ആലപ്പുഴ കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവുമായി ബന്ധപ്പെട്ട് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വാഹനം ഓടിച്ച ഗൗരിശങ്കറെ പ്രതി ചേർക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആദ്യം കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കിയാണ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തതെന്നും റിപ്പോർട്ടിലുണ്ട്. കോടതി നിർദേശ പ്രകാരം കാർ ഓടിച്ച മെഡിക്കൽ വിദ്യാർത്ഥി ഗൗരിശങ്കറെ പ്രതിയാക്കും. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്ന യുവാക്കളുടെ കാറിൽ 11 പേരാണ് ഉണ്ടായിരുന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റ് ആറ് പേർ ചികിത്സയിൽ തുടരുകയാണ്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളും അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്.
ആലപ്പുഴയിലെ അപകടത്തിൽ വാഹനം ഓടിച്ച വിദ്യാർത്ഥിയെ പ്രതി ചേർക്കണമെന്ന് പൊലീസ് റിപ്പോർട്ട്
