വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷം. പ്രതിസന്ധി പരിഹരിക്കുന്നതിൽ സർക്കാർ വിജയിച്ചെന്നും ഒക്ടോബറിൽ നിയന്ത്രണം ഉണ്ടായിട്ടില്ലെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.
ഉമ്മൻചാണ്ടി കാലത്തെ ദീര്ഘകാല വൈദ്യുതി കരാര് ഇടതുസര്ക്കാർ റദ്ദാക്കിയെന്നത് ശുദ്ധനുണയെന്നും കരാര് അംഗീകരിക്കാതിരുന്നത് റെഗുലേറ്ററി കമ്മീഷനാണെന്നും പ്രതിപക്ഷനേതാവ് പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. റെഗുലേറ്ററി കമ്മിറ്റിയിൽ നിയോഗിച്ച പാര്ട്ടിക്കാരാണ് കരാര് റദ്ദാക്കിയതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ തിരിച്ചടിച്ചു.
കേരളത്തിൽ വരുന്ന അധ്യയന വർഷം മുതൽ എൽ.എൽ.ബി പ്രവേശന പരീക്ഷകൾ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയിൽ നടത്താൻ സർക്കാർ തീരുമാനം. മലയാളം ഐക്യ വേദി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മലപ്പുറത്ത് രണ്ടാമത്തെ മെഡിക്കൽ കോളേജ് അനുവദിക്കേണ്ട ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ നിയമസഭയിൽ. ജനസംഖ്യയും രോഗികളുടെ അനുപാതവും നിരത്തി തിരൂർ ആസ്ഥാനമായി പുതിയ മെഡിക്കൽ കോളേജ് വേണം എന്ന കുറുക്കോളി മൊയ്തീൻ എംഎൽഎയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി നല്കുകയായിരുന്നു മന്ത്രി.
നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത അപകടവുമായി ബന്ധപ്പെട്ടുള്ള പൊലീസ് നടപടിയിൽ വീഴ്ചയുണ്ടായി എന്ന് സഭയിൽ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അതേ സമയം സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മറുപടി നൽകി.
മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും മുൻമന്ത്രി മുഹമ്മദ് റിയാസിനുമെതിരായ വിജിലൻസ് അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് ഡയറക്ടർ ഉത്തരവിട്ടു. ഡിഐജി തോംസൺ ജോസിനാണ് അന്വേഷണത്തിന്റെ മേൽനോട്ടം.
നെടുമ്പാശ്ശേരി അപകടത്തിൽ ഇടപെട്ടു എന്ന ഡിവൈഎഫ്ഐയുടെ ആരോപണം പൂർണമായി നുണയാണെന്ന് എക്സൈസ് മന്ത്രി എം. ലിജു. സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ മദ്യം നൽകിയ സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കാൻ നിർദേശം നൽകിയിരുന്നതായി അദ്ദേഹം പറഞ്ഞു.
എറണാകുളം കടവുംഭാഗത്ത് ജൂതപ്പള്ളിക്ക് മുന്നിൽ തീയിട്ട സംഭവത്തിൽ അറസ്റ്റിലായ പ്രതി പുത്തൻകുരിശ് സ്വദേശി എബിൻ പോളിന്റെ ഫോണിൽ ദുരൂഹ ചാറ്റുകൾ കണ്ടെത്തിയതിനെ തുടർന്ന് സംഭവത്തിൽ തീവ്രവാദ ബന്ധം ഉണ്ടോയെന്ന സംശയത്തിൽ പൊലീസും കേന്ദ്ര ഏജൻസികളും.
ദേശീയപാത 66 നാട്ടിക ടോള് പ്ലാസയിലെ സമരത്തിനുമുമ്പ് പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് റോഡ് അടച്ചതിനെ തുടര്ന്ന് മൂന്നു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
ചിറയിൻകീഴിൽനിന്നും കൊല്ലത്തേക്കുള്ള കെഎസ്ആർടിസി ബസ് സർവീസിന്റെ ഉദ്ഘാടനം ഡിസിസി ജനറൽ സെക്രട്ടറി നിർവഹിച്ച സംഭവം വിവാദത്തിൽ. ഉദ്ഘാടകയായി സ്ഥലം എംഎൽഎ രമ്യ ഹരിദാസിനെ നിശ്ചയിച്ചിരുന്നുവെങ്കിലും എംഎൽഎ എത്താത്തതിനെ തുടർന്ന് മന്ത്രി ബിന്ദു കൃഷ്ണയുടെ ഭർത്താവും ഡിസിസി ജനറൽ സെക്രട്ടറിയുമായ അഡ്വ. എസ്. കൃഷ്ണകുമാറാണ് ഉദ്ഘാടനം ചെയ്തത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ വടകര സ്വദേശി തങ്കമണിയാണ് മരിച്ചത്.
റീജിയണൽ കാൻസർ സെന്ററിലെ മുൻ കാൻസർ സർജനായ ഡോ. ചന്ദ്രമോഹനെ, ഇന്ത്യയിലെ കാൻസർ ശസ്ത്രക്രിയാ വിദഗ്ധരുടെ പ്രമുഖ പ്രൊഫഷണൽ സംഘടനകളിലൊന്നായ ഇന്ത്യൻ അസോസിയേഷൻ ഓഫ് സർജിക്കൽ ഓങ്കോളജിയുടെ (IASO) പ്രസിഡന്റായി തിരഞ്ഞെടുത്തു.
നെടുമ്പാശ്ശേരിയിലെ മിനി കൂപ്പർ അപകടത്തിൽ ശക്തമായ തുടർനടപടികൾ ഉണ്ടാകുമെന്ന് എറണാകുളം എൻഫോസ്മെന്റ് ആർടിഒ ബിജു ഐസക്. പ്രതിയായ സുഹൈൽ സജീവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി.
കരമന കൂടത്തിൽ കുടുംബത്തിലെ 7 പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ ഒൻപത് വർഷത്തിന് ശേഷം ആദ്യ അറസ്റ്റ് നടന്നത് ഇന്നലെ. ജയമാധവൻനായരെ കൊലപ്പെടുത്തിയ കാര്യസ്ഥൻ രവീന്ദ്രൻ നായരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ഹോട്ടലില്നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കാളികാവിലെ വ്യാപാരി മരിച്ചു. കാളികാവ് ജങ്ഷനിലെ കൊച്ചുകുടിയില് ഹോം അപ്ലയന്സസ് ഉടമയും പെവുന്തറ സ്വദേശിയുമായ അച്ഛിപ്ര സത്താര് (45) ആണ് മരിച്ചത്.
പാലക്കാട് മൂലത്തറ ഡാമിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആൾക്കൂട്ട കൊലപാതകം. മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ കൊന്നത് വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന്റെ പേരിലാണെന്ന് പൊലീസ്, സംഭവത്തിൽ പ്രധാന പ്രതി മൂലക്കടവ് സ്വദേശി കതിരേശൻ അടക്കം 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം ആറ്റിങ്ങലിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ അയിലം ഗവൺമെന്റ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ഗൗരി പാർവതിയെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആറ്റിങ്ങൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.
തമിഴ്നാട് മുൻ മന്ത്രിയും ഡിഎംകെ നേതാവുമായ കെ പൊന്മുടിക്കെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. 2006നും 2011നും ഇടയിൽ പൊന്മുടി ഖനിവകുപ്പ് മന്ത്രി ആയിരിക്കെ ഖജനാവിന് 28 കോടി രൂപ നഷ്ടം വരുത്തിയെന്ന കേസിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിർണായക നടപടി.
തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് ചോദ്യങ്ങളുമായി കോൺഗ്രസ്. എസ്ഐആറിലൂടെ എത്ര നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തിയെന്ന് വ്യക്തമാക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് ആവശ്യപ്പെട്ടു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിനെതിരെ മിന്നൽ സമരങ്ങൾക്ക് തയ്യാറായിരിക്കാൻ എംപിമാരോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. വിളിപ്പുറത്ത് ഉണ്ടാകണമെന്നാണ് ഇന്ത്യാസഖ്യ നേതാക്കൾക്ക് നിർദേശം നല്കിയിരിക്കുന്നത്.
