രാജ്യത്തെ ഖനനസമ്പത്ത് കൈകാര്യം ചെയ്യാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരുകളില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഖനി ധാതുഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കി. സംസ്ഥാനങ്ങളുടെ അധികാരവും അവകാശങ്ങളും കവര്‍ന്നെടുക്കുന്ന നിയമമാണെന്ന് പ്രതിപക്ഷവും കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രതിഷേധിച്ചു. ഖനികള്‍ അദാനിക്കു നല്‍കാനാണ് നിയമഭേദഗതിയെന്ന് പ്രതിപക്ഷം ആരോപിച്ചു.
നാലാഴ്ച നീണ്ട പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാന മൂന്നു മിനിറ്റുകൊണ്ട് ചര്‍ച്ചയില്ലാതെ പ്രധാന ബില്ലുകള്‍ പാസാക്കി സഭ പിരിഞ്ഞു. 19 ദിവസത്തെ സിറ്റിംഗില്‍ 28 ബില്ലുകളാണ് പരിഗണിക്കാനിരുന്നത്. ഇതില്‍ 11 ബില്ലുകള്‍ പാസായി. തുടക്കം മുതല്‍ അവസാന ദിവസംവരെ പ്രതിഷേധങ്ങളും സഭാനടപടികള്‍ തടസപ്പെടുത്തലുകള്‍ക്കും മാത്രം സാക്ഷ്യംവഹിച്ച സമ്മേളനമായിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്നലെ മാത്രമാണു സഭയിലെത്തിയത്.
പാക്കറ്റ് ഭക്ഷ്യവസ്തുക്കളില്‍ പഞ്ചസാരയും ഉപ്പും കൊഴുപ്പും ഏതെല്ലാം ആളവില്‍ ചേര്‍ത്തിട്ടുണ്ടെന്ന വിവരം പായ്ക്കറ്റിന്റെ മുന്‍വശത്തു രേഖപ്പെടുത്തണമെന്ന് സുപ്രീംകോടതി. കേന്ദ്ര സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കകം നടപ്പാക്കണം. എന്താണ് കഴിക്കുന്നതെന്ന് ഉപഭോക്താക്കള്‍, പ്രത്യേകിച്ച് കുട്ടികള്‍ അറിയണം. പ്രമേഹം, രക്തസമ്മര്‍ദം, അമിത വണ്ണം അടക്കമുള്ള പല രോഗങ്ങളും നിയന്ത്രിക്കാന്‍ ഇതു സഹായിക്കുമെന്നും കോടതി.
ചലച്ചിത്ര നടന് മധു, കവി ശ്രീകുമാരന്‍ തമ്പി, മുന്‍ ഐഎസ്ആര്‍ഒ ചെയര്മാന് ഡോക്ടര്‍ കെ രാധാകൃഷ്ണന്, ഇന്ത്യന്‍ ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ പി. ആര്. ശ്രീജേഷ് എന്നിവര്‍ക്ക് കേരള സര്‍വ്വകലാശാല ഓണററി ഡോക്ടറേറ്റ് ബിരുദം നല്കി ആദരിക്കും. സിന്‍ഡിക്കറ്റ് യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
കോമണ്‍വെല്‍ത്ത് ഗെയിംസുള്‍പ്പെടെ അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ മത്സരിച്ച് രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ മലയാളി കായിക താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പാരിതോഷികം. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ലോങ്ങ് ജംപില്‍ വെള്ളി മെഡല്‍ നേടിയ മുരളി ശ്രീശങ്കറിനും പാരാ അത്ലറ്റിക്സില് പുരുഷന്മാരുടെ 100 മീറ്ററില്‍ വെള്ളി നേടിയ മുഹമ്മദ് ബാസിലിനും 20 ലക്ഷം രൂപ പാരിതോഷികമായി നല്‍കും. പരിശീലകര്‍ക്ക് 2 ലക്ഷം രൂപ വീതം നല്‍കും. നീന്തലില്‍ ഫൈനലിസ്റ്റായ സാജന് പ്രകാശ്, 4×400 മിക്സഡ് റിലേയില്‍ ഫൈനലിസ്റ്റായ അന്‍സ ബാബു എന്നിവര്‍ക്ക് 5 ലക്ഷം രൂപ വീതവും നല്‍കുമെന്ന് കായിക മന്ത്രി ഒ.ജെ ജനീഷ് അറിയിച്ചു.
വ്യാജരേഖ ഉപയോഗിച്ചുള്ള അവയവ കച്ചവടം മനുഷ്യരാശിക്കും സമൂഹത്തിനുമെതിരായ ഗുരുതര കുറ്റകൃത്യമെന്ന് ഹൈക്കോടതി. നിയമപരമായ അവയവദാനത്തോട് ജനങ്ങള്‍ക്കുള്ള വിശ്വാസം ഇത്തരക്കാര്‍ ഇല്ലാതാക്കി. കൊച്ചി കേന്ദ്രീകരിച്ചുള്ള അനധികൃത അവയവകച്ചവടക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് നജീബ് കല്ലട്രയുടെ ജാമ്യ ഹര്‍ജി തള്ളിയാണ് കോടതി നിരീക്ഷണങ്ങള്‍.
ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കി യഥാസമയം സ്ഥാനക്കയറ്റം നല്കാന് ആരോഗ്യവകുപ്പില്‍ പ്രത്യേക എച്ച്.ആര് സെല്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന് അറിയിച്ചു.
