മാര്‍ക്ക് നല്‍കുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. പരീക്ഷാ മൂല്യനിര്‍ണയത്തിലെ വീഴ്ചകള്‍ക്കെതിരേ എസ്എഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാനത്ത് 74 പേര്‍ കൂടി അറസ്റ്റിലായതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 10,015 ആയി. ആകെ 9280 കേസുകളാണ് ഇതുവരെ എടുത്തിട്ടുള്ളത്. ഇതുവരെ 8289.409 ഗ്രാം എം.ഡി.എം.എ-യും 1004.784 കി.ഗ്രാം കഞ്ചാവും 2382 കഞ്ചാവ് ചെടികളും പിടിച്ചെടുത്തിട്ടുണ്ട്.
കൊച്ചി മെട്രോയുടെ പേര് ‘കേരളം മെട്രോ’ എന്നു പുനര്‍നാമകരണം ചെയ്യാന്‍ കെ.എം.ആര്‍.എല്‍. എംഡി ലോക്‌നാഥ് ബെഹ്‌റ സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു. ഇതേസമയം, കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നു മാറ്റാനുള്ള ശുപാര്‍ശ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡന്‍ എംപി മുഖ്യമന്ത്രി വി ഡി സതീശന് കത്തയച്ചു.
പുലിക്കളിക്കെതിരായ വിമര്‍ശനത്തില്‍ ഖേദം പ്രകടിപ്പിച്ച് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍. തൃശൂരിലേത് സിങ്കിള്‍ തീം കാര്‍ണിവല്‍ ആണെന്ന് മനസ്സിലാക്കാതെയുള്ള അഭിപ്രായ പ്രകടനം പക്വതയുള്ളതായിരുന്നില്ലെന്നാണ് ഖേദക്കുറിപ്പ്.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയായി. മന്ത്രി നിര്‍ദ്ദേശിച്ച സി എസ് ശരത് ചന്ദ്രനെ പിഎസ് ആയി നിയമിക്കാന്‍ മുഖ്യമന്ത്രി അനുമതി നല്‍കി. .
വാദ പ്രതിവാദങ്ങള്‍ക്കിടെ കോടതി നടപടികള്‍ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ച അഭിഭാഷകന് കോടതികളില്‍ വിലക്ക് ഏര്‍പ്പെടുത്തി ഹൈക്കോടതി. അഡ്വക്കറ്റ് മാത്യൂസ് ജെ നെടുമ്പാറയെയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിലക്കിയത്.
തൃശൂരില്‍ ഡിവൈഎഫ്ഐ സമ്മേളനത്തില്‍ അവതരിപ്പിച്ച ‘മിസ്സ’ നാടകത്തിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. അടിയന്തരാവസ്ഥയിലെ പീഡനത്തിനിരയായ സ്നേഹലതാ റെഡ്ഡിയുടെ കഥ പറയുന്ന നാടകത്തെ സദാചാര കണ്ണടയിലൂടെ കണ്ട് വിമര്‍ശിക്കുന്നവര്‍ അടിയന്തരാവസ്ഥയുടെ ക്രൂരതകളെ മറയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് സനോജ് ആരോപിച്ചു.
ഓണത്തോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയാന്‍ സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം, കലൂരിലെ ഓണം മെഗാ ട്രേഡ് ഫെയറിലേക്ക് സൗജന്യ ബസ് സര്‍വീസും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.
ലോക്ഭവന്‍ വളപ്പിലെ നെല്‍കൃഷി വിളവെടുപ്പിന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നേതൃത്വം നല്‍കി. പത്ത് സെന്റ് സ്ഥലത്ത് മൂന്ന് മാസം മുമ്പ് വിതച്ച നെല്ലിന്റെ കൊയ്ത്തിനാണ് ഗവര്‍ണര്‍ എത്തിയത്. പടവലം, ചീര, മുരിങ്ങ, നെയ്യ്ക്കുമ്പളം, മത്തന്‍, വെള്ളരി, നിത്യവഴുതന, കാബേജ്, കത്രിക്ക, നീളന്‍പയര്‍, കപ്പ, പച്ചമുളക്, മധുരക്കിഴങ്ങ് തുടങ്ങി വിവിധയിനം പച്ചക്കറികള്‍ ഇവിടെ വിളവെടുപ്പിന് പാകമായിട്ടുണ്ട്.
കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ മരട് പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ഇയാളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അടുത്ത ദിവസങ്ങളില്‍ റെക്കോര്‍ഡ് വിവാഹങ്ങള്‍. ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ചയായ ആഗസ്റ്റ് 23 ന് 429 വിവാഹങ്ങളും, ആഗസ്റ്റ് 30 ന് 342 വിവാഹങ്ങളും, സെപ്റ്റംബര്‍ 13 ന് 328 വിവാഹങ്ങളുമാണ് നടക്കുക.
കാസര്‍കോട് കാലിക്കടവ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതികളായ എംഡിഎംഎ കേസില്‍ നാല് പ്രതികളേയും മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പെരുമ്പാവൂര്‍ സ്വദേശികളായ കെഎച്ച് മുഹമ്മദ് ഹുസൈന്‍, പിഎ അബ്ദുല്‍ സലാം, പിഎ അബ്ബാസ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. തങ്ങളെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് പ്രതികള്‍ പറഞ്ഞു.
വടകര എംഡിഎംഎ കേസില്‍ നിരപരാധിയാണെന്ന് പ്രതിയായ അധ്യാപിക കാവ്യ. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കേസില്‍ പെട്ടുപോയതാണെന്നുമായിരുന്നു കാവ്യയുടെ പ്രതികരണം. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴായിരുന്നു കാവ്യ മാധ്യമങ്ങളോട് പ്രതികരിച്ചത്.
പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റിനെതിരേ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. രണ്ട് സിപിഎം അംഗങ്ങളുടെ നിലപാടാണ് അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിര്‍ണായകമായത്. സിപിഎം, കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടുനിന്നതോടെ അവിശ്വാസപ്രമേയം ചര്‍ച്ചയ്ക്കെടുക്കാനുള്ള ക്വാറം തികഞ്ഞില്ല.
പ്രശസ്ത സാഹിത്യകാരനും ചലച്ചിത്രകാരനുമായ സി രാധാകൃഷ്ണണനെ മലയാള ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ പ്രസ്ഥാനമായ മാക്ട വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു. സംവിധായകന്‍ ലാല്‍ ജോസ് സി രാധാകൃഷ്ണനെ പൊന്നാട അണിയിക്കുകയും മാക്ട ചെയര്‍മാന്‍ ജോഷി മാത്യു വിശിഷ്ടാംഗത്വ ഫലകം സമര്‍പ്പിച്ച് ആദരിക്കുകയും ചെയ്തു.
കുറുപ്പംപടി മേതലയില്‍ നിന്ന് കാണാതായ ഒഡിഷ സ്വദേശികളുടെ 13 കാരിയായ മകളെ കുറുപ്പംപടി പോലീസ് ഒഡിഷയിലെ നക്‌സല്‍ ബാധിത മേഖലയില്‍ നിന്ന് സാഹസികമായി കണ്ടെത്തി രക്ഷപ്പെടുത്തി. 4000 കിലോമീറ്റര്‍ റോഡ് മാര്‍ഗം സഞ്ചരിച്ചാണ് അന്വേഷണ സംഘം ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തില്‍നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട എംഡിഎംഎ കേസിലെ പ്രതിയെ പിടികൂടി. കഠിനംകുളം ചേരമാന്‍ തുരുത്ത് സ്വദേശി മുഹമ്മദ് അസ്ജര്‍ (36)നെയാണ് ആറ്റിങ്ങല്‍ പോലീസ് പിടികൂടിയത്.
പത്തനംതിട്ടയില്‍ 75 കാരിയെ കൊലപ്പെടുത്തിയതിന് മകന്‍ ടിജോ തോമസ്, ടിജോയ്ക്കൊപ്പം താമസിച്ചിരുന്ന 37 കാരിയായ റിന്‍സി മോള്‍ എന്നിവരെ പത്തനംതിട്ട കോയിപ്രം പൊലീസ് അറസ്റ്റു ചെയ്തു.
