ഓഹരി വിപണിയിൽ തട്ടിപ്പ് നടത്തിയെന്ന ഹിൻഡൻബെർഗ് റിസർച്ചിന്റെ റിപ്പോർട്ട് തള്ളി അദാനി ഗ്രൂപ്പ് നൽകിയ വിശദീകരണം എൽഐസി പരിശോധിക്കും. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കൂടുതൽ വിവരങ്ങൾ ആരായുമെന്ന് മാനേജിംഗ് ഡയറക്ടർ രാജ്കുമാർ വിശദീകരിച്ചു. അദാനിയുടെ വിവിധ കമ്പനികളിൽ വൻ നിക്ഷേപം നടത്തിയ എൽഐസിക്ക് ഹിൻഡൻബെർഗ് റിപ്പോർട്ടിന് പിന്നാലെ നഷ്ടം സംഭവിച്ചിരുന്നു.ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഓഹരി വിപണിയിൽ ഇതുവരെ അഞ്ചര ലക്ഷം കോടിയിലേറെ രൂപയുടെ ഇടിവാണ് കമ്പനിക്കുണ്ടായത്. ഇന്ത്യയ്ക്കെതിരായ ആക്രമണമാണ് ഹിൻഡൻബർഗ് നടത്തുന്നതെന്ന അദാനി ഗ്രൂപ്പിന്റെ 413 പേജ് വിശദീകരണവും ഇന്ന് കാര്യമായ ഗുണം ചെയ്തില്ല. അദാനി ഇന്ത്യയെ കൊള്ളയടിക്കുകയാണെന്ന് ഹിൻഡൻബെർഗും ഇന്ന് തിരിച്ചടിച്ചു. അദാനി ടോട്ടൽ ഗ്യാസ്, അദാനി പവർ, അദാനി ട്രാൻസ്മിഷൻ, അദാനി വിൽമർ എന്നിവർ ഒരു ദിവസത്ത പരമാവധി നഷ്ടത്തിലേക്ക് ആദ്യമണിക്കൂറുകളിൽ തന്നെ വീണു. എൻഡിടിവിയും അദാനി ഗ്രീൻ എനർജിയുമെല്ലാം വൻ തകർച്ച നേരിട്ടു. ലിസ്റ്റ് ചെയ്ത മറ്റു കമ്പനികൾ കനത്ത തിരിച്ചടി നേരിടുമ്പോഴും അദാനി എന്റെർപ്രസസ് പിടിച്ച് നിന്നിരുന്നു. വ്യാപാരം അവസാനിക്കും മുൻപ് അതും നഷ്ടത്തിലായി. അദാനി എന്റർപ്രൈസസിന്റെ തുടർ ഓഹരി വിൽപന നാളെ അവസാനിക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ വീഴ്ചയ്ക്ക് ആഴമേറും. പ്രതിരോധമെന്നോണമാണ് ഇന്നലെ രാത്രിയോടെ ഹിൻഡൻബർഗിനുള്ള 413 പേജ് വിശദീകരണം അദാനി ഗ്രൂപ്പ് ഇറക്കിയത്.
ഹിൻഡൻബെർഗ് റിപ്പോർട്ട്: അദാനിയുടെ വിവിധ കമ്പനികളിൽ നിക്ഷേപം നടത്തിയ എൽഐസിക്ക് വൻ നഷ്ടം
