കസ്റ്റമര്‍ സര്‍വീസ് മേഖലയില്‍ എഐ പിടിമുറുക്കുന്നു. എഐ ചാറ്റ് ബോട്ടുകളും വോയ്സ് ഏജന്റുകളും കോള്‍ സെന്റര്‍ ജീവനക്കാരെ മാറ്റിസ്ഥാപിച്ചു തുടങ്ങിയിരിക്കുന്നു. മൈക്രോസോഫ്റ്റ്, യൂബര്‍, കോമണ്‍വെല്‍ത്ത് ബാങ്ക് ഓഫ് ഓസ്ട്രേലിയ, ഹയാത്ത് ഹോട്ടല്‍സ് തുടങ്ങിയ വമ്പന്‍ കമ്പനികള്‍ ഇതിനോടകം തന്നെ തങ്ങളുടെ കസ്റ്റമര്‍ സര്‍വീസ് വിഭാഗത്തില്‍ വലിയ തോതില്‍ എഐ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഇതോടെ മൈക്രോസോഫ്റ്റ് തങ്ങളുടെ സേവന വിഭാഗത്തിലെ ജീവനക്കാരുടെ എണ്ണം 50,000-ത്തില്‍ നിന്ന് 40,000-മായി വെട്ടിക്കുറച്ചു. ഇതുവഴി പ്രതിവര്‍ഷം 750 ദശലക്ഷം ഡോളറിന്റെ ലാഭമാണ് കമ്പനി ലക്ഷ്യമിടുന്നത്. യൂബര്‍ തങ്ങളുടെ കസ്റ്റമര്‍ സര്‍വീസ് വിഭാഗത്തിലെ പത്ത് ശതമാനത്തോളം തൊഴിലുകള്‍ ഒഴിവാക്കി. കോമണ്‍വെല്‍ത്ത് ബാങ്ക് ഓഫ് ഓസ്ട്രേലിയ തങ്ങളുടെ ചാറ്റ് സപ്പോര്‍ട്ട് വിഭാഗത്തില്‍ നിന്ന് നൂറുകണക്കിന് കരാര്‍ തൊഴിലാളികളെയാണ് ഒഴിവാക്കിയത്. 2030-ഓടെ പകുതിയോളം കസ്റ്റമര്‍ സര്‍വീസ് ജോലികളെ എഐ സ്വാധീനിക്കുമെന്നാണ് കരുതുന്നത്.
