തൊണ്ണൂറുകളില്‍ വിപണി ഒന്നടങ്കം കൈക്കുമ്പിളില്‍ ഒതുക്കിയ പഞ്ചസാര മിഠായി ബ്രാന്‍ഡായ റാവല്‍ഗാവ് ഇനി മുതല്‍ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്റ്റ് ലിമിറ്റഡിന് സ്വന്തം. തൊണ്ണൂറുകളിലെ കുട്ടികള്‍ക്ക് ഗൃഹാതുരമായ രുചികള്‍ സമ്മാനിച്ച ബ്രാന്‍ഡ് കൂടിയാണ് റാവല്‍ഗാവ്. അക്കാലത്ത് മാംഗോ മൂഡ്, കോഫി ബ്രേക്ക്, ടുട്ടി ഫ്രൂട്ടി, പാന്‍ പസന്ദ്, ചോക്കോ ക്രീം, സുപ്രീം തുടങ്ങിയവ ഏറ്റവും ഡിമാന്റുള്ള മിഠായികളായിരുന്നു. 27 കോടി രൂപക്കാണ് കരാര്‍. കരിമ്പിന് തോട്ടവും, ട്രേഡ് മാര്‍ക്കുകളും, മിഠായി നിര്‍മ്മാണവും എല്ലാം റിലയന്‍സിന് വിറ്റിട്ടുണ്ട്. കരിമ്പിന്റെ നീരില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന പഞ്ചസാര ലായനിയില്‍ വിവിധ രുചികള്‍ ചേര്‍ത്താണ് റാവല്‍ഗാവ് മിഠായികള്‍ നിര്‍മ്മിച്ചിരുന്നത്. പുതിയ കമ്പനികളുടെ കടന്നുവരവോടെ മിഠായി വിപണി കൂടുതല്‍ മത്സരാധിഷ്ഠിതമായി മാറുകയായിരുന്നു. ഇതോടെ, കമ്പനിയുടെ വിപണി വിഹിതവും കുത്തനെ ഇടിയുകയായിരുന്നു. നിലവില്‍, ഈ വ്യാപാരം നിലനിര്‍ത്താന്‍ ഉടമസ്ഥര്‍ ബുദ്ധിമുട്ടുന്നതിനിടെയാണ് റിലയന്‍സിന്റെ ഏറ്റെടുക്കല്‍. വ്യവസായ പ്രമുഖനായിരുന്ന വാല്‍ചന്ദ് ഹിരാചന്ദ് ദോഷി തന്റെ കരിമ്പ് തോട്ടങ്ങളുടെയും പഞ്ചസാര ഫാക്ടറികളുടെയും വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് റാവല്‍ഗാവ് സ്ഥാപിച്ചത്. തുടര്‍ന്ന് വാല്‍ചന്ദ് 1933-ല്‍ റാവല്‍ഗാവ് ഷുഗര്‍ ഫാം ആരംഭിച്ചു, 1942-ല്‍ അതിന്റെ മിഠായി ഡിവിഷന് ആരംഭിക്കുകയായിരുന്നു. ഓറഞ്ചിന്റെ രുചിയുള്ള പഞ്ചസാര മിഠായിയാണ് റാവല്‍ഗാവ് ആദ്യം അവതരിപ്പിച്ചത്.