കടവന്ത്രയില്‍ പത്തു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തഹസില്‍ദാരും രണ്ട് ഏജന്റുമാരും വിജിലന്‍സിന്റെ പിടിയിലായി. ലാന്‍ഡ് റെക്കോര്‍ഡ്സ് തഹസില്‍ദാര്‍ ജോസഫ് ആന്റണി, ഏജന്റുമാരായ ഷിബിന്‍, കണ്ണന് എന്ന രാജേഷ് എന്നിവരെയാണ് വിജിലന്‍സിന്റെ എറണാകുളം യൂണിറ്റ് കസ്റ്റഡിയിലെടുത്തത്.
പ്രതിപക്ഷ ഉപനേതാവ് പദവി സി പി ഐക്ക് വേണമെന്ന് ആവര്‍ത്തിച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇക്കാര്യമടക്കം ചര്‍ച്ച ചെയ്യാന്‍ മുന്നണി യോഗം വിളിക്കണം. പാര്‍ലമെന്ററി പാര്‍ട്ടി യോഗം മാത്രമാണു ചേരുന്നത്. ഇതു ശരിയല്ലെന്ന് സി പി എം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
മന്ത്രി എന്‍ ഷംസുദ്ദീന് പരീക്ഷാ ഭവനില്‍ മിന്നല്‍ പരിശോധന നടത്തി. അപേക്ഷകര്‍ക്ക് 15 ദിവസത്തിനകം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കണമെന്നും, കാലതാമസം ഒഴിവാക്കാന്‍ പുതിയ ലാപ്ടോപ്പുകളും കൂടുതല്‍ ജീവനക്കാരെയും നിയോഗിക്കണമെന്നും മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്കി.
തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒന്‍പതാം പ്രതി ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് കോടതി അറിയിച്ചു. തിരുവനന്തപുരം സെഷന്‍സ് കോടതി വിധിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കേരളത്തിലുടനീളം 15000 കേന്ദ്രങ്ങളില്‍ ദേശീയപതാക ഉയര്‍ത്തി ‘വന്ദേമാതരം’ പൂര്‍ണ്ണമായി ആലപിക്കുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ. ‘വന്ദേമാതര’ത്തെ അപമാനിക്കുന്നതിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയര്‍ത്തുകയാണ് ലക്ഷ്യം.
ഫ്രീഡം ക്വിസില്‍ വി.ഡി സര്‍വര്‍ക്കറെ ഉള്‍പ്പെടുത്തി വിവാദ ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന്റെ സസ്പെന്ഷന് അടിയന്തര സ്റ്റേ ഇല്ല. സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോഡ് പള്ളത്തടുക്ക എ.യു.പി സ്കൂള്‍ അധ്യാപകനായ ഗുരുപ്രസാദ് നല്കിയ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.
അന്തരിച്ച എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജന എന്‍ നായര്‍ക്ക് സര്‍ക്കാര്‍ ജോലി നല്കി. സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം ഭക്ഷ്യസുരക്ഷാ വകുപ്പില്‍ ഭക്ഷ്യ സുക്ഷ ഓഫീസറായാണ് നിയമനം. നിയമന ഉത്തരവ് മുഖ്യമന്ത്രി നേരിട്ട് നിരഞ്ജനയ്ക്ക് കൈമാറി.
കേന്ദ്രസര്‍ക്കാരിനെതിരെ സിപിഐ ആഹ്വാനം ചെയ്ത സമരത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിക്കു പോകാന്‍ ബുക്ക് ചെയ്ത ട്രെയിന്‍ റദ്ദാക്കി. ബുക്കിംഗിനായി മുന്‍കൂര്‍ നല്കിയ 10 ലക്ഷം രൂപ റെയില്‍വേ തിരികെ നല്കി. സെപ്റ്റംബര്‍ ഒന്നിന് രാംലീല മൈതാനിയിലുള്ള സമരം പൊളിക്കാനുള്ള കേന്ദ്ര നീക്കമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു.
സി പി എം നിയന്ത്രണത്തിലുള്ള ഹലാല്‍ ഫായിദ സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പില്‍ രൂക്ഷ വിമര്‍ശനവുമായി ടി കെ ഗോവിന്ദന്. നിക്ഷേപകര്‍ക്ക് പണം തിരികെ നല്കുന്നതില് പാര്‍ട്ടി പരാജയപ്പെട്ടെന്നും, അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നും വ്യക്തമാക്കി.
പാലക്കാട് എംഎസ്എഫ് നേതാവിനെ കാണാനില്ലെന്ന് പരാതി. ചെര്‍പ്പുളശ്ശേരി ഐഡിയല്‍ കോളേജിലെ എംഎസ്എഫിന്റെ യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലര്‍ ഫാസില്‍ ടിപിയെ കാണാനില്ലെന്നാണ് പരാതി.
കേരളത്തില്‍ 17 വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്.
മുഖ്യമന്ത്രി വി ഡി സതീശന് ആര് എസ് എസിന് പൂര്‍ണ്ണമായും കീഴടങ്ങിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. വന്ദേമാതരം മുഴുവന്‍ ആലപിക്കാന്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും അദ്ദേഹം ആരോപിച്ചു.
ഓപ്പറേഷന് തൂഫാനില്‍ അറസ്റ്റിലായ എം ഡി എം എ കേസ് പ്രതി നവകേരള സദസ് നടക്കുന്നതിന് മുന്‍പ് തന്നെ മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലുണ്ടെന്ന് മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസ്. മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ ശുദ്ധ കളവാണെന്നും റിയാസ് ആരോപിച്ചു.
