ഇ-കെവൈസി പ്രക്രിയയിലൂടെ റേഷന്‍ കാര്‍ഡുകള്‍ സജീവമാക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മൂന്നുമാസത്തെ സമയപരിധിയില്‍ ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് .തുടർച്ചയായി ആറുമാസം ഉപയോഗിക്കാത്ത റേഷൻ കാർഡുകൾ റദ്ദാക്കുന്ന കേന്ദ്ര ഉത്തരവ് നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് കേരളം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് വനിതാ ശിശു വികസന വകുപ്പിന്റെ പ്രത്യേക സർവേ നടത്തും. അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ കഴിയുന്ന കുട്ടികളെ കണ്ടെത്താനാണ് സംസ്ഥാന വ്യാപകമായി സർവേ നടത്തുന്നത്. കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുകയാണ് ലക്ഷ്യം.
എസ്എംഎ രോഗികൾക്കുള്ള മരുന്നുമായി ബന്ധപ്പെട്ട വിവാദത്തിൽ ആരോഗ്യമന്ത്രിയോട് 6 ചോദ്യങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി. ക്ലിനിക്കൽ ടെസ്റ്റിനുള്ള മരുന്ന് ആശുപത്രിയിൽ എത്തിയതും പിൻവലിച്ചതും ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് വിശദീകരണം തേടിയത്.
തിരുവനന്തപുരത്തെ സർക്കാർ തിയേറ്ററുകളിൽ നിന്ന് സഭ്യേതര ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ ഹൈടെക് സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്താനാണ് ഉത്തരവ്.
ഗവർണർ ഓംപ്രകാശ് മാഥൂറിനെതിരെ മന്ത്രി എ.പി. അനിൽകുമാർ . ഞാൻ കഴിക്കുന്നതേ മറ്റുള്ളവരും കഴിക്കാവൂ എന്ന നിർബന്ധം ജനാധിപത്യ വിരുദ്ധമാണെന്നും വ്യക്തി സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം പറഞ്ഞു. ലോക് ഭവൻ പോലൊരു ഭരണഘടന സ്ഥാപനം ഉയർത്തിപ്പിടിക്കേണ്ടത് ഒരാളുടെ ഇഷ്ടമല്ല. എല്ലാവരുടെയും അവകാശങ്ങളാണ്. ഭക്ഷണത്തിലും സ്വാതന്ത്ര്യം വേണമെന്നും അദ്ദേഹം പറഞ്ഞു.
ലോക്ഭവനിൽ മത്സ്യവും മാംസവും വേണ്ടെന്ന പുതിയ ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ നിർദേശത്തിനെതിരെ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഭക്ഷണം ഓരോത്തരുടേയും സ്വാതന്ത്ര്യമാണ്. അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ലോക്ഭവനിൽ സസ്യേതര ഭക്ഷണം വിലക്കിയ നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഓരോരുത്തർക്കും എന്ത് കഴിക്കണം എന്നുള്ളത് അവരുടെ കാര്യമാണെന്നും ഗവർണർക്ക് വെജിറ്റേറിയൻ മതിയെങ്കിൽ വെജിറ്റേറിയൻ കഴിക്കാമെന്നും എന്നാൽ, അവിടെയുള്ളവർ മുഴുവൻ വെജിറ്റേറിയൻ കഴിക്കണമെന്ന് പറയാനുള്ള അവകാശം ഗവർണർക്കില്ലെന്നും ഗോവിന്ദൻ പറഞ്ഞു
ഭൂട്ടാനിൽനിന്ന് നികുതി വെട്ടിച്ച് ആഡംബര കാറുകൾ കടത്തിയ കേസിൽ മുഖ്യകണ്ണികളിൽ ഒരാളായ ദീപക് ഭട്ടോവാരിയെ കൊച്ചിയിലെ കോടതിയിൽ ഹാജരാക്കി. അസമിലെ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറായ ദീപക്കിനെ കസ്റ്റംസാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യംചെയ്യുന്ന കോടതിയിൽ ഹാജരാക്കിയത്.
ലൈംഗിക അതിക്രമത്തിന് ഇരയായ 16 വയസുകാരിയുടെ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ഹൈക്കോടതി. ജസ്റ്റിസ് ഹരിശങ്കർ വി മേനോന്റേതാണ് ഉത്തരവ്. 27 ആഴ്ചയായ ഗർഭമലസിപ്പിക്കാനാണ് കോടതി അനുമതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട അടിയന്തര നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദേശം നൽകി.
രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് പ്രസംഗിച്ചെന്ന പരാതിയില്‍ കേസെടുത്തതിൽ പ്രതികരിച്ച് ബി ജെ പി കണ്ണൂർ മേഖല പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത്. രാഹുൽ ഗാന്ധിക്കെതിരെയുള്ള പ്രസംഗത്തിലെ പരാമർശങ്ങളിൽ ഉറച്ച് നിൽക്കുന്നു എന്നും കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ശ്രീകാന്ത് വ്യക്തമാക്കി.
വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല. ഇടക്കാല സ്റ്റേ വേണമെന്ന ആവശ്യം തള്ളുകയായിരുന്നു കോടതി. വഖഫ് ബോർഡ്, സർക്കാർ എന്നിവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹർജി അടുത്ത വ്യാഴാഴ്ച്ച പരിഗണിക്കും.
പശ്ചിമ ബംഗാളിലും ഝാർഖണ്ഡിലും നിരവധി കേസുകളിൽ പ്രതിയാക്കപ്പെട്ടിരുന്ന മാവോയിസ്റ്റ് ദമ്പതികളായ മംഗളും മാലതിയും കൊൽക്കത്ത പോലീസിന് മുന്നിൽ കീഴടങ്ങി. പശ്ചിമ ബംഗാൾ, ഝാർഖണ്ഡ് പോലീസ് ചേർന്ന് 7 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ വിദ്യാർഥി സംഘടനകൾ നടത്തിയ മാർച്ച് പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കി തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ കമ്മീഷൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
ജനകീയ ആരോഗ്യമേഖലയെ തകർക്കുന്നതാണ് യുഡിഎഫ് നയമെന്നും ഡോക്ടർമാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എല്ലാം സ്വകാര്യവൽക്കരിക്കുക എന്ന അജണ്ട ആരോഗ്യ മേഖലയിൽ നടപ്പിലാക്കാനാണ് ശ്രമം എന്നും അദ്ദേഹം പറഞ്ഞു.
.വന്യജീവി ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശത്തിന് വനം വകുപ്പ് നൽകിവരുന്ന നഷ്ടപരിഹാരം ഇരട്ടിയായി സർക്കാർ വർദ്ധിപ്പിച്ചു. പത്ത് വർഷത്തിന് ശേഷമാണ് നഷ്ടപരിഹാര നിരക്കുകൾ പരിഷ്കരിക്കുന്നത്. ഇതിന് മുമ്പ് 2015 ലായിരുന്നു പരിഷ്കരണം നടന്നത്.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടന്ന ക്രമക്കേടുകളിൽ പി പി ദിവ്യക്കെതിരെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. ടെൻഡർ ഇല്ലാതെ ബെനാമി കമ്പനിക്ക് കരാർ നൽകിയെന്ന കെഎസ്യു നേതാവ് മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് നടപടി. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച ദിവ്യ അന്വേഷണവുമായി സഹകരിക്കുമെന്ന് വ്യക്തമാക്കി.
രോഗവ്യാപനവും മരണങ്ങളും ഒഴിവാക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ആദ്യമായി പകർച്ചവ്യാധി കലണ്ടർ പ്രസിദ്ധീകരിച്ചു. കലണ്ടർ പ്രകാശനം സെക്രട്ടേറിയറ്റ് പി ആർ ചേംബറിൽ ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ നിർവഹിച്ചു.
കനത്ത മഴയിൽ പാടശേഖരങ്ങൾ മുങ്ങിയതോടെ കൃഷിയൊരുക്കം വെള്ളത്തിലാകുമോ എന്ന ഭീതിയിലാണ് അപ്പർ കുട്ടനാട്ടിലെ നെൽകർഷകർ. മാന്നാർ, ചെന്നിത്തല പഞ്ചായത്തുകളിൽ ട്രാക്ടർ ഉപയോഗിച്ച് ഉഴുതുമറിച്ചും പമ്പിങ് നടത്തി വെള്ളം വറ്റിച്ചും വരിനെല്ലും കളകളും കിളിർപ്പിക്കാനായി ഒരുക്കിയിട്ടിരുന്ന പാടശേഖരങ്ങളാണ് തുലാവർഷത്തിൽ മുങ്ങിക്കിടക്കുന്നത്.
ആർഎസ്എസിന്റെ തൊഴിലാളി സംഘടനയായ ബിഎംഎസ്(ഭാരതീയ മസ്ദൂർ സംഘ്) ജമ്മു കശ്മീരിൽ ആദ്യത്തെ ഓഫീസ് തുറന്നു. പുൽവാമ ജില്ലയിലെ അവന്തിപോറയിലാണ് ബിഎംഎസിന്റെ സ്ഥിരം ഓഫീസ് തുറന്നിരിക്കുന്നത്.
കോയമ്പത്തൂരിൽ ബീഫ് കഴിച്ചതിന്റെ പേരിൽ സഹപാഠികൾ പരിഹസിച്ച ദളിത് വിദ്യാർത്ഥി ജീവനൊടുക്കി. സംഭവത്തിൽ രണ്ട് മേൽജാതിക്കാരായ വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. പരാതി നൽകിയിട്ടും നടപടിയെടുക്കാത്ത അധ്യാപകനെയും ഹെഡ്മാസ്റ്ററെയും സസ്പെൻഡ് ചെയ്യുകയും കേസെടുക്കുകയും ചെയ്തു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരത്തിലെ പീസ് ബോണ്ടിനെതിരായി ഐസ പ്രസിഡന്റ് നേഹ ബോറ നൽകിയ ഹർജി തള്ളി. ദില്ലി ഹൈക്കോടതിയാണ് ഹർജി തള്ളിയത്. അന്വേഷണ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് മജിസ്ട്രേറ്റിന് ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി.
രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ തയാറെടുക്കുന്ന നടൻ ധനുഷിനെ തള്ളി ടിവികെ. ധനുഷ് വിജയ്ക്ക് എതിരാളിയല്ലെന്ന് ധനമന്ത്രി മരിയ വിത്സൻ പറഞ്ഞു. ഡിഎംകെക്ക് അണ്ണാഡിഎംകെക്കും വിജയ്യെ നേരിടാനാകുന്നില്ലെന്നും തമിഴ് ജനത വിജയ്ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധങ്ങള്‍ വീണ്ടും സജീവമാക്കാന്‍ ഇന്ത്യാ സഖ്യം നീങ്ങുന്നതിനിടെ രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നടത്തിയ പരാജയപ്പെട്ട ഉത്പന്നം പരാമര്‍ശം സജീവമാക്കി ബിജെപി. പരാജയപ്പെട്ട ഉത്പന്നം മാത്രമല്ല മാനസികമായി അസ്ഥിരതയുള്ളയാള് കൂടിയാണ് രാഹുല്‍ ഗാന്ധിയെന്നും, രാജ്യത്തെ മുഴുവന്‍ അരാജകത്വത്തിലേക്ക് തള്ളിവിടാനാണ് ശ്രമിക്കുന്നതെന്നും ബിജെപി വക്താവ് സുധാംശു ത്രിവേദി എംപി ആരോപിച്ചു.
റൈഹാൻ വാദ്രയുടെ ഫോട്ടോകൾ ബിക്കാനീർ ഹൗസിൽ നിന്ന് നീക്കിയ സംഭവത്തിൽ പുതിയ ആരോപണവുമായി ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി. റൈഹാൻ അനുമതി തേടിയത് രാഷ്ട്രീയ ഉള്ളടക്കങ്ങളില്ലാത്ത പ്രദർശനത്തിനായിരുന്നെന്നും പ്രകൃതിയും വന്യജീവികളും ഉൾപ്പെട്ട ഫോട്ടോ പ്രദർശനത്തിനാണ് അനുമതി ലഭിച്ചിരുന്നതെന്നും പ്രദീപ് ഭണ്ഡാരി പറഞ്ഞു.
പാരീസ് സന്ദർശനത്തിന് ശേഷം ഡൽഹി വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നോട് പ്രതികാരബുദ്ധിയോടെ പെരുമാറിയെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ആരോപിച്ചു. ഇതിന് പിന്നിൽ കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ താല്പര്യങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിനും വി ഡി സതീശനും നേരെ മെറ്റാ സ്മാർട്ട് ഗ്ലാസുകൾ ഉപയോഗിച്ച് രഹസ്യ സ്റ്റിംഗ് ഓപ്പറേഷൻ നടത്താൻ ശ്രമം നടന്നതായി വെളിപ്പെടുത്തൽ. ഒരു പ്രമുഖ വ്യവസായിയാണ് കൂടിക്കാഴ്ചയ്ക്കിടെ ദൃശ്യങ്ങൾ പകർത്തി നേതാക്കളെ കുടുക്കാൻ ശ്രമിച്ചത്. സംഭവത്തിൽ കൃത്യമായ തെളിവുകളുണ്ടെന്നും ഡി.കെ ശിവകുമാർ വ്യക്തമാക്കി.
മുംബൈ മേയർ ഋതു താവ്ഡെയുടെ ഓഫീസിലേക്കും പ്രമുഖ വ്യക്തികൾക്ക് നേരെയും ബോംബ് ആക്രമണ ഭീഷണി. മേയറുടെ ഓഫീസിലേക്ക് വെള്ളിയാഴ്ച രാവിലെ ലഭിച്ച ഇ-മെയിലിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്.
രാജ്യത്തെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പർ എക്സ്പ്രസ് ട്രെയിൻ നവംബർ ഒന്നിന് സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി വി സോമണ്ണ. ബെംഗളൂരു-മുംബൈ റൂട്ടിലാണ് ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ സർവീസ് ആരംഭിക്കുന്നത്.
യുപിയിലെ പീലിഭിത് നിയമസഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പതിനായിരത്തിലധികം വ്യാജ തിരുത്തലുകൾ കണ്ടെത്തി. സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്കും ഒരു കമ്പ്യൂട്ടർ അസിസ്റ്റന്റിനുമെതിരെ കേസെടുക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തു. ന്യൂനപക്ഷ വോട്ടർമാരെ ലക്ഷ്യമിട്ടാണ് ഈ തിരിമറി നടന്നതെന്ന് സമാജ്വാദി പാർട്ടിയും കോൺഗ്രസും ആരോപിക്കുന്നു.
അരുണാചൽ അതിർത്തിയിൽ ചൈനയുമായി തർക്കങ്ങൾ തുടരുകയാണെന്ന് ഐടിബിപി മേധാവിയുടെ വെളിപ്പെടുത്തൽ. അരുണാചൽ പ്രദേശിന്റെ അതിർത്തിയിലുള്ള വിവിധ പ്രദേശങ്ങളിൽ ചൈനയുമായി തർക്കങ്ങളുണ്ടായെന്നും അത് ഇപ്പോഴും തുടരുകയാണെന്നുമാണ് ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ്(ഐടിബിപി) ഡയറക്ടർ ജനറൽ ശത്രുജീത് കപൂർ പറഞ്ഞത്.
പശ്ചിമേഷ്യയിലെ സുരക്ഷാ പ്രശ്നങ്ങൾ കാരണം സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ ഇൻഡിഗോ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ നീട്ടി. റിയാദ്, ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് ഒക്ടോബർ അവസാനം വരെ റദ്ദാക്കിയത്.
ചൈനീസ് സേന നിലവിലെ പട്രോളിംഗ് മേഖലകളിൽ നിന്ന് മാറുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം.ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടണമെങ്കിൽ അതിർത്തിയിൽ സമാധാനവും ശാന്തതയും പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
യെമൻ തീരത്ത് കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട നൗകയിലെ പതിനാല് ഇന്ത്യക്കാരെ കണ്ടെത്തി. ഇവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അതിനിടെ, ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ റിയാദിലേക്കുള്ള ഇൻഡിഗോ വിമാന സർവ്വീസുകൾ റദ്ദാക്കിയത് ഈ മാസം 31 വരെ നീട്ടി.
ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിൽ വെടിവെപ്പ്. വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഒരു കുട്ടി ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. അക്രമിയെ പൊലീസ് പിടികൂടി. സംഭവത്തിന് തീവ്രവാദബന്ധമുണ്ടോ എന്നും സംശയമുണ്ട്. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് പ്രോസിക്യൂട്ടർമാർ അറിയിച്ചു.
സൗദി അറേബ്യയിൽ ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ട സംഭവത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി.
