yt cover 16

പാര്‍ലമെന്റില്‍ അതിക്രമിച്ചു കയറി പ്രതിഷേധിച്ചവര്‍ക്കെതിരേ യുഎപിഎ ചുമത്തി. ഭഗത് സിംഗിനെ പോലെ ഭരണകൂടത്തോടു സമരം ചെയ്തതാണെന്നാണു പ്രതികളുടെ മൊഴി. പ്രതികളെ അന്വേഷണ ഏജന്‍സികള്‍ ‘ഭഗത് സിംഗ് ഗ്രൂപ്പ്’ എന്നാണു വിശേഷിപ്പിച്ചത്. ജസ്റ്റീസ് ഫോര്‍ ആസാദ് ഭഗത് സിംഗ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളാണ് ഇവര്‍. തൊഴിലില്ലായ്മ, വിലക്കയറ്റം, കര്‍ഷക പ്രശ്നങ്ങള്‍, മണിപ്പൂര്‍ വിഷയം, ഏകാധിപത്യ നയങ്ങള്‍ എന്നിവയാണ് സമരത്തിനു കാരണം. മുഖ്യ സൂത്രധാരനായ സംഘത്തിലെ ആറാമന്‍ ലളിത് ഝാ ഒളിവിലാണെന്നു പോലീസ്.

പാര്‍ലമെന്റിലെ സുരക്ഷാവീഴ്ചയില്‍ ഏഴു സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. മന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കടുത്ത അമര്‍ഷം രേഖപ്പെടുത്തി. ആഭ്യന്തര മന്ത്രി അമിത്ഷാ പ്രസ്താവന നടത്തണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ തള്ളി. ഇതോടെ ലോക്സഭയില്‍ പ്രതിപക്ഷം ബഹളം വച്ചു.

പാര്‍ലമെന്റില്‍ അതിക്രമിച്ചു കയറുന്നതിനു മുമ്പ് പ്രതികള്‍ ഇന്ത്യാ ഗേറ്റില്‍ ഒത്തുകൂടിയെന്നും ഇവിടെവച്ചാണു കളര്‍ പടക്കം കൈമാറിയതെന്നും പൊലീസ്. നാലു വര്‍ഷം മുമ്പ് ഫേസ് ബുക്കിലൂടെയാണ് പ്രതികള്‍ പരിചയപ്പെട്ടത്. പ്രതിഷേധ പദ്ധതിയുടെ ആലോചന ജനുവരിയില്‍ തുടങ്ങി. ചണ്ഡീഗഡില്‍ പുതിയ വിമാനത്താവളം നിര്‍മിക്കുന്നതിനെതിരേ പ്രതിഷേധിക്കാന്‍ ഒന്നര വര്‍ഷം മുമ്പ് ഒത്തുകൂടിയപ്പോഴാണ് ആദ്യമായി ഇവര്‍ കണ്ടുമുട്ടിയത്. പിന്നീട് പല തവണ ഗുരുഗ്രാമിലെ വീട്ടില്‍ ഇവര്‍ കൂടിക്കാഴ്ച നടത്തിയെന്നും പോലീസ്.

*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ക്രിസ്മസ് കളക്ഷനും*

മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ക്രിസ്മസ് കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

കേരളത്തിന്റെ അതിജീവനം തടയുന്ന കേന്ദ്ര സര്‍ക്കാരിനെതിരേ സുപ്രീം കോടതി ഇടപെട്ടില്ലെങ്കില്‍ കേരളത്തിന്റെ സാമ്പത്തികാവസ്ഥ കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ജിഎസ്ടി നഷ്ടപരിഹാരം തരുന്നില്ല. റവന്യൂ കമ്മി ഗ്രാന്റ് വെട്ടിക്കുറച്ചു. ഫെഡറല്‍ തത്വങ്ങളെ ബലികഴിച്ച് കേരളത്തെ കടുത്ത പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പറഞ്ഞു.

ഗവര്‍ണറെ തടഞ്ഞ് കാറിലിടിച്ച കേസില്‍ പ്രതികളായ ഏഴ് എസ്എഫ്ഐ പ്രവര്‍ത്തകരുടെ ജാമ്യഹര്‍ജി കോടതി തള്ളി. പ്രോസിക്യൂഷന്‍ പ്രതികളെ സഹായിക്കുന്ന നിലപാടെടുത്തെങ്കിലും തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

