കേരളത്തില്‍ പ്രൈമറി സ്കൂളുകൾ ഇല്ലാത്ത എല്ലാ പ്രദേശങ്ങളിലും സ്കൂൾ സ്ഥാപിക്കണമെന്ന് സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാരിനാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം സ്‌കൂളുകൾ ഇല്ലാത്ത എല്ലാ പ്രദേശങ്ങളിലും സ്‌കൂളുകൾ സ്ഥാപിക്കാനാണ് സുപ്രീംകോടതിയുടെ നിർദേശം.

 

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്നത് അസത്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ശബരിമല അയ്യപ്പൻ്റെ ഒരു തരി സ്വർണം നഷ്ടപ്പെട്ടു കൂടാ എന്നതാണ് നിലപാടെന്നും സ്വർണക്കൊള്ളയിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നാണ് എൽഡിഎഫ് മുമ്പും ആവശ്യപ്പെട്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം കമ്മീഷണറും ദേവസ്വം പ്രസിഡന്‍റുമായ എൻ വാസുവിന്‍റെ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായി. കൊല്ലം വിജിലൻസ് കോടതിയിലാണ് വാദം പൂര്‍ത്തിയായത്. ഡിസംബര്‍ മൂന്നിന് ജാമ്യാപേക്ഷയിൽ വിധി പറയും. എൻ.വാസു വിരമിച്ചതിനുശേഷമാണ് സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്ന് പ്രതിഭാഗം വാദിച്ചു.

 

ശബരിമല അന്നദാനത്തിന് കേരള സദ്യ നൽകാൻ തീരുമാനിച്ചതായി ദേവസ്വം പ്രസിഡന്റ് കെ ജയകുമാർ. പായസത്തോട് കൂടിയുള്ള സദ്യയായിരിക്കുമെന്നും ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കി. എരുമേലിയിൽ സ്പോട്ട് ബുക്കിം​ഗ് അനുവദിക്കുമെന്നും ശബരിമല മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യാനായി ​യോ​ഗം വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബർ 18ന് ബോർഡ് അവലോകന യോ​ഗം ചേരും. ശബരിമലയിലെ ക്രമീകരണങ്ങൾ അവലോകനം ചെയ്തു.

 

എസ്എസ്കെ ഫണ്ട് ആവശ്യപ്പെട്ട് കേന്ദ്രത്തിന് വീണ്ടും കേരളത്തിന്‍റെ കത്ത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് ഇതുസംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കത്തയച്ചു. എസ്എസ്കെ ഫണ്ട് ഉടൻ അനുവദിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായിബന്ധപ്പെട്ടാണ് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിന് കത്തയച്ചത്.രണ്ടര വർഷകാലമായി കേന്ദ്രസർക്കാർ എസ് എസ് കെ ഫണ്ട് അനുവദിക്കുന്നില്ല. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ചുള്ള ഫണ്ടും ഭിന്നശേഷി വിദ്യാർഥികൾക്കുള്ള ഫണ്ടും ഉടൻ അനുവദിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ ഒരു കോടിയിലധികം ഫോമുകള്‍ ബിഎൽഒമാര്‍ ഡിജിറ്റൈസ് ചെയ്തു. 1,06,81,040 ഫോമുകളാണ് ഡിജിറ്റൈസ് ചെയ്തത്. വിതരണം ചെയ്ത ഫോമുകളിൽ 38.45 ശതമാനം ഡിജിറ്റൈസ് ചെയ്തെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. കണ്ടെത്താൻ കഴിയാത്ത വോട്ടര്‍മാരുടെ എണ്ണം 2,81,608 ആയി ഉയര്‍ന്നെന്നും ഡോ. രത്തൻ ഖേൽക്കര്‍ പറഞ്ഞു.

