സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകളുടെ എടിഎം, ക്യാഷ് റീസൈക്ലര്‍ സര്‍വീസ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച് പ്രമുഖ പൊതുമേഖലാ ബാങ്കായ കനറാ ബാങ്ക്. പുതുക്കിയ സേവന നിരക്കുകള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് കനറാ ബാങ്ക് എടിഎമ്മുകളില്‍ പ്രതിമാസം ലഭിക്കുന്ന സൗജന്യ ഇടപാടുകളുടെ എണ്ണത്തില്‍ മാറ്റമില്ല. പുതുക്കിയ നിബന്ധനകള്‍ പ്രകാരം സാധാരണ സേവിങ്‌സ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് ഒരു മാസത്തില്‍ കനറാ ബാങ്ക് എടിഎമ്മുകളില്‍ നിന്നും ക്യാഷ് റീസൈക്ലറുകളില്‍ നിന്നും പരമാവധി അഞ്ച് സൗജന്യ ഇടപാടുകള്‍ മാത്രമേ നടത്താനാകൂ. മുതിര്‍ന്ന പൗരന്മാര്‍ക്ക് മാസത്തില്‍ എട്ട് സൗജന്യ ഇടപാടുകള്‍ എന്ന ആനുകൂല്യം തുടര്‍ന്നും ലഭിക്കും. സൗജന്യ പരിധി കഴിഞ്ഞാല്‍ ഓരോ തവണ പണം പിന്‍വലിക്കുമ്പോഴും 23 രൂപയും ജിഎസ്ടിയും ഈടാക്കും. ബാലന്‍സ് പരിശോധന ഉള്‍പ്പെടെയുള്ള നോണ്‍-ഫിനാന്‍ഷ്യല്‍ ഇടപാടുകള്‍ക്ക് 11 രൂപയും ജിഎസ്ടിയും നല്‍കേണ്ടിവരും.
