പാലോ പാലുത്പന്നങ്ങളോ ഉപയോഗിച്ചതിന് ശേഷം അസ്വസ്ഥതയുണ്ടെങ്കില്‍ ശ്രദ്ധിക്കണം. ശരീരത്തിന് ലാക്റ്റേസ് എന്‍സൈം ഉത്പാദിപ്പിക്കാന്‍ പറ്റാതെ വരികയോ, കുറഞ്ഞ അളവില്‍ ഉത്പാദിപ്പിക്കുകയോ ചെയ്യുമ്പോള്‍ ഉണ്ടാകുന്നതാണ് ലാക്ടോസ് ഇന്‍ടോളറന്‍സ് എന്ന അവസ്ഥ. ഈ പ്രശ്നമുള്ളവര്‍ പാല് കുടിക്കുമ്പോള്‍ ചെറുകുടലില്‍ എത്തുന്ന ലാക്ടോസ് വിഘടിക്കാതിരിക്കുകയും വന്‍കുടലിലേക്ക് കടക്കുകയും ചെയ്യും. അവിടെവച്ച് ബാക്ടീരിയ അതിനെ വാതകങ്ങളും ആസിഡുകളുമായി മാറ്റും. ഇത് അസഹനീയമായ വയറുവേദനയ്ക്കും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കും മറ്റ് അസ്വസ്ഥതകള്‍ക്കും കാരണമാകും. ലാക്ടോസ് ഇന്‍ടോളറന്‍സ് മൂലം തീവ്രമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. സ്കിന്‍ അലര്‍ജികള്‍, അസ്വസ്ഥതയുണ്ടാക്കുന്ന തിണര്‍പ്പ്, നിരന്തരമായ ചൊറിച്ചില്‍ പോലുള്ള ബുദ്ധിമുട്ടുകള്‍ ഇതുമൂലം ഉണ്ടാകാം. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ അത് നിസാരമായി കരുതരുത്, പകരം ഉടനടി ഒരു ആരോഗ്യവിദഗ്ധനെ കാണണം. പാല് കുടിച്ചുകഴിയുമ്പോള്‍ അടിവയറ്റില്‍ നിന്ന് ശബ്ദമോ മുരള്‍ച്ചയോ കേള്‍ക്കുന്നതും വായൂക്ഷോഭം അനുഭവപ്പെടുന്നതും ഇത് മൂലമാകാം. പാലോ പാലുത്പന്നങ്ങളോ കഴിച്ച് ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ സ്ഥിരമായി വയറിളക്കം ഉണ്ടാകുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക. ഇത് ലാക്ടോസ് ഇന്‍ടോളറന്‍സിന്റെ സൂചനയാകാം. മലത്തിന്റെ നിറത്തിലും മാറ്റമുണ്ടാകും. ലാക്ടോസ് ഇന്‍ടോളറന്‍സ് മൂലം അടിവയറ്റില്‍ വേദന അല്ലെങ്കില്‍ അസ്വസ്ഥത ഉണ്ടാക്കും. പാലുത്പന്നങ്ങളുടെ ഉപയോഗം മൂലം തുടര്‍ച്ചയായി ഛര്‍ദ്ദി അനുഭവപ്പെടുകയാണെങ്കില്‍ ശ്രദ്ധിക്കണം. വന്‍കുടലില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഉദരകോശങ്ങളില്‍ അസ്വസ്ഥതയ്ക്ക് കാരണമാകും. ഇതും ലാക്ടോസ് ഇന്‍ടോളറന്‍സ് മൂലമാകാം. ലാക്ടോസ് ഇന്‍ടോളറന്‍സ് സങ്കീര്‍ണ്ണമാണെങ്കില്‍ വിട്ടുമാറാത്ത പനി ഉണ്ടാകും.
അറിയാം, ലാക്ടോസ് ഇന്‍ടോളറന്‍സ് ലക്ഷണങ്ങള്‍
