എയര്‍ ഇന്ത്യ എക്സ്പ്രസ് ഗൾഫിലേക്കുള്ള ആറോളം സര്‍വീസുകൾ റദ്ദാക്കി. ഇറാന് വ്യോമപാത അടച്ചിരിക്കുന്നതിനാൽ പല വിമാനങ്ങളും ഒമാന്‍ വ്യോമപാത സ്വീകരിച്ചതോടെ ഈ പാതയില്‍ എയര്‍ട്രാഫിക് വര്‍ധിച്ചു. തിങ്കളാഴ്ച പുറപ്പെടേണ്ട കണ്ണൂര്‍-ഷാര്‍ജ വിമാനം, ബുധനാഴ്ച പുറപ്പെടേണ്ട ഷാര്‍ജ-കോഴിക്കോട് വിമാനം, മംഗലാപുരം-ദുബൈ വിമാനം, കൊച്ചി-ഷാര്‍ജ വിമാനം, വ്യാഴാഴ്ച പുറപ്പെടേണ്ട വിവിധ വിമാനങ്ങള്‍ എന്നിവയാണ് റദ്ദാക്കിയതായി എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരെ അറിയിച്ചത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ബഹ്റൈന്‍-കോഴിക്കോട്, കോഴിക്കോട്-ബഹ്റൈന്‍ സര്‍വീസും റദ്ദാക്കിയിരുന്നു. കൂടാതെ പല സര്‍വീസുകളും മണിക്കൂറുകള്‍ വൈകി. കോഴിക്കോട്-കുവൈത്ത് സർവിസ് മൂന്നു മണിക്കൂറും, കണ്ണൂർ സർവീസ് മണിക്കൂറുകളും വൈകി. മസ്കത്ത്-കണ്ണൂർ, മസ്കത്ത്-കോഴിക്കോട് സർവീസുകളും വൈകി. ഇതോടെ നിരവധി യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്. യുഎഇയ്ക്കും ഇന്ത്യക്കും ഇടയില്‍ പറക്കുന്ന മറ്റ് എയര്‍ലൈനുകളും സര്‍വീസുകള്‍ റദ്ദാക്കുകയും വൈകി പുറപ്പെടുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തില്‍ സ്പൈസ്ജെറ്റ് എക്സില്‍ അറിയിപ്പ് പങ്കുവെച്ചിരുന്നു. ദുബൈ വ്യോമപാതയില്‍ എയര്‍ട്രാഫിക് വൻതോതില്‍ ഉയര്‍ന്നതിനാലും മസ്കറ്റ് വ്യോമപാത ലഭ്യമാകാത്തതിനാലും വിമാനങ്ങളുടെ പുറപ്പെടലിനെയും എത്തിച്ചേരലിനെയും ബാധിക്കുമെന്നാണ് എയര്‍ലൈന്റെ അറിയിപ്പ്.
എയര്‍ ഇന്ത്യ എക്സ്പ്രസ് ഗൾഫിലേക്കുള്ള ആറോളം സര്‍വീസുകൾ റദ്ദാക്കി
