Untitled design 20250112 193040 0000 1

 

 

 

കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി എന്നത് തന്‍റെ സ്വപ്നമാണെന്ന് രാഹുൽ ഗാന്ധി .കോട്ടയത്തെ യു ഡി എഫ് പ്രചാരണത്തിനായി പുതുപ്പള്ളിയിലെത്തിയപ്പോളായിരുന്നു രാഹുൽ സ്വപ്നം പങ്കുവച്ചത്. വനിതാ ശാക്തീകരണമാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും,തങ്ങൾ അധികാരത്തിൽ വന്നാൽ റബറിന്‍റെ താങ്ങുവില 250 രൂപയാക്കുമെന്നും രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നും രാഹുൽ ആരോപിച്ചു.

 

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് കീഴടങ്ങിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ മോദിക്ക് കീഴടങ്ങിയെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സ്വന്തം അഴിമതി മറച്ചുവയ്ക്കാനാണ് ഈ കീഴടങ്ങൽ. എൽഡിഎഫ് ഇടതുപക്ഷമായി പ്രവര്‍ത്തിക്കുന്നില്ല. ബിജെപിയെ പോലെ തന്നെ കോര്‍പ്പറേറ്റ് സ്വഭാവമാണ് അവര്‍ക്ക്. ഈ സർക്കാർ പാവപ്പെട്ടവർക്ക് അനുകൂലമായ നയങ്ങളൊന്നും സ്വീകരിക്കുന്നില്ല. കോര്‍പ്പറേറ്റുകള്‍ ഫണ്ട് ചെയ്യുന്ന സര്‍ക്കാരാണിതെന്നും രാഹുൽ ആരോപിച്ചു.അടൂരിൽ യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

 

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക് എത്തും. ഏപ്രിൽ നാലാം തീയതി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി പാലായിലും തിരുവനന്തപുരതും റോഡ് ഷോയൽ പങ്കെടുക്കും. തിരുവല്ലയിലെ പൊതുപരിപാടിയിലും മോദി പങ്കെടുക്കുമെന്നാണ് വിവരം.

 

എഫ്‌സിആർഎ ഭേദഗതിയിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. സാങ്കേതിക കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ വന്നാൽ പോലും സ്ഥാപനങ്ങളുടെ ആസ്തികൾ സർക്കാരിന് ഏറ്റെടുക്കാമെന്ന വ്യവസ്ഥ ന്യൂനപക്ഷങ്ങൾക്കും ധർമ്മസ്ഥാപനങ്ങൾക്കും കടുത്ത ആശങ്കയുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

 

സംസ്ഥാനത്ത് പ്രായമായവർക്കും അവശരായവർക്കും വേണ്ടി ഹോം വോട്ടിംഗ് തുടങ്ങി. 85 വയസ്സ് പിന്നിട്ട മുതിർന്ന പൗരന്മാർക്കും 40 ശതമാനത്തിലധികം വൈകല്യമുള്ള ഭിന്നശേഷിക്കാർക്കുമായാണ് ഹോം വോട്ടിംഗ്. നേരത്തെ പേര് നൽകിയവരുടെ വീടുകളിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, സുരക്ഷ ഉദ്യോഗസ്ഥർ, വീഡിയോഗ്രാഫർ, മൈക്രോ ഒബ്സർവർ എന്നിവടരടങ്ങുന്ന സംഘമാണ് എത്തുന്നത്. വോട്ടർ ഐഡി കാർഡ് പരിശോധിച്ചുറപ്പാക്കി, താത്കാലിക പോളിങ് സ്റ്റേഷൻ സജ്ജീകരിച്ചാണ് വോട്ടെടുപ്പ്.

 

കന്നിവോട്ടർമാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ ‘വോട്ട് സ്വീറ്റൻഡ് കേരള’ എന്ന പേരിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പുതിയ കാമ്പയിൻ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി, തിരഞ്ഞെടുക്കപ്പെട്ട പോളിംഗ് ബൂത്തുകളിൽ വോട്ട് ചെയ്യാനെത്തുന്ന ആദ്യത്തെ കന്നിവോട്ടർമാർക്ക് ‘ഹൽവ’ പാക്കറ്റുകൾ നൽകി അഭിനന്ദിക്കും.യുവാക്കളുടെ വോട്ട് ശതമാനം വർദ്ധിപ്പിക്കുക, കന്നിവോട്ടർമാരെ ജനാധിപത്യ പ്രക്രിയയിലേക്ക് ആവേശത്തോടെ സ്വാഗതം ചെയ്യുക.

 

സി പി എം, എസ് ഡി പി ഐയുടെ പിന്തുണ തേടിയിട്ടില്ലെന്ന് എം എ ബേബി. എസ് ഡി പി ഐയുടെ നിലവിലെ പ്രവർത്തന രീതികളിൽ സി പി എമ്മിന് വിമർശനമുണ്ട്. ആർ എസ് എസിന് തങ്ങളുടെ പ്രവർത്തന ശൈലിയെ ന്യായീകരിക്കാൻ എസ് ഡി പി ഐ അവസരം ഒരുക്കിക്കൊടുക്കുകയാണെന്നും ബേബി കുറ്റപ്പെടുത്തി. എസ് ഡി പി ഐ പ്രവർത്തന ശൈലി മാറ്റണമെന്നും സി പി എം ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു.

 

എസ്ഡിപിഐ വോട്ട് വാങ്ങുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി എ വിജയരാഘവൻ. എസ്ഡിപിഐ അവരുടെ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് സിപിഎം ഇതിനുമുമ്പ് പറഞ്ഞിട്ടില്ലെന്നും വിജയരാഘവൻ പറഞ്ഞു . കേരളീയ പൊതുസമൂഹത്തോടാണ് വോട്ട് ചോദിക്കുകയെന്നും എ വിജയരാഘവൻ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു വിജയരാഘവൻ.

 

ആരുടെ വോട്ടും സ്വീകരിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി പിവി അൻവർ. പിണറായിസത്തിനും മരുമോനിസത്തിനുമെതിരെ ആര് വോട്ട് തന്നാലും സ്വീകരിക്കുമെന്ന് പിവി അൻവർ പറഞ്ഞു. എസ്ഡിപിഐയുടെ വോട്ട് സ്വീകരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു അൻവറിൻ്റെ മറുപടി

 

 

നിയമസഭാ തെരഞ്ഞെടുപ്പിൽ ‌സിപിഎം- എസ്ഡിപിഐ ഡീൽ ഉണ്ടെന്ന് കള്ള പ്രചരണം നടത്തുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. വിഡി സതീശൻ രാവിലെ എഴുന്നേൽക്കുന്നത് മുതൽ നുണ പറയുന്നു. ഇത് ഓരോന്നായി എൽഡിഎഫ് പൊളിച്ചു കൊണ്ടിരിക്കുകയാണെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.പാചക വാതകം ക്ഷാമം സംബന്ധിച്ചും പിണറായിക്കെതിരെ പ്രചരണം നടത്തുന്നുവെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

 

നിയമസഭ തെരഞ്ഞെടുപ്പിലെ എസ് ഡി പി ഐ പിന്തുണയുടെ കാര്യത്തിലെ നിലപാട് വ്യക്തമാക്കി ദേശീയ പ്രസിഡന്‍റ് എം കെ ഫൈസി . പാർട്ടി മത്സരിക്കാത്തിടത്ത് ഏതെങ്കിലും മുന്നണിക്കാകും എസ് ഡി പി ഐയുടെ പിന്തുണയെന്ന് ഫൈസി പറഞ്ഞു. ബി ജെ പി വിജയിക്കാൻ സാധ്യത ഉള്ള മണ്ഡലമായത് കൊണ്ടാണ് നേമത്ത് എൽ ഡി എഫ് സ്ഥാനാർഥിക്ക് പരസ്യ പിന്തുണ കൊടുത്തത്. ബി ജെ പിക്ക് വിജയ സാധ്യതയുള്ള ഉള്ള മഞ്ചേശ്വരത്ത് യു ഡി എഫിന് പിന്തുണ കൊടുക്കുന്ന കാര്യം ഇനിയും തീരുമാനിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

 

പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നിയമനത്തിനായി പി എസ് സി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തത് പിന്‍വാതില്‍ നിയമനം മൂലമാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ . മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതന്‍റെ ബന്ധുവും ഡി വൈ എഫ്‌ ഐ നേതാവിന്റ ഭാര്യയും പട്ടികയിൽ ഇടംപിടിച്ചിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പി ആര്‍ ഡി അസി. ഇന്‍ഫര്‍മേഷന്‍ ലിസ്റ്റ് ഉള്‍പ്പെടെ എല്ലാ അനധികൃത – പിന്‍വാതില്‍ നിയമനങ്ങളും കര്‍ശനമായി പുനഃപരിശോധിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

 

യുഡിഎഫിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്ന ഇന്ദിര ഗ്യാരണ്ടി കാർഡ് വിതരണത്തിന് സംസ്ഥാനത്തുടനീളം തുടക്കമായി. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തിലാണ് കാർഡ് വിതരണം ആരംഭിച്ചത്. വീടുകൾ സന്ദർശിച്ച് കുടുംബങ്ങളുമായി സംവദിക്കുന്ന നേതാക്കൾ, യുഡിഎഫ് അധികാരത്തിൽ വന്നാലുള്ള ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഈ വാഗ്ദാനങ്ങൾ നടപ്പിലാക്കുമെന്ന ഉറപ്പാണ് നൽകുന്നത്.