 

എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടി സസ്പെൻഡ് ചെയ്തതാണെന്ന് കെ സി വേണുഗോപാൽ എംപി. പ്രചരണം നടത്തുന്നത് സംബന്ധിച്ച് നോക്കേണ്ടത് പാർട്ടി പ്രാദേശിക നേതാക്കന്മാരാണ്. ഏറ്റവും ശക്തമായ നടപടിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി എടുത്തത്. രാഹുലിനെതിരെ ആരോപണം വന്നപ്പോൾ തന്നെ പാര്‍ട്ടി നടപടി സ്വീകരിച്ചു. എന്നാൽ സ്വർണ്ണപ്പാളി കേസിൽ എന്താണ് സിപിഎമ്മിന്റെ നിലപാടെന്നും കെ സി വേണുഗോപാൽ ചോദിച്ചു.

 

രാഹുൽ മാങ്കൂട്ടത്തലിനെതിരായ ഗർഭഛിദ്ര ആരോപണത്തിൽ ഇരയായ യുവതി രേഖാമൂലം പരാതി നൽകിയാൽ മാത്രം മുന്നോട്ടുപോകാൻ ക്രൈം ബ്രാഞ്ച് തീരുമാനം. സ്ത്രീകളെ ശല്യം ചെയ്തതിന് സ്വമേധയാ എടുത്ത കേസിൽ പെണ്‍കുട്ടിയുടെ മൊഴിയെടുത്തുവെങ്കിലും രാഹുലിനെതിരെ ഇതുവരെ യുവതി പരാതി ഉന്നയിച്ചില്ല. പുതിയ ശബ്ദരേഖകള്‍ പുറത്തുവന്ന സാഹചര്യത്തിൽ യുവതി പരാതിയുമായി എത്തുമോയെന്നാണ് ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ നോക്കുന്നത്.

 

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ച് മുൻ കെപിസിസി പ്രസിഡന്റും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ കെ സുധാകരൻ. രാഹുൽ മാങ്കൂട്ടത്തിൽ സജീവമാകണമെന്ന് പറഞ്ഞ കെ സുധാകരൻ രാഹുൽ നിരപരാധിയെന്നും അഭിപ്രായപ്പെട്ടു. രാഹുലിനെ അവിശ്വസിച്ചത് തെറ്റായിപ്പോയി എന്നും രാഹുലുമായി താൻ വേദി പങ്കിടുമെന്നും കെ സുധാകരൻ വ്യക്തമാക്കി.

 

എസ് എസ് കെ ഫണ്ടുകൾ സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉയർത്തിയ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി ബി.ജെ.പി. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരും ബിജെപി സംസ്ഥാന നേതൃത്വവും ഫണ്ട് തടയാൻ ശ്രമിക്കുന്നുവെന്ന മന്ത്രി വി ശിവൻകുട്ടിയുടെ ആരോപണം ബിജപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ തള്ളി.സംസ്ഥാന സർക്കാർ അഞ്ചുവർഷം കൊണ്ട് ഒന്നും ചെയ്യാതിരുന്നതിനെ ന്യായീകരിക്കാനുള്ള ‘കഥകൾ’ മാത്രമാണ് ഈ ആരോപണങ്ങളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

 

നടിയെ ആക്രമിച്ച കേസിൽ പിടി തോമസിന്റെ ഇടപെടൽ ഓർമിപ്പിച്ച് ഭാര്യയും തൃക്കാക്കര എംഎൽഎയുമായ ഉമ തോമസ്. സ്വന്തം മകൾക്കൊരു പ്രശ്നം വന്നത് പോലെ ആയിരുന്നു പിടിയുടെ ഇടപെടൽ. പി ടി ഉണ്ടായിരുന്നെങ്കിൽ എന്നാ​ഗ്രഹിച്ചുപോയി എന്നും ഉമ തോമസ് മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. ‘ഞാനാദ്യം ആലോചിച്ചത് പിടി ഉണ്ടായിരുന്നെ​ങ്കിൽ എന്നാണ്. ഇന്ത്യൻ ജുഡീഷ്യറിയിൽ എനിക്ക് ഉത്തമ വിശ്വാസമുണ്ട്. അതുകൊണ്ട് തന്നെ തക്കതായ ശിക്ഷ ഇതിൽ ഇടപെട്ടവർക്ക് ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്

 

