കാന്‍സര്‍ ചികിത്സയില്‍ കീമോതെറാപ്പിയുടെ പങ്ക് വലുതാണെങ്കിലും ആരോഗ്യകരമായ കോശങ്ങള്‍ കൂടി നശിപ്പിക്കപ്പെടുന്നുവെന്നത് പ്രധാനമാണ്. ഇതിനെയെല്ലാം മറികടക്കാന്‍ ലോകത്തിന്റെ പലഭാഗങ്ങളിലും പുതിയ കാന്‍സര്‍ ചികിത്സകള്‍ക്കായുള്ള പഠനങ്ങളും നടക്കുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍ അത്തരത്തിലൊരു പരീക്ഷണാത്മക മരുന്ന് വികസിപ്പിച്ചിരിക്കുകയാണ്. ആരോഗ്യകരമായ കോശങ്ങള്‍ക്ക് ഉപദ്രവം കുറച്ച് കാന്‍സര്‍കോശങ്ങളെ തിരഞ്ഞെടുത്ത് ആക്രമിക്കുന്ന ആര്‍കെ 251 എന്ന മരുന്നാണത്. ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി ഇന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഡോ. അസിസ് ബാലയുടെ നേതൃത്വത്തില്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി-ഗുവാഹത്തിയിലെ ഡോ. കെ.പി. ഭാബകുമായി സഹകരിച്ചാണ് ഗവേഷണം നടത്തിയത്. എസിഎസ് ജേര്‍ണല്‍ ഓഫ് മെഡിസിനല്‍ കെമിസ്ട്രിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ട്രിപ്പിള്‍-നെഗറ്റീവ് ബ്രെസ്റ്റ് കാന്‍സര്‍ കോശങ്ങള്‍ക്കെതിരെയുള്ള പ്രീക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ആര്‍കെ 251 മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചുവെന്നും ഗവേഷകര്‍ പറയുന്നുണ്ട്. മതിയായ ഫലങ്ങള്‍ ലഭിച്ചതിനുശേഷം മാത്രമേ മനുഷ്യരില്‍ പഠനവിധേയമാക്കുകയുള്ളൂ. പഠനകാലയളവിനൊടുവില്‍ പൂര്‍ണമായും ഫലപ്രാപ്തി കണ്ടെത്തിയാല്‍ മാത്രമേ മറ്റു ചികിത്സാരീതികള്‍ക്ക് പകരമാകുമോ എന്നും പറയാന്‍ കഴിയുകയുള്ളൂ.