 

പരസ്യ സംവാദത്തിനുണ്ടോയെന്ന തൃത്താലയിലെ എൽ ഡി എഫ് സ്ഥാനാർഥിയായ മന്ത്രി എം ബി രാജേഷിന്‍റെ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറെന്ന് യു ഡി എഫ് സ്ഥാനാർഥി വി ടി ബൽറാം. പരസ്യ സംവാദമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ വെല്ലുവിളി എറ്റെടുക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിന് പിന്നാലെയാണ് ബൽറാമും രാജേഷിന്‍റെ വെല്ലുവിളി ഏറ്റെടുത്തത്. നിലവിലെ അവസ്ഥയിൽ മണ്ഡലത്തിലെ ജനങ്ങൾ യഥാർത്ഥത്തിൽ സന്തോഷവാൻമാരാണോ എന്ന് സംവാദത്തിലൂടെ വ്യക്തമാകുമെന്നും യു ഡി എഫ് സ്ഥാനാർഥി കൂട്ടിച്ചേർത്തു.

 

സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ വ്യാജവും അശ്ലീലവുമായ പ്രചരണങ്ങൾ നടക്കുന്നുവെന്ന് ആരോപിച്ച് വടകരയിലെ യു ഡി എഫ് സ്ഥാനാർഥി കെ കെ രമ എം എൽ എ പരാതി നൽകി. കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിക്കാണ് രമ പരാതി നൽകിയത്. ചോമ്പൽ ഹാർബറിൽ വെച്ച് സ്ഥാനാർത്ഥിയെ തടഞ്ഞുവെച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോകൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് പരാതിയിൽ പറയുന്നു.തിരഞ്ഞെടുപ്പ് കാലത്തെ ഇത്തരം സൈബർ ആക്രമണങ്ങൾ ജനാധിപത്യ വിരുദ്ധമാണെന്നും വടകര എം എൽ എ ചൂണ്ടിക്കാട്ടി.

 

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ തെളിവ് പുറത്തുവിട്ട് പയ്യന്നൂരിലെ മുൻ സിപിഎം നേതാവും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ വി കുഞ്ഞികൃഷ്ണൻ. രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട നിര്‍ണായക ബാങ്ക് രേഖകളാണ് വി കുഞ്ഞികൃഷ്ണൻ പുറത്തുവിട്ടത്. രക്തസാക്ഷി ഫണ്ടിൽ നിന്ന് അഞ്ചു ലക്ഷം രൂപ ഏരിയ സെക്രട്ടറി സ്വന്തം പേരിലാക്കിയെന്ന് ഇതുസംബന്ധിച്ച ബാങ്ക് വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ട് വി കുഞ്ഞികൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.

 

രാജ്യം നക്സൽ മുക്തമാക്കിയത് നരേന്ദ്രമോദിയാണെന്ന് അമിത് ഷാ. പാർലമെന്റിൽ നക്സൽ വിരുദ്ധ നടപടികളിലെ ചർച്ചയിലായിരുന്നു അമിത് ഷായുടെ വാക്കുകൾ. ആയുധം കയ്യിലെടുക്കുന്നവരെ വെറുതെ വിടില്ലെന്ന് വ്യക്തമാക്കിയ അമിത് ഷാ മാവോയിസ്റ്റുകളെ ഇല്ലാതാക്കിയത് മോദി സർക്കാരാണെന്നും കൂട്ടിച്ചേർത്തു.

 

 

ടിവികെ അധ്യക്ഷനും നടനുമായ വിജയ്‍യുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ വിവരങ്ങൾ പുറത്ത്. വിജയ്ക്ക് 515.73 കോടി രൂപയുടെ സ്വത്തുണ്ടെന്നും ഭാര്യ സംഗീതയുടെ പേരിൽ 18 കോടിയുടെ സ്വത്തുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ 5 വർഷത്തെ വിജയ്‍യുടെ വരുമാനം 734.4 കോടി രൂപയാണെന്നും സത്യവാങ്മൂലത്തിലുണ്ട്.

 

അധികാരത്തിലേറി 48 മണിക്കൂറിനുള്ളിൽ വൻ പരിഷ്കാരങ്ങളുമായി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ. രാജ്യത്ത് വലിയ മാറ്റങ്ങളുണ്ടാക്കുന്നതാണ് ബാലേന്ദ്ര ഷായുടെ പുത്തൻ പരിഷ്കാരങ്ങൾ. സത്യപ്രതിജ്ഞ ചെയ്ത് 48 മണിക്കൂറിനുള്ളിൽ, സർക്കാർ സ്ഥാപനങ്ങളെ പുനർനിർമ്മിക്കുന്നതിനായി 100 ഇന കർമ്മപദ്ധതിയാണ് അവതരിപ്പിക്കപ്പെട്ടത്.ക്യാമ്പസുകളിൽ നിന്ന് രാഷ്ട്രീയം പുറത്തേക്ക് എന്നതാണ് അവയിൽ സുപ്രധാനമായിട്ടുള്ളത്.

 

 

യുദ്ധം രൂക്ഷമായതിന് പിന്നാലെ ആഗോള വിപണിയില്‍ അലുമിനിയം വില കുതിച്ചുയരുന്നു. പ്രമുഖ അലുമിനിയം ഉല്‍പ്പാദക രാജ്യങ്ങളായ യുഎഇ, ബഹ്റൈന്‍ എന്നിവിടങ്ങളിലെ നിര്‍മ്മാണ ശാലകള്‍ക്ക് നേരെ ഇറാന്റെ ആക്രമണമുണ്ടായതാണ് വിപണിയെ ഉലച്ചത്. ഇതോടെ അലുമിനിയം വില നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിന് അരികിലെത്തി. ഇതോടെ ഇന്ത്യന്‍ അലുമിനിയം കമ്പനികള്‍ക്ക് ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം നേടാനായി.

 

ഗൾഫ് മേഖല ലക്ഷ്യമിട്ട് ഇറാന്റെ തിരിച്ചടി തുടരുന്നു . കുവൈത്തിൽ കുടിവെള്ള ശുദ്ധീകരണ പ്ലാന്റിന് നേരെ ഉണ്ടായ ഇറാന്റെ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. സർവീസ് കെട്ടിടമാണ് ആക്രമിക്കപ്പെട്ടത്. ഇറാനിലെ തബ്റിസ് നാഗരത്തിൽ പെട്രോ – കെമിക്കൽ ഫക്ടറിയും ആക്രമിക്കപ്പെട്ടു. വാതക ചോർച്ച ഉണ്ടായി. യുഎഇയിൽ പുലർച്ചെ ശക്തമായ ആക്രമണമാണ് ഉണ്ടായത്.ഇറാനുമായി ധാരണ ഉടനെയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു.ഇറാൻ – അമേരിക്ക ചർച്ചയ്ക്ക് വേദി ഒരുക്കുമെന്ന് പാകിസ്ഥാനും പ്രതികരിച്ചു.

 

 

യുദ്ധം അവസാനിപ്പിക്കാൻ അടുത്തുതന്നെ ഒരു കരാറിലെത്തിയില്ലെങ്കിൽ ഇറാന്റെ ഖാർഗ് ദ്വീപ് ഉൾപ്പെടെയുള്ളവ തകർക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെഭീഷണി. ഇറാനിലെ പുതിയതും വിവേകപൂർണവുമായ ഭരണകൂടവുമായി ചർച്ചകൾ നടത്തിവരികയാണെന്നും അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ അവകാശപ്പെട്ടു.

 

ഇസ്രയേലിനെതിരേ ആക്രമണം കടുപ്പിച്ച് ഇറാൻ. തിങ്കളാഴ്ച ഹൈഫയിലെ എണ്ണശുദ്ധീകരണ ശാല ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ആക്രമണം. ഇസ്രയേലിന്റെ ഊർജമേഖലയിലെ പ്രധാനപ്പെട്ട സംവിധാനമായ ഹൈഫയിലെ ബസാൻ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരേയാണ് മിസൈൽ ആക്രമണം നടത്തിയതെന്ന് ഇറാൻ അവകാശപ്പെട്ടു. ഹൈഫയിലെ എണ്ണ ശുദ്ധീകരണശാലയിൽ തീപ്പിടിത്തമുണ്ടായി വലിയതോതിൽ പുക ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

 

2025-26 സാമ്പത്തികവർഷത്തെ അവസാന ട്രേഡിങ് ദിനത്തിലും വൻ തകർച്ച നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. മാർച്ച് 30-ന് ബിഎസ്ഇ സെൻസെക്‌സ് 1635 പോയിന്റ്(2.22 ശതമാനം) .ഇടിഞ്ഞ് 71,948 എന്ന നിലയിലും എൻഎസ്ഇ നിഫ്റ്റി50 488 പോയിന്റ്(2.14 ശതമാനം) ഇടിഞ്ഞ് 22,331 എന്നനിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *