നിവിൻ പോളിക്കെതിരായ ബലാത്സംഗ കേസിൽ പരാതി വ്യാജമെന്ന് വിനീത് ശ്രീനിവാസൻ. പരാതിയിൽ പറഞ്ഞിരിക്കുന്ന ദിവസങ്ങളിൽ നിവിൻ തനിക്കൊപ്പം ഷൂട്ടിലായിരുന്നുവെന്നും ദുബായിൽ അല്ലായിരുന്നുവെന്നും വിനീത് പറഞ്ഞു. വർഷങ്ങൾക്ക് ശേഷമെന്ന ചിത്രത്തിന്റെ ഷൂട്ടിലായിരുന്നു നിവിൻ പോളി എന്നാണ് വിനീതിന്റെ വിശദീകരണം. ഇതിന് ഡിജിറ്റൽ തെളിവുകളടക്കം ഹാജരാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നവംബർ, ഡിസംബർ മാസങ്ങളിലായി തന്നെ ദുബായിൽ വെച്ച് നിവിൻ പോളിയടക്കം ഒരു സംഘം ആളുകൾ തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി.ബലാൽസംഗം ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് ഊന്നുകൽ പൊലീസ് നിവിൻ പോളിക്കും മറ്റ് അഞ്ചു പേർക്കും എതിരെ എഫ്ഐആർ റെജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിന്റെ രേഖകളും വിശദാശംങ്ങളും ലഭിക്കാനായി കാത്തിരിക്കുകയാണ് താരം. ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും പറയുന്ന നിവിൻ എഫ്ഐആർ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും.