കറി ഒഴിച്ചുകൂട്ടും പോലെ അച്ചാറുകള് കഴിക്കുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്ക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധര്. അച്ചാര് അമിതമായി കഴിക്കുന്നതു മൂലം വയറുവേദന, ദഹനക്കേട്, നെഞ്ചെരിച്ചില് എന്നിവ പതിവാകാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല, പ്രമേഹം, ഹൃദ്രോഗം, രക്തസമ്മര്ദം എന്നിവയുള്ളവരില് അവസ്ഥകള് വഷളാകാം. പ്രത്യേകിച്ച്, കടകളില് നിന്ന് വാങ്ങുന്ന പ്രിസര്വേറ്റീവുകളും അമിതമായി ഉപ്പും അടങ്ങിയ അച്ചാറുകള്. ഇത് കാന്സര് പോലുള്ള ഗുരുതര രോഗങ്ങള്ക്ക് വരെ കാരണമാകാമെന്ന് ചില പഠനങ്ങള് ചൂണ്ടിക്കാണിക്കുന്നു. അച്ചാറില് ഉപയോഗിക്കുന്ന അമിതമായ ഉപ്പ്, രക്തസമ്മര്ദം വര്ധിക്കാനും വൃക്കകളുടെ പ്രവര്ത്തനത്തെ ബാധിക്കാനും കാരണമാകും. അസിഡിറ്റിയുടെ പ്രധാനകാരണം ഒരു പരിധിവരെ അച്ചാറിന്റെ അമിത ഉപയോഗം ആണ്. എണ്ണയും ഉപ്പും കുറച്ചുകൊണ്ട് വീട്ടിലുണ്ടാക്കുന്ന അച്ചാറുകള് ആരോഗ്യപ്രദമാണ്. ഇതില് അടങ്ങിയ ഇഞ്ചി, വെളുത്തുള്ളി, കടുക് എന്നിവ ദഹനത്തെ മെച്ചപ്പെടുത്തും. അച്ചാറിലെ പുളിയില് പ്രോബയോട്ടിക് ബാക്ടീരിയ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം, പ്രതിരോധശേഷി എന്നിവ വര്ധിപ്പിക്കുന്നു. ഇതിനായി ലെമണ് ജ്യൂസ്, നാച്ചുറല് വിനിഗര് എന്നിവ ഉപയോഗിക്കുക. കടുക് എണ്ണ, നല്ലെണ്ണ, ഒലിവ് ഓയില് എന്നിവ വളരെ കുറച്ച് ഉപയോഗിക്കുക.