അന്യായമായ സ്ഥലംമാറ്റത്തെ തുടര്‍ന്ന് രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മരിച്ച സംഭവത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. സ്ഥലംമാറ്റ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നത് സിവില്‍ സര്‍വീസ് മേഖലയെ അസംതൃപ്തമാക്കുന്നു. സ്ഥലംമാറ്റത്തിനു പിന്നില്‍ അഴിമതിയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
മദ്യശാലകളില്‍ ജവാന് റമ്മിന് മുന്‍ഗണന നല്കുന്ന കേരള സര്‍ക്കാര്‍ നയത്തിനെതിരേ മദ്യനിര്‍മാതാക്കളുടെ കോണ്‍ഫെഡറേഷന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. കേരള ബിവറേജസ് കോര്‍പ്പറേഷനും ജവാന് റം നിര്‍മാതാക്കളായ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിനും കോടതി നോട്ടീസ് നല്കി.
പത്തനംതിട്ട മല്ലപ്പള്ളിയില്‍ പൊലീസിനെതിരെ ഭീഷണി പ്രസംഗം നടത്തിയ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനുവിന് എതിരെ കേസ്. ‘പൊലീസുകാര്‍ക്കും അമ്മയും പെങ്ങന്മാരും ഉണ്ട്, ഞങ്ങളുടെ വീടുകളില്‍ കയറിയാല്‍ ഞങ്ങളും തിരിച്ചു കയറും’ എന്നായിരുന്നു കഴിഞ്ഞ ദിവസത്തെ ഭീഷണി പ്രസംഗം.
മുഖ്യമന്ത്രി വി ഡി സതീശനെതിരേ എറണാകുളം ഗവ. ലോ കോളേജിന് മുന്നില്‍ എസ്എഫ്ഐയുടെ ബാനര്‍. മുഖ്യമന്ത്രി വിഡ.ി സതീശന്റെ ചിത്രത്തിനൊപ്പം ‘എന്തേ പുതുയുഗ മാധ്യമസ്വാതന്ത്ര്യത്തിന്റെ ഭംഗി കൂടിപ്പോയോ’ എന്നാണ് ബാനറില്‍ എഴുതിയിരിക്കുന്നത്.
വീട്ടിലിരുന്ന് ഉയര്‍ന്ന വരുമാനം നേടാവുന്ന ഓണ്‍ലൈന്‍ ജോലികള്‍, നിക്ഷേപത്തിന് ഉയര്‍ന്ന ലാഭം തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്കി തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ് അറിയിച്ചു.
ബെംഗളൂരുവില്‍ നിന്ന് കാസര്‍കോടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറുണ്ടായി. ഡ്രൈവറുടെ കാഴ്ച മറച്ച് അപകടമുണ്ടാക്കാനുള്ള ശ്രമമാണോയെന്ന് സംശയമുയര്‍ന്നതോടെ, ഗതാഗത മന്ത്രിയുടെ നിര്‍ദേശപ്രകാരം അട്ടിമറി സാധ്യത ഉള്‍പ്പെടെ അന്വേഷിക്കാന്‍ ഉത്തരവിട്ടു.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ വിമര്‍ശിച്ച മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് കൊട്ടാരക്കര താലൂക്ക് എന്‍എസ്എസ് യൂണിയന്. ഗണേഷ് കുമാറിനെ കരയോഗത്തിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്നാണ് ആവശ്യം.
വരാപ്പുഴ അതിരൂപത മെട്രോപോളിറ്റന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിലിനെ വത്തിക്കാനിലെ സുവിശേഷവല്‍ക്കരണ ഡിക്കാസ്ട്രിയില്‍ അംഗമായി വീണ്ടും നിയമിച്ചു.
ഹെല്‍മറ്റ് ധരിക്കാതെ സ്കൂട്ടര്‍ ഓടിച്ച മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തില്ല. ദൃശ്യങ്ങള്‍ സഹിതം പരാതി ലഭിച്ചിട്ടും പിഴ ചുമത്തിയിട്ടില്ലെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.
പാലക്കാട് വേലന്താവളം ചെക്ക്പോസ്റ്റില്‍ ശരീരത്തില്‍ തുണിസഞ്ചി കെട്ടിവച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച 16 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശി പിടിയിലായി. കോയമ്പത്തൂരില്‍ നിന്ന് പട്ടാമ്പിയിലേക്ക് തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസില്‍ യാത്ര ചെയ്യുകയായിരുന്നു പ്രതി. ഈ സമയത്ത് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.
സംസ്ഥാനത്തുടനീളം നാനൂറോളം യൂണിറ്റുകളിലില് കുടുംബശ്രീ ഈ വര്‍ഷവും ഓണസദ്യ ഒരുക്കുന്നു. 170 രൂപ മുതല്‍ വിലയില്‍ സദ്യ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്, ഒപ്പം ഇഷ്ടമുള്ള പായസങ്ങളും പ്രത്യേകം ഓര്‍ഡര്‍ ചെയ്യാം.
ഈ ഓണക്കാലത്ത് ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളില്‍ ഓണസദ്യ ഒരുക്കുന്നു. ഓഗസ്റ്റ് 15 മുതല്‍ 31 വരെ യാത്ര ചെയ്യുന്നവര്‍ക്ക് 18 മണിക്കൂര്‍ മുന്‍പ് വരെ സദ്യ മുന്‍കൂട്ടി ബുക്ക് ചെയ്യാം. പാലട പ്രഥമന്‍ ഉള്‍പ്പെടെയുള്ള വിഭവങ്ങളടങ്ങിയ സദ്യ പ്രത്യേക പാക്കറ്റുകളിലാണ് നല്‍കുന്നത്.
തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം അഷ്ടമുടി സ്വദേശിനിയായ അലീന സാബു(25)വാണു മരിച്ചത്.
ഇരിങ്ങാലക്കുട സ്പെഷല്‍ സബ് ജയിലില്‍ സഹതടവുകാരനെ ആക്രമിച്ച കേസില്‍ കരുവന്നൂര്‍ പ്ലാക്കല്‍ വീട്ടില്‍ ഐവിന് ആന്റണി (21) അറസ്റ്റില്‍. വധശ്രമക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അഴിക്കോട് ഐവേലിക്കകത്ത് വീട്ടില്‍ മുഹമ്മദ് (28) ആണ് ആക്രമിക്കപ്പെട്ടത്.
ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെ ജാതി അധിക്ഷേപം നടത്തിയതില്‍ പ്രതിഷേധിച്ച് ജില്ലാ കേന്ദ്രങ്ങളില്‍ ഇന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കും. പരാതി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് രാജ്യസഭ ചെയര്മാന് സി.പി. രാധാകൃഷ്ണന് പറഞ്ഞു. ബി ജെ പിക്ക് ബന്ധമുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി ജെ പി നദ്ദ. ശ്രീരാം സേന എന്ന തീവ്ര ഹിന്ദു പ്രസ്ഥാനത്തിലെ അംഗങ്ങളാണ് ശുദ്ധികലശം നടത്തി അധിക്ഷേപിച്ചത്.
ഗ്രാജുവേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ് പരീക്ഷയുടെ രജിസ്ട്രേഷന് പ്രക്രിയ ഇന്ന് ആരംഭിക്കും. അപേക്ഷ നല്‍കുന്നതിന് മുന്‍പായി അപേക്ഷകര്‍ ഡിജിലോക്കര്‍ അക്കൗണ്ടുകള്‍ പരിശോധിച്ചു സജ്ജമാക്കണം.
നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് ബിജെപി എം.പി നാഗേന്ദ്ര റേയ്ക്ക് നല്കിയ ബംഗാളിന്റെ സിവിലിയന്‍ ബഹുമതിയായ ‘ബംഗ വിഭൂഷണ്‍’ പുരസ്കാരം പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. സാംസ്കാരിക വകുപ്പ് ഇറക്കിയ ഉത്തരവിലൂടെയാണ് പുരസ്കാരം റദ്ദാക്കിയതായി ബംഗാളിലെ ബിജെപി സര്‍ക്കാര്‍ അറിയിച്ചത്.
ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദലിന് നേരെ ആക്രമണം. മഹാരാഷ്ട്രയിലെ നന്ദേഡില്‍ വച്ചാണ് ആക്രമണമുണ്ടായത്. ബാദലിന്റെ വലത് കൈയ്ക്ക് പരിക്കേറ്റു.
ഉത്തരാഖണ്ഡിലെ മിന്നല്‍പ്രളയത്തിനിടെ നിര്‍മാണത്തിലുള്ള തുരങ്കത്തില്‍ കുടുങ്ങി ഏഴു തൊഴിലാളികള്‍ മരിച്ചു. 14 പേര്‍ക്കു പരിക്ക്. ചമോലി ജില്ലയിലെ പിപല്‍കോട്ടിയില്‍ ടിഎച്ച്ഡിസി പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന തുരങ്കത്തിലാണ് അപകടമുണ്ടായത്. 16 തൊഴിലാളികളെ രക്ഷിച്ചു.
കോക്രോച്ച് പരാമര്‍ശം നടത്തിയ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ കോണ്‍വൊക്കേഷനു ക്ഷണിച്ചതില്‍ പ്രതിഷേധിച്ചു ചടങ്ങ് ബഹിഷ്കരിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ കത്ത് നല്കി. ഹൈദരാബാദിലെ നാഷണല്‍ അക്കാദമി ഓഫ് ലീഗല്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് അധികാരികള്‍ക്ക് കത്തു നല്‍കിയത്. ഇതോടെ കോണ്വൊക്കേഷനുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ബാര്‍ കൗണ്‍സില്‍ അംഗത്വം നിഷേധിച്ച് ചെയര്മാന് ഉത്തരവിറക്കി. പ്രതിഷേധം കനത്തതോടെ ഉത്തരവു പിന്‍വലിച്ചു.
എയര്‍ ഇന്ത്യ ഗ്രൂപ്പിലെ എല്ലാ പൈലറ്റുമാര്‍ക്കും നിര്‍ബന്ധിത മയക്കുമരുന്ന് പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്കി കമ്പനി. നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് അനുവദനീയമല്ലാത്ത ഏതെങ്കിലും തരത്തിലുള്ള പദാര്‍ത്ഥങ്ങളോ മരുന്നുകളോ പൈലറ്റുമാര്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് പരിശോധന.
വയോധികനില്‍നിന്ന് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ 10 കോടിയിലധികം രൂപ അപഹരിച്ച കേസില്‍ വന്‍തോതില്‍ ഫോളോവേഴ്സുള്ള വ്ളോഗര്‍, രോഹന് ജാദവ് പുണെയില്‍ അറസ്റ്റിലായി. ഛത്രപതി സംഭാജിനഗര്‍ സ്വദേശിയാണ്.
