ഇന്ത്യന്‍ ഓഹരി വിപണിയില്‍ നവംബര്‍ ആദ്യ പകുതിയില്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരുടെ നിക്ഷേപം പ്രധാനമായും രണ്ട് മേഖലകളില്‍ വ്യത്യസ്തമായ രീതിയിലാണ് പ്രതിഫലിച്ചത്. ഈ കാലയളവില്‍ വിപണിയില്‍ മൊത്തം 5.2 കോടി (52 മില്യണ്‍) ഡോളറിന്റെ അറ്റ നിക്ഷേപമാണ് രേഖപ്പെടുത്തിയത്. വിദേശ നിക്ഷേപം ഏറ്റവും അധികം ഒഴുകിയെത്തിയ മേഖലയായി ടെലികമ്മ്യൂണിക്കേഷന്‍ മാറി. ഈ രംഗത്തേക്ക് 1,061 മില്യണ്‍ ഡോളറിന്റെ വന്‍കിട നിക്ഷേപമാണ് എഫ്പിഐകള്‍ നടത്തിയത്. ഇതിന് പിന്നാലെ സോവറിന്‍ ഡെറ്റ് ഫണ്ടുകള്‍ (454 മില്യണ്‍ ഡോളര്‍), ഓയില്‍, ഗ്യാസ്, കണ്‍സ്യൂമബിള്‍ ഫ്യുവല്‍സ് (337 മില്യണ്‍ ഡോളര്‍) എന്നീ മേഖലകളിലേക്കും കാര്യമായ നിക്ഷേപം എത്തി. എന്നാല്‍, ഈ കാലയളവിലെ ഏറ്റവും വലിയ മേഖലാപരമായ പുറത്തേക്കുള്ള ഒഴുക്ക് ഐടിയിലാണ് രേഖപ്പെടുത്തിയത്- 518 മില്യണ്‍ ഡോളര്‍. ഈ വര്‍ഷം ജനുവരി മുതല്‍ ഏകദേശം 8,572 മില്യണ്‍ ഡോളറാണ് ഐടിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഐടിക്ക് പുറമെ ഉപഭോക്തൃ സേവനങ്ങള്‍, ആരോഗ്യ സംരക്ഷണം, ഊര്‍ജ്ജം തുടങ്ങിയ മേഖലകളിലും കാര്യമായ വില്‍പ്പന നടന്നു.
