ഇന്ത്യന്‍ വിപണിയില്‍ കിയയുടെ ജനപ്രിയ എംപിവി ശ്രേണിയായ കാരന്‍സ് (ഐസിഇ, ഇവി ഉള്‍പ്പെടെ) 3 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് പുതിയ നാഴികക്കല്ല് സ്വന്തമാക്കി. പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് എന്നീ മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളിലായി വിപണിയിലെത്തുന്ന കാരന്‍സിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഏറ്റവും ശ്രദ്ധേയമായ കാര്യം, മൊത്തം വില്‍പ്പനയുടെ 60 ശതമാനവും പെട്രോള്‍ വകഭേദങ്ങളുടേതാണ് എന്നതാണ്. ഡീസല്‍ മോഡലുകള്‍ മൊത്തം വില്‍പ്പനയുടെ 30 ശതമാനം പങ്ക് നേടിയപ്പോള്‍, ഇലക്ട്രിക് പതിപ്പുകള്‍ക്ക് 10 ശതമാനം വിഹിതമാണ് ലഭിച്ചത്. ആകെ വില്‍പ്പനയുടെ 18 ശതമാനവും ടോപ്പ് വേരിയന്റുകളാണ്. കിയയുടെ ഇലക്ട്രിക് നിരയിലെ പുതിയ മോഡലായ കാരന്‍സ് ക്ലാവിസ് ഇവി ആറ് സീറ്ററും ഏഴ് സീറ്ററുമായ കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. ഐസിഇ പതിപ്പായ കാരന്‍സ് ക്ലാവിസില്‍ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ (115 ബിഎച്ച്പി), 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ (160 ബിഎച്ച്പി), 1.5 ലിറ്റര്‍ ഡീസല്‍ (116 ബിഎച്ച്പി) എന്നീ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളാണ് ലഭ്യമാകുന്നത്.
