ഇന്ത്യന്‍ സിനിമാ മേഖലയെ പിടിച്ചുകുലുക്കി വീണ്ടുമൊരു ദക്ഷിണേന്ത്യന്‍ ചിത്രം. തെലുങ്ക് നടന് തേജ സജ്ജ നായകനായ ‘ഹനുമാനാ’ണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ ഹനുമാന് പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമായി മാറിക്കഴിഞ്ഞിരിക്കുന്നു. നാലു ദിവസം കൊണ്ട് 50 കോടിയിലധികം കളക്ഷന്‍ നേടിയ ഈ ചിത്രം നൂറുകോടിയിലേക്ക് അതിവേഗം കുതിച്ചുകൊണ്ടിരിക്കുകയാണ്. ബുധനാഴ്ച തിയറ്ററുകളില്‍ ഹനുമാന് 11 കോടി മുതല്‍ 12 കോടി രൂപ വരെ കളക്ഷന്‍ നേടിയെന്നാണ് ട്രേഡ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആറു ദിവസം കൊണ്ട് 80 കോടിക്ക് അടുത്താണ് ചിത്രത്തിന്റെ ഇന്ത്യയിലെ നെറ്റ് കളക്ഷന്‍. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ‘ഹനുമാന്’ 150 കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഹനുമാന്റെ ഹിന്ദി പതിപ്പിനും തീയറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബുധനാഴ്ചത്തെ ആകെ കളക്ഷനില്‍ ഹിന്ദി പതിപ്പിന്റെ കളക്ഷന്‍ വിഹിതം രണ്ട് കോടിയിലധികം രൂപയാണ്. 6 ദിവസം കൊണ്ട് ഹിന്ദി പതിപ്പില്‍ നിന്ന് തന്നെ 20 കോടിയോളം രൂപയാണ് ചിത്രം നേടിക്കഴിഞ്ഞു. ഏകദേശം 30 കോടി രൂപ മുതല്‍ മുടക്കിലാണ് ഹനുമാന് ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ചിത്രം ഇതുവരെ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ 120 കോടിയിലധികം ഗ്രോസ് കളക്ഷന്‍ നേടിയിട്ടുണ്ട്.
‘ഹനുമാന്’ ചിത്രം 150 കോടിയിലേക്ക്