ശബരിമലയിലെ സ്വര്‍ണക്കൊള്ളയടക്കമുള്ള അഴിമതി സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ വെളിപ്പെടുത്തലുമായി മുൻ ഡിജിപി ജേക്കബ് പുന്നൂസ്. ശബരിമലയിലെ കീഴ്ശാന്തിമാരെ നിയന്ത്രിക്കണമെന്ന് രേഖാമൂലം വിജിലൻസ് സർക്കാരിനെ അറിയിച്ചിരുന്നുവെന്ന മുൻ ഡിജിപി ജേക്കബ് പുന്നൂസിന്‍റെ വെളിപ്പെടുത്തലാണ് പുറത്തുവന്നത്. എന്നാൽ, വിജിലന്‍സ് നൽകിയ ഈ ശുപാര്‍ശ നടപ്പായില്ലെന്നും മുൻ വിജിലന്‍സ് ഡയറക്ടര്‍ കൂടിയായിരുന്ന ജേക്കബ് പുന്നൂസ് പറയുന്നു. കലാകൗമുദിയിൽ പ്രസിദ്ധീകരിക്കുന്ന സര്‍വീസ് സ്റ്റോറിയിലാണ് ജേക്കബ് പുന്നൂസിന്‍റെ വെളിപ്പെടുത്തൽ.

 

മുഖ്യമന്ത്രി പിണറായി വിജയനെതിരേ സാമൂഹികമാധ്യമത്തില്‍ കൊലവിളി കമന്റിട്ട കന്യാസ്ത്രീക്കെതിരേ പോലീസ് കേസെടുത്തു. അഭിഭാഷകനായ സുഭാഷ് തീക്കാടന്റെ പരാതിയില്‍ടീന ജോസ് എന്ന കന്യാസ്ത്രീക്കെതിരേയാണ് തിരുവനന്തപുരം സൈബര്‍ക്രൈം പോലീസ് കേസെടുത്തത്.

 

 

കേരളത്തെ നടുക്കിയ ഹാക്കിംഗ് കേസിലെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. ഉത്തർപ്രദേശ് മീററ്റ് സ്വദേശി പ്രവീൺകുമാർ (36) ആണ് അറസ്റ്റിലായത്. ഇയാൾ പൊലീസ് ഉദ്യോ​ഗസ്ഥനാണ്. പ്രതാപ്ഗർ ജില്ലയിലെ പൊലീസ് സൂപ്രണ്ടിന്റെ കോൾ സർവയലൻസ് ഓഫീസറാണ് പിടിയിലായ പ്രതി. കേസിലെ ഒന്നാം പ്രതിയായ അടൂർ സ്വദേശി ജോയല്‍ വി ജോസിനെയും സഹായിയായി പ്രവർത്തിച്ച രണ്ടാം പ്രതി അഹമ്മദാബാദ് സ്വദേശി ഹിരാൽ ബെൻഅനൂജ് പട്ടേലിനെയും മുൻപ് അറസ്റ്റ് ചെയ്തിരുന്നു.

 

കന്യാകുമാരി കടലിന് സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ ശക്തിപ്രാപിച്ച് തീവ്രന്യൂന മർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യത. കന്യാകുമാരി കടൽ, ശ്രീലങ്ക, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവയ്ക്ക് മുകളിലാണ് നിലവിൽ ഇത് സ്ഥിതിചെയ്യുന്നത്. മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും ഈ ഭാഗത്തേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.

 

നാവികസേനയുടെ ഓപ്പറേഷണൽ ഡെമോൺസ്‌ട്രേഷൻ നടക്കുന്നതിനെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സർവീസുകളുടെ സമയത്തിൽ മാറ്റം. നവംബർ 27 മുതൽ ഡിസംബർ മൂന്ന് വരെ ഏഴ് ദിവസങ്ങളിലായി വ്യോമമേഖല അടച്ചിടുന്നതിനാലാണ് വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ ദിവസങ്ങളിൽ വൈകുന്നേരം നാല് മണി മുതൽ ആറേകാൽ വരെയാണ് വിമാന സർവീസുകൾ നിർത്തിവയ്ക്കുക.

 

കണ്ണൂരിൽ യുഡിഎഫ് പ്രചാരണ ബോർഡുകൾ നശിപ്പിച്ചതായി പരാതി. കണ്ണൂർ കോർപറേഷനിലെ കാപ്പാട്, തിലാനൂർ ഡിവിഷനുകളിൽ സ്ഥാപിച്ച പ്രചാരണ ബോർഡുകളാണ് നശിപ്പിച്ചത്. രാത്രിയിൽ അജ്ഞാതർ ബോർഡുകൾ നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.

 

 

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻഎസ്എസ്, എൻസിസി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ചില റവന്യൂ ഉദ്യോഗസ്ഥരുടെ ആവശ്യം പഠനത്തെ തടസപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പൊതുപരീക്ഷകൾ ഉൾപ്പെടെയുള്ള സുപ്രധാനമായ പരീക്ഷകൾ പടിവാതിൽക്കൽ എത്തിനിൽക്കെ, 10 ദിവസത്തിലധികം വിദ്യാർത്ഥികളെ ക്ലാസുകളിൽ നിന്ന് മാറ്റിനിർത്തി വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനും ഡിജിറ്റൈസേഷനും നിയോഗിക്കുന്നത് അംഗീകരിക്കാനാവില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

26/11 മുംബൈ ഭീകരാക്രമണക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ഫഹീം അൻസാരിക്ക്, പൊലീസ് ക്ലിയറൻസ്/സ്വഭാവ പരിശോധനാ സർട്ടിഫിക്കറ്റ് ആവശ്യമില്ലാത്ത ഏത് ജോലിയും ചെയ്യാമെന്ന് മഹാരാഷ്ട്ര സർക്കാർ ബോംബെ ഹൈക്കോടതിയിൽ. 166 പേരുടെ മരണത്തിനും 300-ൽ അധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത ഭീകരാക്രമണത്തിന്റെ 17-ാം വാർഷികത്തിന് ഒരു ദിവസം മുമ്പാണ് സർക്കാർ ഇക്കാര്യം കോടതിയെ അറിയിച്ചത്.

 

ഉത്തർപ്രദേശിൽ എസ്ഐആർ ഡ്യൂട്ടിക്കിടെ ആത്മഹത്യക്ക് ശ്രമിച്ച ബൂത്ത് ലെവൽ ഓഫീസർ മരിച്ചു. ഗോണ്ടയിലെ അധ്യാപകൻ വിപിൻ യാദവാണ് മരിച്ചത്. ഇന്ന് രാവിലെയാണ് വിപിൻ യാദവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. മേലുദ്യോ​ഗസ്ഥരുടെ മാനസിക സമ്മർദം കാരണമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് മരിക്കും മുൻപ് വിപിൻ പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. ഭാര്യ ചിത്രീകരിച്ച വീഡിയോ പുറത്തുവന്നിട്ടുണ്ട്.

 

ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിജെപിക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് നിബന്ധനകൾ നിർദ്ദേശിക്കുകയാണെന്നും വരാനിരിക്കുന്ന എസ്‌ഐആർ നടപടിയില്‍ യഥാർത്ഥ വോട്ടർമാരെ നീക്കം ചെയ്യുകയാണെങ്കില്‍ രംഗത്തിറങ്ങുമെന്നും മമത പറഞ്ഞു. ബംഗാളിൽ തന്നെയോ തന്റെ ആളുകളെയോ ലക്ഷ്യം വച്ചാൽ രാജ്യവ്യാപകമായി തെരുവിലിറങ്ങി മുഴുവൻ രാജ്യത്തെയും ഇളക്കിമറിക്കുമെന്നും അവർ ബിജെപിക്ക് മുന്നറിയിപ്പ് നൽകി.

 

അയോധ്യയിലെ രാമക്ഷേത്രത്തിലെ പതാക ഉയർത്തൽ ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്ന് സ്ഥലം എംപി അവധേഷ് പ്രസാദ്. ദളിതനായതുകൊണ്ടാണ് തന്നെ അവഗണിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ശ്രീ രാമൻ എല്ലാവരുടേതുമാണ്. ചിലരുടെ സങ്കുചിത മനസ്ഥിതിയാണ് തന്നെ ക്ഷണിക്കാതിരിക്കാന്‍ കാരണമെന്നും ഫൈസബാദ് എം പി പറഞ്ഞു. അതേസമയം നാട്ടുകാർക്ക് അവസരം ലഭിച്ചിട്ടില്ലെന്നും എംപി ആരോപിച്ചു. ക്ഷണിച്ചാൽ നഗ്നപാദനായി ചടങ്ങിൽ പങ്കെടുക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

 

ഗായകൻ സുബീൻ ഗാർഗിന്റെ മരണം കൊലപാതകമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അസം നിയമസഭയുടെ ശൈത്യകാല സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. സുബീന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം മുഖ്യമന്ത്രി തള്ളി. നിലവിലെ അന്വേഷണത്തിൽ പൂർണ വിശ്വാസം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.

 

പാരീസിലെ ലോകപ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിൽ കഴിഞ്ഞ ഒക്ടോബറിൽ നടന്ന കവര്‍ച്ചയിൽ ഒരാള്‍ കൂടി പിടിയിലായി. ഇതോടെ കൊള്ളയിൽ ആകെ 4 പേരാണ് പിടിയിലായിരിക്കുന്നത്. കവര്‍ച്ച ചെയ്യപ്പെട്ട ആഭരണം ഇതേവരെ കണ്ടെത്താനായില്ല. നെപ്പോളിയൻ ചക്രവർത്തിയുടെ അമൂല്യ വജ്രാഭരണങ്ങൾ മോഷണം പോയെന്നാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

 

ഈ വർഷം അവസാനം നിശ്ചയിച്ചിരുന്ന ഇന്ത്യാ സന്ദര്‍ശനം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മാറ്റിവെച്ചെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കായാണ് നെതന്യാഹു എത്താനിരുന്നത്. എന്നാല്‍ നവംബര്‍ 10ന് ദില്ലിയില്‍ നടന്ന സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷാ ആശങ്ക ഉയര്‍ത്തിയാണ് സന്ദര്‍ശനം മാറ്റിവെച്ചതെന്ന് ഇസ്രായേല്‍ മാധ്യമമായ i24NEWS റിപ്പോര്‍ട്ട് ചെയ്തു.

 

പാക് വ്യോമാക്രമണത്തില്‍ 10 സിവിലിയന്മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി താലിബാന്‍ ഭരണകൂടം. ഉചിതമായ സമയത്ത് തിരിച്ചടിക്കുമെന്ന് താലിബാന്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസമാണ് കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 10 പേര്‍ കൊല്ലപ്പെട്ടത്. പാകിസ്ഥാന്‍റെ കരാര്‍ ലംഘനത്തെയും കുറ്റകൃത്യത്തെയും ഇസ്ലാമിക് എമിറേറ്റ് ശക്തമായി അപലപിച്ചു.

 

ബാവുൽ ദായകൻ അബുൾ സർക്കാരിനെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് ബംഗ്ലാദേശിൽ വീണ്ടും വൻ പ്രതിഷേധം. വിദ്യാർത്ഥികളും കലാകാരന്മാരും പ്രതിഷേധവുമായി തെരുവിലിങ്ങി. മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന പുറത്താക്കപ്പെട്ട ശേഷം രാജ്യത്ത് ഫാസിസത്തിൻ്റെ പുതിയ രൂപം ഉയർന്നുവരികയാണെന്നാണ് വിമർശനം. മുഹമ്മദ് യൂനുസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന് കീഴിൽ വർഗീയ സംഘർഷങ്ങൾ വർദ്ധിച്ചുവെന്നും ആരോപിച്ചാണ് യുവാക്കളിൽ ഒരു വിഭാഗമടക്കം തെരുവിലിറങ്ങിയിരിക്കുന്നത്.

 

 

സുഡാനിലേക്ക് ഭക്ഷ്യസഹായവുമായി പോയ വിമാനം തകർന്ന് മൂന്നുപേർ മരിച്ചു. ദക്ഷിണ സുഡാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ജീവകാരുണ്യ സംഘടന സമരിറ്റൻസ് പഴ്സിനുള്ള ഭക്ഷ്യവസ്തുക്കളുമായി പോയ വിമാനമാണ് തകർന്നത്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *