അക്ഷയതൃതീയ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ കേരളത്തില്‍ സ്വര്‍ണ വിലയില്‍ കുതിപ്പ്. ഗ്രാം വില 75 രൂപയും പവന്‍ വില 600 രൂപയും വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാമിന് 14,280 രൂപയും പവന് 1,14,240 രൂപയുമായി. 18 കാരറ്റിന് ഗ്രാമിന് 65 രൂപ വര്‍ധിച്ച് 11,735 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 9,135 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,890 രൂപയുമായി. വെള്ളി വിലയും കുതിപ്പിലാണ്. ഒറ്റ ദിവസം കൊണ്ട് ഗ്രാമിന് 10 രൂപ വര്‍ധിച്ച് 275 രൂപയിലെത്തി. ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് മേഖലയിലെ സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വന്നത് വിപണിയിലെ നിക്ഷേപക താല്‍പ്പര്യങ്ങളെ സ്വാധീനിച്ചതാണ് സ്വര്‍ണ വിലയിലും പ്രതിഫലിച്ചത്. അസംസ്‌കൃത എണ്ണവിലയില്‍ 11 ശതമാനത്തിലധികം ഇടിവുണ്ടായതോടെ സ്വര്‍ണം ഉള്‍പ്പെടെയുള്ള നിക്ഷേപങ്ങളിലേക്ക് നിക്ഷേപകര്‍ ശ്രദ്ധമാറ്റുകയാണ്.
