ഡാറ്റ അനലിറ്റിക്സ്, എഐ മേഖലകള്‍ കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യയിലെ ഐടി കമ്പനികള്‍ വിദേശ സ്ഥാപനങ്ങളെ ഏറ്റെടുക്കുന്നു. യുഎസ്, യുകെ, യൂറോപ്പ് എന്നിവിടങ്ങളിലെ 6 കോടി ഡോളര്‍ വരെ വരുമാനമുള്ള കമ്പനികളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. 20 കോടി ഡോളര്‍ (2,000 കോടി രൂപ) വരെ മൂല്യമുള്ളവയാണ് പല ഇടപാടുകളും. പ്രതീക്ഷിച്ചപോലെ വളര്ച്ചയുണ്ടാകാതിരുന്നതും സാമ്പത്തിക അനിശ്ചിതത്വങ്ങളും എഐ മൂലമുണ്ടായ മാറ്റങ്ങളുമാണ് ഐടി കമ്പനികളെ തന്ത്രപരമായ മാറ്റത്തിന് പ്രേരിപ്പിക്കുന്നത്. വന്‍കിട ഉപഭോക്താക്കളെ നേടാനും ഡാറ്റ എന്‍ജിനീയറിങ്, അനലിറ്റിക്സ്, കണ്‍സള്‍ട്ടിങ് മേഖലകളില്‍ വൈദഗ്ധ്യം കൈവരിക്കാനുമാണ് ഏറ്റെടുക്കലിലൂടെ ശ്രമിക്കുന്നത്. ഹെല്‍ത്ത്കെയര്‍, ബാങ്കിങ്, ധനകാര്യ സേവനം, സൈബര്‍സെക്യൂരിറ്റി എന്നീ മേഖലകളിലെ കമ്പനികള്‍ക്ക് ഉയര്‍ന്ന മൂല്യസാധ്യതയാണ് കല്‍പ്പിച്ചിട്ടുള്ളത്.