ശബരിമല പതിനെട്ടാം പടിക്കു മേല്‍ക്കൂര നിര്‍മിക്കാന്‍ സ്ഥാപിച്ച കല്‍ത്തൂണുകള്‍ തീര്‍ത്ഥാടകര്‍ക്കു തടസമാകുന്നുണ്ടെന്നു പോലീസ്. തീര്‍ത്ഥാടകരെ പടി കയറ്റിവിടുന്ന പൊലീസിന് ഈ തൂണുകള്‍ തടസം സൃഷ്ടിക്കുന്നുണ്ട്. കൂടുതല്‍ തീര്‍ത്ഥാടകരെ കയറ്റിവിടാനാകാത്തത് ഇതുമൂലമാണെന്ന് പോലീസ് ദേവസ്വം ബോര്‍ഡിനെ അറിയിച്ചെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

നവകേരള സദസിനായി സ്‌കൂളുകളുടെ മതില്‍ പൊളിക്കുന്നത് എന്തിനെന്ന് ഹൈക്കോടതി. പൊതുഖജനാവിലെ പണമല്ലേ എന്നു ചോദിച്ചപ്പോള്‍ സംഭവിച്ചു പോയെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. നവകേരള സദസിനായി കൊല്ലം ചക്കുവള്ളി ക്ഷേത്രം മൈതാനം ഉപയോഗിക്കുന്നതു തടയണമെന്ന ഹര്‍ജി പരിഗണിക്കവേയാണു കോടതിയുടെ വിമര്‍ശനം. നവ കേരള സദസിന്റെ ചുമതലക്കാരനെന്ന നിലയില്‍ ചീഫ് സെക്രട്ടറിയെ കേസില്‍ കക്ഷി ചേര്‍ക്കാനും സൈറ്റ് പ്ലാന്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.

*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*

ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

കെട്ടിട നിര്‍മാതാക്കളുടെയും ആര്‍ക്കിടെക്റ്റുമാരുടെയും വീടുകളിലും വസതികളിലും ആദായനികുതി റെയ്ഡ്. കോടികളുടെ അനധികൃത സ്വത്ത് പിടിച്ചെടുത്തു. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് റെയ്ഡ്. മഞ്ചേരിയിലെ നിര്‍മാണ്‍ ഗ്രൂപ്പിന്റെ ഉടമയുടെ വീട്ടില്‍നിന്നു 18 കോടി രൂപ പിടിച്ചെടുത്തു. കോഴിക്കോട്ടെ ഗണേശന്‍ എന്നയാളുടെ വീട്ടില്‍നിന്ന് അഞ്ചു കോടിയുടെ അനധികൃത നിക്ഷേപത്തിന്റെ രേഖകള്‍ കണ്ടെത്തി. ആര്‍ക്കിടെക്റ്റ് ഷബീര്‍ സലീല്‍ ഗ്രൂപ്പില്‍ നിന്ന് 27 ലക്ഷം രൂപ പിടിച്ചെടുത്തു.

ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസിലെ പ്രതി അര്‍ജുനെ കട്ടപ്പന അതിവേഗ പോക്സോ കോടതി വെറുതെ വിട്ടു. 48 പേരെ വിസ്തരിച്ചിട്ടും തെളിവില്ലെന്നു കണ്ടാണ് പ്രതിയെ വെറുതെ വിട്ടത്. കുറ്റപത്രം സമര്‍പ്പിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പറയുന്നത്.

ഗവര്‍ണറെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തില്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ഇന്ന് റിപ്പോര്‍ട്ട് ഡിജിപിക്കു കൈമാറും. പൊലീസിന്റെ വീഴ്ചകള്‍ പരാമര്‍ശിക്കാതെയും ന്യായീകരിച്ചും റിപ്പോര്‍ട്ട് നല്‍കാനാണ് സാധ്യത. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ചീഫ് സെക്രട്ടറി ഗവര്‍ണര്‍ക്കു വിശദീകരണം നല്‍കുക.

കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായവര്‍ നിയമ നടപടിയിലേക്ക്. സംഘടനാ ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍, വി പ്രതാപചന്ദ്രന്റെ മകനും പരാതിക്കാരനുമായ പ്രജിത്ത് ചന്ദ്രന്‍, പ്രജിത്തിന്റെ സഹോദരി, രണ്ടു മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ ആരോപണ വിധേയരായ പ്രമോദ് കോട്ടപ്പള്ളിയും രമേശ് കാവിലും മാനനഷ്ടത്തിന് നോട്ടീസ് അയച്ചു.

കായംകുളത്ത് നവകേരള സദസിന്റെ വേദിക്കു സമീപത്തുള്ള ഇറച്ചിക്കടകള്‍ മൂടിയിടണമെന്ന് അധികൃതര്‍. വേദിയുടെ 50 മീറ്റര്‍ അകലെയാണ് ഇറച്ചി മാര്‍ക്കറ്റ്. കടകള്‍ മൂടിയിടണമെന്ന നിര്‍ദേശത്തിനെതിരേ പ്രതിഷേധവുമായി വ്യാപാരികള്‍ രംഗത്തിറങ്ങി.

വയനാട് വാകേരിയില്‍ മനുഷ്യനെ പിടിച്ച കടുവ 13 വയസുള്ള 45 എന്ന നമ്പറിട്ട കടുവയാണെന്നു തിരിച്ചറിഞ്ഞെന്നു വനംവകുപ്പ്. പ്രജീഷിനെ പിടിച്ചു തിന്ന നരഭോജി കടുവയെ പിടികൂടുന്നതിനുള്ള ദൗത്യം രണ്ടാം ഘട്ടത്തിലേക്കു കടക്കുകയാണെന്ന് വനംവകുപ്പ് അറിയിച്ചു.

ജവാന്‍ റം മദ്യക്കുപ്പികളില്‍ അളവു കുറവ് കണ്ടെത്തിയതിനെത്തുടര്‍ന്ന് തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിനെതിരെ ലീഗല്‍ മെട്രോളജി വിഭാഗം കേസെടുത്തു.

ആശ വര്‍ക്കര്‍മാര്‍ക്ക് രണ്ടു മാസത്തെ പ്രതിഫലം വിതരണം ചെയ്യാന്‍ 26.11 കോടി രൂപ അനുവദിച്ചെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ പ്രതിഫലം നല്‍കാനാണ് ഈ തുക വിനിയോഗിക്കുക.

സര്‍വീസില്‍നിന്ന് വിരമിച്ച ചാലക്കുടിയിലെ വനം വകുപ്പ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതിന് ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആസാം ഗോഹട്ടി സ്വദേശി ബാറുല്‍ ഇസ്ലാം എന്ന 25 കാരനാണ് പിടിയിലായത്.

കോട്ടയത്ത് ബസ് മറിഞ്ഞു പരിക്കേറ്റ് ചികിത്സയിലായിരുന്ന ശബരിമല തീര്‍ത്ഥാടകന്‍ മരിച്ചു. തമിഴ്നാട് പോണ്ടിച്ചേരി സ്വദേശി ആര്‍ അറുമുഖന്‍ (47) ആണ് മരിച്ചത്. മേലുകാവില്‍ രാത്രി 11 നു മിനി ബസ് തോട്ടിലേക്കു മറിയുകയായിരുന്നു.

തമിഴ്നാട്ടില്‍നിന്ന് ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍. ചീഫ് സെക്രട്ടറിതല ചര്‍ച്ചയിലാണ് തമിഴ്നാട് ആവശ്യം ഉന്നയിച്ചത്.

എളമക്കരയില്‍ അമ്മയുടെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ആരും എത്തിയില്ല. പോലീസും കൊച്ചി കോര്‍പ്പറേഷനും ചേര്‍ന്ന് സംസ്‌കാര ചടങ്ങ് നടത്തി. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി പത്തു ദിവസമായിട്ടും കുഞ്ഞിന്റെ അച്ഛനും അമ്മയുടെ ബന്ധുക്കളും ഏറ്റെടുക്കാന്‍ തയ്യാറായില്ല.

കുഞ്ഞിന്റെ അമ്മ അശ്വതി കാക്കനാട് വനിതാ ജയിലിലും കുഞ്ഞിനെ കൊലപ്പെടുത്തിയ ആണ്‍സുഹൃത്ത് ഷാനിഫ് ആലുവ സബ് ജയിയിലിലുമാണ്.

ആലപ്പുഴ മാന്നാറില്‍ തുണി ഇസ്തിരിയിടുന്ന കടയ്ക്കു തീ പിടിച്ചു. ആലുമൂട് ജങ്ഷനില്‍ എസ്.എം തേപ്പുകടയ്ക്കാണ് തീ പിടിച്ചത്. തിരുവനന്തപുരം തൈക്കാട് സ്വദേശി മുരുകന്റെ കടയിലെ രണ്ടായിരത്തിലധികം തുണികള്‍ കത്തി നശിച്ചു.

കോഴിക്കോട് ഓര്‍ക്കാട്ടേരിയിലെ ഷബ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഷബ്നയുടെ ഭര്‍ത്താവിന്റെ അമ്മ നബീസയെ അറസ്റ്റു ചെയ്തു. ഷബ്നയുടെ ഭര്‍ത്താവിന്റെ അച്ഛനും സഹോദരിയും ഒളിവിലാണ്.

