മരിച്ചുപോയ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍, ലോക്കറുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ക്ലെയിമുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് ഏകീകൃത നടപടിക്രമം ഒരുക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പരമാവധി 15 ദിവസത്തിനകം നടപടിക്രമം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കുക. ഇതിനുള്ള കരട് സര്‍ക്കുലര്‍ പ്രസിദ്ധീകരിച്ച റിസര്‍വ് ബാങ്ക് 27 വരെ അഭിപ്രായങ്ങള്‍ അറിയിക്കാന്‍ സമയം നല്‍കിയിട്ടുണ്ട്. 2026 ജനുവരി ഒന്നോടെ നടപ്പാക്കാനാണ് നീക്കം. ബാങ്കുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫോമുകള്‍ ഉപയോഗിക്കണമെന്നും അവ ബ്രാഞ്ചുകളിലും അവരുടെ വെബ്സൈറ്റുകളിലും ലഭ്യമാക്കണമെന്നും ആവശ്യമായ രേഖകളുടെ പട്ടികയും ഘട്ടം ഘട്ടമായുള്ള ക്ലെയിം നടപടിക്രമങ്ങളും സഹിതമായിരിക്കണം ഇത് ലഭ്യമാക്കേണ്ടതെന്നും കരടില്‍ നിര്‍ദ്ദേശിക്കുന്നു. ക്ലെയിം തീര്‍പ്പാക്കല്‍ നടപടിക്രമം ബാങ്കുകള്‍ അവയുടെ വെബ്സൈറ്റില്‍ വിശദമായി നല്‍കണം. 15 ദിവസത്തിനുള്ളില്‍ ക്ലെയിം തീര്‍പ്പാക്കിയില്ലെങ്കില്‍ ബാങ്കില്‍ നിലവിലുള്ള പലിശനിരക്കിന് പുറമേ പ്രതിവര്‍ഷം നാലുശതമാനം അധിക പലിശ കൂടി നല്‍കേണ്ടി വരും. ലോക്കറുകളുടെ കാര്യത്തില്‍ വൈകുന്ന ഓരോ ദിനത്തിനും 5000 രൂപ വീതം നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നും കരടില്‍ പറയുന്നു.
15 ദിവസത്തിനകം മരണപ്പെട്ടവരുടെ ക്ലെയിം തീര്‍പ്പാക്കണം