ഉത്തർ പ്രദേശിലെ കാൻപുരിൽ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രമേശ് യാദവിൻ്റെ ഫാം ഹൗസിലാണ് കവർച്ച. അർധരാത്രിയിൽ ഫാം ഹൗസിലേക്ക് അതിക്രമിച്ചു കയറിയ മുഖംമൂടി സംഘം രമേശ് യാദവിൻ്റെ കൈകാലുകൾ ബന്ധിച്ച ശേഷം 50 ലക്ഷം രൂപയോളം വില വരുന്ന സാധനസാമഗ്രികൾ കവർന്നു വെന്നാണ് വിവരം
തമിഴ്നാട്ടിലേക്ക് കൃഷ്ണനദിയില് നിന്ന് വെള്ളം നല്കാന് ധാരണയായതായി സൂചന. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്. ചന്ദ്രബാബു നായിഡുവും വിജയവാഡയില് നടത്തിയ ചര്ച്ചയിലാണ് ധാരണയിലെത്തിയത്.
സൗദി അറേബ്യക്ക് നേരെ അതിശക്തമായ ആക്രമണം തുടർന്ന് ഹൂത്തികൾ. ധഹ്റാൻ ആസ്ഥാനത്തുള്ള സൗദി അരാംകോയുടെ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിന് നേരെ ഹൂത്തികളുടെ മിസൈൽ ആക്രമണം നടന്നു. റിയാദിന് നേരെ തൊടുത്തുവിട്ട രണ്ട് ക്രൂയിസ് മിസൈലുകൾ സൗദി വ്യോമപ്രതിരോധ സേന തകർത്തു.
ഇന്ത്യ സഖ്യ മാർച്ചിനിടെ രാഹുൽ ഗാന്ധി തന്നെ തള്ളിമാറ്റിയിട്ടില്ലെന്ന് കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ. തൊട്ടുപിന്നാലെ വന്ന വാഹനത്തിൽ കയറാൻ രാഹുൽ തന്നോട് നിർദേശിക്കുകയായിരുന്നുവെന്നും തിരക്ക് കാരണം തന്നോട് കരുതൽ കാണിക്കുകയാണ് ചെയ്തതെന്നും ഡി കെ ശിവകുമാർ വ്യക്തമാക്കി.
ജന്തർ മന്തറിൽ അതിക്രമിച്ച് കയറിയതിന് അറസ്റ്റ് ചെയ്ത സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക, അജിൻക്യ ഷിൻഡെ എന്നിവരെ അഞ്ചുദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ജന്തർമന്തറിലേക്ക് അതിക്രമിച്ചുകയറിയതിനും പൊലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനുമാണ് സിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്തത്.
പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജിയെ യുവതി ആക്രമിക്കാൻ ശ്രമിച്ചെന്ന് പരാതി. വീടിന് പുറത്തിറങ്ങിയ മമതാ ബാനർജിക്ക് നേരേ യുവതി പാഞ്ഞടുത്തെന്നും കത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചെന്നുമാണ് തൃണമൂൽ കോൺഗ്രസിന്റെ പരാതി.
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സങ്കീർണ്ണമായ സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് താത്കാലികമായി നിർത്തിവെച്ചു.
റിയാദ് നഗരത്തിന് നേരെ വന്ന രണ്ട് ക്രൂയിസ് മിസൈലുകൾ ആകാശത്തുവെച്ച് തടഞ്ഞു നശിപ്പിച്ചതിനെ തുടർന്നുണ്ടായ അവശിഷ്ടങ്ങൾ വീണ് രണ്ട് സ്ത്രീകളും ഒരു പുരുഷനും കുട്ടിയുമടക്കം നാല് പേർക്ക് പരിക്കേറ്റതായി സിവില് ഡിഫന്സ് ഔദ്യോഗിക വക്താവ് അറിയിച്ചു.