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം. പുതൂര്‍ കുറുക്കത്തികല്ല് ഊരിലെ പാര്‍വതി ധനുഷിന്റെ 74 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. മരിച്ചത്. പ്രസവ സമയത്ത് ഒരു കിലോ 50 ഗ്രാം മാത്രമായിരിന്നു കുഞ്ഞിന്റെ തൂക്കം.

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ബസ് ജീവനക്കാരന് 11 വര്‍ഷം കഠിനതടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ. കോഴിക്കോട് പാലാഴി കയലുംപാറക്കല്‍താഴത്ത് ടി.പി. അമലിന് (25) കോഴിക്കോട് പോക്സോ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്.

പാക്കിസ്ഥാനു രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തതിന് മുംബൈ നേവല്‍ ഡോക് യാഡിലെ സിവില്‍ അപ്രന്റീസായ ഗൗരവ് പാട്ടീല്‍ എന്ന 23 കാരന്‍ ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ പിടിയിലായി. വാട്സ്ആപ് മുഖേനെയാണ് വിവരങ്ങള്‍ ചോര്‍ത്തിയത്.

ഉത്തര്‍പ്രദേശില്‍ സൈനിക മിസൈല്‍ ഷെല്‍ പൊട്ടിത്തെറിച്ച് 11 കാരന്‍ കൊല്ലപ്പെട്ടു. മിര്‍സാപൂര്‍ കോട്വാലി പ്രദേശത്തെ വാന്‍ ഗുര്‍ജാര്‍ ക്യാമ്പിനു സമീപത്തെ വനമേഖലയിലാണ് മിസൈല്‍ ഷെല്‍ പൊട്ടിത്തെറിച്ചത്.

ഹൈന്ദവ നേതാക്കള്‍ക്കെതിരായ ആക്രമണം ഭീകരവാദപ്രവത്തനം ആകുന്നത് എങ്ങനെയെന്ന് മദ്രാസ് ഹൈക്കോടതി. ഐഎസ് അനുഭാവിയായ ആസിഫ് മുസ്തഹീന് ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് ജസ്റ്റീസുമാരായ എസ് എസ് സുന്ദര്‍, സുന്ദര്‍ മോഹന്‍ എന്നിവരുടെ നിരീക്ഷണം. രാജ്യത്തിന്റെ ഐക്യത്തെയോ അഖണ്ഡതയെയോ തകര്‍ക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്ന പ്രവൃത്തിയാണ് ഭീകരവാദ കുറ്റമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹോസ്റ്റല്‍ മുറിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്കു ഗുരുതരമായി പരിക്കേറ്റു. അലഹബാദ് സര്‍വ്വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ പ്രഭാത് യാദവിനാണ് പരിക്കേറ്റത്.

തന്റെ സംസ്‌കാര ചടങ്ങ് ലളിതമായിരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനു പുറത്ത് സെന്റ് മേരി മേജര്‍ റോമന്‍ ബസിലിക്കയില്‍ അടക്കണമെന്നാണ് ആഗ്രഹമെന്നും മാര്‍പാപ്പ വ്യക്തമാക്കി. മാര്‍പാപ്പയുടെ മൃതദേഹം വത്തിക്കാനു പുറത്ത് അടക്കം ചെയ്യാറില്ല. ഞായറാഴ്ച 87 വയസ് പൂര്‍ത്തിയായ മാര്‍പാപ്പ മെക്സികോയിലെ എന്‍ പ്ലസ് ടിവിക്കു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

തുര്‍ക്കി സൂപ്പര്‍ലീഗ് ഫുട്ബോള്‍ മത്സരത്തിനിടെ റഫറിയുടെ മുഖത്ത് ഇടിച്ച അങ്കാറഗുചു ക്ലബ്ബ് പ്രസിഡന്റ് ഫാറുക് കൊച സ്ഥാനം രാജിവെച്ചു. അങ്കാറഗുചുവിനെതിരായ മത്സരത്തില്‍ റിസെസ്പൊര്‍ ഇഞ്ചുറിസമയത്തിന്റെ അവസാനമിനിറ്റില്‍ ഗോളടിച്ചതാണ് ഫാറുകിനെ പ്രകോപിപ്പിച്ചത്. സംഭവത്തെത്തുടര്‍ന്ന് ഫാറുകിനെ പോലീസ് അറസ്റ്റുചെയ്തിരുന്നു.

