മൈക്രോസോഫ്റ്റിനെ പിന്തള്ളി ആപ്പിള്‍ വീണ്ടും ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനി എന്ന സ്ഥാനം കരസ്ഥമാക്കി. ഇതോടെ ആപ്പിളിന്റെ വിപണി മൂല്യം 3.25 ട്രില്യണ്‍ ഡോളറിലെത്തി. മൈക്രോസോഫ്റ്റിന്റെ വിപണി മൂല്യം 3.24 ലക്ഷം കോടി ഡോളറാണ്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഇതാദ്യമായാണ് ആപ്പിള്‍ മൈക്രോസോഫ്റ്റിനെ പിന്തള്ളുന്നത്. സോഫ്റ്റ്വെയര് പുതുക്കിയതിനൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൂടുതലായി ഉള്‍പ്പെടുത്താനുള്ള നീക്കമാണ് ആപ്പിളിന് ഗുണകരമായത്. ആപ്പിള്‍ ഇന്റലിജന്‍സ് എന്ന പ്ലാറ്റ്ഫോമിലേക്ക് നിരവധി പുതിയ എഐ അധിഷ്ഠിത ഫീച്ചറുകള്‍ കൊണ്ടുവരുമെന്ന് ആപ്പിള്‍ വേള്‍ഡ് വൈഡ് ഡെവലപ്പേഴ്സ് കോണ്‍ഫറന്‍സില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷം ആപ്പിള്‍ ഓഹരി വിലയില്‍ കുതിച്ചുചാട്ടമുണ്ടായി. എഐ ഫീച്ചറുകള്‍ ആപ്പിള്‍ ഐഫോണിന്റെ വില്‍പ്പനയില്‍ വന്‍ മുന്നേറ്റത്തിന് സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് എതിരാളികളായ മൈക്രോസോഫ്റ്റ്, ആല്‍ഫബെറ്റ് എന്നിവയെക്കാള്‍ പിന്നിലാണെങ്കിലും, ആപ്പിളിന്റെ പ്രകടനം സമീപകാലത്ത് മെച്ചപ്പെട്ടിട്ടുണ്ട്. 2024ല്‍ ആപ്പിളിന്റെ ഓഹരികള്‍ 10 ശതമാനം ഉയര്‍ന്നപ്പോള്‍ മൈക്രോസോഫ്റ്റ് ഓഹരികള്‍ 16 ശതമാനവും ആല്‍ഫബെറ്റ് ഓഹരികള്‍ 28 ശതമാനവും നേട്ടം കൈവരിച്ചു. ഐഒഎസ് 18-ല്‍ ആപ്പിള്‍ പുതിയ സ്വകാര്യത ഫീച്ചറുകളും അവതരിപ്പിച്ചിട്ടുണ്ട്.
ആപ്പിള്‍ വീണ്ടും ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനി
