കോവിഡിന് ശേഷം ചെറുപ്പക്കാര്‍ക്കിടയില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ തോത് വര്‍ധിച്ചതായി ലാന്‍സെറ്റ് റിപ്പോര്‍ട്ട്. ചെറുപ്പക്കാരായ സ്ത്രീകളില്‍ ബ്ലാഡര്‍ സെന്‍സിറ്റിവിറ്റി, ഇടയ്ക്കിടെ മൂത്രസംബന്ധമായ പ്രശ്‌നങ്ങള്‍, ഇടുപ്പിലെ പേശികളുടെ പ്രവര്‍ത്തന തകരാറ് എന്നിവയെല്ലാം വര്‍ധിപ്പിക്കാന്‍ ഉത്കണ്ഠ കാരണമാകും. മൂത്രസഞ്ചിയുടെ നിയന്ത്രണവും ലൈംഗികാരോഗ്യവും ഉള്‍പ്പെടെ സ്‌ട്രെസ്സ് ഹോര്‍മോണുകളായ അഡ്രിനാലിന്‍ കോര്‍ട്ടിസോള്‍ ഇവയുടെ സ്വാധീനത്തിലാണ്. ശാരീരികമായ രോഗങ്ങളൊന്നുമില്ലെങ്കില്‍ പോലും ചെറുപ്പക്കാരില്‍ ഉദ്ധാരണക്കുറവിനും ശീഘ്രസ്ഖലത്തിനും ഉത്കണ്ഠ കാരണമാകുന്നു. മാനസിക പിരിമുറുക്കം പല ശാരീരിക പ്രവര്‍ത്തനങ്ങളെയും തടസപ്പെടുത്തും. ക്ഷീണം, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രയാസം, തലവേദന, ഉദരപ്രശ്‌നങ്ങള്‍ തുടങ്ങിയവ ഉത്കണ്ഠയുമായി ബന്ധപ്പെട്ട് ചെറുപ്പക്കാര്‍ക്കിടയില്‍ കണ്ടുവരുന്ന ലക്ഷണങ്ങളാണ്. ചികിത്സിച്ചില്ലെങ്കില്‍ ഉത്കണ്ഠ ഗുരുതരമാകാം. വിട്ടുമാറാത്ത ഉത്കണ്ഠ ഉറക്കപ്രശ്‌നങ്ങള്‍, കുറഞ്ഞ രോഗപ്രതിരോധശക്തി, ഹൃദയസംബന്ധമായ രോഗങ്ങള്‍ എന്നിവയിലേക്ക് നയിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. വ്യായാമം, ഉറക്കം, മൈന്‍ഡ്ഫുള്‍നെസ്സ്, സ്‌ക്രീന്‍ടൈം കുറയ്ക്കുക എന്നിവയിലൂടെ ഉത്കണ്ഠ വലിയൊരളവ് വരെ കുറയ്ക്കാന്‍ സാധിക്കും. പ്രാരംഭഘട്ടത്തില്‍ തന്നെ ഉത്കണ്ഠയെ നേരിടുന്നത് ശാരീരികവും മാനസികവുമായ തടസ്സങ്ങള്‍ വരാതെ തടയാനും ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാനും സഹായിക്കും എന്ന് വിദഗ്ധര്‍ പറയുന്നു.
