വിവോ, ഐക്യു സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള സൈബര്‍ തട്ടിപ്പ് വ്യാപകമാണെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി കേരള പൊലീസ്. ‘ഒറിജിന്‍ ഒ എസ് അപ്ഡേറ്റ്’ എന്ന വ്യാജേന അയക്കുന്ന സന്ദേശങ്ങള്‍ വഴി മൊബൈല്‍ ഫോണുകളില്‍ മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച് ഉപയോക്താക്കളുടെ ബാങ്കിംഗ് വിവരങ്ങള്‍ ചോര്‍ത്തുന്നതാണ് തട്ടിപ്പിന്റെ രീതി. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെ ‘അടിയന്തരമായി സിസ്റ്റം അപ്ഡേറ്റ് ചെയ്യുക’ എന്ന തരത്തിലുള്ള പോപ്പ്-അപ്പ് സന്ദേശങ്ങള്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടും. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അപ്ഡേറ്റിന് പകരം മാല്‍വെയര്‍ അടങ്ങിയ എപികെ ഫയലുകള്‍ ഡൗണ്‍ലോഡ് ആകുന്നു. ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാര്‍ക്ക് ലഭിക്കുകയും വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്യുന്നു. ഇതിലൂടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടാനാണ് സംഘം ലക്ഷ്യമിടുന്നത്. തട്ടിപ്പിനിരയായാല്‍ ഉടന്‍ തന്നെ 1930 എന്ന സൈബര്‍ ഹെല്‍പ്പ്ലൈന്‍ നമ്പറിലോ ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലിലോ പരാതി നല്‍കുക.