അമേരിക്കയും യൂറോപ്പും മാന്ദ്യത്തിലേക്ക് നീങ്ങുന്നതിനാല്‍ സമുദ്രോത്പന്ന കയറ്റുമതി മേഖല തളരുന്നു. ഇക്വഡോര്‍, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള മത്സരം ശക്തമായതും ഇന്ത്യയ്ക്ക് കടുത്ത വെല്ലുവിളിയാണ്. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 409 കോടി ഡോളറിന്റെ സമുദ്രോത്പന്നങ്ങളാണ് ഇന്ത്യ കയറ്റി അയച്ചത്. നടപ്പു സാമ്പത്തിക വര്‍ഷം മൊത്തം 905 കോടി ഡോളറിന്റെ വില്പനയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 2022-23 വര്‍ഷത്തില്‍ കയറ്റുമതി 809 കോടി ഡോളറായിരുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ അമേരിക്കയിലേക്കുള്ള സമുദ്രോത്പന്ന കയറ്റുമതി ആദ്യ ഏഴ് മാസങ്ങളില്‍ ആറ് ശതമാനം ഇടിഞ്ഞു. ചൈന, ജപ്പാന്‍, യൂറോപ്പ് എന്നീ പ്രമുഖ വിപണികളില്‍ നിന്നും വാങ്ങല്‍ താത്പര്യം കുറയുകയാണ്. ഇന്ത്യയില്‍ നിന്നുള്ള കൊഞ്ചിന് അമേരിക്ക ഒക്ടോബറില്‍ ആന്റി ഡംമ്പിംഗ് നികുതി ഏര്‍പ്പെടുത്തിയതും കയറ്റുമതിക്കാര്‍ക്ക് തിരിച്ചടി സൃഷ്ടിച്ചു. മത്സ്യങ്ങളിലെ ആന്റി ബയോട്ടിക് സാന്നിധ്യമാണ് പ്രധാന വെല്ലുവിളി. ഇതോടെ ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ യുറോപ്പിലേക്കുള്ള കയറ്റുമതിയില്‍ 19 ശതമാനം ഇടിവുണ്ടായി. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് ഇത്തവണ യു.എസ്, യൂറോപ്പ് വിപണികളില്‍ നിന്നും പ്രതീക്ഷിച്ചതിലും കുറഞ്ഞ വാങ്ങല്‍ കരാറുകളാണ് ലഭിച്ചത്. ലോകത്തിലെ പ്രമുഖ നാണയങ്ങള്‍ക്കെയിരെ യെന്‍ ദുര്‍ബലമായതോടെ ജപ്പാനും കാര്യമായ വാങ്ങല്‍ നടത്തിയില്ല. ചൈനയിലും മാന്ദ്യം ശക്തമാണ്.

വാട്സ്ആപ്പില്‍ ‘പിന്‍ ചാറ്റ്’ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. വാട്സ്ആപ്പിന്റെ ഹോം വിന്‍ഡോയില്‍ ഗ്രൂപ്പുകളും വ്യക്തിഗത ചാറ്റുകളും പിന്‍ ചെയ്ത് വെക്കാനുള്ള ഓപ്ഷന് സമാനമാണ് പുതിയ ഫീച്ചറും. ഒരു ചാറ്റിലെ ഏതെങ്കിലും സന്ദേശവും ഇനി നമുക്ക് ആ ചാറ്റ് വിന്‍ഡോയുടെ ഏറ്റവും മുകളിലായി പിന്‍ ചെയ്യാം. ഗ്രൂപ്പിലും വ്യക്തിഗത ചാറ്റുകളിലും വരുന്ന പ്രധാനപ്പെട്ട മെസ്സേജുകള്‍ ഹൈലൈറ്റ് ചെയ്യാന്‍ ‘പിന്ന്ഡ് മെസ്സേജസ്’ ഉപയോക്താക്കളെ അനുവദിക്കുന്നു. പ്രധാനപ്പെട്ട സന്ദേശങ്ങള്‍ വേഗത്തില്‍ കണ്ടെത്തുന്നത് എളുപ്പമാക്കി ഉപയോക്താക്കളുടെ സമയം ലാഭിക്കുന്നതിനാണ് ഈ ഫീച്ചര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ടെക്സ്റ്റ്, പോള്‍സ്, ചിത്രങ്ങള്‍, ഇമോജികള്‍ തുടങ്ങി, വാട്സ്ആപ്പില്‍ പങ്കുവെക്കാവുന്ന എന്ത് കാര്യവും പിന്‍ ചെയ്യാനുള്ള ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്. നിങ്ങള്‍ ഒരു സന്ദേശം സ്വമേധയാ അണ്‍പിന്‍ ചെയ്തില്ലെങ്കില്‍, അതിന്റെ സജ്ജീകരണ കാലയളവ് അവസാനിച്ചതിന് ശേഷം അത് സ്വയം അണ്‍പിന്‍ ആകും. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ സന്ദേശങ്ങള്‍ പിന്‍ ചെയ്യാന്‍… ഗ്രൂപ്പ് ചാറ്റിലോ വ്യക്തിഗത ചാറ്റിലോ ഉള്ള ഏതെങ്കിലും സന്ദേശം തെരഞ്ഞെടുത്ത് പ്രസ് ചെയ്തുപിടിക്കുക. ഏറ്റവും മുകളില്‍ വലതുഭാഗത്തായി കാണുന്ന ‘ത്രീ ഡോട്ട് മെനുവില്‍ ക്ലിക്ക് ചെയ്ത് അതില്‍ കാണുന്ന ‘പിന്‍’ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. അപ്പോള്‍ തുറന്നുവരുന്ന വിന്‍ഡോയില്‍ നിന്ന് പിന്‍ ചെയ്ത സന്ദേശത്തിന് ആവശ്യമുള്ള ദൈര്‍ഘ്യം തിരഞ്ഞെടുക്കുക: 24 മണിക്കൂര്‍, 7 ദിവസം അല്ലെങ്കില്‍ 30 ദിവസം. ശേഷം പിന്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ ആ സന്ദേശം ചാറ്റ് വിന്‍ഡോയുടെ ഏറ്റവും മുകളിലായി കാണാന്‍ സാധിക്കും.

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ‘സലാര്‍’. പ്രഭാസ് നായകനാകുമ്പോള്‍ പ്രശാന്ത് നീലാണ് സംവിധാനം എന്നതിനാലാണ് പ്രേക്ഷകരുടെ പ്രതീക്ഷ. പ്രഭാസ് നായകനായി വേഷമിടുന്ന സലാര്‍ സിനിമയിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. നായകന്‍ പ്രഭാസിന്റെയും മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്ന പൃഥ്വിരാജിന്റെയും സൗഹൃദമാണ് സലാറിലെ ആദ്യ ഗാനത്തിന്റെ ലിറിക്ക് വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചത്. സൂര്യാംഗം എന്ന പേരിലായിരിക്കും മലയാളത്തില്‍ ചിത്രത്തിലെ ഗാനമായി പുറത്തുവിട്ടിരിക്കുന്നത്. കേരളത്തില്‍ സലാര്‍ വിതരണം ചെയ്യുക ചിത്രത്തില്‍ വര്‍ദ്ധരാജ് മാന്നാര്‍ ആയി എത്തുന്ന നടന്‍ പൃഥ്വിരാജിന്റെ പ്രൊഡക്ഷന്‍സാണ് എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കേരളത്തില്‍ പ്രഭാസിന്റെ സലാറിന്റെ ഫാന്‍സ് ഷോ സംഘടിപ്പിക്കുന്നത് ഓള്‍ കേരള പൃഥ്വിരാജ് ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷനാണ്. അസോസിയേഷന്റെ കോട്ടയം ജില്ലാ കമ്മിറ്റി ഷോ തീരുമാനിച്ചും കഴിഞ്ഞു എന്നും റിപ്പോര്‍ട്ടുകളുണ്ടായിട്ടുണ്ട്. പൃഥ്വിരാജിന്റെ സലാര്‍ കോട്ടയത്ത് അഭിലാഷ് തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് എന്ന് മാത്രമല്ല ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയിട്ടുമുണ്ട് എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് മനസിലാകുന്നത്. ഡിസംബര്‍ 22നാണ് ഇന്ത്യയിലെ റിലീസ്. ഒടിടി റൈറ്റ്സിന് സലാറിന് 160 കോടി രൂപയാണ് ലഭിച്ചത് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. ഒടിടി റൈറ്റ്സ് നൈറ്റ്ഫ്ലിക്സാണ് നേടിയിരിക്കുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് ഒരു പ്രഭാസ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സിന് ലഭിച്ചതില്‍ വെച്ച് ഉയര്‍ന്ന തുകയാണ് സലാറിന്റേത് എന്നത് റെക്കോര്‍ഡുമാണ്.

ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ‘അയലാന്‍’ എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പുറത്ത്. ചിത്രത്തില്‍ അയലാന്‍ എന്ന അന്യഗ്രഹജീവി കഥാപാത്രത്തിന് തെന്നിന്ത്യയിലെ പ്രമുഖ താരം ശബ്ദം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നടന്‍ സിദ്ധാര്‍ഥ് ആണ് അന്യഗ്രഹജീവിക്ക് ശബ്ദം നല്‍കുക. അന്യഗ്രജീവി ഭൂമിയിലേക്ക് എത്തുന്നത് പ്രമേയമാക്കിയാണ് അയലാന്‍ ഒരുക്കിയിട്ടുള്ളത്. ഏലിയന്‍ എത്തുന്ന രകസകരമായ ടീസര്‍ നേരത്തെ ശ്രദ്ധ നേടിയിരുന്നു. 2015ല്‍ പുറത്തിറങ്ങിയ ‘ഇന്‍ട്ര് നേട്ര് നാളൈ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ആര്‍. രവികുമാര്‍ ആണ് അയലാന്‍ ഒരുക്കുന്നത്. തിരക്കഥ എഴുതുന്നതും ആര്‍ രവികുമാറാണ്. രാകുല്‍ പ്രീത് സിംഗ് ആണ് നായിക. ശരത് കേല്‍കര്‍ ആണ് വില്ലന്‍. യോഗി ബാബു, ഭാനുപ്രിയ, കരുണാകരന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് നിരവ് ഷായാണ്. എ.ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. വിവേക്, മദന്‍ കര്‍ക്കി എന്നിവരാണ് ഗാനരചന. 24 എ.എം സ്റ്റുഡിയോസിന്റെ ബാനറില്‍ ആര്‍.ഡി. രാജയാണ് അയലാന്‍ നിര്‍മിക്കുന്നത്. ചിത്രം 2024 പൊങ്കല്‍ റിലീസ് ആയി തിയേറ്ററുകളിലെത്തും.

ഇന്ത്യന്‍ കാര്‍ വിപണിയിലെ ഏറ്റവും വലിയ മത്സരം നടക്കുന്ന വിഭാഗങ്ങളിലൊന്നാണ് സബ് കോംപാക്ട് എസ്യുവി. ഈ വിഭാഗത്തില്‍ മാരുതി സുസുക്കി ബ്രസയെ പിന്തള്ളി കഴിഞ്ഞ രണ്ടു മാസങ്ങളില്‍ മുന്നിലെത്തിയിരിക്കുകയാണ് ടാറ്റയുടെ നെക്‌സോണ്‍. ഇക്കഴിഞ്ഞ നവംബറില്‍ മാത്രം 14,916 നെക്‌സോണ്‍ കാറുകളാണ് ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയില്‍ മാത്രം വിറ്റത്. ഏറ്റവും പുതിയ വില്‍പന വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ ടാറ്റ മോട്ടോഴ്‌സിന് നെക്‌സോണിന്റെ കാര്യത്തില്‍ നേട്ടം മാത്രമല്ല തിരിച്ചടിയും സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ചുള്ള വില്‍പനയിലാണ് നെക്‌സോണിന് തിരിച്ചടിയുണ്ടായത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ 15,871 നെക്‌സോണ്‍ വിറ്റെങ്കില്‍ ഈ നവംബറില്‍ അത് 14,916 ആയി കുറയുകയാണുണ്ടായത്. വില്‍പനയിലെ കുറവ് ആറ് ശതമാനം. മാരുതി സുസുക്കി കഴിഞ്ഞ നവംബറില്‍ 13,393 ബ്രെസകള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില 11,324 ബ്രസകളാണ് മാരുതി വിറ്റത്. അങ്ങനെ നോക്കുമ്പോള്‍ ബ്രെസയുടെ വില്‍പനയിലുണ്ടായ വളര്‍ച്ച 18 ശതമാനമാണ്. ഹ്യുണ്ടേയ് വെന്യു 11,180 കാറുകള്‍ നവംബറില്‍ വിറ്റിട്ടുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നാലുശതമാനം വില്‍പന വളര്‍ച്ചയും വെന്യു നേടി. ഹ്യുണ്ടേയ് വെന്യുവിന്റെ സഹോദര വാഹനമായ കിയ സോനറ്റ് 6,433 എണ്ണമാണ് നവംബറില്‍ വിറ്റത്. മുന്‍ വര്‍ഷത്തില്‍ ഇതേ കാലയളവില്‍ 7,834 കിയ സോനറ്റുകള്‍ വിറ്റഴിഞ്ഞിരുന്നു. അതുവച്ചുനോക്കുമ്പോള്‍ കിയക്ക് വില്‍പനയിലുണ്ടായ കുറവ് 18%.

നളചരിതം ആട്ടക്കഥയിലൂടെ ഭാഷാസാഹിത്യത്തില്‍ ചിരപ്രതിഷ്ഠ നേടിയ ഉണ്ണായി വാര്യരുടെ ജീവിതം പറയുന്ന നോവലാണ് പ്രിയമാനസം. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകക്കാരനായിരുന്ന വാര്യരുടെ കാവ്യതാത്പര്യം നേരില്‍ കാണാതെതന്നെ തിരിച്ചറിയുകയും പ്രണയിക്കുകയും പില്ക്കാലത്ത് സഹധര്‍മ്മിണിയാകുകയും ചെയ്ത ലക്ഷ്മിയുമായുള്ള അസാധാരണമായ സ്‌നേഹന്ധത്തിലെ ആത്മസംഘര്‍ഷങ്ങള്‍ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുകയാണിതില്‍. കവിയും ചലച്ചിത്രഗാനരചയിതാവുമായിരുന്ന ബീയാര്‍ പ്രസാദ് വിടപറയുംമുമ്പ് എഴുതിയനോവല്‍. ‘പ്രിയമാനസം’. ബിയാര്‍ പ്രസാദ്. ഡിസി ബുക്സ്. വില 474 രൂപ.

അല്‍സ്‌ഹൈമേഴ്‌സ് ഉള്‍പ്പെടെയുള്ള മറവിരോഗങ്ങളെ നാം കഴിക്കുന്ന ഭക്ഷണവും സ്വാധീനിക്കുമെന്ന് പഠനം. സസ്യാധിഷ്ഠിത ഭക്ഷണങ്ങളും മെഡിറ്ററേനിയന്‍ ഡയറ്റും ചൈന, ജപ്പാന്‍, ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ പരമ്പരാഗത ഭക്ഷണങ്ങളും അല്‍സ്‌ഹൈമേഴ്‌സ് സാധ്യത കുറയ്ക്കുമ്പോള്‍ പാശ്ചാത്യ ഭക്ഷണം രോഗസാധ്യത വര്‍ദ്ധിപ്പിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടി. ജേണല്‍ ഓഫ് അല്‍സ്‌ഹൈമേഴ്‌സ് ഡിസീസിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ പാശ്ചാത്യഭക്ഷണക്രമത്തോട് പ്രിയമേറുന്നത് ഇവിടങ്ങളിലെ അല്‍സ്‌ഹൈമേഴ്‌സ് സാധ്യത വര്‍ദ്ധിപ്പിക്കുന്നതായും ഗവേഷണ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍- സാച്ചുറേറ്റഡ് കൊഴുപ്പ്, മാംസ വിഭവങ്ങള്‍, ഹാംബര്‍ഗറുകള്‍, ബാര്‍ബിക്യൂ, ഹോട്ട് ഡോഗ് പോലുള്ള സംസ്‌കരിച്ച വിഭവങ്ങള്‍, പഞ്ചസാരയും റിഫൈന്‍ ചെയ്ത ധാന്യങ്ങളും ഉയര്‍ന്ന തോതിലുള്ള ഭക്ഷണങ്ങള്‍ എന്നിവയെല്ലാം അല്‍സ്‌ഹൈമേഴ്‌സ് സാധ്യത ഉയര്‍ത്തുന്നതായി ഗവേഷകര്‍ പറയുന്നു. ശരീരത്തിലെ നീര്‍ക്കെട്ടും ഇന്‍സുലിന്‍ പ്രതിരോധവും ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സും സാച്ചുറേറ്റഡ് കൊഴുപ്പും വര്‍ധിപ്പിച്ചു കൊണ്ടാണ് സംസ്‌കരിച്ച മാംസവിഭവങ്ങള്‍ മറവിരോഗ സാധ്യതയേറ്റുന്നത്. കഴിക്കാം ഈ ഭക്ഷണങ്ങള്‍- പച്ചിലകള്‍, വിവിധ നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും, പയര്‍ വര്‍ഗ്ഗങ്ങള്‍, നട്‌സ്, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ചേര്‍ന്ന മീന്‍ വിഭവങ്ങള്‍, ഹോള്‍ ഗ്രെയ്‌നുകള്‍ എന്നിവ അല്‍സ്‌ഹൈമേഴ്‌സ് സാധ്യത കുറയ്ക്കുമെന്നും പഠനം പറയുന്നു. അലസമായ ജീവിതശൈലി ഒഴിവാക്കി വ്യായാമം ഉള്‍പ്പെടുന്ന സജീവ ജീവിതശൈലിയും സന്തുലിത ഭക്ഷണക്രമവും പിന്തുടര്‍ന്നാല്‍ അല്‍സ്‌ഹൈമേഴ്‌സിന്റെ സാധ്യത കുറയ്ക്കാനാകുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.35, പൗണ്ട് – 105.18, യൂറോ – 90.68, സ്വിസ് ഫ്രാങ്ക് – 95.58, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.92, ബഹറിന്‍ ദിനാര്‍ – 221.12, കുവൈത്ത് ദിനാര്‍ -270.80, ഒമാനി റിയാല്‍ – 216.51, സൗദി റിയാല്‍ – 22.22, യു.എ.ഇ ദിര്‍ഹം – 22.69, ഖത്തര്‍ റിയാല്‍ – 22.89, കനേഡിയന്‍ ഡോളര്‍ – 61.86.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *