ബാങ്ക് ഓഫ് ബറോഡയുടെ ഉപഭോക്തൃ-ബാങ്കിങ് വിവരങ്ങള്‍ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. ഏകദേശം ഒരു ടെറാബൈറ്റ് വരുന്ന ഉപഭോക്തൃ ബാങ്കിങ് വിവരങ്ങള്‍ ചോര്‍ന്ന് ഡാര്‍ക്ക് വെബില്‍ പ്രചരിക്കുന്നുവെന്നാണ് വിവരം. ഉപഭോക്താക്കളുടെ പേരുകള്‍, മൊബൈല്‍ നമ്പറുകള്‍, ആധാര്‍ വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, വായ്പാ രേഖകള്‍, നെറ്റ് ബാങ്കിങ് സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന വലിയ ഡാറ്റാസെറ്റാണ് പുറത്തുവിട്ടതെന്ന് സൈബര്‍ സുരക്ഷാ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഈ വിവരങ്ങളുടെ ആധികാരികത ബാങ്ക് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിവരങ്ങള്‍ യഥാര്‍ഥത്തില്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയിട്ടുണ്ടെങ്കില്‍, ഇന്ത്യയിലെ ബാങ്കിങ് മേഖലയിലെ ഏറ്റവും വലിയ സൈബര്‍ സുരക്ഷാ സംഭവങ്ങളിലൊന്നായി ഇത് മാറും. അതേസമയം ബാങ്കിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് ഡിജിറ്റല്‍ ബാങ്കിംഗ്, റീട്ടെയില്‍, എം.എസ്.എം.ഇ തുടങ്ങിയ മേഖലകള്‍ക്കായി പ്രത്യേക പദ്ധതികള്‍ അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് ബഹുഭാഷാ വോയ്സ് ബാങ്കിങ് സേവനം ലഭ്യമാക്കുന്നതിനായി ഇന്റലിജന്റ് വെര്‍ച്വല്‍ ഫ്രണ്ട് ഓഫീസ് ‘അദിതി 2.0’ പുറത്തിറക്കി.
