മലയാള സിനിമ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മോഹന്‍ലാല്‍ പ്രധാന വേഷത്തില്‍ എത്തുന്ന തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘തുടരും’ എന്ന ചിത്രം. മോഹന്‍ലാലിന്റെ കരിയറിലെ 360-ാം ചിത്രമാണിത്. ചിത്രത്തില്‍ ജോഡികളായി എത്തുന്ന ശോഭനയുടെയും മോഹന്‍ലാലിന്റെയും പോസ്റ്റര്‍ പുറത്തുവിട്ടു. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത്. ഈ ചിത്രം വൈറലായതിന് പിന്നാലെ പഴയ നാടോടിക്കാറ്റിലെ ‘വൈശാഖ സന്ധ്യേ’ എന്ന ഗാനത്തിലെ രംഗമാണ് ഇതിനൊപ്പം വൈറലായി കൊണ്ടിരിക്കുന്നത്. രണ്ട് ചിത്രത്തിനും ഇടയില്‍ 37 കൊല്ലത്തെ വ്യത്യാസം. ഷണ്മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ബിനു പപ്പു, ഫര്ഹാന് ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. കെ ആര് സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര് സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.