സംവരണ നയത്തിനെതിരെ ബംഗ്ലാദേശിൽ പൊട്ടിപ്പുറപ്പെട്ട വിദ്യാര്‍ത്ഥി പ്രക്ഷോഭം അക്രമാസക്തമായി തുടരുന്നു. ഒരാഴ്ചയായി നീണ്ടുനിൽക്കുന്ന അക്രമ പരമ്പരകളിൽ ഇതുവരെ 104 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. മധ്യ ബംഗ്ലാദേശിലെ നരസിംഗ്ഡി ജില്ലയിലെ ജയിൽ കഴിഞ്ഞദിവസം അക്രമികൾ തകർത്തതോടെ നൂറോളം തടവുപുള്ളികൾ പുറത്തു ചാടിയിട്ടുണ്ട്. സംവരണ പ്രഖ്യാപനത്തിനെതിരെ പ്രക്ഷോഭം ശക്തമായതോടെ രാജ്യത്തെ നെറ്റ്വർക്ക് സേവനം റദ്ദാക്കിയിട്ടുണ്ട്. നൂറോളം പോലീസുകാർക്കും അക്രമ സംഭവങ്ങളിൽ പരിക്കുപറ്റിയതായി അധികൃതർ അറിയിച്ചു. രാജ്യത്തെ സ്ഥിതി ഗുരുതരമായതോടെ അതിർത്തി പോസ്റ്റുകൾ വഴി ഇന്ത്യാക്കാരെ മടക്കി എത്തിക്കുകയാണ്. 245 ഇന്ത്യക്കാർ കഴിഞ്ഞ ദിവസം മേഘാലയ അതിര്‍ത്തി വഴി മടങ്ങി എത്തിയിരുന്നു. നേപ്പാളിൽ നിന്നുള്ളവരും ഈ അതിര്‍ത്തി പോസ്റ്റ് വഴി ഇന്ത്യയിലേക്ക് കടന്നു. മടങ്ങി വന്നവരിൽ 125 പേർ വിദ്യാർത്ഥികളാണെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.
ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിൽ ഇതുവരെ 104 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്