പ്രശസ്ത ഛായാഗ്രാഹകന്‍ ടി എസ് ബാബു അന്തരിച്ചു. 48 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു. പ്രശ്നപരിഹാര ശാല, കാള ചേകവന്‍ എന്നീ സിനിമകളുടെ ക്യാമറാമാന്‍ ആയിരുന്നു.
പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന കേസില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണിയെ കോഴിക്കോട് സിറ്റി സൈബര്‍ പൊലീസ് അറസ്റ്റു ചെയ്തു.
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ക്കിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു. ആലപ്പുഴ നഗരസഭയിലെ കാഞ്ഞിരംചിറ വാര്‍ഡില്‍ വേലിയകത്തു വീട്ടില്‍ ദാസ് ബേബി (55) ആണു മരിച്ചത്.
മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെ ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നുവെന്ന് വി ഡി സവര്‍ക്കറുടെ ഉറ്റബന്ധു കോടതിയില്‍. വി ഡി സവര്‍ക്കര്‍ക്കെതിരായ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരേ സവര്‍ക്കറുടെ ബന്ധുവായ സാത്യകി സവര്‍ക്കര്‍ നല്‍കിയ ക്രിമിനല്‍ അപകീര്‍ത്തി കേസ് പരിഗണിക്കവേയാണ് വെളിപ്പെടുത്തല്‍. സവര്‍ക്കര്‍, ഗോഡ്സെ കുടുംബങ്ങള്‍ തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നു. ഗാന്ധി വധക്കേസില്‍ നാഥുറാം ഗോഡ്സെയ്ക്ക് പുറമെ ഗോപാല്‍ ഗോഡ്സെയും വി. ഡി. സവര്‍ക്കറും പ്രതി ചേര്‍ക്കപ്പെട്ടിരുന്നെന്നും സാത്യകി സ്ഥിരീകരിച്ചു. ഗാന്ധിവധത്തിനു വളരെ മുമ്പേ നാഥുറാം ഗോഡ്സെ ആര്‍എസ്എസ് വിട്ടിരുന്നു എന്ന സംഘടനയുടെ നിലപാടിനു വിരുദ്ധമായാണ് കോടതിയിലെ ഈ വെളിപ്പെടുത്തല്‍.
സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാന്‍ ശുപാര്‍ശകളുമായി പാര്‍ലമെന്ററി സ്ഥിരം സമിതി. രാജ്യസഭാ എം.പി പ്രൊഫ. രാം ഗോപാല്‍ യാദവിന്റെ അധ്യക്ഷതയിലുള്ള ആരോഗ്യ-കുടുംബക്ഷേമ പാര്‍ലമെന്ററി സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.
ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറില്‍ പോലീസും ഓണ്‍ലൈന്‍ ഓട്ടോ-ടാക്സി ഡ്രൈവര്‍മാരും തമ്മില്‍ സംഘര്‍ഷം. 400 ഓട്ടോറിക്ഷകളും ടാക്സികളും പോലീസ് പിടിച്ചെടുത്തു. വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കാന്‍ ഗതാഗത വകുപ്പ് നടപടികള്‍ ആരംഭിച്ചു. ഗതാഗതം തടസ്സപ്പെടുത്തി അക്രമാസക്തരായി സമരം ചെയ്തതിനെതിരേയാണ് പോലീസ് നടപടി.
ആഗോള മദ്യ നിര്‍മ്മാണ കമ്പനിയായ പെര്‍നോഡ് റിക്കാര്‍ഡിന്റെ ബെംഗളൂരുവിലെ പ്ലാന്റില്‍ ഭക്ഷ്യസുരക്ഷാ അതോറിറ്റി പരിശോധന. മദ്യ ബ്രാന്‍ഡുകളായ ‘ബ്ലെന്‍ഡേഴ്‌സ് പ്രൈഡ്’, ‘റോയല്‍ സ്റ്റാഗ്’ എന്നിവയുടെ സാമ്പിളുകള്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. നാലായിരം കോടി ഡോളറിന്റെ മദ്യ വ്യവസായമാണ് പെര്‍നോഡ് റിക്കാര്‍ഡ് ഇന്ത്യയില്‍ നടത്തുന്നത്.
മുബൈയില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍തൃമാതാവും ക്വട്ടേഷന്‍ ഏറ്റെടുത്ത വീട്ടുജോലിക്കാരിയും അടക്കം അഞ്ചു പേര്‍ അറസ്റ്റില്‍. മുബൈ ഘാട്‌കോപ്പര്‍ സ്വദേശിയായ സ്വപ്ന ഗാഞ്ചിയുടെ കൊലപാതകക്കേസിലാണ് സ്വപ്നയുടെ ഭര്‍തൃമാതാവായായ ധനലക്ഷ്മി ഗാഞ്ചി(65) അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തത്. മരുമകള്‍ ഗാര്‍ഹിക പീഡനക്കേസ് ഫയല്‍ ചെയ്തതിലുള്ള വൈരാഗ്യമാണു കൊലയ്ക്കു കാരണം.
മോട്ടിവേഷണല്‍ സ്പീക്കറെന്ന വ്യാജേന യുവതിയുമായി പരിചയം സ്ഥാപിച്ച് നഗ്നചിത്രങ്ങള്‍ കൈക്കലാക്കിയ യുവാവ് അറസ്റ്റില്‍. പൂണെയിലെ ദിവ്യ ജിതേന്ദ്ര പര്‍മാറിനെ(23)യാണ് 22-കാരിയുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈല്‍ഫോണും ലാപ്ടോപ്പും പൊലീസ് പിടിച്ചെടുത്തു.
മഹാരാഷ്ട്രയിലെ സ്‌കൂള്‍ വിദ്യാഭ്യാസമന്ത്രി ദാദാ ഭുസേയുടെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് പാര്‍ട്ടി കണ്‍വീനര്‍ അഭിജീത് ദിപ്‌കെ. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാണിച്ചാണ് അഭിജീത് രാജി ആവശ്യം ഉന്നയിച്ചത്.
ഝാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തിയ രണ്ട് റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍ റദ്ദാക്കിക്കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് താല്‍ക്കാലികമായി സ്റ്റേ ചെയ്ത് ഝാര്‍ഖണ്ഡ് ഹൈക്കോടതി. ഉദ്യോഗാര്‍ഥികള്‍ നല്‍കിയ ഹര്‍ജികളിലാണ് ഉത്തരവ്.
അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലെ ലിഫ്റ്റ് അപകടത്തില്‍പ്പെട്ട് പരിക്കേറ്റ സ്ത്രീ മരിച്ചു. ആന്ധ്രാപ്രദേശിലെ പ്രകാസം ജില്ലയിലെ വനിത(50)യാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് പ്രകാസം ജില്ലയിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലുണ്ടായ ലിഫ്റ്റ് അപകടത്തില്‍ വനിതയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ മിര്‍സ ഫഖ്‌റുല്‍ ഇസ്ലാം ആലംഗീറിനെ (78) ബംഗ്ലാദേശിന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തു. കഴിഞ്ഞ 35 വര്‍ഷത്തിനിടയില്‍ രാജ്യത്ത് നടക്കുന്ന ആദ്യത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പാണിത്. 11 കക്ഷികളുള്ള പ്രതിപക്ഷ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയും റിട്ടയേര്‍ഡ് ആര്‍മി കേണലുമായ ഒലി അഹമ്മദിനെ തോല്‍പ്പിച്ചാണ് അദ്ദേഹം വിജയിച്ചത്.
റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ‘സൈലന്റ് എയര്‍പോര്‍ട്ട്’ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ആദ്യഘട്ടം അന്താരാഷ്ട്ര ടെര്‍മിനല്‍ 5-ലാണ് പ്രാബല്യത്തില്‍ വന്നത്. ഇവിടെ ഇനി അനൗണ്‍സ്മെന്റുകള്‍ ഉണ്ടാകില്ല. പകരം സ്‌ക്രീനില്‍ എഴുതിക്കാണിക്കും.
ഇറാന്റെ മിസൈല്‍ ഭീഷണിമൂലം യുഎഇയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ പ്രതിസന്ധിയിലായി. എമിറേറ്റ്‌സ്, എത്തിഹാദ്, എയര്‍ അറേബ്യ, ഫ്ലൈദുബായ് എന്നീ പ്രമുഖ യുഎഇ വിമാനക്കമ്പനികളും നിരവധി അന്താരാഷ്ട്ര വിമാനക്കമ്പനികളും സര്‍വീസുകള്‍ റദ്ദാക്കി. ചിലത് സമയം പുനഃക്രമീകരിച്ചു.
അമേരിക്ക കീഴടങ്ങണമെന്ന് ഇറാന്‍. തങ്ങളുടെ മേഖലയില്‍നിന്ന് അമേരിക്ക സ്ഥലംവിടണമെന്നും ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. മേഖലയിലെ കാര്യങ്ങള്‍ ഇനി ഇറാന്‍ നിശ്ചയിക്കുമെന്നും ഇറാന്‍ പാര്‍ലമെന്റ് ദേശീയ സുരക്ഷ കമ്മീഷന്‍ മേധാവി അവകാശപ്പെട്ടു.
പലസ്തീനിലെ വെസ്റ്റ് ബാങ്കില്‍ 200 കിടക്കകളുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി നിര്‍മ്മിക്കാന്‍ ഇന്ത്യ. രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്ന ആശുപത്രിക്കായി തറക്കല്ലിട്ടു. ജനീന്‍ ഗവര്‍ണറേറ്റിലാണ് ഇന്ത്യയുടെ പുതിയ സൂപ്പര്‍ സ്പെഷ്യലിറ്റി ആശുപത്രി വരുന്നത്.
കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിലെ ആദ്യ മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സ്, കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 137 റണ്‍സെടുത്തപ്പോള്‍, 19 പന്തുകള്‍ ബാക്കിനില്‍ക്കെ തൃശൂര്‍ ലക്ഷ്യം കണ്ടു. അര്‍ദ്ധ സെഞ്ച്വറി നേടിയ നിഖില്‍ തോട്ടതാണ് കളിയിലെ താരം.
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ ആയുഷ് ഷെട്ടിയും പി.വി സിന്ധുവും പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. ഇന്തൊനേഷ്യയുടെ ആല്‍വി ഫര്‍ഹാനോടായിരുന്നു ആയുഷിന്റെ തോല്‍വി. വനിതാ സിംഗിള്‍സില്‍ രണ്ടാം ഗെയിം നേടിയ പി.വി. സിന്ധു മൂന്നാം ഗെയിമില്‍ ചൈനയുടെ വാങ് സിയിയുമായി പൊരുതി കീഴടങ്ങുകയായിരുന്നു.
ഇംഗ്ലണ്ടിനെ സമനിലയില്‍ പിടിച്ച് ഹോക്കി ലോകകപ്പിന്റെ രണ്ടാം റൗണ്ടില്‍ കടന്ന് ഇന്ത്യന്‍ വനിതകള്‍. 60 മിനിറ്റ് നീണ്ട മത്സരത്തില്‍ ഇരുടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനായില്ല.
രാജ്യത്തെ പ്രമുഖ സ്വര്‍ണപ്പണയ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലൊന്നായ മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് (മുമ്പ് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് ലിമിറ്റഡ്) 2026 ജൂണ്‍ 30-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മികച്ച സാമ്പത്തിക വളര്‍ച്ച കൈവരിച്ചു. കമ്പനിയുടെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 232.73 ശതമാനം വര്‍ധിച്ച് ആദ്യപാദത്തില്‍തന്നെ 100.29 കോടി രൂപയായി ഉയര്‍ന്നു. ആകെ കൈകാര്യം ചെയ്യുന്ന ആസ്തി വാര്‍ഷികാടിസ്ഥാനത്തില്‍ 58.53 ശതമാനം വളര്‍ച്ചയോടെ 7,098.38 കോടി രൂപയിലെത്തി. നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ കമ്പനിയുടെ ആകെ വരുമാനം 76.38 ശതമാനം വര്‍ധിച്ച് 399.64 കോടി രൂപയായി രേഖപ്പെടുത്തി. നിഷ്‌ക്രിയ ആസ്തി 0.59 ശതമായും, അറ്റ നിഷ്‌ക്രിയ ആസ്തി 0.24 ശതമായും നിലനിര്‍ത്താന്‍ കമ്പനിക്ക് സാധിച്ചു. ആസ്തിയില്‍ നിന്നുള്ള ലാഭനിരക്ക് 2026 മാര്‍ച്ച് 31-ലെ 2.84 ശതമാനത്തില്‍ നിന്ന് 5.17 ശതമാനമായി വര്‍ധിച്ചു.
ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി എഐയില്‍ പ്രവര്‍ത്തിക്കുന്ന 9:16 ഫോര്‍മാറ്റില്‍ ഇമേജുകള്‍ തയാറാക്കാന്‍ സാധിക്കുന്ന ഫീച്ചറുമായി വാട്‌സ്ആപ്പ്. ഉപയോക്താക്കള്‍ക്ക് ഡ്രോയിങ് എഡിറ്റര്‍ തുറന്ന് ഫില്‍ട്ടര്‍ സെക്ഷനിലോ, ചാറ്റുകളിലും സ്റ്റാറ്റസ് അപ്ഡേറ്റുകളിലും ഫീച്ചര്‍ ലഭ്യമാകാന്‍ സാധ്യതയുണ്ട്. ഫോട്ടോ എക്‌സ്പാന്‍ഷന്‍ എന്ന് പേരിട്ടിരിക്കുന്ന ഫീച്ചര്‍ ഉടന്‍ എത്തിയേക്കും. ആനിമേറ്റ്, പശ്ചാത്തല ഓപ്ഷനുകള്‍ക്കൊപ്പം എക്‌സ്പാന്‍ഷന്‍ ടൂള്‍ ഡ്രോയിങ് എഡിറ്ററില്‍ ലഭ്യമായേക്കാം. ടൂള്‍ തെരഞ്ഞെടുത്ത ശേഷം, മെറ്റാ എഐക്ക് ചിത്രം വിശകലനം ചെയ്യാനും 9:16 ഫോര്‍മാറ്റിന് അനുയോജ്യമായ രീതിയില്‍ ഉള്ളടക്കം സൃഷ്ടിക്കാനും കഴിയും. ഇനി ഇഷ്ടമായില്ലെങ്കില്‍ ഉപയോക്താക്കള്‍ക്ക് വീണ്ടും ടൂള്‍ ഉപയോഗിക്കാം. ചാറ്റുകള്‍ക്കും സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ക്കുമായാണ് വാട്സ്ആപ്പ് ഫീച്ചര്‍ കൊണ്ടുവരുന്നത്. 9:16 ഫോര്‍മാറ്റ് സ്റ്റാന്‍ഡേര്‍ഡ് ഫുള്‍-സ്‌ക്രീന്‍ വലുപ്പമായതിനാല്‍ ഇത് പ്ലാറ്റ്ഫോമിലെ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താന്‍ സഹായിക്കും.
കോമഡി ഫാമിലി എന്റര്‍ടെയ്‌നറുമായി പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം എവെര്‍ഗ്രീന്‍ ഗ്യാങ്ന്റെ ‘പാതിരാക്കുറുക്കന്‍’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജയേഷ് വേണുഗോപാല്‍ സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബറില്‍ പ്രദര്‍ശനത്തിനെത്തും. തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളില്‍ നിന്നും വരുന്ന നാലുപേര്‍ അപ്രതീക്ഷിതമായി ഒരു വലിയ പ്രതിസന്ധിയില്‍ ചെന്നുപെടുന്നതും, തുടര്‍ന്നുള്ള അവരുടെ അതിജീവനവും നര്‍മ്മത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് പാതിരാകുറുക്കന്‍. ഇവരെക്കൂടാതെ ഇന്ദ്രന്‍സ്, നിര്‍മല്‍ പാലാഴി, വിനീത് തട്ടില്‍, റിയാസ് നര്‍മ്മകല, സുധീര്‍ പറവൂര്‍, കുട്ടി അഖില്‍, അനീഷ് ഗോപാല്‍, ടെസ്സ ജോസഫ്, അജയന്‍ മാടയ്ക്കല്‍ എന്നിവര്‍ക്കൊപ്പം സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവെന്‍സെഴ്സ് ആയ അശ്വിത-അശ്വിജ എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളിലെത്തുന്നു.
കാര്‍ത്തിക് ആര്യന്‍ നായകനായ ബോളിവുഡ് ചിത്രം ‘ക്യാപ്റ്റന്‍ ഇന്ത്യ’യില്‍ പാര്‍വതി തിരുവോത്ത് പ്രധാന വേഷത്തിലെത്തുന്നു. ഇന്ത്യയുടെ സുപ്രധാനമായൊരു രക്ഷാദൗത്യത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രമൊരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ പൈലറ്റിന്റെ വേഷത്തിലാണ് കാര്‍ത്തിക് ആര്യനെത്തുന്നത്. ബോളിവുഡില്‍ സജീവമാവുകയാണ് പാര്‍വതി. ചിത്രത്തില്‍ പാര്‍വതിയുടേത് വളരെ പ്രാധാന്യമുള്ള വേഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തിലെ മുന്‍നിര നടിയായ പാര്‍വതി ഇര്‍ഫാന്‍ ഖാനൊപ്പം അഭിനയിച്ച ഖരീബ് ഖരീബ് സിംഗിളിലൂടെയാണ് ബോളിവുഡിലെത്തുന്നത്. പിന്നീട് കഡക് സിങ്, യു യാ മേം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ഹൃത്വിക് റോഷന്‍ നിര്‍മിക്കുന്ന പ്രൈം വിഡിയോ സീരീസ് സ്റ്റോമിലും പാര്‍വതിയുണ്ട്. മലയാള ചിത്രം ഐ, നോബഡിയാണ് പാര്‍വതിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍ ആണ് പാര്‍വതിയുടേതായി അണിയറയിലുള്ള ചിത്രം.
ഹ്യുണ്ടായ് കാറുകള്‍ സ്വന്തമാക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് തിരിച്ചടി. 2026 സെപ്റ്റംബര്‍ മുതല്‍ ഇന്ത്യയിലെ മുഴുവന്‍ മോഡല്‍ നിരയുടെയും വില ഒരുശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ അറിയിച്ചു. അസംസ്‌കൃത വസ്തുക്കളുടെയും ചരക്ക് ചെലവുകളുടെയും വര്‍ധനയാണ് വില കൂട്ടാനുള്ള പ്രധാന കാരണമെന്ന് കമ്പനി വ്യക്തമാക്കി. ഹ്യുണ്ടായിയുടെ എന്‍ട്രി ലെവല്‍ മോഡലായ ഗ്രാന്‍ഡ് ഐ10 നിയോസ് മുതല്‍ പ്രീമിയം ഇലക്ട്രിക് എസ്യുവിയായ അയോണിക് 5 വരെയുള്ള മോഡലുകള്‍ക്ക് പുതിയ വില വര്‍ധന ബാധകമാകും. നിലവില്‍ ഹ്യുണ്ടായ് കാറുകളുടെ വില ഏകദേശം 5.60 ലക്ഷം രൂപ മുതല്‍ 55.70 ലക്ഷം രൂപ വരെയാണ്. എന്നാല്‍ സെപ്റ്റംബറില്‍ എത്ര രൂപയുടെ വര്‍ധന ഉണ്ടാകുമെന്നത് ഓരോ മോഡലിനെയും വകഭേദത്തെയും ആശ്രയിച്ചായിരിക്കും തീരുമാനിക്കുക. 2026ല്‍ ഹ്യുണ്ടായ് കാറുകളുടെ വില വര്‍ധിപ്പിക്കുന്നത് ഇത് മൂന്നാം തവണയാണ്.
തികച്ചും യാദൃച്ഛികം. അങ്ങനെയാണ് അപസര്‍പ്പകം കയ്യില്‍ തടഞ്ഞത്. ഒരു മുന്‍പരിചയവുമില്ലാത്ത എഴുത്തുകാരനെ അങ്ങോട്ടു തേടിച്ചെന്ന് സൗഹൃദം സ്ഥാപിക്കാന്‍ എന്നെ നിര്‍ബ്ബന്ധിതനാക്കി അപസര്‍പ്പകം എന്ന നോവല്‍. അത്രയേറെയുണ്ട് അപസര്‍പ്പകത്തിന്റെ വശ്യത. ആഭിചാരം പോലെ വായനക്കാരനില്‍ കുരുക്കു കൊളുത്തിപ്പിടിക്കുന്ന രചനാജാലം. മണ്‍മറഞ്ഞുപോയ ചില നല്ല സാഹിത്യകാലങ്ങളെ ഓര്‍മ്മിപ്പിക്കുംവിധം പൊട്ടിത്തെറിക്കുന്ന നര്‍മ്മം. നിഗൂഢമായ ഒരു വായനാ മൂര്‍ച്ഛയുടെ സ്ഥലജലഭ്രമങ്ങളിലേക്ക് വലിച്ചു താഴ്ത്തിക്കൊണ്ടുപോയി ശ്വാസംമുട്ടിക്കുന്ന രസച്ചരട്. അപസര്‍പ്പകം എനിക്ക് എക്കാലവും പ്രിയപ്പെട്ട രചന എന്ന് അസൂയയോടെ കുറിച്ചു വെയ്ക്കട്ടെ- രഞ്ജി പണിക്കര്‍. ‘അപസര്‍പ്പകം’. പ്രശാന്ത് നമ്പ്യാര്‍. രണ്ടാം പതിപ്പ്. ഗ്രീന്‍ ബുക്സ്. വില 298 രൂപ.
ഒരു നെല്ലിക്കയില്‍ അടങ്ങിയ വിറ്റാമിന്‍ സിയുടെ അളവു 20 ഓറഞ്ചിന് തുല്യമാണെന്നാണ് ഗ്യാസ്ട്രോഎന്‍ട്രോളജിസ്റ്റ് ആയ ഡോ. മാധവ് വാധവന്‍ പറയുന്നത്. നമ്മുടെ ദഹനവ്യവസ്ഥയ്ക്ക് അനുയോജ്യമായ ഭക്ഷ്യനാരുകള്‍ നെല്ലിക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോളും രക്തത്തിലെ പഞ്ചസാരയും നിയന്ത്രിക്കുന്നു. കൂടാതെ ഗാലിക് ആസിഡ്, എല്ലാജിക് ആസിഡ്, ഫ്ലേവനോയ്ഡുകള്‍ തുടങ്ങിയ ആന്റിഓക്സിഡന്റുകള്‍ ഇതിലടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഓക്സിഡേറ്റീവ് നാശത്തില്‍ നിന്ന് നിങ്ങളുടെ കരളിനെ സംരക്ഷിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ കുടലിലെ നല്ല ബാക്ടീരിയകള്‍ക്കുള്ള ഭക്ഷണമാണ്. ഇത് മലബന്ധം അകറ്റാനും സഹായിക്കുന്നു. ഡയറ്റില്‍ ദിവസവും രണ്ട് നെല്ലിക്ക വീതം ഉള്‍പ്പെടുത്തൂ, വ്യത്യാസം മനസ്സിലാക്കാം. കരളിന്റെയും കുടലിന്റെയും ആരോഗ്യത്തിന് നെല്ലിക്ക ഗുണം ചെയ്യും. നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, പോളിഫെനോളുകള്‍ എന്നിവയുള്‍പ്പെടെ ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍, ഫാറ്റി ലിവര്‍ രോഗത്തിനും കരളിനുണ്ടാകുന്ന കേടുപാടുകള്‍ക്കും കാരണമാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസും വീക്കവും കുറയ്ക്കാന്‍ സഹായിച്ചേക്കാം. അതേസമയം, പ്രമേഹത്തിന് മരുന്ന് കഴിക്കുന്നവര്‍ ജാഗ്രത പാലിക്കണം. പ്രമേഹ മരുന്നുകള്‍ കഴിക്കുന്നവര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിരീക്ഷിക്കണം, കാരണം നെല്ലിക്ക ഈ മരുന്നുകളുടെ രക്തത്തിലെ ഗ്ലൂക്കോസ് കുറയ്ക്കാനുള്ള ശേഷി വര്‍ധിപ്പിച്ചേക്കാം.
