നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 183.27 കോടി രൂപയുടെ ലാഭം നേടി തൃശൂര്‍ ആസ്ഥാനമായുള്ള സിഎസ്ബി ബാങ്ക്. തൊട്ടു മുന്‍ പാദത്തിലെ 150.04 കോടി രൂപയയില്‍ നിന്ന് 21.8 ശതമാനത്തിന്റെ വര്‍ധന. മുന്‍ വര്‍ഷത്തെ സമാന പാദത്തിലെ 160.33 കോടി രൂപയേക്കാള്‍ 14 ശതമാനം ഉയര്‍ന്ന തുകയാണിത്. മൊത്തം ബിസിനസ്സ് 20 ശതമാനം വര്‍ധിച്ച് 89,272 കോടി രൂപയായി. മൊത്തം വായ്പകള്‍ 22.10 ശതമാനം ഉയര്‍ന്ന് 42,383 കോടി രൂപയിലെത്തി. ഗോള്‍ഡ് ലോണ്‍ പോര്‍ട്ട്ഫോളിയോ 35.53 ശതമാനം വര്‍ധിച്ച് 22,303 കോടി രൂപയായി. ആകെ നിക്ഷേപം 18.25 ശതമാനം വര്‍ധിച്ച് 46,889 കോടി രൂപയായി. അറ്റ പലിശ വരുമാനം മുന്‍ വര്‍ഷത്തെ 424.36 കോടി രൂപയില്‍ നിന്ന് 20.17 ശതമാനം വര്‍ധിച്ച് 510.01 കോടി രൂപയിലെത്തി. മൊത്തം വരുമാനം 10.5 ശതമാനം വര്‍ധിച്ച് 1,612.48 കോടി രൂപയായി. മുന്‍ വര്‍ഷമിത് 1,458.36 കോടി രൂപയായിരുന്നു.
183.27 കോടി രൂപയുടെ ലാഭം നേടി സിഎസ്ബി ബാങ്ക്
