വയസ് വെറും 26. പേര് ഗ്യൂസെപ്പെ ഫിയോറന്റീനോ. ഗ്യൂസെപ്പെ ഒരു കോടീശ്വരനാണ്. വീട്ടില്‍ ഒന്നിച്ചു കഴിയുന്ന സ്വന്തം മാതാപിതാക്കള്‍ക്കു പക്ഷേ, അക്കാര്യം അറിയില്ല. അറിഞ്ഞാല്‍ പുലിവാലാകുമെന്നതിനാലാണ് ഗ്യുസെപ്പെ അക്കാര്യം രഹസ്യമാക്കിയത്. ഇറ്റലിയിലാണു ഗ്യൂസെപ്പെ ജനിച്ചത്. സിസിലിയന് കുടുംബം. കൊള്ളസംഘങ്ങളും അധോലോകവും വാഴുന്ന രാജ്യമാണ് ഇറ്റലി. അവിടെ ജീവിച്ചാല്‍ മകന് ഗ്യൂസെപ്പെ ഫിയോറന്റീനോയും മാഫിയാത്തലവനാകുമെന്നു മാതാപിതാക്കള്‍ ഭയന്നു. അതുകൊണ്ട് എല്ലാം വിറ്റുപെറുക്കി അവര്‍ സ്വിറ്റ്സര്‍ലാന്‍ഡിലേക്കു മാറിത്താമസിച്ചു. അവിടെ വിദ്യാഭ്യാസമെല്ലാം നല്കി മകനെ വളര്‍ത്തി. ഗ്യൂസെപ്പെ ഇ കൊമേഴ്സിലെ ബിസിനസ് തന്ത്രങ്ങള്‍ പഠിച്ചു. ആ വിഷയത്തില്‍ അഭ്യാസിയായി. ഇ കൊമേഴ്സ് ബിസിനസ് തന്ത്രങ്ങള്‍ പരിശീലിപ്പിക്കാനും തുടങ്ങി. അങ്ങനെ ഒരു പരിശീലന സ്ഥാപനം ആരംഭിച്ചു. ‘3 സിസി ഗ്രൂപ്പ് എജി’ എന്ന പരിശീലന സ്ഥാപനത്തിന്റെ ഉടമയായി. മാസം ലക്ഷം ഡോളറാണു വരുമാനം. കോടീശ്വരനായി. ഇന്‍സ്റ്റഗ്രാമില്‍ അമ്പതിനായിരത്തിലേറെ ഫോളേവേഴ്സുമുണ്ട്. സ്വന്തമായി സ്ഥാപനം തുടങ്ങിയെന്നോ കോടീശ്വരനായെന്നോ മാതാപിതാക്കളെ ഗ്യൂസെപ്പെ അറിയിച്ചില്ല. ഇത്രയും ചെറിയ പ്രായത്തില്‍ സ്വന്തം സ്ഥാപനം തുടങ്ങി കോടീശ്വരനായിയെന്ന് അവര്‍ വിശ്വസിക്കില്ലെന്നു ഗ്യൂസെപ്പെയ്ക്കു തോന്നി. മകന് വഴിവിട്ട മാര്‍ഗങ്ങളിലൂടെയാണോ പണമുണ്ടാക്കിയതെന്ന് സംശയിക്കും. വീട്ടില്‍നിന്നു പുറത്താക്കുകയും ചെയ്യും. ഗ്യുസെപ്പെയുടെ ഭയം അതായിരുന്നു. അധോലോക സംഘങ്ങളില്‍ അകപ്പെടാതിരിക്കാന്‍ അത്രയും കരുതലോടെയാണ് മകനെ ആ മാതാപിതാക്കള്‍ വളര്‍ത്തിയിരുന്നത്. ഗ്യുസെപ്പെയുടെ അഭിമുഖങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് ആ മാതാപിതാക്കള്‍ വിവരം അറിഞ്ഞത്. ആനന്ദാശ്രുക്കളുമായി അവര്‍ മകനെ ആശ്ളേഷിച്ചിട്ടുണ്ടാകണം.
വീട്ടുകാര്‍ അറിയാതെ ഒരു കോടീശ്വരന്
