ആകെ ഭാരത്തിന്റെ തൊണ്ണൂറു ശതമാനവും വെള്ളം നിറഞ്ഞ ഒരു പച്ചക്കറിയാണ് ചുരയ്ക്ക. നാരുകളുടെയും പോഷകങ്ങളുടെയും കലവറയാണെന്ന് മാത്രമല്ല, എത്ര കഴിച്ചാലും കാലറി അധികമാവുകയുമില്ല. ഒരു കപ്പ് ചുരയ്ക്കയില്‍ വെറും 17 കാലറിയും 0.1 ഗ്രാം കൊഴുപ്പും മാത്രമേ അടങ്ങിയിട്ടുള്ളു. അതുകൊണ്ടുതന്നെ ഭാരം നിയന്ത്രിക്കാന്‍ നോക്കുന്നവരുടേയും, പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍, വൃക്ക, കരള്‍ രോഗങ്ങള്‍ എന്നിവയുള്ളവര്ക്കുമെല്ലാം പേടികൂടാതെ കഴിക്കാവുന്ന പച്ചക്കറിയാണ് ഇത്. വളരെ കുറഞ്ഞ അളവില്‍ മാത്രം സോഡിയം ഉള്ള ഈ പച്ചക്കറി ഉയര്‍ന്ന ബിപി ഉള്ളവര്‍ക്ക് വളരെ അനുയോജ്യമാണ്. ഇത് രക്തത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുകയും, ഹൃദയത്തിലേക്കും അവിടെ നിന്ന് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ശരിയായ രക്തപ്രവാഹം ഉറപ്പാക്കുകയും ചെയ്യുന്നു. കാല്‍സ്യം, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളും സി, ബി തുടങ്ങിയ പ്രധാന വൈറ്റമിനുകളും ചുരയ്ക്കയില്‍ ഉണ്ട്. ഉദരസംബന്ധമായ രോഗങ്ങള്‍ നിയന്ത്രിക്കാനും ത്വക്ക് രോഗങ്ങളെ നിയന്ത്രിക്കാനും വളരെ ഫലപ്രദമാണ്.
