ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം ‘അതിരടി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ബേസില്‍, ടൊവിനോ, വിനീത് ശ്രീനിവാസന് എന്നിവര്‍ക്കൊപ്പം ചിത്രത്തിലെ പ്രധാന സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റിയ ഷിബു, സരിന് ഷിഹാബ് എന്നിവരും ഫസ്റ്റ്ലുക്ക് പോസ്റ്ററിന്റെ ഭാഗമാണ്. ചിത്രം മേയ് 14-ന് ആഗോളറിലീസായെത്തും. നവാഗതനായ അരുണ്‍ അനിരുദ്ധന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാം ബോയ് എന്ന് വിളിപ്പേരുള്ള ഒരു കോളേജ് വിദ്യാര്‍ഥിയായാണ് ബേസില്‍ ചിത്രത്തിലഭിനയിക്കുന്നത്. ശ്രീക്കുട്ടന് വെള്ളായണി എന്ന ഗായകനായി ടൊവിനോ തോമസ് എത്തുമ്പോള്‍, വിനീത് ശ്രീനിവാസന് ആയി തന്നെയാണ് വിനീത് ചിത്രത്തില്‍ വേഷമിടുന്നത്. ചിത്രത്തിലെ നായികയായ റിയ ഷിബുവിന്റെ കഥാപാത്രത്തിന്റെ പേര് സ്വാതി ആര്. കൃഷ്ണ എന്നാണ്. സംഗീത സംവിധായകന് ഷാന്‍ റഹ്മാനും ചിത്രത്തില്‍ വേഷമിടുന്നു.
