സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് തടസമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് പുതിയ സർക്കുലർ പുറത്തിറക്കി. മരുന്നുകളുടെയും ലാബ് പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കാനും ഡോക്ടർമാർ ജനറിക് പേരുകൾ കുറിപ്പടിയിൽ എഴുതാനും നിർദേശമുണ്ട്. ക്ഷാമം നേരിട്ടാൽ ആശുപത്രി വികസന സമിതി ഫണ്ട് ഉപയോഗിച്ച് സാമഗ്രികൾ വാങ്ങാമെന്നും മന്ത്രി കെ മുരളീധരൻ അറിയിച്ചു.
മുനമ്പം ഭൂമി തർക്കത്തിൽ പ്രതികരണവുമായി വഖഫ് ബോർഡ് ചെയർമാൻ എം സി മായിൻ ഹാജി. മുനമ്പം നിവാസികളെ പുറത്താക്കുകയെന്ന നിലപാട് തനിക്കില്ലെന്നും ഇത് സംബന്ധിച്ച വിഷയം ഇപ്പോൾ ബോർഡിന്റെ പരിഗണനയില്ലെന്നും എം സി മായിൻ ഹാജി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ഇത് കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നും തീരുമാനമെടുക്കേണ്ടത് കോടതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങളുമായി ബന്ധപ്പെട്ട കർഷകരുടെ ആശങ്കകൾ പരിഹരിക്കാൻ രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തിന്റെ വികസനത്തിനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനെയും അദ്ദേഹം കണ്ടു. കൂടാതെ നിയുക്ത കേരള ഗവർണർ ഓം പ്രകാശ് മാത്തൂറുമായും അദ്ദേഹം ചർച്ചകൾ നടത്തി.
മാസപ്പടി കേസിൽ യഥാസമയം പ്രതികരിക്കാത്തതിന് പിണറായി വിജയനെതിരെ സിപിഎം കണ്ണൂർ വിശാല ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം. സംഘടനാ വീഴ്ചകളിൽ കീഴ്ഘടകങ്ങളെ കുറ്റപ്പെടുത്തുന്ന ജില്ലാ സെക്രട്ടറിയുടെ റിപ്പോർട്ടിനെയും പ്രതിനിധികൾ ചോദ്യം ചെയ്തു
സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങളെടുത്തെന്ന് ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ജില്ലാ കമ്മിറ്റിയിലേക്ക് പുതുതായി രണ്ടുപേരെ ഉൾപ്പെടുത്തി. എം സി രാഘവൻ, എം ശ്രീധരൻ എന്നിവരെയാണ് പുതുതായി ഉൾപ്പെടുത്തിയത്.
കോൺഗ്രസ് നേതാക്കൾ പരസ്യപ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പാർട്ടിവേദിയിൽ അഭിപ്രായങ്ങൾ പറയാമെന്നും സണ്ണി ജോസഫ് നിർദ്ദേശിച്ചു. വിവാദ പ്രസ്താവനകളിൽ നിന്നും ഒഴിഞ്ഞ് നിൽക്കണം. പരിധി വിട്ടതുകൊണ്ടാണ് പരസ്യമായി പറയുന്നതെന്നും സണ്ണി ജോസഫ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
വഖഫ് ബോർഡ് പുനഃസംഘടനയിൽ എപി വിഭാഗത്തിന് പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതി ചർച്ച ചെയ്ത് പരിഹരിക്കാൻ ശ്രമിക്കുമെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യ സെക്രട്ടറിയും മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി.എപി വിഭാഗത്തിന് വഖഫ് ബോർഡ് പുനഃസംഘടനയിൽ പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് ന്യായമാണ്. ഇക്കാര്യം ചർച്ച നടത്തി പരിഹരിക്കണമെന്നതാണ് നിലപാടെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സംസ്ഥാനത്തെ ഗവ. ആയുർവേദ ആശുപത്രികളിൽ ഫർണിച്ചറുകൾ വാങ്ങിയതിൽ വ്യാപക ക്രമക്കേട് നടന്നതായി കണ്ടെത്തൽ. കെട്ടിട നിർമ്മാണം പൂർത്തിയാകുന്നതിന് മുൻപ് ലക്ഷക്കണക്കിന് രൂപയുടെ ഫർണിച്ചറുകൾ വാങ്ങിയ സംഭവത്തിൽ മന്ത്രി കെ. മുരളീധരൻ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു.
എസ്ഐആർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യവുമായി ഗായകൻ ജോബ് കുര്യൻ. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ജോബ് കുര്യൻ ഐക്യദാർഢ്യം അറിയിച്ചത്.
കാസർകോട് ട്രാഫിക് പിഴയായി പിരിച്ച 2.96 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ മുൻ എസ്‌ഐക്കെതിരെ വിജിലൻസ് കേസെടുത്തു. പിഴയടച്ചിട്ടും ഇ-ചെല്ലാനിൽ കുടിശ്ശികയായി രേഖപ്പെടുത്തിയാണ് ഇയാൾ ക്രമക്കേട് നടത്തിയത്.
കോവളത്തെ സ്പായിൽ 16 വയസ്സുകാരിയെ ചൂഷണം ചെയ്ത കേസിൽ അന്വേഷണത്തിനായി ഐജി ആർ നിശാന്തിനിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. സ്പാകളെ അനാശാസ്യ കേന്ദ്രങ്ങളാക്കാൻ അനുവദിക്കില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും എഡിജിപി പി വിജയൻ വ്യക്തമാക്കി.
അദാനി സ്പോൺസേർഡ് സർക്കാരാണ് യുഡിഎഫ് സർക്കാർ എന്ന് വ്യക്തമായെന്ന് സിപിഎം നേതാവ് എം വി ജയരാജൻ. വിഴിഞ്ഞം തുറമുഖത്തിൻ്റെ ഓഹരി കൈമാറ്റത്തിൽ വിവരാവകാശ രേഖയും നിയമസഭയിൽ നൽകിയ മറുപടിയും പരസ്പരം വിപരീതമാണ്. വൈരുധ്യം അദാനിയെ സംരക്ഷിക്കുന്ന വിധത്തിലാണെന്ന് എം വി ജയരാജൻ പറഞ്ഞു.
കോൺഗ്രസിലെ ചേരിപ്പോരിൽ മുഖ്യമന്ത്രി വി ഡി സതീശന് ശക്തമായ പിന്തുണയുമായി ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരൻ രംഗത്ത്. സ്ഥാനമോഹികളായ ചില നേതാക്കൾ മുഖ്യമന്ത്രിയെ പിന്നിൽ നിന്ന് കുത്താൻ ശ്രമിക്കുകയാണെന്നും ഇവരെ പൊതുസമൂഹം ഒറ്റപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സിജെപി നേതാക്കളായ അശുതോഷ് റങ്കയും സൗരവ് ദാസും കസ്റ്റഡിയിൽ തുടരും. ഇരുവർക്കും ജാമ്യം നിഷേധിച്ചു. 2 ദിവസം കൂടി സിജെപി നേതാക്കൾ കസ്റ്റഡിയിൽ തുടരും. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി.
ബംഗ്ലാദേശിലെ മുൻ വ്യോമസേന മേധാവി ഖത്തറിൽ അറസ്റ്റിലായി. ബംഗ്ലാദേശ് മുൻ എയർ ചീഫ് മാർഷ്യൽ ഷെയ്ഖ് അബ്ദുൾ ഹനാൻ ആണ് ഖത്തറിൽ പിടിയിലായത്. ബംഗ്ലാദേശിലെ അഴിമതിക്കേസിലാണ് നടപടി.
ദുഷ്യന്ത് കുമാർ ഗൗതം സിക്കിം ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു. അങ്കിത ഭണ്ഡാരി കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയിലാണ് ദുഷ്യന്ത് കുമാർ ഗൗതം സിക്കിമിന്റെ 19-ാം ഗവർണറായി അധികാരമേറ്റത്.