രൂക്ഷമായ ഊര്‍ജ്ജ പ്രതിസന്ധി മൂലം ബംഗ്ലാദേശ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. കര്‍ഷകരെയും വ്യവസായങ്ങളെയും കടുത്ത പ്രതിസന്ധിയിലാക്കിയ ഈ ഊര്‍ജ്ജക്ഷാമം പരിഹരിക്കുന്നതിനായി ബംഗ്ലാദേശ് ഇന്ത്യയുടെ സഹായം തേടി.
റഷ്യന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ആവശ്യമായ ഇന്റര്‍സെപ്റ്റര്‍ മിസൈലുകളുടെ കടുത്ത ക്ഷാമമുണ്ടെന്ന് യുക്രൈന് പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കി. സിഎന്‍എന്നിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
യുഎസുമായുള്ള സംഘര്‍ഷത്തില്‍ നിലപാട് കടുപ്പിച്ച് ഇറാന്. ഉപരോധവും യുദ്ധവും അവസാനിപ്പിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്ന് പുതിയ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മൊഹ്സെന്‍ റെസായി വ്യക്തമാക്കി.
തുര്‍ക്കിയില്‍നിന്ന് മടങ്ങുന്നതിനിടെ യുഎസ് പ്രസിഡന്റ് ട്രംപ് എയര്‍ഫോഴ്സ് വണ്‍ വിമാനം ഉപേക്ഷിച്ച് ട്രക്കില്‍ ഒളിച്ച് മറ്റൊരു വിമാനത്തില്‍ രഹസ്യയാത്ര നടത്തിയതിനെ പരിഹസിച്ച് ഇറാനിയന്‍ മാധ്യമങ്ങള്‍. ഇറാന്റെ സൈനിക ശക്തിയെ ഭയന്നാണ് ട്രംപ് രഹസ്യമായി വിമാനം മാറിക്കയറി യാത്രചെയ്തതെന്നാണു പരിഹാസം.
പ്രഥമ ഫിഫ ആസിയാന്‍ കപ്പില്‍ നിന്ന് ഇന്ത്യ പിന്മാറി. എഐഎഫ്എഫ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എം സത്യനാരായണനാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെക്കുകിഴക്കന്‍ ഏഷ്യയിലെ മികച്ച ടീമുകള്‍ക്കൊപ്പം കളിക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഈ തീരുമാനത്തിലൂടെ ഇന്ത്യക്ക് നഷ്ടമാകുന്നത്. ബ്രസീലിനെതിരെ കളിക്കാനുള്ള പരിശീലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആസിയാന്‍ കപ്പില്‍നിന്ന് പിന്മാറിയത്.
ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസും ആഗോള ബാങ്കിംഗ് ഭീമനായ ബാങ്ക് ഓഫ് അമേരിക്കയും തമ്മില്‍ പുതിയൊരു തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു. ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയായ ജിയോ ക്രെഡിറ്റില്‍ ബാങ്ക് ഓഫ് അമേരിക്ക ഏകദേശം 18,268 കോടി രൂപ (1.9 ബില്യണ്‍ ഡോളര്‍) നിക്ഷേപിക്കും. ഇക്വിറ്റി ഓഹരികളുടെയും വാറന്റുകളുടെയും മുന്‍ഗണനാ അടിസ്ഥാനത്തിലുള്ള അലോട്ട്മെന്റ് വഴിയാണ് ഈ നിക്ഷേപം നടക്കുന്നത്. തുടക്കത്തില്‍ ജിയോ ക്രെഡിറ്റിന്റെ 26.5 ശതമാനം ഓഹരികളാണ് ബാങ്ക് ഓഫ് അമേരിക്കയ്ക്ക് ലഭിക്കുക. പിന്നീട് വാറന്റുകള്‍ വിനിയോഗിക്കുന്നതിലൂടെ ഇത് 49.9 ശതമാനം വരെയായി ഉയര്‍ത്താന്‍ സാധിക്കും. പ്രവര്‍ത്തനം തുടങ്ങി വെറും രണ്ട് വര്‍ഷത്തിനുള്ളില്‍, 2026 ജൂണ്‍ 30 വരെ 30,667 കോടി രൂപയുടെ ആസ്തി കൈവരിക്കാന്‍ ജിയോ ക്രെഡിറ്റിന് സാധിച്ചിട്ടുണ്ട്.
കുട്ടികളുടേതെന്ന് സംശയിക്കുന്ന ഏഴ് ലക്ഷത്തിലധികം ഇന്‍സ്റ്റഗ്രാം, ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ നീക്കംചെയ്ത് മാതൃകമ്പനിയായ മെറ്റ. പ്രായപൂര്‍ത്തി ആകാത്തവരുടെതെന്ന് സംശയിക്കുന്ന 4,62,000 ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളും 2,94,000 ഫേസ്ബുക്ക് അക്കൗണ്ടുകളും ഡിസംബറിനും ജൂണിനും ഇടയില്‍ നിര്‍ജ്ജീവമാക്കിയെന്ന് കമ്പനി പറയുന്നു. എഐ സഹായത്തോടെയാണ് കുട്ടികളുടേതെന്ന് സംശയിക്കുന്ന അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതിനായി മെറ്റ കണ്ടെത്തുന്നത്. അക്കൗണ്ട് നീക്കം ചെയ്യപ്പെട്ടതിന് ശേഷം ഉപയോക്താക്കള്‍ വീണ്ടും പുതിയ അക്കൗണ്ട് സൃഷ്ടിക്കുന്നത് തടയാന്‍ കമ്പനി ജാഗ്രത പാലിക്കുന്നുണ്ട്. നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് മേലുള്ള പിഴ പരമാവധി 9.9 കോടി ഓസ്ട്രേലിയന്‍ ഡോളറായി ഇരട്ടിയാക്കുന്നതടക്കമുള്ള കടുത്ത ശിക്ഷാ നടപടികള്‍ ഓസ്ട്രേലിയ പരിഗണിക്കുന്നതിനിടെയാണ് നീക്കം. ഇന്ത്യയിലും പാര്‍ലമെന്ററി സമിതിയുടെ അന്വേഷണമടക്കം മെറ്റ നേരിടുന്നുണ്ട്.
‘പ്യാര് പ്രേമ കാതല്‍’, ‘സ്റ്റാര്‍’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ എളന്‍ നായകനായും സംവിധായകനായും ഒരുക്കുന്ന പുതിയ ചിത്രമായ ‘പ്യാര് പ്രേമ കല്യാണ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഓഗസ്റ്റ് 21ന് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യുന്ന ഈ റൊമാന്റിക് കോമഡി ചിത്രത്തില്‍ സാന്‍വേ മേഘനയാണ് നായിക. വിവാഹശേഷം ഭര്‍തൃഗൃഹത്തില്‍ നിന്നും സ്വന്തം വീട്ടിലേക്ക് മാറാന്‍ വിസമ്മതിക്കുന്ന ഭാര്യയും, അവളെ അനുനയിപ്പിക്കാനായി അവളുടെ വീട്ടില്‍ താമസിക്കേണ്ടി വരുന്ന ഭര്‍ത്താവും നേരിടുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. രാധിക ശരത്കുമാര്, യോഗി ബാബു, എം.എസ്. ഭാസ്കര്‍ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. യുവന് ശങ്കര്‍ രാജയാണ് സംഗീതം നല്‍കിയിരിക്കുന്നത്.
ലോകേഷ് കനകരാജ് ആദ്യമായി നായക വേഷത്തിലെത്തിയ അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത ഗ്യാങ്സ്റ്റര്‍ ത്രില്ലറായ ‘ഡിസി’ നാലു ദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍ ഇടം നേടി. നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സാണ് ഈ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. തമിഴ്നാട്ടിലും കേരളത്തിലും മികച്ച പ്രതികരണം നേടുന്ന ചിത്രത്തില്‍ വാമിഖ ഗബ്ബിയാണ് നായിക. അനിരുദ്ധ് ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഏറെ പ്രശംസ നേടി. സംവിധായകനായി തിളങ്ങിയ ലോകേഷ് കനകരാജ് ദേവദാസ് എന്ന കഥാപാത്രത്തിലൂടെ നായകനായും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. സഞ്ജന കൃഷ്ണമൂര്‍ത്തിയും പ്രധാന വേഷം ചെയ്യുന്നു. മുമ്പ് അതിഥി വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള ലോകേഷ് കനകരാജ് ആദ്യമായാണ് ഒരു ചിത്രത്തില്‍ പൂര്‍ണ്ണമായി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
വാഹനപ്രേമികള്‍ കാത്തിരിക്കുന്ന പുതിയ ത്രീ-റോ എസ്യുവിയായ ‘ഹെക്ടര്‍ ഹോക്കിന്റെ’ പുതിയ ടീസര്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് ജെഎസ്ഡബ്ല്യു – എംജി മോട്ടോര്‍ ഇന്ത്യ. ഓഗസ്റ്റ് 26-ന് വാഹനം ഔദ്യോഗികമായി വിപണിയില്‍ പുറത്തിറക്കും. പ്രീ-ബുക്കിങ് ആരംഭിച്ചു. 21,000 രൂപ മുന്‍കൂറായി നല്കി ബുക്ക് ചെയ്യാം. വൂളിംഗ് സ്റ്റാര്‍ലൈറ്റ് 560 എസ്യുവിയെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചിരിക്കുന്ന ഈ വാഹനം, എംജിയുടെ പുതിയ ‘അഡാപ്റ്റ്’ പ്ലാറ്റ്ഫോമില്‍ പുറത്തിറങ്ങുന്ന ആദ്യ മോഡലാണ്. ഹെക്ടര്‍ ഹോക്ക് ആദ്യം ഒരു ഇലക്ട്രിക് വാഹനമായി വിപണിയിലെത്താനാണ് സാധ്യത. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 530 കിലോമീറ്റര്‍ റേഞ്ച് നല്കുന്ന 56.7 കിലോവാട്ട്അവര്‍ ബാറ്ററി പാക്കാണ് ആഗോള മോഡലിലുള്ളത്. ഇതോടൊപ്പം, 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിനും 20.5 കിലോവാട്ട്അവര്‍ ബാറ്ററിയും ചേര്‍ന്ന പ്ലഗ്-ഇന്‍ ഹൈബ്രിഡ് മോഡലും വിപണിയില്‍ പ്രതീക്ഷിക്കാം. ഇത് 194 ബിഎച്പി കരുത്തും 230 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.
