പുഴുക്കളും പാറ്റകളും മുതല്‍ പാമ്പും പട്ടിയും വരെയുള്ളവയെ ഭക്ഷണമാക്കുന്ന ചൈനയില്‍ വെള്ള സ്രാവിനെ വാങ്ങി പാചകം ചെയ്ത് കഴിച്ച ഫുഡ് ബ്ലോഗര്‍ക്ക് 18,500 ഡോളര്‍ പിഴ. അതായതു 15 ലക്ഷത്തോളം രൂപയാണു പിഴ. ടിസി എന്ന പേരില്‍ അറിയപ്പെടുന്ന പാചക ബ്ലോഗറായ ജിന്‍ മൗമുവിനെയാണ് ചൈനീസ് അധികൃതര്‍ പിടികൂടിയത്. വംശനാശ ഭീഷണി നേരിടുന്ന സംരക്ഷിത ഇനമായ വെള്ള സ്രാവിനെ കൊല്ലുന്നതും ഭക്ഷണമാക്കുന്നതുമെല്ലാം നിയമവിരുദ്ധമാണ്. അഞ്ചരയടി നീളമുള്ള വലിയ വെള്ള സ്രാവിനെ ആലിബാബയുടെ താവോബാവോ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്സൈറ്റില്‍ നിന്ന് 93,295 രൂപയ്ക്കാണ് വാങ്ങിയത്. സ്രാവിനെ പിടിച്ച മത്സ്യത്തൊഴിലാളിയെയും വിറ്റ വ്യാപാരിയും വെബ് സൈറ്റ് അധികാരികളേയുമെല്ലാം അറസ്റ്റ് ചെയ്തു. അവര്‍ക്കെല്ലാം പിഴശിക്ഷയുമുണ്ട്. വീട്ടിലെത്തിച്ച സ്രാവിനൊപ്പം കിടക്കുന്ന ചിത്രം ഉള്‍പ്പെടെ ബ്ലോഗറായ ജിന്‍ മൗമു പങ്കുവച്ചിരുന്നു. സ്രാവിന്റെ മാംസം പലതരത്തില്‍ പാചകം ചെയ്തു. തലഭാഗം സൂപ്പാക്കുകയും ചെയ്തു. പാചകം ചെയ്യുന്നതിന്റെയും രുചിയോടെ അത് ഭക്ഷിക്കുന്നതിന്റെയും വീഡിയോയും ഇവര്‍ പങ്കുവച്ചു. വളരെ മൃദുലവും രുചികരവുമായ മാംസമാണ് വെള്ള സ്രാവിന്റേതെന്നും വീഡിയോയില്‍ പറഞ്ഞു. വീഡിയോ വൈറലായതോടെയാണ് ചൈനീസ് അധികൃതര്‍ ജിന്‍ മൗമുവിനെ പിടികൂടിയത്. അറസ്റ്റും 15 ലക്ഷം പിഴയുമായാലെന്താ, വീഡിയോ ലക്ഷങ്ങള്‍ കണ്ടതിന്റെ സായൂജ്യത്തിലാണ് ഈ സോഷ്യല്‍ മീഡയാ താരം.
വെള്ളസ്രാവിനെ വെട്ടിവിഴുങ്ങിയ ഫുഡ് ബ്ലോഗര്‍ക്ക് 15 ലക്ഷം രൂപ പിഴ