മഹാരാഷ്ട്രയിലെ താനെയിൽ വന്യജീവി കടത്തുകാരിൽനിന്ന് രക്ഷപ്പെടുത്തിയ ഒറാങ് ഉട്ടാനെ ഇന്തോനേഷ്യയിലേക്ക് തിരിച്ചയച്ചു. മൂന്ന് വയസ് പ്രായമുള്ള ആൺ ഒറാങ് ഉട്ടാനെയാണ് അഹമ്മദാബാദിൽനിന്നും പ്രത്യേക വിമാനത്തിൽ ഇന്തോനേഷ്യയിലേക്ക് തിരിച്ചയച്ചത്.
ഗ്യാനേഷിൻ്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾക്കിടെ രാഹുൽ ഗാന്ധി വിദേശത്തേക്ക് പോയെന്ന റിപ്പോർട്ടുകളിൽ ബിജെപിയുടെ രൂക്ഷ പരിഹാസം. ഏറ്റവും നന്നായി ചെയ്യാനറിയുന്ന കാര്യത്തിലേക്ക് രാഹുൽ മടങ്ങിയെത്തിയെന്നാണ് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പരിഹസിച്ചത്
രാജ്യത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി പുതിയ സൈനിക സഖ്യവും പ്രതിരോധ നിർമ്മാണ പ്ലാന്‍റും പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് ഖത്തർ. അമേരിക്കയും ഫ്രാൻസും ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി സഹകരിച്ചാണ് ഈ പുതിയ പദ്ധതി നടപ്പിലാക്കുന്നത്.
ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന് നേരെ മുംബൈയിൽ നടന്ന വെടിവെയ്പ്പിൽ മൂന്ന് പ്രതികളെ രാജസ്ഥാനിൽ നിന്ന് പിടികൂടി. ലോറൻസ് ബിഷ്ണോയ് ഗ്യാങ്ങുമായി ബന്ധമുള്ളവരാണ് പിടിയിലായത്. സംഭവത്തിന് പിന്നാലെ ബോളിവുഡ് താരങ്ങളുടെ സുരക്ഷ മഹാരാഷ്ട്ര സർക്കാർ വർധിപ്പിച്ചു
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് അധിക തീരുവയിൽ ട്രംപ് ഭരണകൂടം നൽകിയ ഇളവ് രണ്ട് മാസത്തേക്കാണെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. നാളെ ഇന്ത്യയിൽ എത്താനിരിക്കെയാണ് മാർക്കോ റൂബിയോ ഇക്കാര്യം അറിയിച്ചത്. പകരം ഇന്ധനം മറ്റിടങ്ങളിൽ നിന്ന് വാങ്ങാനുള്ള നടപടികൾ പൂർത്തിയാക്കാനാണ് രണ്ട് മാസം നൽകിയതെന്നും മാർക്കോ റൂബിയോ വിശദീകരിച്ചു.
അടുത്ത വർഷം മുതൽ അമേരിക്കയിലെ എല്ലാ കുട്ടികൾക്കും സ്പേസ് എക്സിന്‍റെ ഓരോ ഓഹരി വീതം സമ്മാനമായി നൽകുമെന്ന് ഇലോൺ മസ്ക് പ്രഖ്യാപിച്ചു. സ്റ്റാർലിങ്ക്, എഐ ഇൻഫ്രാസ്ട്രക്ചർ എന്നിവയുടെ പിൻബലത്തിൽ 2030-ഓടെ ഒരു ലക്ഷം കോടി ഡോളർ വരുമാനമാണ് കമ്പനി ലക്ഷ്യമിടുന്നത്
തമിഴ് നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ അസഭ്യ വർഷവുമായി ഡി എം കെ വനിത നേതാവ്. വിജയ് യെ നായ് എന്ന് വിളിച്ചായിരുന്നു പ്രസംഗം. ഈ നിലയിൽ പോകുകയാണെങ്കിൽ വിജയ് വൈകാതെ മൂക്കിൽ പഞ്ഞി വച്ച് ഇരിക്കുമെന്നും അവർ പ്രസംഗിച്ചു.
