സംസ്ഥാനത്ത് ആർഎസ്എസുമായി ബന്ധം കോൺഗ്രസിനെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . സിപിഎമ്മിന് ആർഎസ്എസിനെ പ്രീണിപ്പിക്കേണ്ട ഘട്ടം ഉണ്ടായിട്ടില്ല. എഡിജിപിയും ആർഎസ്എസ് നേതാക്കളുമായി നടത്തിയ ചർച്ചകളുമായി ബന്ധപ്പെട്ട വിവാദത്തിൽ മാധ്യമങ്ങളെ അതിരൂക്ഷമായി കുറ്റപ്പെടുത്തിയാണ് മുഖ്യമന്ത്രി സംസാരിച്ചത്. ബാബ്റി മസ്ജിദ്, തലശേരി കലാപം, കെപിസിസി പ്രസിഡൻ്റ് ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം നൽകിയെന്ന് പറഞ്ഞതുമടക്കം ഓർമ്മിപ്പിച്ചാണ് അദ്ദേഹം സംസാരിച്ചത്. സിപിഎം കോവളം ഏരിയാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും സിപിഎം നിർമ്മിച്ച 11 വീടുകളുടെ താക്കോൽ ദാനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സിപിഎമ്മിന് കെട്ട ചരിത്രമില്ലെന്നും ആർഎസ്എസിനോട് സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടിൽ ഇനിയും വെള്ളം ചേർക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ആർഎസ്എസിനെ നേരിട്ട് ജീവൻ നഷ്ടമായ പാർട്ടിയാണ് സിപിഎം. ആ പാർട്ടിയെ നോക്കിയാണ് ആർഎസ്എസ് ബന്ധം ആരോപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ആർഎസ്എസുമായി ബന്ധം കോൺഗ്രസിനെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
