പിരിച്ചുവിടേണ്ട ജീവനക്കാരെ തിരഞ്ഞെടുക്കാന്‍ എ.ഐ. അധിഷ്ഠിത സംവിധാനങ്ങള്‍ ഉപയോഗിച്ചുവെന്നാരോപിച്ച് ടെക് കമ്പനിയായ മെറ്റയ്‌ക്കെതിരേ 26 ജീവനക്കാര്‍ പരാതി നല്‍കി. തിങ്കളാഴ്ച കാലിഫോര്‍ണിയയിലെ ഓക്ലന്‍ഡിലെ ഫെഡറല്‍ കോടതിയിലാണ് ഹര്‍ജി നല്‍കിയത്. മെറ്റ മേയില്‍ പ്രഖ്യാപിച്ച 8,000 പേരുടെ പിരിച്ചുവിടലുമായി ബന്ധപ്പെട്ടാണ് കേസ്. എ.ഐ. ടൂളുകളും അല്‍ഗൊരിതങ്ങളും ഉപയോഗിച്ച് പിരിച്ചുവിടല്‍ പട്ടിക തയ്യാറാക്കിയ മെറ്റ മെഡിക്കല്‍, പ്രസവ, മാതാപിതൃ-കുടുംബപരിചരണ അവധിയിലായിരുന്നവരോട് വിവേചനം കാട്ടിയെന്ന് ജീവനക്കാര്‍ ആരോപിച്ചു. ഫാമിലി ആന്‍ഡ് മെഡിക്കല്‍ ലീവ് നിയമം, അമേരിക്കന്‍സ് വിത്ത് ഡിസെബിലിറ്റീസ് നിയമം, പ്രെഗ്നന്‍സി ഡിസ്‌ക്രിമിനേഷന്‍ നിയമം തുടങ്ങിയവ മെറ്റ ലംഘിച്ചുവെന്നാണ് ജീവനക്കാരുടെ വാദം. ഹര്‍ജിക്കാരായ 26 പേരും നിലവില്‍ കമ്പനിയില്‍ തുടരുന്നുണ്ടെങ്കിലും പിരിച്ചുവിടല്‍ ജൂലായ് 22 മുതല്‍ പ്രാബല്യത്തില്‍ വരും.
