അനില്‍ അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറും ഫ്രഞ്ച് കമ്പനി ഡാസോ ഏവിയേഷനും ചേര്‍ന്ന് ഇന്ത്യയില്‍ ‘ഫാല്‍കണ്‍ 2000’ ബിസിനസ് ജെറ്റുകള്‍ നിര്‍മിക്കും. റിലയന്‍സ് ഇന്‍ഫ്രയുടെ ഉപകമ്പനിയായ റിലയന്‍സ് എയറോസ്ട്രക്ചര്‍ ലിമിറ്റഡും ഡാസോ ഏവിയേഷനും ചേര്‍ന്നാണ് ബിസിനസ് ജെറ്റുകള്‍ നിര്‍മിക്കുകയെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച കത്തില്‍ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ വ്യക്തമാക്കി. ലോക വിപണിയിലേക്കായി ബിസിനസ് ജെറ്റ് വിമാനങ്ങള്‍ നിര്‍മിക്കുന്ന ചുരുക്കം രാജ്യങ്ങളിലൊന്നായി മാറുകയുമാണ് ഇതുവഴി ഇന്ത്യ. നിലവില്‍ യുഎസ്, ബ്രസീല്‍, ഫ്രാന്‍സ്, കാനഡ എന്നിവ മാത്രമാണ് ഈ പട്ടികയിലുള്ളത്. റിലയന്‍സും ഡാസോയും ചേര്‍ന്ന് മഹാരാഷ്ട്രയിലെ നാഗ്പുരിലെ ഡാസോ റിലയന്‍സ് എയറോസ്പേസ് ലിമിറ്റഡില്‍ ജെറ്റ് നിര്‍മാണ സൗകര്യമൊരുക്കും. ഇവിടെ നിന്ന് ആദ്യ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ഫാല്‍കണ്‍ 2000 ബിസിനസ് ജെറ്റ് വിമാനം 2028ഓടെ വിപണിയിലെത്തുമെന്ന് റിലയന്‍സ് ഇന്‍ഫ്ര വ്യക്തമാക്കി. കോര്‍പ്പറേറ്റുകള്‍ക്ക് പുറമെ സൈനിക ആവശ്യത്തിനും ജെറ്റ് ഉപയോഗിക്കാനാകും.
ബിസിനസ് ജെറ്റുകള്‍ നിര്‍മിക്കാന്‍ അനില്‍ അംബാനി