വാള്‍ത്തലയ്ക്ക് മുന്നിലിരുന്ന് കഥ പറഞ്ഞു കഥപറഞ്ഞ് കഥയെ ജീവിതവും ജീവിതത്തെ കഥയുമാക്കിയ ഷഹരസാദിന്റെ പിന്മുറയിലേക്ക് തന്റേതായ കഥാഭൂമികയും, വ്യതിരിക്ത ശൈലിയും പദപ്രയോഗങ്ങളും ഇതിവൃത്തങ്ങളുമായാണ് കഥാക്യത്തിന്റെ പുതുവരവ്. ചെറുകഥാലോകം കെട്ടിലും മട്ടിലും പുതുക്കപ്പെട്ടുകൊണ്ടേയിരിക്കുന്ന നവകാലത്തിലേക്ക് ചേര്‍ത്തുവയ്ക്കുന്ന കഥകള്‍ തിരിച്ചറിവുകളുടെ ഒറ്റവഴിയുടേതാണ്.ഉറച്ചതും സ്വതന്ത്രവുമായ ഭാഷയിലൂടെ ഈ കഥാകൃത്ത് കണ്ടെത്തുന്ന കാഴ്ചകള്‍ ജീവിതത്തിന്റെ ഒരു മറുലോകം നമുക്ക് കാട്ടിത്തരുന്നുണ്ട്. ശാസ്ത്രവും കഥാവഴികളും പലപ്പോഴും കൂട്ടിച്ചേര്‍ത്തു പരീക്ഷിച്ചുകൊണ്ട് എഴുത്തിന്റെ വിചിത്രവഴികളിലൂടെ വായനക്കാരെ നടത്തുന്നതിനൊപ്പം തന്റെ നിലപാടുകളുടെ രാഷ്ട്രീയം ഉറക്കെ പ്രഖ്യാപിക്കുന്നു. ‘ഖബറുകളുടെ ഖബര്‍’. അശ്വതി പാലേങ്ങല്‍. ഇന്‍സൈറ്റ് പബ്ളിക്ക. വില 95 രൂപ.
കഞ്ഞി വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്റെ ജലാംശം, തിളക്കം, ദൃഢത എന്നിവ മെച്ചപ്പെടുത്താന്‍ സഹായിച്ചേക്കാം. പോഷകസമൃദ്ധമായ ഇതിന്റെ ഗുണങ്ങള്‍, ശരിയായ രീതിയില്‍ ഉപയോഗിക്കുമ്പോള്‍ ആരോഗ്യകരവും തിളക്കമുള്ളതുമായ ചര്‍മ്മം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമായ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന പ്രകൃതിദത്ത അന്നജവും അരിയില്‍ നിന്നുള്ള സെറാമൈഡുകളും അരി കഴുകിയ വെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിലെ ജലാംശം നഷ്ടപ്പെടുന്നത് ഗണ്യമായി കുറയ്ക്കാനും, അതേസമയം ചര്‍മ്മത്തിന്റെ ജലാംശവും ഇലാസ്തികതയും മെച്ചപ്പെടുത്താനും അരിയില്‍ നിന്നുള്ള സെറാമൈഡുകള്‍ക്ക് കഴിയുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെല്‍ത്ത് പുറത്തുവിട്ട ഒരു പഠനം വ്യക്തമാക്കുന്നു. ചര്‍മ്മത്തിന്റെ സംരക്ഷണ പാളി കൂടുതല്‍ ശക്തമാകുന്നതോടെ, മലിനീകരണം, വരള്‍ച്ച തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങളില്‍ നിന്നുള്ള സംരക്ഷണം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഫെറുലിക് ആസിഡ്, ഗാമ-ഒറിസനോള്‍ തുടങ്ങിയ ആന്റിഓക്സിഡന്റുകളുടെ സ്വാഭാവിക ഉറവിടമാണ് കഞ്ഞി വെള്ളം. ചര്‍മ്മത്തില്‍ നേര്‍ത്ത വരകള്‍ വീഴുന്നതിനും ഇലാസ്തികത നഷ്ടപ്പെടുന്നതിനും കാരണമാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാന്‍ ഫെറുലിക് ആസിഡ് സഹായിക്കും. കഞ്ഞി വെള്ളം കുടിക്കുന്നതിലൂടെ, കോശങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ തടഞ്ഞുകൊണ്ട് ഈ ആന്റിഓക്സിഡന്റുകള്‍ ചര്‍മ്മത്തെ ഉള്ളില്‍ നിന്ന് സംരക്ഷിക്കുന്നു. ചര്‍മ്മത്തിന്റെ വീക്കം, അമിതമായ മെലാനിന്‍ ഉല്‍പ്പാദനം എന്നിവ കഞ്ഞി വെള്ളം നിയന്ത്രിക്കുന്നു. ഇവ ചര്‍മ്മത്തിലെ പിഗ്മെന്റേഷന് പ്രക്രിയകളെ മൃദുവായി സ്വാധീനിക്കുന്നു. അരിയില്‍ നിന്നുള്ള സെറാമൈഡുകള്‍ മെലാനിന്‍ അളവ് കുറയ്ക്കുകയും മൊത്തത്തിലുള്ള തെളിച്ചം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതായി പഠനം കണ്ടെത്തിയിട്ടുണ്ട്.
ശുഭദിനം
കവിത കണ്ണന്
പട്ടിണികൊണ്ട് പൊറുതിമുട്ടിയ ഒരു കുട്ടി, ഉച്ചിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് എച്ചില് വാരിത്തിന്നുകയായിരുന്നു. അത് കണ്ട ഒരാള്‍ക്ക് ആ കാഴ്ച സഹിക്കാനായില്ല. അയാള്‍ ആ കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. കുളിപ്പിച്ച് വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിപ്പിച്ചു. വയറുനിറയെ ഭക്ഷണവും നല്കി. പക്ഷേ, ഭക്ഷണം കഴിക്കുമ്പോഴും കുട്ടി ഒരു കൈ മുറുകെ അടച്ചുപിടിച്ചിരിക്കുന്നതായി അയാള്‍ ശ്രദ്ധിച്ചു. എന്താണ് അതിനുള്ളിലെന്ന് അറിയാന്‍ അയാള്‍ കുട്ടിയുടെ കൈ പതുക്കെ തുറന്നുനോക്കി. അതില്‍ ഒരു കരിഞ്ഞ റൊട്ടിക്കഷ്ണം! അയാള്‍ അത്ഭുതത്തോടെ കുട്ടിയോട് ചോദിച്ചു: ”ഇതെന്തിനാണ് നീ കയ്യില്‍ മുറുകെ പിടിച്ചിരിക്കുന്നത്?” കുട്ടി പറഞ്ഞു: ”ഇത് ഞാന്‍ കളയാന്‍ പാടില്ല. ഇനി എപ്പോഴാണ് ഭക്ഷണം കിട്ടുകയെന്ന് എനിക്കറിയില്ല. വീണ്ടും പട്ടിണിയാകേണ്ടി വന്നാല്‍ ഇത് കഴിക്കാമല്ലോ…” കുട്ടിയുടെ ആ മറുപടി അയാളുടെ മനസ്സില്‍ ഒരു വലിയ ചിന്തയുണര്‍ത്തി. പട്ടിണിയുടെ കാലത്ത് ജീവന് നിലനിര്‍ത്താന്‍ കരുതിവെച്ച ആ കരിഞ്ഞ റൊട്ടിക്കഷ്ണം, വയറുനിറയെ ഭക്ഷണം ലഭിച്ചപ്പോഴും ഉപേക്ഷിക്കാന്‍ ആ കുട്ടിയുടെ മനസ്സിന് കഴിഞ്ഞില്ല. കാരണം, പഴയ അനുഭവങ്ങള്‍ അവന്റെ മനസ്സില്‍ ഭയമായി മാറിയിരുന്നു. നമ്മുടെ ജീവിതത്തിലും ഇതുതന്നെയാണ് പലപ്പോഴും സംഭവിക്കുന്നത്. പഴയതിനെ വേണ്ടെന്നുവെക്കാന്‍ തയ്യാറാകാത്തിടത്തോളം പുതിയതൊന്നും ജീവിതത്തിലേക്ക് കടന്നുവരില്ല. ഒരു ഗ്രാമത്തിനുള്ളില്‍ മാത്രം ജീവിച്ച് ശീലിച്ച ഒരാള്‍ക്ക്, ആ ഗ്രാമത്തിന്റെ പരിമിതമായ സൗകര്യങ്ങളും പരിചിതമായ കാഴ്ചകളും മാത്രമേ അനുഭവിക്കാനാകൂ. എത്ര തവണ അതേ വഴികളിലൂടെ ചുറ്റിക്കറങ്ങിയാലും പുതിയ കാഴ്ചകള്‍ അവന് ലഭിക്കില്ല. പുതിയ കാഴ്ചകളിലൂടെയും പുതിയ അറിവുകളിലൂടെയും പുതിയ അനുഭവങ്ങളിലൂടെയും സഞ്ചരിക്കണമെങ്കില്‍, വയ്ക്കേണ്ട ആദ്യചുവട് പഴയതിനെ വിട്ടുകൊടുക്കുക എന്നതാണ്. സ്വീകരിച്ചുപോയതിനെ ഉപേക്ഷിക്കുക എളുപ്പമല്ല. പ്രിയപ്പെട്ടതായിത്തീര്ന്നവയില് നിന്ന് വേര്‍പിരിയാനും ആര്‍ക്കും ഇഷ്ടമുണ്ടാകില്ല. പക്ഷേ, ചിലതിനെ മുറുകെപ്പിടിച്ചുകൊണ്ടിരുന്നാല്‍, അതിലും മികച്ചത് സ്വീകരിക്കാന്‍ നമ്മുടെ കൈകള്‍ക്ക് ഇടമുണ്ടാകില്ല. പഴയത് മോശമായതുകൊണ്ടല്ല ചിലപ്പോള്‍ നമ്മള് അതിനെ ഉപേക്ഷിക്കേണ്ടത്. അതിന്റെ കാലം കഴിഞ്ഞതുകൊണ്ടാണ്. ഇന്നലെ നമ്മെ താങ്ങിനിര്‍ത്തിയ ഒരു കാര്യം, നാളെ നമ്മെ മുന്നോട്ട് കൊണ്ടുപോകണമെന്നില്ല. അതുകൊണ്ട്, പഴയ ഓര്‍മ്മകളെയും ഭയങ്ങളെയും ശീലങ്ങളെയും പരിമിതികളെയും മുറുകെപ്പിടിച്ച് നില്‍ക്കാതെ, ആവശ്യമുള്ളവയെ നന്ദിയോടെ വിട്ടുകൊടുക്കാം. ജീവിതം എന്നും ഒരേ രീതിയില്‍ ജീവിച്ചാല്‍ ഓരോ ദിവസവും അരോചകമായി മാറും. പുതിയതിനെ സ്വീകരിക്കാനുള്ള ധൈര്യമുണ്ടാകുമ്പോഴാണ് ജീവിതം കൂടുതല്‍ മനോഹരമാകുന്നത്. പഴയതിനെ വിട്ടുകൊടുക്കാനുള്ള ധൈര്യവും, പുതിയതിനെ സ്വീകരിക്കാനുള്ള മനസ്സും ഉണ്ടാകട്ടെ. മെച്ചപ്പെട്ടതിലേക്കുള്ള യാത്രയാകട്ടെ ഓരോ ജീവിതവും. – ശുഭദിനം.
