അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഗാറ്റ് വിക്ക് എയര്‍പോര്‍ട്ടിലേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം തകർന്നു വീണു. മരണ സംഖ്യ 110 ആയി. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. വിമാനത്തിൽ 232 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. നിരവധി പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. യാത്രക്കാരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും ഉണ്ടെന്ന് വിവരം. അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്. അഹമ്മദാബാദ് വിമാനത്താവളത്തിന്റെ മതിലിൽ വിമാനം ഇടിച്ചതിന് ശേഷമാണ് തകർന്നുവീണതെന്നും അതല്ല മരത്തിലിടിച്ചാണ് വീണതെന്നും വിവരങ്ങളുണ്ട്. തകർന്ന് വീണതിന് പിന്നാലെ തീയാളിപ്പടർന്നു. ജനവാസമേഖലയായ മേഖാനി നഗറിലാണ് വിമാനം തകര്‍ന്ന് വീണത്.വിമാന ദുരന്തത്തിന് പിന്നാലെ അഹമ്മദാബാദ് വിമാനത്താവളം അടച്ചു. ഇവിടെ നിന്നുള്ള എല്ലാ വിമാന സർവീസുകളും താത്കാലികമായി നിർത്തിവച്ചതായും അറിയിപ്പുണ്ട്. രക്ഷാ പ്രവർത്തനത്തിന്റെയടക്കം ഭാഗമായാണ് നടപടി.
അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരണം 110 ആയി
