ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ രാജ്യസഭയിൽ അംഗമാക്കണമെന്ന ആവശ്യവുമായി ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡ. ഒളിമ്പ്യൻ വിനേഷ് ഫോഗട്ടിനെ കോൺഗ്രസ് രാജ്യസഭയിലേക്ക് അയക്കുമായിരുന്നെന്നും അതിന് കഴിയാത്ത സാഹചര്യത്തിൽ ഹരിയാന സർക്കാർ രാജ്യസഭാംഗത്വം നൽകണമെന്നും ഭൂപീന്ദർ സിംഗ് ഹൂഡ പറഞ്ഞു. എന്നാൽ ഭൂപീന്ദർ ഹൂഡ സർക്കാർ അധികാരത്തിലുണ്ടായിരുന്നപ്പോൾ കോമൺവെൽത്ത് ഗെയ്ംസിൽ മെഡലുകൾ നേടിയ ഗീത ഫോഗട്ടിനും ബബിത ഫോഗട്ടിനും എന്ത് കൊണ്ട് രാജ്യസഭയിൽ അംഗത്വം നൽകിയില്ലെന്ന് വിനേഷിന്റെ അമ്മാവൻ മഹാവീർ ഫോഗട്ട് ചോദിച്ചു. ഡിഎസ്പി ആകേണ്ട ഇരുവരേയും ഭൂപീന്ദർ ഹൂഡ സർക്കാർ സബ് എസ്ഐ പോസ്റ്റിലേക്ക് തഴയുകയായിരുന്നു. കോടതി വഴിയാണ് പരിഹാരം കണ്ടതെന്നും മഹാവീർ ഫോഗട്ട് കൂട്ടിച്ചേർത്തു.