ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ബില്ലിംഗിലെ പിഴവുകള്‍ കാരണം ഏകദേശം 1.7 മില്യണ്‍ ഡോളര്‍ (ഏകദേശം 14 കോടി രൂപ) അധിക ബാധ്യത. ഓപ്പണ്‍എഐ, ആന്ത്രോപിക് തുടങ്ങിയ മുന്‍നിര കമ്പനികളുടെ എഐ മോഡലുകളും സേവനങ്ങളും ഉപയോഗിക്കുന്നവര്‍ക്കാണ് ഈ അധിക ചാര്‍ജ് നേരിടേണ്ടി വന്നത്. വോഡിറ്റ് എന്ന സ്റ്റാര്‍ട്ടപ്പാണ് ഈ ബില്ലിംഗ് ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്നത്. 2026 മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 60 കമ്പനികളില്‍ നിന്നുള്ള 34 മില്യണ്‍ ഡോളറിന്റെ എഐ ഇന്‍വോയ്സുകള്‍ പരിശോധിച്ചപ്പോഴാണ് ഈ വലിയ തുകയുടെ പിഴവ് കണ്ടെത്തിയത്. ഇതില്‍ പ്രധാനമായും ആന്ത്രോപിക്കിന്റെ ‘ക്ലോഡ് കോഡ്’ സംബന്ധിച്ച ബില്ലുകളിലാണ് കൂടുതല്‍ പ്രശ്നങ്ങള്‍ കണ്ടതെങ്കിലും ഓപ്പണ്‍എഐ ഇന്‍വോയ്സുകളിലും സമാനമായ പിഴവുകള്‍ ഉണ്ടായിരുന്നു. പാനസോണിക്, എച്ച്പി, ഹോണ്ട തുടങ്ങിയ വമ്പന്‍ കമ്പനികള്‍ വോഡിറ്റിന്റെ സേവനം ഉപയോഗിക്കുന്നവരാണ്.
