ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോയില്‍ ആദ്യ ഒരു മണിക്കൂറില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ ബുക്ക് ചെയ്യപ്പെട്ട ആദ്യ ഇന്ത്യന്‍ ചിത്രമായി ‘എമ്പുരാന്’. ഒരുലക്ഷത്തിനടുത്ത് ടിക്കറ്റുകളാണ് ആദ്യ മണിക്കൂറില്‍ വിറ്റുപോയത്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇതു ചരിത്ര റെക്കോര്‍ഡ് ആണ്. വിജയ്യുടെ ലിയോ, അല്ലു അര്‍ജുന്റെ പുഷ്പ 2 എന്നിവയുടെ റെക്കോര്‍ഡ് ആണ് ‘എമ്പുരാന്’ നിസ്സാര നിമിഷങ്ങള്‍കൊണ്ട് തകര്‍ത്തു കളഞ്ഞത്. മാര്‍ച്ച് 21 രാവിലെ ഒന്‍പത് മണിക്കാണ് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റഴിയുന്ന കാഴ്ചയാണ് കാണാനാകുന്നത്. പല തിയറ്ററുകളിലും റിലീസ് ദിവസത്തെ ടിക്കറ്റുകള്‍ തീര്‍ന്ന അവസ്ഥയാണ്. ഒരു സമയത്ത് ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോയും നിലച്ചുപോയ അവസ്ഥ ഉണ്ടായി. സകല കലക്ഷന്‍ റെക്കോര്‍ഡുകളും എമ്പുരാന് തകര്‍ത്തെറിയുമെന്ന് ഇതോടെ ഏതാണ് ഉറപ്പായി കഴിഞ്ഞു. ഒട്ടുമിക്ക ജില്ലകളിലെയും എല്ലാ തിയറ്ററുകളിലും എമ്പുരാന് ആണ് ചാര്‍ട്ട് ചെയ്തിരിക്കുന്നത്. ആറു മണിക്കുള്ള ഫാന്‍സ് ഷോയുടെ ടിക്കറ്റുകള്‍ രണ്ടാഴ്ചയ്ക്കു മുമ്പേ തീര്‍ന്നിരുന്നു. മാര്‍ച്ച് 27നാണ് ചിത്രം ആഗോള റിലീസായി തിയറ്ററുകളിലെത്തുന്നത്. ലോകം മുഴുവനുള്ള സിനിമാ പ്രേമികള്‍ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമായി മാറുകയാണ് എമ്പുരാന്.
ടിക്കറ്റ് ബുക്കിംഗില്‍ ഇന്ത്യയില്‍ ഒന്നാമതായി ‘എമ്പുരാന്’
