പിവി അൻവർ എംഎൽഎയുടെ റിസോർട്ടിൽ നടന്ന ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ നിന്നും കെട്ടിട ഉടമയായ അൻവറിനെ ഒഴിവാക്കിയതിനെതിരായ പരാതി പരിശോധിക്കാൻ ആഭ്യന്തര സെക്രട്ടറിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. ഒരു മാസത്തിനുള്ളിൽ പരാതി പരിശോധിച്ച് തീരുമാനമെടുക്കാനാണ് കോടതി നിർദ്ദേശം. ആലുവയിലെ റിസോർട്ടിൽ ലഹരിപ്പാർട്ടിക്കായി സൂക്ഷിച്ച മദ്യം പിടികൂടിയ കേസിൽ കെട്ടിടം ഉടമയായ അൻവറിനെ ഒഴിവാക്കിയായിരുന്നു എക്സൈസ് കേസെടുത്തത്. ഇത് ചോദ്യം ചെയ്താണ് മലപ്പുറം സ്വദേശിയായ വിവരാവകാശപ്രവർത്തകൻ ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകിയത്. എന്നാൽ പരാതി പരിശോധിക്കാൻ ആഭ്യന്തര സെക്രട്ടറി തയ്യാറായില്ല. ഇതിനെതിരെ വിവരാവകാശപ്രവർത്തകൻ ഹൈക്കോടതിയിൽ ഹർജി നൽകി. രാഷ്ട്രീയ സ്വാധീനത്തിൽ കേസിൽ നിന്ന് ഒഴിവായെന്നായിരുന്നു ഹർജിയിലുണ്ടായിരുന്നത്. ഇത് പരിഗണിച്ചാണ് കോടതി ആഭ്യന്തര സെക്രട്ടറിക്ക് പരിശോധിക്കാൻ നിർദ്ദേശം നൽകിയത്.
പിവി അൻവറിന്റെ റിസോർട്ടിൽ നടന്ന ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ നിന്നും അൻവറിനെ ഒഴിവാക്കിയതിൽ ഹൈക്കോടതി ഇടപെടൽ
