creed 3.jpg.image .845.440

മൈക്കല്‍ ബി. ജോര്‍ദന്‍ നായകനാകുന്ന ക്രീഡ് 3 ട്രെയിലര്‍ എത്തി. മൈക്കല്‍ ബി. ജോര്‍ദന്‍ ആദ്യമായി സംവിധായകനാകുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. 2018ല്‍ റിലീസ് ചെയ്ത ക്രീഡ് 2വിന്റെ സീക്വല്‍ ആയാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. സില്‍വസ്റ്റര്‍ സ്റ്റാലനെ ഉള്‍പ്പെടുത്താതെയാണ് ഇത്തവണ മൈക്കല്‍ എത്തുന്നത്. ടെസ തോംസണ്‍, ജൊനാഥന്‍ മേജേഴ്‌സ്, വുഡ് ഹാരിസ് എന്നിവരാണ് മറ്റ് താരങ്ങള്‍. ചിത്രം അടുത്തവര്‍ഷം മാര്‍ച്ച് മൂന്നിന് തിയറ്ററുകളിലെത്തും.

മണിരത്‌നം ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ആഗോള ഗ്രോസ് കളക്ഷനില്‍ 450 കോടിയിലേറെയാണ് ചിത്രം നേടിയിരിക്കുന്നതെന്നാണ് നിര്‍മാതാക്കളായ ലൈക്ക് പ്രൊഡക്ഷന്‍സ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ചിത്രം 400 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു. ഈ വാരം പൂര്‍ത്തിയാക്കുമ്പോഴേക്കും 500 കോടി ക്ലബ്ബില്‍ പൊന്നിയിന്‍ സെല്‍വന്‍ ഇടംപിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. തമിഴ് നാട്ടില്‍ എക്കാലത്തെയും ഏറ്റവുമധികം ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടുന്ന ചിത്രമെന്ന ഖ്യാതിയും പൊന്നിയിന്‍ സെല്‍വന്‍ സ്വന്തമാക്കി കഴിഞ്ഞു. നിലവില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകര്‍. ഇതിലാണ് ചിത്രത്തിന്റെ യഥാര്‍ത്ഥ കഥ പറയാനിരിക്കുന്നതെന്നാണ് വിവരം.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്നശേഷമാണ് ഇന്ന് സ്വര്‍ണവില നേരിയ തോതില്‍ ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നു. കഴിഞ്ഞ ശനിയാഴ്ച രാവിലെ സ്വര്‍ണവിലയില്‍ 440 രൂപയുടെ ഇടിവാണ് ഉണ്ടായത്. എന്നാല്‍ ഉച്ചയ്ക്ക് 400 രൂപ ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37240 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ ഉയര്‍ന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4655 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും 10 രൂപ ഉയര്‍ന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3855 രൂപയാണ്.

എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെയും സാമ്പത്തിക ഉള്‍പ്പെടുത്തല്‍ ഊര്‍ജിതമാക്കാനുമായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രധാനമന്ത്രി ജന്‍ധന്‍ യോജന ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപം 1.75 ലക്ഷം കോടി രൂപ കവിഞ്ഞു. ഒക്ടോബര്‍ 5ലെ കണക്കുപ്രകാരം നിക്ഷേപം 1,75,225 കോടി രൂപയാണ്. അക്കൗണ്ടുടമകള്‍ 47 കോടിയും. ഇതില്‍ 31.42 കോടിപ്പേരും സ്ത്രീകളാണ്. ഇവരില്‍ 26.16 കോടിപ്പേര്‍ ഗ്രാമങ്ങളിലോ അര്‍ദ്ധനഗരങ്ങളിലോ വസിക്കുന്നവരാണെന്ന പ്രത്യേകതയുമുണ്ട്. മൊത്തം നിക്ഷേപത്തില്‍ 1.35 ലക്ഷം കോടി രൂപയും പൊതുമേഖലാ ബാങ്കുകളിലാണ്. റീജിയണല്‍ റൂറല്‍ ബാങ്കുകളാണ് (ഗ്രാമീണ്‍ ബാങ്കുകള്‍) രണ്ടാമത്; നിക്ഷേപം 34,573 കോടി രൂപ.

ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഒകായ ഇലക്ട്രിക് രണ്ട് ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ കൂടി പുറത്തിറക്കി. ക്ലാസ് ഇ-സ്‌കൂട്ടറില്‍ ഏറ്റവും ഉയര്‍ന്ന ശ്രേണി വാഗ്ദാനം ചെയ്യുന്ന ഫാസ്റ്റിന്റെ രണ്ട് പുതിയ വകഭേദങ്ങളാണ് ഒകായ ഇവി പുറത്തിറക്കിയത്. ഫാസ്റ്റ് എഫ്2ബി, എഫ്2ടി എന്നീ പുതിയ വേരിയന്റുകളാണ് കമ്പനി അവതരിപ്പിച്ചത്. ഈ വേരിയന്റുകള്‍ക്ക് യഥാക്രമം 89,999 രൂപയും 84,999 രൂപയുമാണ് വില. പുതിയ ഇ-സ്‌കൂട്ടറുകള്‍ ഉപയോഗിച്ച്, ഉത്സവ സീസണില്‍ വില്‍പ്പന വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും എന്ന് ഒകായ ഇവി പ്രതീക്ഷിക്കുന്നു.

ഗാന്ധിവധക്കേസ് പശ്ചാത്തലത്തില്‍ ഒരു രാഷ്ട്രീയ നോവല്‍. ചരിത്രത്തിന്റെ പഴുതുകളില്‍ ഫിക്ഷന്‍ നിറയ്ക്കുന്ന പ്രതിഭാസമാണ് ഈ കൃതിയുടെ കാതല്‍. സ്വതന്ത്രഭാരതത്തിലെ ആദ്യ ഭീകരവാദി കളുടെ ജീവിതവും രാഷ്ട്രീയവും പുതിയ കാലവുമായി കൂട്ടിവായിക്കുന്ന നോവല്‍. കാലാതീതമായ ചരിത്രസ്മരണകളിലൂടെയും പ്രണയത്തിലൂടെയും സാംസ്‌കാരികപ്രതീകങ്ങളിലൂടെയും സഞ്ചരിക്കുന്ന ഉദ്വേഗഭരിതമായ ആഖ്യാനം. സാമൂഹ്യ സ്മൃതിപഥം പേറുന്ന പുസ്തകം. ‘9 എം എം ബെരേറ്റ’. വിനോദ് കൃഷ്ണ. ഡിസി ബുക്‌സ്. വില 522 രൂപ.

മുടി സ്‌ട്രെയിറ്റ് ചെയ്യാന്‍ കെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭാശയ അര്‍ബുദത്തിനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ പുതിയ പഠനത്തില്‍ ഇത്തരം ഉത്പന്നങ്ങള്‍ ഉപയോ?ഗിക്കാത്തവരെ അപേക്ഷിച്ച് സ്‌ട്രെയിറ്റ് ചെയ്യുന്നവരില്‍ അര്‍ബുദ സാധ്യത കൂടുതലാണെന്നാണ് കണ്ടെത്തിയത്. അതേസമയം മുടിയില്‍ ഉപയോഗിക്കുന്ന ഹെയര്‍ ഡൈ, ബ്ലീച്ച് എന്നിയവയ്ക്ക് ഗര്‍ഭാശയ അര്‍ബുദവുമായി യാതൊരു ബന്ധവുമില്ലെന്നും ?ഗവേഷകര്‍ കണ്ടെത്തി. 35നും 74നുമിടയില്‍ പ്രായമുള്ള 33,497 സ്ത്രീകളെയാണ് പഠനത്തില്‍ പങ്കെടുപ്പിച്ചത്. ഇവരില്‍ ഏകദേശം 11 വര്‍ഷത്തോളം നടത്തിയ പഠനത്തിനിടെ 378 ഗര്‍ഭാശയ കാന്‍സര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹെയര്‍ സ്ട്രെയിറ്റനിംഗ് ഉല്‍പ്പന്നങ്ങള്‍ പതിവായി ഉപയോഗിക്കുന്ന സ്ത്രികള്‍ക്ക് (വര്‍ഷത്തില്‍ നാല് തവണയിലധികം) ഇവ ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് ഗര്‍ഭാശയ അര്‍ബുദം വരാനുള്ള സാധ്യത ഇരട്ടിയിലേറെയാണെന്നാണ് കണ്ടെത്തല്‍. മുടി സ്‌ട്രെയിറ്റ് ചെയ്യാനുപയോഗിക്കുന്ന കെമിക്കല്‍ ഉത്പന്നങ്ങളില്‍ അടങ്ങിയിട്ടുള്ള പാരബെന്‍, ഡിസ്‌ഫെനോള്‍ എ, ലോഹങ്ങള്‍, ഫാര്‍മാല്‍ഡിഹൈഡ് എന്നിവയായിരിക്കും അര്‍ബുദത്തിന് കാരണമാകുന്നതെന്നാണ് കരുതുന്നത്. മറ്റ് ഉത്പന്നങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത് തലയോട്ടിയിലേക്ക് നേരിട്ട് ഉപയോഗിക്കുന്നതുകൊണ്ട് കൂടുതല്‍ ആഗിരണം ചെയ്യാനും കാരണമാകും. അതേസമയം മുമ്പ് നടത്തിയ ഒരു പഠനത്തില്‍ പെര്‍മനന്റ് ഹെയര്‍ ഡൈയും സ്‌ട്രെയിറ്റ്‌നറുകളും സ്തനാര്‍ബുദത്തിനും അണ്ഡാശയ അര്‍ബുദത്തിനും കാരണമാകുമെന്ന് കണ്ടെത്തിയിരുന്നു.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 82.38, പൗണ്ട് – 92.98, യൂറോ – 81.04, സ്വിസ് ഫ്രാങ്ക് – 82.50, ഓസ്ട്രേലിയന്‍ ഡോളര്‍ – 51.95, ബഹറിന്‍ ദിനാര്‍ – 218.53, കുവൈത്ത് ദിനാര്‍ -265.61, ഒമാനി റിയാല്‍ – 213.94, സൗദി റിയാല്‍ – 21.92, യു.എ.ഇ ദിര്‍ഹം – 22.43, ഖത്തര്‍ റിയാല്‍ – 22.62, കനേഡിയന്‍ ഡോളര്‍ – 59.90.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *